Pages

Monday, September 22, 2025

കേരളത്തിൽ അമീബിക് മസ്തിഷ്കജ്വരം ബാധിച്ചവരുടെ എണ്ണവും മരണവും വർധിക്കുന്നു '

 

കേരളത്തിൽ അമീബിക് മസ്തിഷ്കജ്വരം ബാധിച്ചവരുടെ  എണ്ണവും മരണവും വർധിക്കുന്നു '

അമീബിക് മസ്തിഷ്കജ്വരം ബാധിച്ചവരുടെ  എണ്ണവും മരണവും വർധിക്കുന്നു 'ഇവിടെ

 അമീബിക് മസ്തിഷ്കജ്വരം ആദ്യം റിപ്പോർട്ട് ചെയ്തത് 2016 ആലപ്പുഴയിൽ. 2023 വരെ എട്ടു കേസ് മാത്രം. എന്നാൽ, പിന്നീടുള്ള രണ്ടു വർഷങ്ങളിലുണ്ടായത് 82 കേസുകൾ. രോഗികളുടെ എണ്ണവും മരണവും വർധിക്കുന്നു .അമീബിക് മസ്തിഷ്കജ്വരം തുടർക്കഥയായിട്ടും  സർക്കാർ  ഉണർന്നു പ്രവർത്തിക്കുന്നില്ല ജലാശയങ്ങൾ ശുചീകരിക്കാൻ നടപടിയില്ല

ചൂടുള്ള കാലാവസ്ഥ ഇഷ്ടപ്പെടുന്ന ചെറുജീവിയാണ് അമീബ. മഴ മാറി ചൂടു കൂടി വരുന്ന കേരളത്തിൽ ഇപ്പോഴത്തെ പ്രധാന വില്ലനും അമീബയാണ്. അമീബിക് മസ്തിഷ്കജ്വരം ബാധിക്കുന്നവരുടെയും മരിക്കുന്നവരുടെയും എണ്ണം കൂടി വരുന്നു. ആരോഗ്യവെല്ലുവിളിയെ പ്രതിരോധിക്കാൻ സർക്കാരും ആരോഗ്യപ്രവർത്തകരും ജനങ്ങളും ചേർന്നുള്ള ശക്തമായ ജനകീയമുന്നേറ്റം ആവശ്യമാണ് . വിശദമായ  പഠനം അനിവാര്യമാണ് .ആഗോളതാപനം  വര്ധിക്കുന്നതാണോ  ഇതിനു കാരണം ? മൂക്കിലൂടെ ഉള്ളിൽ കടക്കുന്ന അമീബ മസ്തിഷ്കത്തിലെത്തി അണുബാധയുണ്ടാക്കും. അമീബ ഉള്ളിൽക്കടന്ന് 10 ദിവസത്തിനുള്ളിൽ രോഗലക്ഷണം പ്രകടമാകും. പെട്ടെന്നു രോഗം ഗുരുതരമായി മരണം സംഭവിക്കും.

പല കേസുകളിലും കൃത്യമായ ഉറവിടം കണ്ടെത്താനാകുന്നില്ല. രോഗികളിൽ പലർക്കും കുളത്തിൽ കുളിച്ചതിന്റെ പശ്ചാത്തലമില്ല. എന്നാൽ, ഏതെങ്കിലും തരത്തിൽ ഇവരുടെ മൂക്കിലൂടെ അമീബ മസ്തിഷ്കത്തിൽ എത്തിയിരിക്കാമെന്നാണു ഡോക്ടർമാർ കരുതുന്നത്.എല്ലാ അമീബിക് മസ്തിഷ്ക ജ്വരത്തിനും ഒരേതരം ചികിത്സ മതിയാകുമോ, അതുകൊണ്ടു മറ്റെന്തെങ്കിലും പ്രശ്നമുണ്ടാകുമോ തുടങ്ങി ഒട്ടേറെ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടേണ്ടതുണ്ട്.

വർഷം ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലാണ് രോഗികളുടെ എണ്ണം കൂടിയത്. മഴ ഇടവിട്ടു പെയ്യുകയും പിന്നാലെ ചൂടു കൂടുകയും ചെയ്യുമ്പോൾ അമീബ ജലോപരിതലത്തിൽ നിലനിൽക്കാനുള്ള സാധ്യതയേറും. ചൂടു കാലാവസ്ഥയിൽ ആളുകൾ കുളത്തിലിറങ്ങി കുളിക്കുന്നതു കൂടുമെന്നതിനാൽ അമീബ മൂക്കിലൂടെ മസ്തിഷ്കത്തിലെത്താനുള്ള സാധ്യതയും വർധിക്കും. ബാക്ടീരിയയാണ് അമീബയുടെ ഭക്ഷണം. നമ്മുടെ ജലാശയങ്ങളിൽ കോളി ബാക്ടീരിയയുടെ അളവു കൂടുതലാണ്. അതുകൊണ്ടുതന്നെ ഇത്തരം ജലാശയങ്ങളിൽ അമീബയുടെ സാന്നിധ്യവും കൂടുതലായിരിക്കും. 42–43 ഡിഗ്രി സെൽഷ്യസ് താപനിലയിലുള്ള വെള്ളത്തിലും അമീബയ്ക്കു കഴിയാനാകും.

 ജലാശയങ്ങൾ മുഴുവൻ ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ചു ക്ലോറിനേറ്റ് ചെയ്യുക പ്രായോഗികമല്ല. നീന്തൽക്കുളങ്ങൾ നിർബന്ധമായും ദിവസവും ക്ലോറിനേറ്റ് ചെയ്യണം. നിശ്ചിത ഇടവേളകളിൽ വെള്ളം മാറ്റണം. വീടുകൾ, കെട്ടിടങ്ങൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിലെ കിണറുകൾ, കുളങ്ങൾ, ടാങ്കുകൾ എന്നിവ കൃത്യമായ ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്തു ശുദ്ധീകരിക്കണം.

കുളങ്ങളിൽ കുളിച്ചു കുറച്ചു ദിവസങ്ങൾക്കകം എന്തെങ്കിലും രോഗലക്ഷണങ്ങളുണ്ടെങ്കിൽ ഉടൻ ചികിത്സ തേടണം. തലവേദന, ഛർദി, കടുത്തപനി, ക്ഷീണം എന്നിവയെല്ലാം ലക്ഷണങ്ങളാകാം.രോഗം നേരത്തേ നിർണയിക്കാൻ കഴിഞ്ഞാൽ ചികിത്സ എളുപ്പമാണ്. രോഗിയെ രക്ഷിക്കാനാകും. സർക്കാരും  ആരോഗ്യപ്രവർത്തകരും  പൊതുജനങ്ങളും  ഉണർന്നു  പ്രവർത്തിക്കേണ്ട  സമയമാണ് .

 

പ്രൊഫ്. ജോൺ കുരാക്കാർ

 

No comments: