Pages

Sunday, March 29, 2026

ഡിജിറ്റൽ ഉപകരണങ്ങൾക്ക് സമയം നിശ്ചയിക്കണം .ഡിജിറ്റൽ അടിമത്തം ആപത്ത്.

 

ഡിജിറ്റൽ ഉപകരണങ്ങൾക്ക്  സമയം നിശ്ചയിക്കണം .ഡിജിറ്റൽ അടിമത്തം ആപത്ത്.

ചിലർ മദ്യത്തിൻറെ  അടിമകളാകുന്നു , ചിലർ രാഷ്ടീയപാർട്ടികൾക്ക് അടിമകളാകുന്നു , ചിലർ  കംപ്യൂട്ടറിനു അടിമകളാകുന്നു  ഇതെല്ലാം  ആപത്താണ് .സാമൂഹിക മാധ്യമങ്ങളിലെ റീൽസും ട്രോളുകളും പരസ്യങ്ങളുംവരെ സന്തോഷം കൊണ്ടുവരുമെന്ന് വിശ്വസിക്കുന്നവരാണേറെയും. നേരംപോക്കായും ഒറ്റപ്പെടലിൽനിന്നുള്ള രക്ഷയായും വിഷാദമകറ്റുന്ന മരുന്നായും മറ്റും സ്മാർട്ടുഫോണുകളെ ആശ്രയിക്കുന്നവരുടെ എണ്ണം പ്രായഭേദമില്ലാതെ കൂടിവരുകയാണ്. ഡിജിറ്റൽ ഉപകരണങ്ങൾ നമ്മുടെ സമയവും ഇഷ്ടാനിഷ്ടങ്ങളുമെല്ലാം നിശ്ചയിക്കുന്ന, അപകടകരമായ അടിമത്തത്തെക്കുറിച്ച് മുന്നറിയിപ്പുകൾ പലതുവന്നിട്ടും അവ തരുന്ന താത്കാലിക സന്തോഷത്തിൽ നമ്മളൊക്കെ തുടരുകയുമാണ്. സാമൂഹിക മാധ്യമങ്ങൾ സന്തോഷം കെടുത്തുമെന്ന മുന്നറിയിപ്പുമായി പുറത്തുവന്ന വർഷത്തെ ലോക സന്തുഷ്ടി റിപ്പോർട്ട് പ്രസക്തമാവുന്നത് സാഹചര്യത്തിലാണ്. 25 വയസ്സിൽ താഴെയുള്ളവരുടെ, പ്രത്യേകിച്ച് 15- താഴെയുള്ള പെൺകുട്ടികളുടെ ജീവിതത്തിൽ സാമൂഹികമാധ്യമങ്ങളുണ്ടാക്കുന്ന പ്രത്യാഘാതങ്ങളാണ് റിപ്പോർട്ട് എടുത്തുപറഞ്ഞിട്ടുള്ളത്. ദിവസം അഞ്ചുമണിക്കൂറിലധികം സാമൂഹിക മാധ്യമങ്ങളിൽ ചെലവിടുന്ന പെൺകുട്ടികളുടെ ജീവിതം അസന്തുഷ്ടി നിറഞ്ഞതാണെന്നാണ് കണ്ടെത്തൽ. അൽഗോരിതം ഫീഡുകളും ഇൻഫ്ളുവൻസർമാരും താരതമ്യപ്പെടുത്തൽ പ്രോത്സാഹിപ്പിക്കുന്നതാണ് കാരണമായി പറയുന്നത്. നിറത്തിൽ, സൗന്ദര്യത്തിൽ, ജീവിതനിലവാരത്തിൽ, സമ്പന്നതയിൽ 'നിങ്ങൾ പോരാ മെച്ചപ്പെടണം' എന്ന് ആവർത്തിച്ചുപറയുന്ന ഫീഡുകളും ഇൻഫ്ളുവൻസർമാരും കൗമാരക്കാരുടെ ആത്മവിശ്വാസമാണ് ഇല്ലാതാക്കുന്നത് 

സന്തുഷ്ടി റിപ്പോർട്ടിൽ തുടർച്ചയായി ഒന്നാമതെത്തുന്ന ഫിൻലൻഡിലെ ജനങ്ങളുടെ സാമൂഹിക മാധ്യമ ഇടപെടലുകളും ഇതോടു ചേർത്തുവായിക്കേണ്ടതാണ്. കാടും തടാകങ്ങളും തുറസ്സായ പ്രദേശങ്ങളും ഏറെയുള്ള രാജ്യത്തെ ജനങ്ങൾ സന്തോഷം തേടിയിറങ്ങുന്നത് പ്രകൃതിയിലേക്കാണ്. നിയന്ത്രിതമായി മാത്രം സ്മാർട്ട് ഫോണുകളും ഗാഡ്ജറ്റുകളും ഉപയോഗിക്കുന്ന അവിടുത്തുകാർ, മനുഷ്യരോട് നേരിട്ട് സംവദിക്കുന്നതിലും സൗഹാർദം പുലർത്തുന്നതിലും സന്തുഷ്ടി കണ്ടെത്തുന്നു. വിദ്യാലയങ്ങളിൽ ഡിജിറ്റൽ പാഠപുസ്തകങ്ങൾ പിൻവലിച്ച് പഴയരീതിയിലുള്ള കടലാസ് പുസ്തകങ്ങളിലേക്ക് മാറാനുള്ള തീരുമാനവും ഭാവിതലമുറയുടെ ശാരീരിക, മാനസിക ആരോഗ്യം മുൻനിർത്തി ഫിൻലൻഡ് ഈയടുത്ത് സ്വീകരിച്ചിട്ടുണ്ട്. 

ശരീരത്തിലെ അഴുക്കുകൾ നീക്കിക്കളയുന്നതുപോലെ ഡിജിറ്റൽ വിഷവിമുക്തമാക്കലും (ഡിജിറ്റൽ ഡിടോക്സിഫിക്കേഷൻ) അനിവാര്യമാണെന്ന തിരിച്ചറിവിലേക്ക് ലോകം എത്തുകയാണ്. ഡിജിറ്റൽ ലോകത്തുനിന്ന് സമ്പൂർണമായി മാറിനിൽക്കുകയെന്നത് അസാധ്യമാണെന്നതിനാൽ വിവേകപൂർവമുള്ള ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുക എന്ന നയത്തിനാണ് സ്വീകാര്യത കിട്ടുന്നത്. ഓസ്ട്രേലിയ ഉൾപ്പെടെയുള്ള രാജ്യങ്ങൾ നിയമപരമായിതന്നെ കുട്ടികളിൽ സ്മാർട്ട് ഫോൺ ഉപയോഗം പരിമിതപ്പെടുത്താനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇന്ത്യയിൽ, മഹാരാഷ്ട്രയിലെ വട്ഗാവ് എന്ന ഗ്രാമത്തില മുഴുവൻ ജനങ്ങളും രാത്രി നിശ്ചിത സമയം ഫോണുകൾ മാറ്റിവെച്ച് വീടിനു പുറത്തിറങ്ങി സൗഹൃദം പങ്കിട്ട് മാതൃക കാണിക്കുന്നു. കർണാടക സർക്കാർ ബജറ്റ് പ്രസംഗത്തിൽ കുട്ടികളുടെ സ്മാർട്ട് ഫോൺ ഉപയോഗം നിയന്ത്രിക്കുമെന്ന പ്രഖ്യാപനം നടത്തി. കേരളത്തിൽ വിദ്യാഭ്യാസവകുപ്പും വിഷയത്തിൽ പൊതുജനാഭിപ്രായം തേടിയിരിക്കുകയാണ

അതേസമയം, പ്രത്യേക സമയവും സന്ദർഭവും ഉൾപ്പെടെ നിശ്ചയിച്ച് വീടുകളിലെ സ്മാർട്ട് ഫോൺ ഉപയോഗം നിയന്ത്രിക്കാൻ സർക്കാർ ഉത്തരവുവരുന്നതുവരെ കാത്തിരിക്കേണ്ട കാര്യമില്ല. അവനവനിൽനിന്നും കുടുംബത്തിൽനിന്നും ആരംഭിക്കേണ്ടുന്ന ശുദ്ധീകരണമാണത്. നാളേയ്ക്കുള്ള വലിയ സന്തോഷത്തിനായി ഇന്നത്തെ ചെറിയ സന്തോഷങ്ങൾ നഷ്ടപ്പെടുത്താനാണ് കുട്ടികളെ പ്രോത്സാഹിപ്പിക്കേണ്ടത്. സർഗാത്മക ബദലുകൾ കണ്ടെത്താനും കുട്ടികളെ വഴിക്കു നടത്താനുമുള്ള ബോധപൂർവമായ ശ്രമങ്ങൾ മുതിർന്നവരിൽനിന്ന് ഉണ്ടാകണം. ഡിജിറ്റൽ അടിമത്തത്തിന് കളി നല്ല മറുമരുന്നാണെന്ന ഗവേഷണറിപ്പോർട്ടുകളുണ്ട്. വേനലവധിയുടെ പടിവാതിൽക്കൽ നിൽക്കുന്ന നമ്മുടെ കുട്ടികൾക്കായി കളിക്കളങ്ങളും വായനശാലകളും നാടകക്യാമ്പുകളും മറ്റുമൊരുക്കാൻ വീടും നാടും സ്കൂളുമെല്ലാം കൈകോർക്കുമെന്ന് പ്രതീക്ഷിക്കാം.

പ്രൊഫ്. ജോൺ കുരാക്കാർ

 

No comments: