ചില സവിശേഷ
തത്വചിന്താ പ്രയോഗങ്ങൾ.
1. യുണാനിമിസം.
ബസ്സിൽ അല്ലെങ്കിൽ തീവണ്ടിയിൽ കയറുമ്പോൾ ആളുകൾ കാണിക്കുന്ന തിക്കും തിരക്കും പരാക്രമങ്ങളും സംസ്കാരരഹിതങ്ങളാണ്. ചവിട്ടാനും തൊഴിക്കാനും ഇടിക്കാനും കഴുത്തിൽ പിടിച്ചു വലിക്കാനും ആർക്കും മടിയില്ല. സർവാംഗപരിത്യാഗികളായ സന്യാസിമാരും ക്രിസ്തു ശിഷ്യന്മാരും കൂടെ കയറാൻ ശ്രമിക്കുന്നവരെ ഇടിക്കുകയും ചവിട്ടുകയും ചെയ്യും.എന്നാൽ വാഹനത്തിനകത്ത് എത്തിക്കഴിഞ്ഞാൽ ആളുകളുടെ സ്വഭാവത്തിന് മാറ്റം വരുന്നു. വൃദ്ധന് യുവാവ് ഇരിപ്പിടം ഒഴിഞ്ഞു കൊടുക്കുന്നു. അംഗഭംഗ മുള്ളവരെ മറ്റാളുകൾ ഇരുത്തുന്നു. വാഹനം കുറേനേരം ഓടിക്കഴിഞ്ഞാൽ ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെ എല്ലാവരും പെരുമാറുന്നു. ഈ ഐക്യത്തിനാണ് 'യുണാനിമിസം' എന്നു പറയുന്നത്. ഫ്രഞ്ച് എഴുത്തുകാരൻ ഷ്യൂൾ റൊമാങ്ങിന്റെ (Jules Romains) 'Men of goodwill' എന്ന കൃതിയുടെ അടിസ്ഥാനം ഈ തത്വചിന്തയാണ്. ആകപ്പാടെ,പൊതുവേ രൂപപ്പെടുന്ന ഒരു പൊതു വികാരമാണ് ഇവിടെ യുണാനിമിസം. ഫുട്ബോൾ കളിക്കാൻ ഇറങ്ങുന്ന കളിക്കാർ വ്യത്യസ്ത സ്വഭാവക്കാരാണെങ്കിലും അവരെല്ലാം, തമ്മിലുള്ള ശത്രുതയെല്ലാം മാറ്റിവച്ച് ഒരൊറ്റ വികാരത്തോടെ ഗ്രൗണ്ടിലിറങ്ങി കളിക്കുന്നു. ഇതുതന്നെയാണ് യുണാനിമിസം. ഇപ്രകാരമുള്ള പ്രവർത്തനമാണ് വിജയം കൈവരിക്കുവാൻ സാധിക്കുന്നത്.
2.യൂണിക് ഫോർമുല.
മഹത്തായ വിജയത്തിലെത്താൻ കൃത്യമായ ഒരു ഫോർമുല വേണം. ആദ്യമായി ചെസ്സ് കളി പഠിക്കുമ്പോൾ അതിന്റെ നിയമങ്ങൾ പൂർണമായും പരിപാലിച്ചു കൊണ്ടാണ്പഠിക്കുന്നത്.പിന്നീടങ്ങോട്ട് കളിക്കാരൻ നിയമത്തിന്റെ അതിർത്തികളെ പുനർനിർണയിക്കും. സർഗാത്മക നീക്കങ്ങളും അതിനാവശ്യമായ പാറ്റേണുകളും അയാൾ സ്വയം സൃഷ്ടിക്കുന്നു. ആ പാറ്റേണുകളിലെ
വ്യത്യസ്തതയാണ് അയാളെ ഒരു കാസ്പറോവിൽ നിന്നും ഒരു ആനന്ദിൽ നിന്നും വേർതിരിച്ചു നിർത്തുന്നത്. എല്ലാവരും ഒരേ ഗെയിം തന്നെയാണ് കളിക്കുന്നത്, ഒരേ നിയമത്തിലും. എന്നാൽ വിജയത്തിന് പിന്നിൽ പ്രവർത്തിക്കുന്ന ഒരു ഫോർമുല അവനവന്റേതു മാത്രമാണ്. മറ്റുള്ളവർക്ക് ആർക്കും അത് പകർത്തുവാനാകില്ല. ശരിയായ തീരുമാനം അവനവനു മാത്രം സ്വന്തം. ഇങ്ങനെ സ്വന്തം കുറവും ശക്തിയും കണ്ടെത്തി വലിയ വിജയംകൈവരിക്കുവാൻ പാകത്തിൽ ഒരു ഫോർമുല രൂപപ്പെടുത്തുമ്പോൾ അത് യൂണീക് ആയിരിക്കും. അതിനെയാണ് 'യൂണിക്ഫോർമുല' എന്ന് നാമകരണം ചെയ്യുന്നത്. അങ്ങനെയാണ് യുദ്ധതന്ത്രങ്ങൾ രൂപപ്പെടുന്നതും വിജയിക്കുന്നതും. ശാസ്ത്ര പരീക്ഷണങ്ങളുടെ വിജയവും വ്യത്യസ്തമല്ല.
3.'ലാക്കോണിക് '.
മിതഭാഷി എന്നാണ് ലാക്കോണിക് (Laconic) എന്ന വാക്കിനർത്ഥം. അത്യാവശ്യമെന്ന് കണ്ടാൽ വളരെ കുറച്ച് വാക്കുകളിൽ മാത്രം പ്രതികരിക്കുക. ഈ വാക്ക് ഗ്രീസിലെ ഒരു സ്ഥലത്തിന്റെ പേരായ 'ലാക്കോണിയ'യിൽ നിന്നും വന്നിട്ടുള്ളതാണ്. പുരാതന ഗ്രീസിലെ സുപ്രധാന സിറ്റിസ്റ്റേറ്റ് ആയിരുന്നു സ്പാർട്ട. അതിപുരാതനകാലത്ത് ഈ സ്റ്റേറ്റിനെ ലാക്സമോൻ (Lacsemon) എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ലാക്കോണിയ യിലെ നദീതീരത്ത് താമസമാക്കിയ പ്രദേശത്തെയാണ് സ്പാർട്ട എന്ന പേരുകൊണ്ട് അർത്ഥമാക്കിയിരുന്നത്. അവിടുത്തുകാരായ സ്പാർട്ടൻസ് (Spartans) ധീരയോദ്ധാക്കളായിരുന്നു അതോടൊപ്പം അവരുടെ സംഭാഷണം
എപ്പോഴും മിതത്വം ഉളവാക്കുന്നതായിരുന്നു. ഒരിക്കൽ പുരാതന ഗ്രീസിലെ
മാസിഡോണിയയിലെ രാജാവ് ഫിലിപ്പ് രണ്ടാമൻ ലാക്കോണിയ യിലെ രാജാവിന് ഒരു സന്ദേശമയച്ചു. അതിൽ പറഞ്ഞിരുന്നത്, ഞാൻ ലാക്കോണിയയിൽ എന്റെ പട്ടാളവുമായി പ്രവേശിച്ചാൽ സ്പാർട്ടാ മുഴുക്കെ ഞാൻ നിലംപരിശാക്കും. ലാക്കോണിയയിൽ നിന്നും ഫിലിപ്പ് രാജാവിന് കിട്ടിയ മറുപടി ഒറ്റവാക്കിൽ ആയിരുന്നു. ' if ' (പ്രവേശിച്ചാൽ). മിതത്വം വഴി തന്റെ കഴിവിലുള്ള ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന മറുപടിയായിരുന്നു അത്.
4.യൂണിവേഴ്സൽ ലൈബ്രറി.
ഒരു ശതാബ്ദത്തിന് മുൻപ് ജർമ്മൻ തത്വചിന്തകനായ റ്റേയോദ്ധർ ഫെഹ്നർ 'യൂണിവേഴ്സൽ ലൈബ്രറി' എന്ന ആശയത്തിന് ആവിഷ്കാരം നൽകി. ലാറ്റിനമേരിക്കൻ സാഹിത്യകാരൻ ബോർഹെസിന്റെ 'ലൈബ്രറി അറ്റ് ബാബൽ'(Library at Babel) എന്ന ചെറുകഥയിലെ ആശയമാണ് ഈ ആവിഷ്കാരത്തിന് പ്രചോദനം നൽകിയത്.
ഈ ലൈബ്രറി ഒരു ഫാന്റസി ആണ്. ഇവിടെ ലൈബ്രറി എന്നാൽ പ്രപഞ്ചം തന്നെ. ഈ ലൈബ്രറിയുടെ ഉള്ളിൽ ഹെക്സഗൺ ( ആറ് കോണുകളും വശങ്ങളും ഉള്ള രൂപം) രൂപത്തിലുള്ള അനേകം ഗ്യാലറികൾ ഉണ്ട്. അവിടെ സംഖ്യാതീതങ്ങൾ ആയ പുസ്തകങ്ങൾ എല്ലാം ഒരേ മട്ടിൽ കാണാം. ഗൂഢ അക്ഷരങ്ങളിലാണ് പുസ്തകങ്ങൾ രചിക്കപ്പെട്ടിട്ടുള്ളത്. ഗൂഢാക്ഷരങ്ങളുടെ അർത്ഥം അന്വേഷിക്കുന്ന ലൈബ്രറേറിയന്മാർ അവിടെ ജീവിക്കുന്നു, മരിക്കുന്നു, ഒന്നും മനസ്സിലാകാതെ. ലോക സ്വഭാവത്തെക്കുറിച്ചാണ് ഫെഹ്നർ ഇവിടെ പ്രതിപാദിക്കുന്നത്.
5.പതിനെട്ടര കവികൾ.
പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നകോഴിക്കോട് മാനവിക്രമന്റെ സദസ്സിൽ 18.5 കവികൾ ഉണ്ടായിരുന്നു. അക്കാലത്ത് സംസ്കൃത കാവ്യങ്ങൾ രചിക്കുന്നവരെ മാത്രമേ യഥാർത്ഥ കവികളായി കരുതിയിരുന്നുള്ളൂ.മലയാളത്തിൽ കവിത എഴുതുന്നവർക്ക് അതിന്റെ പകുതി സ്ഥാനമേ നൽകിയിരുന്നുള്ളൂ. അങ്ങനെ മലയാള കവികളെ 'അരക്കവികളായി' കരുതിപ്പോന്നു. മാനവിക്രമന്റെ സദസ്സിൽ 18 സംസ്കൃത കവികളും ഒരു മലയാള കവിയുമായിരുന്നു ഉണ്ടായിരുന്നത്. ആ മലയാള കവി പുനം നമ്പൂതിരിയായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പണ്ഡിതരുടെ ഒരു അഭിപ്രായം : മറ്റുള്ള കവികളെക്കാൾ
അരചന്റെ ( രാജാവിന്റെ ) പ്രിയ കവിയായിരുന്നതു കൊണ്ടാണ് പുനം നമ്പൂതിരിയെ 'അരക്കവി' എന്ന് വിളിച്ചിരുന്നത് എന്നാണ്. യഥാർത്ഥത്തിൽ മറ്റുള്ളവരെക്കാൾ കൂടുതൽ എഴുതുകയും പണ്ഡിതനായി അറിയപ്പെടുകയും ചെയ്തിരുന്നതും പുനം നമ്പൂതിരിയെ ആയിരുന്നു.
06. 'ചെവിയിലോത്ത്'.
ഒരു വ്യക്തി മരിച്ചതിനുശേഷമൊ, അയാൾ അവസാനത്തെ ശ്വാസം വലിക്കുന്നതിന് തൊട്ടുമുൻപോ അയാളെ ആചാരപൂർവ്വം ദർഭവിരിച്ച് നിലത്തിറക്കി കിടത്തും. പിന്നീട് ഏതെങ്കിലും ഒരു വേദപണ്ഡിതൻ അയാളുടെ ചെവിയിൽ ഋഗ്വേദത്തിൽ നിന്ന് തിരഞ്ഞെടുത്ത ചില മന്ത്രങ്ങൾ ചൊല്ലും. ഇതിനെയാണ് 'ചെവിയിലോത്ത്' എന്നു പറയുന്നത്. ഈ പ്രക്രിയയ്ക്ക് വേദ പ്രമാണപരമായ അനുവാദവും ഉണ്ടത്രേ. ചെവിയിലോത്ത് നടത്തുന്നത് മൂലം മരിച്ച വ്യക്തിയുടെ ആത്മാവിൽ നിന്നും കുടുംബത്തിൽ ആർക്കെങ്കിലും ഉണ്ടാകുമായിരുന്ന ബാധ ഒഴിവാക്കാൻ സാധിക്കുമെന്ന വിശ്വാസമാണ് ഈ ക്രിയ ചെയ്യാൻ കുടുംബാംഗങ്ങളെ പ്രേരിപ്പിച്ചിരുന്നത്.
04--11--2024.
ഡോ.പി.എൻ.ഗംഗാധരൻ നായർ.
🌹 🌹
No comments:
Post a Comment