Pages

Sunday, October 5, 2025

എറണാകുളം ഓർത്തഡോക്സ് പള്ളി

എറണാകുളം  ഓർത്തഡോക്സ് പള്ളി 

എറണാകുളം നഗരത്തിലെ ഓർത്തഡോക്സ് സഭയുടെ മാതൃദേവാലയമായ സെയിന്റ് മേരീസ്ഓർത്തഡോക്സ് കത്തിഡ്രലിന്റെ ശതാബ്ദി ആഘോഷങ്ങൾക്ക് വർണശബളമായ തുടക്കം. സെയിന്റ് തെരേസാസ് കോളേജിലെ മദർ മേരി ഹാളിൽ ഭദ്രാസന മെത്രാപ്പോലിത്താ ഡോ. യാക്കുബ് മാർ ഐറേനിയസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സംസ്ഥാന വ്യവസായ മന്ത്രി പി രാജീവ് ഒരു വർഷം നീളുന്ന ആഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.

തന്റെ മതം മാത്രം ശരിയാണെന്ന തരത്തിലുള്ള ചിന്ത വളർന്നു വരുന്ന കാലമാണിതെന്നും മറ്റുള്ളവരെപ്പറ്റിയുള്ള കരുതൽ മതങ്ങൾക്ക് ആവശ്യമാണെന്നും രാജീവ് പറഞ്ഞു.

മതങ്ങൾ സമൂഹത്തിൽ അശാന്തിക്കും അസ്വസ്ഥതയ്ക്കും ഇടയാക്കരുതെന്നും അധർമത്തെ ഒഴിവാക്കുന്ന ശുദ്ധീകരണത്തിന് മതങ്ങൾ വിധേയമാകണമെന്നും മുഖ്യ പ്രസംഗം നടത്തിയ സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ്കുര്യൻ ജോസഫ് പറഞ്ഞു.

സമൂഹത്തിൽ സത്യം, നീതി, ദയ തുടങ്ങിയ മൂല്യങ്ങൾ നിറയ്ക്കാൻ മതത്തിനു കഴിയണം.

മതവിശ്വാസം ജീവിതത്തിൽ പ്രായോഗികമായി പിന്തുടരാനുള്ളതാണ്. ജീവിതത്തെ സ്പർശിക്കാത്ത മതം ആണ് ഇന്നത്തെ പ്രശ്നം. ഉദ്ദേശ ലക്ഷ്യങ്ങളിലേക്ക് മതങ്ങൾ തിരിച്ചുവരണമെന്നും പൂർവികർ കൈമാറിയ വിശ്വാസത്തിന്റെ ജ്വാല അടുത്ത തലമുറയ്ക്ക് കൈമാറാൻ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

ദേവാലയങ്ങൾ കൊണ്ട് പ്രദേശത്തെ പാവപ്പെട്ടവർക്ക് പ്രയോജനമുണ്ടാകണമെന്ന് മാർ ഐറേനിയാസ് മെത്രാപ്പോലിത്താ പറഞ്ഞു.

കത്തിഡ്രലിന്റെ നിലവിലുള്ള സാന്ത്വനം, സ്നേഹനിധി ജീവകാരുണ്യ പദ്ധതികൾക്ക് പുറമേ, ശതാബ്ദി വർഷത്തിൽ മുളന്തുരുത്തി ഗ്രീഗോറിയൻ സെന്ററുമായി ചേർന്നു നടപ്പാക്കുന്ന ഡയാലിസിസ് പദ്ധതിയുടെ ഉദ്ഘാടനം മേയർ അനിൽ കുമാർ നിർവഹിച്ചു.

അങ്കമാലി ഭദ്രാസന മെത്രാപ്പോലിത്താ യുഹാനോൻ മാർ പോളികാർപോസ് അനുഗ്രഹ പ്രഭാഷണം നടത്തി. ഹൈബി ഈഡൻ എം പി,

ടി ജെ വിനോദ് എം എൽ , കൗൺസിലർ പദ്മജ എസ്മേനോൻ എന്നിവർ പ്രസംഗിച്ചു. വികാരി ഫാ. ഡേവിഡ് തങ്കച്ചൻ സ്വാഗതവും ജനറൽ കൺവീനർ ഡോ. പൗലോസ് ജേക്കബ് നന്ദിയും പറഞ്ഞു.

 





 

No comments: