ഇസ്ലാമിക തീവ്രവാദത്തെ നട്ടുവളർത്തി ലോകമെങ്ങുംകയറ്റുമതി ചെയ്യുന്ന ഇന്ത്യയുടെ അയൽ രാജ്യങ്ങൾ
ഇസ്ലാമിക തീവ്രവാദത്തെ നട്ടുവളർത്തി ലോകമെങ്ങും കയറ്റുമതി ചെയ്യുന്ന രണ്ടു രാഷ്ട്രങ്ങളാണ് പാകിസ്ഥാനും അഫ്ഗാനിസ്ഥാനും .. ഈ രാജ്യങ്ങൾ തീവ്രവാദ ആക്രമണങ്ങളുടെ പേരിൽ പരസ്പരം ഏറ്റുമുട്ടുകയും അപലപിക്കുകയുമൊക്കെ ചെയ്യുന്ന കാഴ്ചയ്ക്കാണ് ലോകമിപ്പോൾ സാക്ഷ്യം വഹിക്കുന്നത്. ശനിയാഴ്ച രാത്രിയിലാണ് തങ്ങൾക്കെതിരേയുള്ള തീവ്രവാദ ആക്രമണത്തിന്റെ തിരിച്ചടിയായി അഫ്ഗാനിസ്ഥാനെ ആക്രമിച്ച് തീവ്രവാദ ഒളിത്താവളങ്ങൾ നശിപ്പിച്ചെന്നു പാകിസ്ഥാൻ അറിയിച്ചത്.പക്ഷേ, അതു തീവ്രവാദത്തിനെതിരേയുള്ള തിരിച്ചറിവല്ല, രണ്ടു തീവ്രവാദ കൃഷിക്കാർ തമ്മിലുള്ള തർക്കമാണ്. എന്തായാലും മതഭ്രാന്തർ ഒന്നിക്കുന്പോഴുള്ളത്ര നാശം തമ്മിലടിക്കുന്പോൾ മറ്റുള്ളവർക്കില്ല. മതഭ്രാന്തിനെ രാഷ്ട്രീയ വളർച്ചയ്ക്കുവേണ്ടിയോ മതബോധത്താലോ ആരു വളർത്തിയാലും അതു താത്കാലിക നേട്ടങ്ങൾക്കപ്പുറം സമാധാനത്തെയും വികസനത്തെയും രാജ്യത്തിന്റെ കെട്ടുറപ്പിനെയും അപകടത്തിലാക്കുമെന്നത് ചരിത്രമാണ്. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ഉൾപ്പെടെ തീവ്രവാദം വളർത്തുന്ന ഒരു രാജ്യവും രക്ഷപ്പെട്ടിട്ടില്ല.
നംഗാർഹർ, പക്തിക എന്നീ അതിർത്തി പ്രവിശ്യകളിൽ ശനിയാഴ്ച രാത്രിയായിരുന്നു പാക്കിസ്ഥാന്റെ വ്യോമാക്രമണം. പാക്കിസ്ഥാനിലെ ബജൗർ ജില്ലയിലെ സുരക്ഷാ പോസ്റ്റിലേക്ക് സ്ഫോടകവസ്തുക്കൾ നിറച്ച വാഹനം ഇടിച്ചുകയറ്റി 11 സൈനികരും ഒരു കുട്ടിയും കൊല്ലപ്പെട്ട സംഭവത്തിന്റെ തുടർച്ചയാണ് ആക്രമണം. 70 തീവ്രവാദികളെ വധിച്ചെന്ന് പാക്കിസ്ഥാൻ അവകാശപ്പെട്ടു. എന്നാൽ, സ്ത്രീകളും കുട്ടികളും അടക്കമുള്ള പൗരരാണു കൊല്ലപ്പെട്ടതെന്ന് താലിബാൻ അറിയിച്ചു.
പാക്കിസ്ഥാനെ ആക്രമിക്കുന്ന ഭീകരസംഘടനകൾക്ക് അഫ്ഗാനിസ്ഥാൻ അഭയം നല്കുന്നതിനുള്ള മറുപടിയാണിതെന്ന് പാക് വൃത്തങ്ങൾ പറഞ്ഞു. പഹൽഗാം ആക്രമണത്തിനു പാകിസ്ഥാനിൽ കയറി തിരിച്ചടിച്ച ഇന്ത്യ പറഞ്ഞ അതേ മറുപടി. സമാന ആരോപണത്തിൽ കഴിഞ്ഞ ഒക്ടോബറിലും പാക് സേന അഫ്ഗാനിസ്ഥാനെ ആക്രമിക്കുകയും അഫ്ഗാൻ പ്രത്യാക്രമണം നടത്തുകയും ചെയ്തിരുന്നു. 2021ൽ അമേരിക്കൻ സേന പിൻവാങ്ങിയതുമുതൽ ഈ തീവ്രവാദ കൊടുക്കൽ വാങ്ങലുകൾ സജീവമാണ്.
പാക് താലിബാൻ എന്നറിയപ്പെടുന്ന തെഹ്രിക്-ഇ-താലിബാൻ, ഇസ്ലാമിക് സ്റ്റേറ്റ്-ഖുറാസാൻ പ്രവിശ്യ ഭീകരരുടെ ഏഴു താവളങ്ങളാണ് ആക്രമിച്ചത്. പാക്കിസ്ഥാൻ തീറ്റിപ്പോറ്റുന്നതും ഐക്യരാഷ്ട്രസഭ ഭീകര സംഘടനയായി പ്രഖ്യാപിച്ചതുമായ ലഷ്കർ-ഇ-തോയിബയും അതിന്റെ ശാഖയായ റെസിസ്റ്റൻസ് ഫ്രണ്ടുമാണ് (ടിആർഎഫ്) 2025 ഏപ്രിലിൽ കാഷ്മീരിലെ പഹൽഗാമിൽ ആക്രമണം നടത്തിയത്. ഇന്ത്യ അതിർത്തിക്കപ്പുറത്തെത്തി തിരിച്ചടിക്കുകയും ചെയ്തു. അതിനെതിരേ ലോകവേദികളിലെല്ലാം പരാതിയുമായി അലഞ്ഞുനടന്ന പാക്കിസ്ഥാൻ ഇപ്പോൾ അഫ്ഗാനിസ്ഥാനിൽ കടന്നുകയറി ആക്രമണം നടത്തിയിരിക്കുന്നു.
തിരിച്ചടിയുണ്ടാകുമെന്ന് അഫ്ഗാനിസ്ഥാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യയും സംഭവത്തെ അപലപിച്ചു. അഫ്ഗാനിസ്ഥാനിലെ തീവ്രവാദികളോടുള്ള സഹാനുഭൂതിയല്ല, അടുത്തയിടെ അവരുമായി സ്ഥാപിച്ച നയതന്ത്ര ബന്ധവും ഇന്ത്യക്കെതിരേ ഭീകരരെ വളർത്തുന്ന ശത്രുവിന്റെ ശത്രുവിനോടുള്ള മൈത്രിയും മാത്രമാണെന്നേ കരുതാനാകൂ. പാക്കിസ്ഥാൻ ആഭ്യന്തര സഹമന്ത്രി തലാൽ ചൗധരി പറയുന്നതു കേൾക്കണം: “അഫ്ഗാനിസ്ഥാൻ ഏറെക്കാലമായി തീവ്രവാദം കയറ്റുമതി ചെയ്യുകയാണ്. തങ്ങളുടെ പൗരന്മാരുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ തങ്ങൾക്ക് അവകാശമുണ്ട്.” പക്ഷേ, തങ്ങൾ തീവ്രവാദം കയറ്റി അയയ്ക്കുന്ന ഇന്ത്യക്ക് അത്തരം അവകാശങ്ങളുള്ളതായി അവർക്കു തോന്നുന്നില്ല.
തീവ്രവാദസംഘടനകളെ പണവും ആയുധവും നൽകി വളർത്തി ഇന്ത്യക്കെതിരേ ഉപയോഗിക്കുകയും ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുകയും ചെയ്യുന്ന പാക്കിസ്ഥാൻ, ആഗോളതീവ്രവാദത്തിന്റെ ഏഷ്യൻ ഫാക്ടറിയും സ്ത്രീകളുടെ തടവറയും ഇസ്ലാമിക മതമൗലികവാദത്തിന്റെ വിസ്മയവുമായ അഫ്ഗാനെ ആക്രമിക്കുന്പോൾ ജനാധിപത്യ-മതേതര ലോകത്തിന് കാര്യമായൊന്നും ചെയ്യാനില്ല. രണ്ടും തീവ്രവാദ സാഹോദര്യം പങ്കുവയ്ക്കുന്നവരാണ്. ലോകസമാധാനം കെടുത്തുക മാത്രമല്ല, സ്വന്തം ജനങ്ങളെ അത് അപരിഷ്കൃത ലോകത്ത് തളച്ചിടുകയും ചെയ്യുന്നു.
പാക്കിസ്ഥാനിലെ താലിബാൻ കേന്ദ്രമായിരുന്ന സ്വാത് താഴ്വരയിൽ സ്കൂളിൽ പോയതിനും താലിബാനെ വിമർശിച്ചതിനും വെടിയേറ്റുവീഴുകയും പിന്നീട് അതിജീവിച്ച് ലണ്ടനിൽ താമസമാക്കുകയും ചെയ്ത മലാല യൂസഫ് സായിയുടെ വാക്യം വിലപ്പെട്ടതാണ്. “തീവ്രവാദിയെ തോക്കുകൾകൊണ്ടു കൊല്ലാനാകും. പക്ഷേ, തീവ്രവാദത്തെ കൊല്ലാൻ വിദ്യാഭ്യാസത്തിനേ കഴിയൂ.” തീവ്രവാദത്തിനുള്ള മരുന്ന് അതിലും ലളിതമായി മറ്റാരും കുറിച്ചിട്ടില്ല. മലാല പറഞ്ഞത്, മതവിദ്യാഭ്യാസത്തെക്കുറിച്ചായിരിക്കില്ല.
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment