Pages

Wednesday, September 24, 2025

ശബരിമലയും അയ്യപ്പസംഗമവും --- പ്രൊഫ്. ജോൺ കുരാക്കാർ

 

ശബരിമലയും അയ്യപ്പസംഗമവും

 പ്രൊഫ്ജോൺ കുരാക്കാർ

കേരളത്തിലെ പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ റാന്നി-പെരുനാട് ഗ്രാമപഞ്ചായത്തിൽ പശ്ചിമഘട്ടത്തിന്റെ ഭാഗമായ പെരിയാർ കടുവ സംരക്ഷിത പ്രദേശത്തിൽ സ്ഥിതിചെയ്യുന്ന ഒരു പ്രധാനപ്പെട്ട ഹൈന്ദവ തീർത്ഥാടന കേന്ദ്രമാണ് ശബരിമല ശ്രീ അയ്യപ്പക്ഷേത്രം അഥവാ ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രം ,ഏകദേശം മൂന്നു കോടിയിലധികം പേരാണ് ഓരോ വർഷവും ഇവിടം സന്ദർശിക്കുന്നത്.

ഹരിഹരപുത്രനായ (ശിവൻ, വിഷ്ണു എന്നിവരുടെ മകനായ) അയ്യപ്പനാണ് (ധർമ്മശാസ്താവ്) ഇവിടുത്തെ പ്രധാന പ്രതിഷ്ഠ എന്നാണ് വിശ്വസിക്കുന്നത്.സമുദ്രനിരപ്പിൽ നിന്നും ഏകദേശം 1,260 മീറ്റർ (4,134 അടി) ഉയരത്തിൽ 18 മലകൾക്കു നടുവിലായാണ് ശബരിമല ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പഞ്ചലോഹത്തിൽ പൊതിഞ്ഞ പതിനെട്ട് കരിങ്കൽ പടികളോടുകൂടിയ ചെറിയൊരു ക്ഷേത്രവും അതിനുമുകളിലുള്ള സ്വർണ്ണം പൊതിഞ്ഞ രണ്ട് ചതുരശ്രീകോവിലുകളുമാണ് ശബരിമലയിലുള്ളത്. കേരളത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ നദിയായ പമ്പാ നദിയുടെ ഉദ്ഭവം ശബരിമലയ്ക്കടുത്തുനിന്നാണ്. ക്ഷേത്രത്തിൽ നിന്ന് ഏകദേശം അഞ്ചുകിലോമീറ്റർ തെക്കുപടിഞ്ഞാറു ഭാഗത്തായി പമ്പാനദിയിൽ ഒരു സ്നാനഘട്ടമുണ്ട്. ഇവിടെ കുളിച്ച് കുടുംബത്തിലെ മരിച്ചവരുടെ പിതൃക്കൾക്ക് ബലിയിട്ടാണ് ഭക്തർ മല ചവിട്ടുന്നത്. നാനാ ജാതിമതസ്ഥർക്കും ഇവിടെ പ്രവേശനം അനുവദനീയമാണ്. എന്നാൽ ഇരുമുടിക്കെട്ടുമായി വരുന്നവരെ മാത്രമേ 18 പടികൾ കയറാൻ അനുവദിക്കൂ. "നെയ്യഭിഷേകമാണ്" ക്ഷേത്രത്തിലെ പ്രധാന വഴിപാട്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ളതാണ് ക്ഷേത്രം. തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിൽ ഏറ്റവും കൂടുതൽ വരുമാനമുള്ള ക്ഷേത്രമാണിത്

 

അയ്യപ്പന്റെ അവതാരത്തെക്കുറിച്ച് നിരവധി ഐതിഹ്യങ്ങൾ നിലനിൽക്കുന്നു. പന്തളം രാജകുടുംബവുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യമാണ് അവയിൽ ഏറ്റവും പ്രസിദ്ധമായത്. കുട്ടികളില്ലാതെ വിഷമിച്ചിരുന്ന തികഞ്ഞ ശിവഭക്തനായ പന്തളം രാജാവ് രാജശേഖരപാണ്ഡ്യൻ ശിവശക്തിമാരെ ആരാധിച്ചുവരവേ, ഒരിക്കൽ നായാട്ടിനായി വനത്തിലെത്തുകയും പമ്പാതീരത്ത് വച്ച് കഴുത്തിൽ മണി കെട്ടിയ സുന്ദരനായ ഒരാൺകുഞ്ഞിനെ കാണുകയും ചെയ്തു. ശിവന് മോഹിനിരൂപത്തിലുള്ള വിഷ്ണുവിൽ ജനിച്ച പുത്രനാണിതെന്ന് വിശ്വാസം. കഴുത്തിൽ സ്വർണ്ണമണിമാല ഉണ്ടായിരുന്നതുകൊണ്ട് ശിശുവിനുമണികണ്ഠൻഎന്നു പേരിട്ട രാജാവ് ശിവപാർവതിമാരുടെ അനുഗ്രഹത്തോടെ കുട്ടിയെ രാജകൊട്ടാരത്തിലേക്ക് എടുത്തുകൊണ്ടുപോയി. എന്നാൽ പിന്നീട് രാജ്ഞി ഒരു ആൺ കുഞ്ഞിന് ജന്മം നൽകുക ഉണ്ടായി.

ആയോധനകലയിലും വിദ്യകളിലും അഗ്രഗണ്യനായ അയ്യപ്പനെ യുവരാജാവായി വാഴിക്കാനായിരുന്നു പന്തളം രാജാവിന്റെ ആഗ്രഹം. എന്നാൽ സ്വന്തം മകനെ യുവരാജാവാക്കുവാനായി മഹാറാണി തന്ത്രങ്ങൾ ആസൂത്രണം ചെയ്തു. ഇതിന്റെ ഭാഗമായി രാജ്ഞി മന്ത്രിയെ വശത്താക്കുകയും, അവരുടെ ഗൂഢപദ്ധതി പ്രകാരം രാജ്ഞി കപടമായി വയറുവേദന അഭിനയിക്കുകയും കൊട്ടാരവൈദ്യൻ രോഗത്തിനു പുലിപ്പാൽ മരുന്നായി നിശ്ചയിക്കുകയും ചെയ്തു. ഗൂഢപദ്ധതിയനുസരിച്ച് പുലിപ്പാൽ കാട്ടിൽ നിന്നും കൊണ്ടുവരാൻ നിയുക്തനായത് രാജകുമാരനായ മണികണ്ഠനാണ്. അങ്ങനെയാണ് പുലിപ്പാലിനായി അയ്യപ്പനെ കൊടുംകാട്ടിലേക്ക് വളർത്തമ്മയായ രാജ്ഞി പറഞ്ഞയക്കുന്നത്. എന്നാൽ, ലോകോപദ്രവകാരിണിയും പരമദുഷ്ടയുമായ മഹിഷിയെ വധിച്ച് പുലിപ്പുറത്തേറി അയ്യപ്പൻ വിജയശ്രീലാളിതനായി പന്തളദേശത്തു മടങ്ങിയെത്തി. അയ്യപ്പൻ ദൈവമാണെന്ന് മനസ്സിലാക്കിയ പന്തളം രാജാവ് അയ്യപ്പന്റെ നിർദ്ദേശപ്രകാരം ശബരിമലയിൽ ക്ഷേത്രം നിർമ്മിച്ച് നൽകുകയായിരുന്നു.

പുലിപ്പാൽ കൊണ്ടുവരാൻ കാട്ടിലേക്ക് പോകുമ്പോൾ തയ്യാറാക്കിയതാണ്ഇരുമുടിക്കെട്ട്എന്നൊരു വിശ്വാസമുണ്ട്. അയ്യപ്പനോട് രാജ്ഞിയും മന്ത്രിയും ചെയ്ത പാപത്തിൽ നിന്നും മുക്തി നേടാനാണ് 41 ദിവസത്തെ വ്രതവും വർഷംതോറുമുള്ള തീർത്ഥയാത്രയും എന്നാണ് ഐതിഹ്യം. ജീവാത്മാവായ ഭക്തൻ പരമാത്മാവായ ഭഗവാന് സമർപ്പിക്കുന്ന വസ്തു എന്ന തലത്തിലും ഇരുമുടികെട്ടിനെ വിശേഷിപ്പിക്കാറുണ്ട്.

ശാസ്താവിൽ വിലയം പ്രാപിച്ച വീരയോദ്ധാവായി അയ്യപ്പനെ ചിത്രീകരിക്കുന്ന ഐതിഹ്യവും പ്രചാരത്തിലുണ്ട്. കാട്ടിൽ നിന്നും ലഭിച്ച അയ്യപ്പനെ യുദ്ധതന്ത്രങ്ങളെല്ലാം പഠിപ്പിച്ച് പന്തളം രാജാവ് മുഖ്യസേനാനിയാക്കി. വാവരുമായി യുദ്ധമുണ്ടായെങ്കിലും പിന്നീട് ഇവർ ഉറ്റ ചങ്ങാതിമാരായി.

പമ്പാനദിയുടെ തീരത്ത് കഴിഞ്ഞിരുന്ന ബുദ്ധമതാനുയായി ആയിരുന്നു അയ്യപ്പൻ എന്നും ചിലർ വിശ്വസിക്കുന്നു. അയ്യപ്പന്റെ ഉറ്റമിത്രമായി ഐതിഹ്യത്തിൽ നിറഞ്ഞു നിൽക്കുന്ന വാവരുടെ പള്ളിയിൽ ദർശനം നടത്തിയ ശേഷം മാത്രമേ അയ്യപ്പഭക്തന്മാർ പതിനെട്ടാം പടി ചവിട്ടാവൂ എന്നൊരു വിശ്വാസമുണ്ട്. മതസൗഹാർദ്ദത്തിന്റെ ഉത്തമ ഉദാഹരണമായി വാവരുടെ പള്ളിയും അയ്യപ്പന്റെയും ക്ഷേത്രവും ശബരിമലയിൽ നിലകൊള്ളുന്നു. പന്തളം രാജ്യം ആക്രമിക്കാൻ വന്ന വാവർ രാജകുമാരനായ അയ്യപ്പനുമായി ഏറ്റുമുട്ടി പരാജയപ്പെടുകയും പിന്നീട് അയ്യപ്പന്റെ ഉറ്റ സുഹൃത്തായിത്തീരുകയും ചെയ്തയാളാണ് എന്ന കഥയ്ക്കാണ് പ്രചാരം കൂടുതൽ.  ശബരിമല വികസനം  ഇന്ന്  അനിവാര്യമായിരിക്കുകയാണ്  ആഗോള അയ്യപ്പസംഗമം ശബരിമലവികസനത്തിന്റെ കാര്യത്തിൽ നാഴികക്കല്ലാകും  എന്ന കാര്യത്തിൽ സംശയമില്ല .

. 1950- സ്ഥാപിതമായ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചാണ് ഇതു സംഘടിപ്പിക്കുന്നത്. ദേവസ്വം ബോർഡും സംസ്ഥാനസർക്കാരുമാണ് സംഘാടകർ. രാഷ്ട്രീയലക്ഷ്യത്തോടെയാണ് ഇതു നടത്തുന്നതെന്ന പ്രതിപക്ഷാരോപണം ഉണ്ട് . ഹൈക്കോടതിയും സുപ്രീംകോടതിയും സംഗമത്തിന് അനുമതി നൽകിയത് സംഘാടകർക്ക് ആശ്വാസമായി. പ്രബല സാമുദായികസംഘടനകളായ എൻഎസ്എസും എസ്എൻഡിപി യോഗവും അനുകൂലസമീപനം കൈക്കൊണ്ടിരിക്കുകയാണ് . രാജ്യത്ത് ഇതാദ്യമായാണ് ഒരു തീർഥാടനകേന്ദ്രത്തിന്റെ വികസനചർച്ചയിൽ നേരിട്ടു പങ്കാളികളാകാൻ ഭക്തർക്ക് അവസരംകിട്ടുന്നതെന്നും ബോർഡ് പറയുന്നു. ശബരിമലവികസനത്തിന്റെ മാസ്റ്റർപ്ലാൻ, ശബരിമല കേന്ദ്രീകരിച്ചുള്ള ആധ്യാത്മിക ടൂറിസം, തിരക്കുനിയന്ത്രണം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ചർച്ചകളാണ് മൂന്നുവേദികളിലായി നടക്കുക.

തദ്ദേശതിരഞ്ഞെടുപ്പും സിപിഎം മൂന്നാംഭരണം ലക്ഷ്യമിടുന്ന നിയമസഭാതിരഞ്ഞെടുപ്പും അടുത്തുവരുകയാണ്. കഴിഞ്ഞ ലോക്സഭാതിരഞ്ഞെടുപ്പിൽ സ്വീകരിച്ച ന്യൂനപക്ഷപ്രീണനനയം തിരിഞ്ഞുകൊത്തിയെന്ന വിലയിരുത്തൽ പാർട്ടിക്കുണ്ട്. ഹൈന്ദവസമുദായവോട്ട് വൻതോതിൽ നഷ്ടപ്പെട്ടെന്ന തോന്നലുമുണ്ട്. ശബരിമല യുവതീപ്രവേശനത്തിന് അനുകൂലമായി സുപ്രീംകോടതിയിൽ എൽഡിഎഫ് സർക്കാർ നിലപാടെടുത്തതാണ് 2019-ലെ ലോക്സഭാതിരഞ്ഞെടുപ്പിലെ തിരിച്ചടിക്കുകാരണമായി സിപിഎം അന്നു വിലയിരുത്തിയത്. അന്നത്തെ മുറിവുകൾ വിശ്വാസിസമൂഹത്തിന്റെ മനസ്സിൽ ഉണങ്ങാതെകിടപ്പുണ്ടെന്നും സിപിഎം നേതൃത്വത്തിനു നന്നായറിയാം. സമീപകാലത്തായി പാർട്ടിയുടെ പരമ്പരാഗത ഹൈന്ദവവോട്ടുകൾ ബിജെപിയിലേക്കു പോകുന്നതിലുള്ള പരിഭ്രാന്തിയും സിപിഎമ്മിലുണ്ട്. ഇതിനൊക്കെച്ചേർത്തൊരു മറുതന്ത്രമെന്നനിലയിൽക്കൂടിയാണ് ആഗോള അയ്യപ്പസംഗമമെന്ന ആശയം രൂപപ്പെടുത്തിയതെന്നുകാണാൻ ഒരു പ്രയാസവുമില്ല. ശബരിമല യുവതീപ്രവേശനവിധിക്കെതിരേ സുപ്രീംകോടതിയിൽ പുനഃപരിശോധനാഹർജികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ, യുവതീപ്രവേശനത്തിന് അനുകൂലമായിനൽകിയ പഴയ സത്യവാങ്മൂലം സർക്കാർ തിരുത്തുമോ എന്നു പ്രതിപക്ഷം ചോദിക്കുന്നതും അതുകൊണ്ടാണ്. അതൊന്നും ഇപ്പോൾ ചർച്ചചെയ്യേണ്ട വിഷയമല്ലെന്നു പറഞ്ഞൊഴിയുന്ന സർക്കാരും സിപിഎമ്മും നിയമസഭാതിരഞ്ഞെടുപ്പിനുമുൻപ് ഇക്കാര്യത്തിൽ എന്തെങ്കിലും വ്യക്തതവരുത്തുമോ എന്നാണ് അറിയാനുള്ളത്. പരോക്ഷ ഉന്നങ്ങൾ എന്തുതന്നെയായാലും  ആഗോള അയ്യപ്പസംഗമം ശബരിമലവികസനത്തിന്റെ കാര്യത്തിൽ പ്രയോജനപ്പെടും .

പ്രൊഫ്. ജോൺ കുരാക്കാർ

 

 

 

 

No comments: