Pages

Tuesday, January 20, 2026

സംസ്ഥാനത്തെ ജയിലുകളിൽ കഴിയുന്ന തടവുപുള്ളികൾ

 

സംസ്ഥാനത്തെ ജയിലുകളിൽ കഴിയുന്ന തടവുപുള്ളികൾ

സംസ്ഥാനത്തെ ജയിലുകളിൽ കഴിയുന്ന തടവുപുള്ളികളുടെ കൂലി കുത്തനെ കൂട്ടി സർക്കാർ. പ്രതിദിന വേതനത്തിൽ പത്ത് മടങ്ങ് വരെയാണ് വർധന വരുത്തിയത്. സ്കിൽഡ് ജോലികളിൽ ഏർപ്പെടുന്നവർക്ക് 620 രൂപയായിരിക്കും പുതുക്കിയ വേതനം. സെമി സ്കിൽഡ് ജോലികളിൽ 560രൂപയും അൺ സ്കിൽഡ് ജോലികളിൽ 530 രൂപയുമാണ് പരിഷ്കരിച്ച തുക.മുൻപ് അൺ സ്കിൽഡ് ജോലികൾ ചെയ്യുന്നവർക്ക് 63 രൂപ ആയിരുന്നു കൂലി. ഇത് 530 രൂപയായാണ് ഉയർത്തിയത്. 127 രൂപ വേതനമുള്ളത് 560 ഉം 152 രൂപയുള്ളത് 620 രൂപയും ആയാണ് ഉയർത്തിയത്.നെട്ടുകാൽത്തേരി, ചീമേനി തുറന്ന ജയിലുകളിൽ റബർ ടാപ്പിങ്, കല്ല് വെട്ട് ജോലികളിൽ ഏർപ്പെടുന്നവർക്ക് വാർഷിക ഉൽപാദനത്തെ അടിസ്ഥാനപ്പെടുത്തി ഓണക്കാലത്ത് ഇൻസന്റീവും നൽകും. സെൻട്രൽ ജയിലുകളിൽ കുറഞ്ഞ ദിവസക്കൂലി 63 രൂപയും കൂടിയ കൂലി 168 രൂപയുമായിരുന്നു. വിദഗ്ധ തൊഴിലാളികളെ ആവശ്യമുള്ള തുറന്ന ജയിലുകളിലെ കൂലി 230 രൂപയായിരുന്നു.

സർക്കാറിനെതിരെ സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ച് വലിയ വിമർശനങ്ങളാണ് ഉയരുന്നത്. എന്നാൽ, തടവുകാർക്കുള്ള വേതനം പൂർണമായി അവർക്ക് ലഭിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. വേതനത്തിന്റെ ഒരു നിശ്ചിത ശതമാനം അവരുടെ കുടുംബങ്ങൾ, ജയിൽച്ചെലവ്, പുനരധിവാസം എന്നിവയ്ക്കും കുറ്റകൃത്യങ്ങളിലെ ഇരകൾക്കും ഉള്ളതാണ്. ഒരുതരത്തിലുള്ള സേവനവേതന വ്യവസ്ഥയുമില്ലാതെ, സമൂഹത്തിന്റെ താഴെത്തട്ടിൽ അക്ഷീണസേവനം നിർവഹിക്കുന്ന ആശാ വർക്കർമാർ തുച്ഛമായ വേതനവർധനയ്ക്കുവേണ്ടി നടത്തിയ സമരത്തിനുനേരെ സർക്കാർ ക്രൂരമായി മുഖംതിരിച്ചതു നാം കണ്ടതാണ്. പരിഹസിച്ചും അവഹേളിച്ചും സമരത്തെ തോൽപിക്കാനുള്ള ശ്രമങ്ങൾ ഒരു ജനകീയ സർക്കാരിൽനിന്ന് ഉണ്ടാകേണ്ടതായിരുന്നില്ല.

സർക്കാർ ആർക്കുവേണ്ടിയാണെന്ന ചോദ്യത്തിന് ഇപ്പോൾ കൃത്യമായൊരു മറുപടി സർക്കാർതന്നെ നൽകിയിരിക്കുകയാണ്. ആശാ വർക്കർമാരും തൊഴിലുറപ്പു തൊഴിലാളികളും അടക്കമുള്ളവർക്കു നൽകുന്നതിലും കൂടുതൽ വേതനം സംസ്ഥാനത്തു തടവുകാർക്കു നൽകിയതിൽ സന്ദേശം സുവ്യക്തം.

അന്യായം മാത്രമല്ല വേതനവർധന; മാന്യമായ ജീവിതം നയിച്ച്, തൊഴിലെടുത്തുപോരുന്നവരെ അപമാനിക്കുന്നതു കൂടിയാണ്. സംസ്ഥാനത്തു തടവുകാരുടെ പരമാവധി ദിവസവേതനം 620 രൂപയായി കൂട്ടിയിരിക്കുകയാണ് സർക്കാർ. 8,000 രൂപ ഓണറേറിയമടക്കം പരമാവധി 12,000 രൂപ മാസം കിട്ടിയാൽപോലും ആശാ വർക്കർമാരുടെ ദിവസവേതനം തടവുകാരുടേതിനെക്കാൾ 220 രൂപ കുറവാണ്. തൊഴിലുറപ്പു തൊഴിലാളികൾക്കു സർക്കാർ 9 മാസം മുൻപു നടപ്പാക്കിയ വേതനവർധനപ്രകാരം പോലും കിട്ടുക ദിവസം 369 രൂപ മാത്രം; തടവുകാരുടേതിനെക്കാൾ 251 രൂപ കുറവ്! കയർ തൊഴിലാളികൾക്ക് 468 രൂപ, സ്വകാര്യ സുരക്ഷാ ജീവനക്കാർക്ക് 596 രൂപ, കശുവണ്ടിത്തൊഴിലാളികൾക്ക് 538 രൂപ, പെട്രോൾ പമ്പ് ജീവനക്കാർക്ക് 458 രൂപ എന്നിങ്ങനെയാണ് മിനിമം വേതനം. ഇതൊന്നും കാലോചിതമായി പരിഷ്കരിക്കാതെ തടവുകാരുടെ കാര്യത്തിൽ മാത്രം സർക്കാർ പ്രത്യേക താൽപര്യം കാട്ടുമ്പോൾ അതിനെ എങ്ങനെയാണു ജനം വിലയിരുത്തേണ്ടത്?

ശിക്ഷാത്തടവുകാരെയാണു ജയിലിൽ വിവിധ ജോലികൾക്കു നിയോഗിക്കുന്നത്. കഠിനതടവിനു വിധിക്കപ്പെട്ടവർ നിർബന്ധമായും അല്ലാത്തവർ താൽപര്യമനുസരിച്ചും ജോലിയിൽ ഏർപ്പെടണം. ഭക്ഷ്യോൽപന്ന യൂണിറ്റ്, പെട്രോൾ പമ്പ് എന്നിങ്ങനെ വരുമാനമുണ്ടാക്കുന്ന യൂണിറ്റുകൾ അവിടെ നിയോഗിക്കുന്ന തടവുകാരുടെ വേതനം സ്വന്തം നിലയ്ക്കു കണ്ടെത്തണം. വേതനം പലമടങ്ങ് വർധിപ്പിക്കുന്നത് യൂണിറ്റുകൾക്കു ബാധ്യതയാകും.സ്കൂൾ പാചകത്തൊഴിലാളികളും ഹരിതകർമസേനാംഗങ്ങളും ഹോംഗാർഡുമാരും ഗിഗ് വർക്കേഴ്സും (ഓൺലൈൻ ഡെലിവറി ജീവനക്കാർ) പാലിയേറ്റീവ് കെയർ നഴ്സുമാരും ഉൾപ്പെടെ പല രംഗങ്ങളിലുമുള്ള പതിനായിരങ്ങൾ ഇപ്പോഴും സംസ്ഥാന സർക്കാരിന്റെ കാണാമറയത്താണ്.

നമ്മുടെ ദൈനംദിന ജീവിതം സുഗമവും സുരക്ഷിതവുമാക്കുന്ന വിവിധ മേഖലകളിലാണെങ്കിലും ഇവരുടെയെല്ലാം ജീവിതത്തിന്റെ പൊതുവിശേഷണം ഒന്നുതന്നെ: അരക്ഷിതാവസ്ഥ! ഇവരുടെ ജീവിതം എങ്ങനെയാണു മുന്നോട്ടുപോകുന്നതെന്നും മേഖലകളിൽ തൊഴിൽസുരക്ഷ എത്രത്തോളമുണ്ടെന്നും ആലോചിക്കാൻ സമയമില്ലാത്ത സംസ്ഥാന സർക്കാർ പലവിധ കുറ്റങ്ങൾ ചെയ്തു ജയിലിൽ അടയ്ക്കപ്പെട്ടവരുടെ കയ്യടി വാങ്ങാൻ മുന്നിട്ടിറങ്ങുന്നത് സാധാരണ ജനങ്ങളിൽ അമ്പരപ്പുളവാക്കുന്നു.

വിവിധ മേഖലകളിലെ തൊഴിലാളികൾ വേതനത്തിൽനിന്നാണ് ഭക്ഷണത്തിനും ചികിത്സയ്ക്കും പണം കണ്ടെത്തേണ്ടതെങ്കിൽ തടവുകാർക്ക് ഇതു രണ്ടും സൗജന്യമാണെന്നുകൂടി ഓർമിക്കണം. ‘എന്നാൽപ്പിന്നെ ജയിലിൽ പോയേക്കാംഎന്നു ചിന്തിക്കുന്നവിധത്തിലാണ് ഇപ്പോഴത്തെ വേതനവർധനയെന്നും ഇനി തടവുകാർക്ക് ആജീവനാന്ത പെൻഷൻകൂടി പ്രഖ്യാപിക്കുമെന്നുമൊക്കെയുള്ള പരിഹാസങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ഉയരുന്നുണ്ട്.

പരമാവധി ദിവസവേതനം 230 രൂപയിൽനിന്നു 350 രൂപയാക്കാനാണ് ജയിൽ വകുപ്പ് ശുപാർശ ചെയ്തതെങ്കിലും മുഖ്യമന്ത്രിയുടെ ഓഫിസ് ഇതു വെട്ടി 620 രൂപയാക്കാൻ നിർദേശിക്കുകയായിരുന്നു. തടവുകാർക്ക് ഏറ്റവും ഉയർന്ന വേതനം നൽകുന്ന സംസ്ഥാനമായി കേരളത്തെ മാറ്റുകയായിരുന്നു മുഖ്യമന്ത്രിയുടെ ലക്ഷ്യം എന്നുകൂടി കേൾക്കുമ്പോൾ ജനത്തിനു ചോദിക്കാതിരിക്കാൻവയ്യ: ഇതാണോ സർ, നവകേരള നിർമിതി?

 

പ്രൊഫ്. ജോൺ കുരാക്കാർ

 

No comments: