പുരുഷമാർ അനുഭവിക്കുന്ന
ആരോപണ പീഡനങ്ങൾ
ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് ഒരു സ്ത്രീ സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ച ദൃശ്യത്തിലെ ആരോപണവിധേയൻ ജീവനൊടുക്കി.വീഡിയോ ദൃശ്യത്തിലെ സ്പർശനത്തിന്റെ സാഹചര്യവും സ്വഭാവവും ചർച്ചയായതോടെ ആ പാവം മനുഷ്യൻ ജീവനൊടുക്കി .തിരക്കുള്ള ബസിൽ, അറിഞ്ഞോ അറിയാതെയോ നടത്തിയ സ്പർശനത്തിന്റെ നിമിഷദൃശ്യം മാത്രം സ്ലോമോഷനിലാക്കി ആവർത്തിച്ചു കാണിച്ച് ആ സ്ത്രീ സംഭവത്തിന്റെ തീവ്രത കൂട്ടിയിട്ടുമുണ്ട്. കുറ്റാരോപിതരോടു പ്രതിഷേധിക്കുകയോ പോലീസിലോ കോടതിയിലോ പരാതിപ്പെടുകയോ ചെയ്യുന്നതിനു പകരം ഏകപക്ഷീയ വിചാരണ നടത്തുന്ന രീതി ശരിയല്ല .
ആത്മഹത്യക്കു പ്രേരണയായ ദൃശ്യപ്രചാരണത്തിന്റെ പേരിൽ സ്ത്രീയെ ആക്ഷപിക്കുന്നതും
ശരിയല്ല
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. മുൻ പഞ്ചായത്തംഗവും സമൂഹമാധ്യമ ഉള്ളടക്ക നിർമാതാവുമായ സ്ത്രീ, തനിക്കെതിരേ ബസിൽവച്ച് ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് വീഡിയോ പ്രചരിപ്പിച്ചതിനെത്തുടർന്നാണ് കോഴിക്കോടുള്ള സ്വകാര്യ സ്ഥാപനത്തിലെ സെയിൽസ് മാനേജരായിരുന്ന ദീപക് എന്ന യുവാവ് ജീവനൊടുക്കിയത്.യുവതിയുടെ ശരീരത്തില്‍ മനഃപൂര്‍വം മുട്ടിയുരുമ്മി ലൈംഗികാതിക്രമം നടത്തിയെന്നാരോപിക്കുന്ന വീഡിയോ പ്രചരിച്ചതോടെ ദീപക് സൈബര്‍ ആക്രമണത്തിനിരയായി. 18 സെക്കൻഡ് ദൈർഘ്യമുള്ള ആദ്യവീഡിയോയ്ക്കു പകരം യുവാവിന്റെ ആത്മഹത്യക്കുശേഷം ഇറക്കിയ വീഡിയോയിൽ സ്പർശനദൃശ്യങ്ങൾ മാത്രം സ്ലോമോഷനിലാക്കുകയും വിശദീകരണം നൽകുകയും ചെയ്തിട്ടുണ്ട്.
സ്ത്രീയോട് ചേർന്നാണ് ദീപക് ചേർന്നാണ് നിൽക്കുന്നതെന്നു പറയുന്ന സ്ത്രീ ബസിൽ നല്ല തിരക്കായിരുന്നെന്നും തുടക്കത്തിൽ പറഞ്ഞിരുന്നു. പരിചയമുള്ള പോലീസുകാരനോടു പറഞ്ഞെന്നു വ്യക്തമാക്കിയെങ്കിലും സ്ത്രീ കേസ് കൊടുത്തിരുന്നില്ലെന്നാണ് അറിഞ്ഞത്.മറ്റേതൊരു ആരോപണത്തെക്കാളും ഗൗരവതരമാണ് ലൈംഗികാരോപണങ്ങൾ. അതു കോടതിയിൽ തെളിയിക്കപ്പെടേണ്ടതാണ്. കോടതികൾ പല മുന്നറിയിപ്പുകളും ഇക്കാര്യത്തിൽ നടത്തിയിട്ടുണ്ട്. ഉഭയസമ്മതപ്രകാരം ലൈംഗികബന്ധത്തിൽ ഏർപ്പെട്ടശേഷം ബലാത്സംഗ ആരോപണം ഉന്നയിക്കുന്ന കേസിൽ ജാഗ്രത വേണമെന്ന് കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് 2025 ജൂലൈയിൽ പറഞ്ഞിരുന്നു.
കുറ്റമുക്തനാക്കിയാലും ഇത്തരം കേസുകൾ ജീവിതത്തെയാകെ ബാധിക്കുമെന്നും ജീവിതത്തിലൊരിക്കലും ആ കറ കഴുകിക്കളയാനാകില്ലെന്നും കോടതി അന്നു നിരീക്ഷിച്ചിരുന്നു. ബലാത്സംഗ കേസുകളിൽപോലും യാഥാർഥ്യം ഇതായിരിക്കേ, ബസിൽ അറിഞ്ഞോ അറിയാതെയോ ഉണ്ടായിട്ടുള്ള സ്പർശനത്തിന്റെ പേരിൽ എടുത്ത വീഡിയോ പ്രചരിപ്പിക്കുന്നതും മറ്റൊരു മാനഭംഗമാണ്.
അത്തരം വീഡിയോകളിലെ സഭ്യമല്ലാത്തതും വ്യക്തിഹത്യ ഉറപ്പാക്കുന്നതുമായ കമന്റുകൾ സ്ഥിതി ഗുരുതരമാക്കുന്നു. നിയമവ്യവസ്ഥയുടെ പകരം സംവിധാനമായി സമൂഹമാധ്യമങ്ങളെ പ്രതിഷ്ഠിക്കാനാകില്ല. സമൂഹമാധ്യമങ്ങളിലെ പ്രചാരം വർധിപ്പിക്കാൻ ആളുകൾ എന്തും ചെയ്യാൻ മടിക്കാത്ത കാലത്ത് വ്യക്തിഹത്യകളുടെ ദൂരവ്യാപക ഫലങ്ങൾ അപക്വമതികളെ പഠിപ്പിക്കുകയും മാതൃകാപരമായി ശിക്ഷിക്കുകയും വേണം.
നിയമവ്യവസ്ഥകളെ നോക്കുകുത്തിയാക്കുന്ന ഈ സമൂഹമാധ്യമ സദാചാര ഗുണ്ടായിസത്തെ നിയന്ത്രിക്കാൻ
കഴിയണം
പ്രൊഫ്, ജോൺ കുരാക്കാർ
No comments:
Post a Comment