പലസ്തീന്‍ രാഷ്ട്ര രൂപീകരണം .
പ്രൊഫ്. ജോൺ കുരാക്കാർ
1917-ൽ ബാൽഫർ പ്രഖ്യാപനത്തിലൂടെ പലസ്തീനിൽ ഇസ്രയേൽ രാഷ്ട്രം സ്ഥാപിക്കാൻ വഴിയൊരുക്കിയത് ബ്രിട്ടനാണ്.ഒരേസമയം ഉണ്ടെന്നും ഇല്ലെന്നും പറയാവുന്ന രാജ്യമാണ് പലസ്തീൻ. വലിയൊരളവ് അന്താരാഷ്ട്ര അംഗീകാരമുണ്ട്, പലരാജ്യങ്ങളിലും നയതന്ത്രകാര്യാലയങ്ങളുണ്ട്, പലസ്തീന്റെ ടീമുകൾ ഒളിമ്പിക്സുൾപ്പെടെയുള്ള അന്താരാഷ്ട്ര കായികമത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്. യുഎന്നിൽ നിരീക്ഷകപദവിയുണ്ട്. എന്നാൽ, വോട്ടവകാശമില്ല.
പതിറ്റാണ്ടുകളായി ഇസ്രയേലുമായി നിലനിൽക്കുന്ന സംഘർഷം കാരണം പലസ്തീന് അന്താരാഷ്ട്ര അംഗീകാരമുള്ള അതിർത്തികളില്ല, തലസ്ഥാനമില്ല, സൈന്യമില്ല. വെസ്റ്റ് ബാങ്കും ഗാസയുമാണ് പലസ്തീന്റെ ഇപ്പോഴുള്ള ഭാഗങ്ങൾ. ഈ അവസ്ഥയിൽ പലസ്തീൻരാഷ്ട്രത്തെ അംഗീകരിക്കൽ പ്രതീകാത്മകം മാത്രമാണ്. വളരെ ശക്തമായ ധാർമിക, രാഷ്ട്രീയ പ്രസ്താവനയാണത്. അല്ലാതെ അടിസ്ഥാനപരമായി ഒരുമാറ്റവുമുണ്ടാവില്ല. പക്ഷേ, പ്രതീകാത്മകതയ്ക്ക് വലിയ ശക്തിയുണ്ട്.അന്താരാഷ്ട്ര നിയമങ്ങൾക്കുവിരുദ്ധമായി വെസ്റ്റ് ബാങ്കിന്റെ നല്ലൊരുശതമാനം ഇസ്രയേൽ കൈയടക്കിവെച്ചിരിക്കുകയാണ്.കിഴക്കൻ ജറുസലേമിനടുത്തേക്ക് അധിനിവേശം വ്യാപിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് അവർ. ഗാസയെ പിടിച്ചെടുക്കാനുള്ള ശ്രമത്തിലും. ഈ സാഹചര്യത്തിൽ പലസ്തീൻരാഷ്ട്രമെന്ന സങ്കല്പംതന്നെ തകരുന്ന സ്ഥിതിയാണ്. ഗാസയിലെ ദാരുണമായ സ്ഥിതിവിശേഷത്തിലുള്ള അന്താരാഷ്ട്രരോഷം മുറുകുകയും ചെയ്യുന്നു. ഈ പശ്ചാത്തലത്തിലാണ് ഫ്രാൻസും ബ്രിട്ടനും ഉൾപ്പെടെയുള്ള രാജ്യങ്ങൾ പലസ്തീൻരാഷ്ട്രത്തെ അംഗീകരിക്കാൻ തീരുമാനിച്ചത്.
അഞ്ചു സ്ഥിരാംഗങ്ങളിൽ ചൈനയും റഷ്യ യും പലസ്തീൻ രാഷ്ട്രത്തെ മുൻപേ അം ഗീകരിച്ചിട്ടുണ്ട്. ബ്രിട്ടനും ഫ്രാൻസുംകൂടി അംഗീകരിക്കുന്നതോടെ പലസ്തീനെ അംഗീകരിക്കാത്ത ഏക സ്ഥിരാംഗം യുഎസ് മാത്രമാകും.ഗാസയും വെസ്റ്റ് ബാങ്കുമടങ്ങുന്ന പലസ്തീൻ രാഷ്ട്രരൂപവത്കരണത്തെ പാശ്ചാത്യരാജ്യങ്ങളായ സ്പെയിനും അയർലൻഡും നോർവേയും ഔപചാരികമായി അംഗീകരിച്ചത് ഈയിടെയാണ്. ഈമാസം പലസ്തീന് അംഗീകാരംനൽകുമെന്ന് പാശ്ചാത്യലോകത്തെ പ്രബലരാജ്യമായ ഫ്രാൻസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഗാസയിലെ യുദ്ധം ഇസ്രയേൽ അവസാനിപ്പിച്ചില്ലെങ്കിൽ ഈമാസം പലസ്തീന് അംഗീകാരംനൽകുമെന്ന് ബ്രിട്ടനും വ്യക്തമാക്കുകയുണ്ടായി. ഓസ്ട്രേലിയയും ബെൽജിയവും പോർച്ചുഗലും കാനഡയും ഇതേപാതയിലാണ്. യുഎന്നിലെ 193 അംഗരാജ്യങ്ങളിൽ നൂറ്റിയൻപതോളമാണ് ഇതുവരെ പലസ്തീനെ അംഗീകരിച്ചിട്ടുള്ളത്. ഇസ്രയേലിനോടു പരമ്പരാഗത അനുഭാവമുള്ളതിനാൽ പാശ്ചാത്യരാജ്യങ്ങൾ ഇങ്ങനെ ചെയ്തിരുന്നില്ല. ദീർഘകാലമായുള്ള ഈ നിലപാടിലാണ് ഒട്ടേറെ പാശ്ചാത്യരാജ്യങ്ങൾ ഈയിടെയായി മാറ്റം ആലോചിച്ചത്. 2023 ഒക്ടോബർമുതൽ ഇസ്രയേൽ ഗാസയിൽ നടത്തിവരുന്ന യുദ്ധം മനുഷ്യവിരുദ്ധതയുടെ എല്ലാ അതിരുകളും ലംഘിച്ചതാണ് ഈ രാജ്യങ്ങളെ പലസ്തീന് അനുകൂലമായ നയംമാറ്റത്തിനു പ്രേരിപ്പിച്ചത്. പക്ഷേ, ഇക്കഴിഞ്ഞദിവസം കരയാക്രമണമടക്കം നടത്തി, ഗാസായുദ്ധത്തിന് ശക്തികൂട്ടുകയാണ് ഇസ്രയേൽ ചെയ്തിരിക്കുന്നത്. ഗാസയിലെ ആക്രമണം ഉടൻ അവസാനിപ്പിക്കണമെന്നും പലസ്തീൻപ്രശ്നത്തിന് ശാശ്വതപരിഹാരംവേണമെന്നും ആവശ്യപ്പെട്ടുള്ള പ്രമേയം യുഎൻ പൊതുസഭ പാസാക്കി ഒരാഴ്ചപോലും തികയുന്നതിനുമുൻപാണിതെന്നതും ശ്രദ്ധേയമാണ്.
ഫ്രാൻസും സൗദി അറേബ്യയും സംയുക്തമായി അവതരിപ്പിച്ച പ്രമേയത്തെ ഇന്ത്യയും ബ്രിട്ടനുമടക്കം 142 രാജ്യങ്ങൾ പിന്തുണച്ചു. ഇസ്രയേലും യുഎസുമടക്കം പത്തുരാജ്യങ്ങൾമാത്രം എതിർത്തു. ഗാസയിലെ ഇസ്രയേലി ആക്രമണത്തോടുള്ള ആഗോളവികാരത്തെയാണ് പ്രമേയം പ്രതിഫലിപ്പിച്ചത്. യുദ്ധം ആരംഭിച്ചിട്ട് രണ്ടുവർഷം തികയാൻ ഇരുപതുദിവസം ശേഷിക്കേയാണ് ഇസ്രയേൽ സൈനികനടപടി കടുപ്പിച്ചിരിക്കുന്നത്.
ഗാസയെ പൂർണമായി പിടിച്ചെടുക്കാനുള്ള പദ്ധതിയുടെ ഭാഗമാണിതെന്നാണ് സംശയിക്കേണ്ടത്. പതിവുപോലെ, യുഎസിന്റെ അറിവും ആശീർവാദവും ഈ നീക്കത്തിനുണ്ട്. ‘വൈറ്റ് ഹൗസിൽ എന്റെ രാജ്യത്തിന്റെ എക്കാലത്തെയും മികച്ച സുഹൃത്ത്’ എന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വിശേഷിപ്പിക്കുന്നത്.
പലസ്തീൻ രാഷ്ട്രമെന്ന ആശയത്തെ തച്ചുതകർക്കുകയെന്ന ഇസ്രയേലിന്റെ ആത്യന്തിക ഭൗമരാഷ്ട്രീയപദ്ധതി നടപ്പാക്കുന്നതിനുള്ള പടപ്പുറപ്പാടുതന്നെയാണിത്. ഗാസയെ അന്താരാഷ്ട്ര കേന്ദ്രമായി വികസിപ്പിക്കുമെന്ന, നെതന്യാഹുവിന്റെ സ്നേഹിതൻ ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയും നാം ഇതോടു ചേർത്തുകാണണം. ഇസ്രയേലാകട്ടെ ഗാസാ യുദ്ധത്തിനൊപ്പം ലെബനനിലും സിറിയയിലും ഇറാനിലും ഖത്തറിലുമടക്കം ആക്രമണങ്ങൾ നടത്തി പശ്ചിമേഷ്യൻ മേഖലയിലാകെ ഭീതിയുടേതായ അന്തരീക്ഷസൃഷ്ടി നടത്തിവെച്ചിരിക്കുകയാണ്. ഹമാസ് ബന്ദികളെ വിട്ടുനൽകി പ്രശ്നങ്ങൾ ഉടൻ പരിഹരിക്കണം .പലസ്തീൻജനതയുടെ ദുരിതവും വേദനയും കാണാതെ പോകരുത്
പ്രൊഫ്. ജോൺ കുരാക്കാർ

No comments:
Post a Comment