യുദ്ധത്തിൽ ജയിച്ചതാര് .പരാജയപ്പെട്ടത് ആര് ?
ഇറാനുമായി ഇസ്രയേലും അമേരിക്കയും
യുദ്ധം തുടങ്ങിയിട്ടു
ആഴ്ചകൾ പിന്നിട്ടു കഴിഞ്ഞു ക്രിയാത്മകചർച്ച നടത്തിയെന്നും അത് ഈയാഴ്ചമുഴുവൻ തുടരുമെന്നുമുള്ള യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന പ്രതീക്ഷപകരുന്നതാണ്. ഇറാന്റെ ഊർജനിലയങ്ങൾക്കുനേരേ ആക്രമണംനടത്താനുള്ള പ്രഖ്യാപിതനീക്കം അഞ്ചുദിവസത്തേക്ക് നീട്ടിവെച്ചതായും ട്രംപ് ഇന്നലെ സാമൂഹികമാധ്യമത്തിലൂടെ വെളിപ്പെടുത്തി. സംഭാഷണത്തിനു താത്പര്യംപ്രകടിപ്പിച്ച് മുന്നോട്ടുവന്നത് ഇറാനാണെന്ന് അദ്ദേഹം പിന്നീട് മാധ്യമപ്രവർത്തകരോടു പറഞ്ഞു. എന്നാൽ, ട്രംപ് പറഞ്ഞമാതിരിയുള്ള ചർച്ചയൊന്നും നടക്കുന്നില്ലെന്നാണ് ഇറാൻ വിദേശകാര്യമന്ത്രാലയം അറിയിച്ചത്. എങ്കിലും ട്രംപിന്റെ പ്രസ്താവനയിൽ യുദ്ധവിരാമത്തിന്റെ സൂചനകൾ കണ്ട് ആനന്ദിക്കുകയാണ് ലോകം. അഞ്ചുദിവസത്തെ ഇടവേളയെടുത്ത് ആക്രമണം പുതിയ ദിശയിലേക്കു തിരിച്ചുവിടാനുള്ള അടവാണോ യു.എസിന്റേതെന്നും ചിലർ ആശങ്കപ്രകടിപ്പിക്കുന്നുണ്ട്.
വളരെ വേഗം വിജയം കൈവരിച്ച് അവസാനിപ്പിക്കാമെന്ന് യു.എസും ഇസ്രയേലും കണക്കുകൂട്ടിയ സൈനികനടപടിയാണ് അവർ വിചാരിക്കാത്ത നിലയിലേക്കു നീങ്ങിയിരിക്കുന്നത്. ഉന്നതനേതൃത്വത്തെ നിഷ്കാസനംചെയ്ത് ഇറാനിലെ ഷിയാ ഭരണകൂടത്തെ വീഴ്ത്താമെന്നുകരുതിയ ട്രംപിനും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും കണക്കുകൂട്ടലുകൾ തെറ്റിയതായാണു സംഭവഗതികൾ സൂചിപ്പിക്കുന്നത്. യു.എസ്.-ഇസ്രയേൽ ആക്രമണം ആരംഭിച്ച് ഇരുപതിലേറെ ദിവസങ്ങൾ പിന്നിട്ടിട്ടും ഇറാൻ ശക്തമായ പ്രത്യാക്രമണം തുടരുകയാണ്. ഇറാന്റെ സൈനികശേഷിയിൽ സാരമായ ശോഷണംവരുത്തിയെന്ന് ഡൊണാൾഡ് ട്രംപ് അവകാശപ്പെടുമ്പോഴാണ് ഇസ്രയേലിലെയും ഗൾഫ് രാജ്യങ്ങളിലെയും ലക്ഷ്യങ്ങൾക്കുനേരേ പ്രത്യാക്രമണം കടുക്കുന്നത്. തങ്ങളുടെ നതാൻസ് ആണവനിലയത്തിനുനേരേയുണ്ടായ ആക്രമണത്തിനുപകരമായി, ഇസ്രയേലിന്റെ രഹസ്യ ആണവനിലയം സ്ഥിതിചെയ്യുന്ന ഡിമോണയിലും മറ്റൊരു നഗരത്തിലും ഇറാൻ കഴിഞ്ഞദിവസം മിസൈലാക്രമണംനടത്തി. ഈ യുദ്ധത്തിനിടെ ഇസ്രയേൽ നേരിട്ട ഏറ്റവും വലിയ ആക്രമണമായിരുന്നു ഇത്. യുദ്ധലക്ഷ്യങ്ങൾ ഏറക്കുറെ കൈവരിച്ചതിനാൽ ഇറാനിലെ ആക്രമണം അവസാനിപ്പിക്കാൻ ആലോചിക്കുകയാണെന്ന് ഡൊണാൾഡ് ട്രംപ് ശനിയാഴ്ച പറഞ്ഞിരുന്നു. എന്നാൽ, അതിനുപിന്നാലെ, ഹോർമുസ് കടലിടുക്ക് 48 മണിക്കൂറിനകം തുറന്നില്ലെങ്കിൽ ഇറാനിലെ ഊർജനിലയങ്ങൾ നശിപ്പിക്കുമെന്ന് ട്രംപ് ഭീഷണിമുഴക്കി. ഹോർമുസ് കടലിടുക്ക് പൂർണമായി അടയ്ക്കുമെന്നും ഗൾഫ് മേഖലയിലെ യു.എസ്. ഊർജകേന്ദ്രങ്ങൾ ആക്രമിക്കുമെന്നുമായിരുന്നു ഇതിനോടുള്ള ഇറാന്റെ പ്രതികരണം. അതിനടുത്തദിവസമായപ്പോഴാണ്, ഇറാനുമായി ചർച്ചനടക്കുന്നെന്നും ഊർജനിലയങ്ങൾക്കുനേരേയുള്ള ആക്രമണപദ്ധതി അഞ്ചുദിവസത്തേക്കു നീട്ടിവെക്കുകയാണെന്നും ട്രംപ് പറഞ്ഞിരിക്കുന്നത്.
ഇറാന്റെ പ്രതിരോധവീര്യം യു.എസിനെയും ഇസ്രയേലിനെയും അമ്പരപ്പിച്ചിട്ടുണ്ടെന്നതിൽ തർക്കമില്ല. ആണവപരിപാടി അവസാനിപ്പിക്കുന്നതടക്കമുള്ള വിഷയങ്ങളിൽ ഒമാന്റെ മധ്യസ്ഥതയിൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് ഇറാനുനേരേ ആക്രമണം അഴിച്ചുവിട്ടത്. ആ യുദ്ധസാഹസം അവസാനിപ്പിക്കണമെന്നുണ്ടെങ്കിൽ, ഇറാന്റെ പരമാധികാരത്തിനുനേരേ ഇനിയൊരു കടന്നാക്രമണമുണ്ടാകില്ലെന്ന് യു.എസും ഇസ്രയേലും ഉറപ്പുനൽകട്ടെ. യു.എസിന്റെ അനുനയസ്വരത്തോട് രമ്യമായി പ്രതികരിക്കാനും ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കുന്നത് പരിഗണിക്കാനും ഇറാനും സന്നദ്ധമാകണം.
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment