Pages

Monday, September 15, 2025

കട്ടച്ചിറയിൽ നടന്നത് ആസൂത്രിതമായ പൊറോട്ടുനാടകം

 

കട്ടച്ചിറയിൽ നടന്നത് ആസൂത്രിതമായ പൊറോട്ടുനാടകം

ഡോ. മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത

ചെങ്ങന്നൂർ ഭദ്രാസനം മെത്രാപ്പോലീത്ത

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കട്ടച്ചിറ സെന്റ്. മേരിസ് ഓർത്തഡോക്സ് പള്ളിക്ക്മുമ്പിൽ മൃതദേഹം വച്ച് നാടകം കളിച്ചത് ക്രൈസ്തവ സമൂഹത്തിന് തന്നെ അവമതിപ്പുണ്ടാക്കുന്നതാണ്. കരുതിക്കൂട്ടിയുള്ള നാടകം അരിയാഹാരം കഴിക്കുന്നവർക്ക് മനസ്സിലാക്കാൻ പ്രയാസമില്ല. ദൈവമാതാവിന്റെ നോമ്പു ആചരിക്കുന്ന കാലത്ത് വൈദികർ പോലും ഇത്തരം അനീതിക്കും അക്രമത്തിനും കൂട്ടുനിൽക്കുകയും, വൈദികർക്ക് ചേരാത്ത ഭാഷയും, അംഗവിക്ഷേപവും പരസ്യമായി നടത്തുന്നത് കണ്ടപ്പോൾ കുത്തഴിഞ്ഞ ഒരു സമൂഹമായി ഇവർ മാറിയോ എന്ന് ആരെങ്കിലും സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താൻ കഴിയില്ല. രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിന്റെ വിധിക്ക്അനുസരിച്ചും, കേരള സർക്കാരിന്റെ സെമിത്തേരി ഓർഡിനൻസിന് വിധേയമായും മൃതശരീരം എല്ലാ ബഹുമാന ആദരവോടും കൂടെ സംസ്കരിക്കാം എന്നിരിക്കെ അവകാശമില്ലാത്ത സ്ഥലത്ത് അനധികൃതമായി പ്രവേശിക്കണം എന്ന വാശിയിൽ മൃതദേഹത്തോടു പോലും അനാദരവ് കാട്ടി പൊതുസമൂഹത്തിൽ അവഹേളിക്കാൻ ശ്രമിക്കുന്നത് തികച്ചും പ്രതിഷേധം ആണ്. മലങ്കര സഭയുടെ പള്ളികളിലെ കേസുകൾ കോടതികളിൽ വരുന്ന സാഹചര്യം മുൻകൂട്ടി കണ്ട് ഇത്തരം പൊറോട്ട് നാടകങ്ങൾ നടത്തി പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ വിഘടിത വിഭാഗം ശ്രമിക്കുന്നത് ഇത് ആദ്യമായിട്ടല്ല. കട്ടച്ചിറ ഇത്തരം നാടകങ്ങളുടെ സ്ഥിരം സെന്റർ ആയി ഇപ്പോൾ മാറിക്കഴിഞ്ഞു. മുമ്പ് ഒരു അമ്മച്ചിയുടെ മൃതശരീരം വെച്ച് വിലപേശൽ നടത്തി ഇല്ലാത്ത സഭയുടെ വല്ലാത്ത വൈദിക ട്രസ്റ്ററ്റി സ്ഥാനം വരെ എത്തിയെങ്കിൽ ഇനിയുള്ള നാടകങ്ങൾ എന്തിനാണെന്ന് മുൻകൂട്ടി പറഞ്ഞിരുന്നെങ്കിൽ പല വയോധികർക്കും അവരുടെ ജീവൻ രക്ഷിക്കാൻ ഒരു മാർഗ്ഗമായേനെ എന്ന് തോന്നിപ്പോകുന്നു. സാധാരണ ജനത്തിന് ഇതുകൊണ്ട് മാനസിക ബുദ്ധിമുട്ടല്ലാതെ മറ്റൊരു പ്രയോജനവും ലഭിക്കുന്നുമില്ല.. മൃതശരീരം സംസ്കരിക്കുന്നതിനും, മരണപ്പെട്ട ആളുടെ ബന്ധുമിത്രാദികൾക്ക് സെമിത്തേരിയിൽ പ്രവേശിക്കുന്നതിനും പ്രാർത്ഥിക്കുന്നതിനും വിലക്കില്ല എന്നിരിക്കെ, അതാത് പള്ളികളുടെ നിയമാനുസൃത വികാരിമാർ ശുശ്രൂഷകൾ എല്ലാ ബഹുമാന ആദരവോടും കൂടെ നടത്തിക്കൊടുക്കും എന്നിരിക്കെ മൃതശരീരം പരസ്യമായി അവഹേളിച്ച് ജനമധ്യത്തിൽ ഭിന്നിപ്പ് ഉണ്ടാക്കുന്നത് പൊറുക്കുവാൻ കഴിയാത്ത കുറ്റമാണ്. ഇത്തരം സാമൂഹ്യവിരുദ്ധർക്കെതിരെ ഉത്തരവാദിത്തപ്പെട്ടവർ നടപടിയെടുക്കണം. കാര്യങ്ങളുടെ നിജസ്ഥിതി അറിയാതെ ചില മാധ്യമങ്ങൾ വാർത്തകൾ പ്രസിദ്ധീകരിക്കുന്നത് അധാർമികമായ മാധ്യമ പ്രവർത്തനമാണ്. കട്ടച്ചിറയിൽ കേരള സർക്കാരിന്റെ പോലീസും, മറ്റു ഉദ്യോഗസ്ഥരും മാത്രമാണ് വിഘടിത വിഭാഗത്തിന്റെ എതിർഭാഗത്ത് ഉണ്ടായിരുന്നത്. ഓർത്തഡോക്സ് സഭാ വിശ്വാസികൾ ആരും തന്നെ അവിടെ ശവസംസ്കാരം തടസ്സപ്പെടുത്തുവാൻ മുതിർന്നില്ല. ചില മാധ്യമങ്ങൾ ലാഭേച്ഛ ലക്ഷ്യം വെച്ച് വാർത്തകൾ വളച്ചൊടിക്കുവാൻ ശ്രമിച്ചത് പ്രതിഷേധാർഹമാണ്. എത്ര നാടകം കളിച്ചാലും നിയമം നിയമത്തിന്റെ വഴിക്ക് പോകും. ഇത്തരം നാടകങ്ങൾ കൊണ്ട് കോടതിവിധി മറികടക്കാമെന്ന് കരുതുന്നവർ മൂഡ സ്വർഗത്തിലാണ് ജീവിക്കുന്നത്. ഇന്ത്യയുടെ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്ന ഇത്തരം നടപടികൾ മേലിൽ ആവർത്തിക്കാതിരിക്കുവാൻ ഉത്തരവാദിത്തപ്പെട്ടവർ നടപടിയെടുക്കണം.

 

No comments: