മലയാളം സംസാരിക്കുന്നവരുടെ നാട്ടിൽ ആ ഭാഷ ഭരണഭാഷയാക്കാൻ കഴിയാത്തത് നാണക്കേടുതന്നെ .
കേരളത്തിന്റെ ഔദ്യോഗിക ഭാഷയാണ് മലയാളം. ആ ഭാഷയുടെ അടിസ്ഥാനത്തില്‍ കേരളസംസ്ഥാനം രൂപീകരിക്കപ്പെട്ടിട്ട് 70 കൊല്ലങ്ങള്‍ പിന്നിടുന്നു . ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളെന്ന ആശയം കേരളത്തില്‍ മാത്രമായി രൂപപ്പെട്ട ഒന്നല്ല. ഇന്ത്യയിലെ സ്വാതന്ത്ര്യസമര പ്രക്ഷോഭങ്ങള്‍ അരങ്ങേറുമ്പോള്‍ തന്നെ സമാന്തരമായി രൂപീകരിക്കപ്പെട്ട ഒന്നാണത്.ഭാഷാടിസ്ഥാനത്തില്‍ കേരള സംസ്ഥാനം രൂപീകരിക്കുന്നതില്‍ സുപ്രധാനമായ കാഴ്ചപ്പാട് രൂപപ്പെടുത്തിയ കൃതിയാണ് ഇ എം എസ്സിന്റെ ‘കേരളം മലയാളികളുടെ മാതൃഭൂമി’. ഇ എം എസ്സിന്റെ തന്നെ ‘ഒന്നേകാല്‍ കോടി മലയാളികള്‍’ എന്ന കൃതിയും ഇക്കാര്യത്തില്‍ വലിയ തോതിലുള്ള ചലനങ്ങളുണ്ടാക്കി. കേരളത്തെ മലയാളികളുടെ മാതൃഭൂമിയായി അവതരിപ്പിച്ച ഇ എം എസ് തന്നെയാണ് 1957 ല്‍ ഐക്യ കേരളത്തില്‍ അധികാരത്തിലെത്തിയ ആദ്യ സര്ക്കാരിനു നേതൃത്വം നല്കിയത്. ആ സര്ക്കാരിന് മാതൃഭാഷാ പരിപോഷണത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു. പക്ഷെ ഇതുവരെ മലയാള ഭാഷ
സമ്പൂർണ്ണമായി ഭരണഭാഷ ആക്കാൻ കഴിഞ്ഞില്ല .
ഭരണഭാഷ മലയാളമാക്കാനുദ്ദേശിച്ചുള്ള പുതിയൊരു ബില്ലിന്റെ കരട് തയ്യാറായിക്കഴിഞ്ഞുപോൾ
ഇത്തവണ രാഷ്ട്രപതിക്ക് അയക്കാതെ ഗവർണറെക്കൊണ്ടുതന്നെ അംഗീകരിപ്പിക്കാനാണ് സർക്കാരിന്റെ ശ്രമം.
മലയാളഭാഷ സംസാരിക്കുന്ന ഒന്നരക്കോടി ജനതയ്ക്കുവേണ്ടിയാണ് 1956-ൽ കേരളം എന്ന സംസ്ഥാനം രൂപംകൊണ്ടത്. അതിനുശേഷം ഏഴുപതിറ്റാണ്ട് പിന്നിടാൻ പോവുന്നു. മലയാളഭാഷ അതിന്റെ ഭാഷാസാഹിത്യസമൃദ്ധികൊണ്ട് ഏറെ സമ്പന്നവുമായി. എന്നാൽ, ഈ പ്രൗഢമായ ഭാഷ സംസ്ഥാനത്തിന്റെ ഭരണഭാഷയാക്കാൻ ഇത്രകാലമായിട്ടും നമുക്ക് കഴിഞ്ഞിട്ടില്ല. അതിനുവേണ്ടി നടത്തിയ പോരാട്ടത്തിന്റെ ചരിത്രമറിഞ്ഞാൽ ആത്മാഭിമാനമുള്ള മലയാളി ലജ്ജിക്കും.
1957-ൽ അധികാരമേറ്റ ആദ്യ കമ്യൂണിസ്റ്റ് സർക്കാരിനുവേണ്ടി മുഖ്യമന്ത്രി ഇഎംഎസ് നമ്പൂതിരിപ്പാടാണ് ഭരണഭാഷ മലയാളമാക്കുന്ന സർക്കാർനയം ആദ്യമായി പ്രഖ്യാപിച്ചത്. അതിനുവേണ്ടി കോമാട്ടിൽ അച്യുതമേനോൻ അധ്യക്ഷനായ ഒരു സമിതിയെയും നിയോഗിച്ചു. ബ്രിട്ടീഷ് ഭരണകാലത്തുപോലും കോടതികളിലും വില്ലേജുകളിലും മലയാളത്തിലുള്ള രേഖകൾ ഉപയോഗിച്ചിരുന്നെന്ന് അദ്ദേഹം റിപ്പോർട്ടിൽ പറയുന്നുണ്ട്. പക്ഷേ, പലകാരണങ്ങൾകൊണ്ട് ആ റിപ്പോർട്ട് നടപ്പായില്ല. പിന്നീട് 1965-ൽ മലയാറ്റൂർ രാമകൃഷ്ണനെ ഈ വിഷയത്തിൽ സ്പെഷ്യൽ ഓഫീസറായി നിയമിച്ചു. അതോടൊപ്പം ആ വർഷംതന്നെ ഭരണഭാഷ മലയാളമാക്കിക്കൊണ്ടുള്ള സർക്കാരിന്റെ ഉത്തരവുമുണ്ടായി. 1966-ൽ കൂടുതൽ വകുപ്പുകളിൽ ഈ നിയമം നടപ്പാക്കിക്കൊണ്ട് ഉത്തരവിറങ്ങി. ഈ ഉത്തരവ് ഇംഗ്ലീഷിലായിരുന്നു എന്നത് മറ്റൊരു വൈരുധ്യം.
എന്തുതന്നെയായാലും നടപടികളെല്ലാം ഉത്തരവുകളിൽത്തന്നെ ഒടുങ്ങി. മലയാളം അച്ചുകളുടെ കുറവും ലിപിവൈവിധ്യവുമായിരുന്നു അന്ന് ഉദ്യോഗസ്ഥർ തടസ്സമായി പറഞ്ഞത്. അതിനു പരിഹാരമായി 1971-ൽ ലിപിപരിഷ്കരണം കൊണ്ടുവന്നു. 1969-ൽ കേരള ഔദ്യോഗികഭാഷാ നിയമവും നടപ്പായി. അതുപ്രകാരം മലയാളവും ഇംഗ്ലീഷും സംസ്ഥാനത്തിന്റെ ഔദ്യോഗികഭാഷകളായി. അപ്പോഴും എല്ലാ രേഖകളും ഇംഗ്ലീഷിൽത്തന്നെ തുടർന്നു. 1973-ൽ വീണ്ടും ഈ നിയമത്തിൽ ഭേദഗതി വരുത്തി. അതിനുശേഷവും ഭരണഭാഷ മലയാളമാക്കി ഉത്തരവുകൾ ഇറങ്ങി. 1977-ൽ നടന്ന ലോക മലയാള സമ്മേളനത്തിൽ അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണി അഞ്ചുവർഷംകൊണ്ട് ഔദ്യോഗികഭാഷ പൂർണമായും മലയാളമാക്കുമെന്ന് പ്രഖ്യാപിച്ചു. അതിനുവേണ്ടിയുള്ള നടപടികൾ തുടങ്ങുകയും ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. 1987-ൽ മന്ത്രിസഭായോഗത്തിനുള്ള കുറിപ്പുകളും മറ്റും മലയാളത്തിൽ മാത്രമേ പാടുള്ളൂ എന്ന ഉത്തരവുണ്ടായി. 2003-ൽ ഔദ്യോഗികഭാഷാ നിയമസഭാസമിതിയുണ്ടാക്കി. 2015 ഡിസംബറിൽ മലയാളഭാഷാ ബിൽ നിയമസഭ പാസാക്കി. ആ ബില്ലാണ് രാഷ്ട്രപതിയുടെ മേശപ്പുറത്ത് കുടുങ്ങിക്കിടന്നത്. എങ്കിലും ആ വർഷം ജനുവരി 13-ന് സർക്കാർ ഒരു ഉത്തരവുവഴി ഭരണഭാഷ മലയാളമായി പ്രഖ്യാപിച്ചു. ഇതൊക്കെയായിട്ടും ചങ്കരൻ വീണ്ടും തെങ്ങിൽത്തന്നെ.
മലയാളം സംസാരിക്കുന്നവരുടെ നാട്ടിൽ ആ ഭാഷ ഭരണഭാഷയാക്കാൻ നടത്തിയ ദീർഘമായ പോരാട്ടത്തിന്റെയും നടപടിക്രമങ്ങളുടെയും സംഗ്രഹമാണ് മുകളിൽ വിവരിച്ചത്. ലോകത്ത് മറ്റേതെങ്കിലും ഭാഷയ്ക്ക് ഇങ്ങനെയൊരു ഗതികേടുണ്ടാകാനിടയില്ല. തമിഴ്നാടും നമ്മുടെ മറ്റ് അയൽസംസ്ഥാനങ്ങളും കാണിക്കുന്ന ഭാഷാസ്നേഹത്തിന്റെ ചെറിയൊരു ശതമാനമെങ്കിലും നമ്മൾ കാണിച്ചേ മതിയാവൂ.
ഔദ്യോഗിക രേഖകളും ഇടപാടുകളും മലയാളത്തിലാവണമെന്ന ആവശ്യം ഭാഷാതീവ്രവാദമല്ല. മാതൃഭാഷയുടെ ചേതന നിലനിർത്താനുള്ള പരിശ്രമം മാത്രമാണ്. ഒരു ഭാഷയ്ക്ക് ജൈവികതയും തേജസ്സുമുണ്ടാകുന്നത് പൊതുവ്യവഹാരങ്ങളിൽ നിരന്തരം ഉപയോഗിക്കപ്പെടുമ്പോഴാണ്. ഉന്നതവിദ്യാഭ്യാസം മലയാളഭാഷയിലൂടെ സാധ്യമാക്കാനാണ് നമ്മൾ മലയാളസർവകലാശാല തുടങ്ങിയത്. അതിന്റെ സ്ഥിതിയും കഷ്ടമാണ്. സ്വന്തംഭാഷയെക്കുറിച്ച് മതിപ്പില്ലായ്മ ആത്മാഭിമാനമില്ലായ്മതന്നെയാണെന്ന് മലയാളി മനസ്സിലാക്കേണ്ടതുണ്ട്.വൈജ്ഞാനിക നൂതനത്വ സമൂഹമാക്കി കേരളത്തെ മാറ്റിത്തീര്ക്കുന്നതിലും മാതൃഭാഷക്ക് നിഷേധിക്കാനാവാത്ത പങ്കുണ്ട്. സാര്വത്രികമായ വിജ്ഞാന വിതരണത്തില്‍ മാതൃഭാഷയെക്കാള്‍ മികച്ച ഒരു വിനിമയ മാധ്യമം മറ്റേതാണുള്ളത്?
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment