വിഗ്രഹാരാധന
ഒരിക്കൽ ശ്രീരാമകൃഷ്ണ പരമഹംസനോട് ഒരു ശിഷ്യൻ താഴ്മയോടെ ചോദിച്ചു, "എനിക്ക് വിഗ്രഹാരാധനയിലൊന്നും വിശ്വാസം വരുന്നില്ല. വിഗ്രഹാരാധന വെറും തട്ടിപ്പ് അല്ലേ?". അതുകേട്ട് പരമഹംസൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു:"എനിക്ക് അല്പം ജലം തരൂ, വല്ലാതെ ദാഹിക്കുന്നു ". ശിഷ്യൻ ഉടൻ പോയി പാത്രത്തിൽ കുറച്ച് ജലം എടുത്തു വന്ന് ഗുരുവിന് നീട്ടി. അപ്പോൾ ഗുരു പറഞ്ഞു,"ഞാൻ അല്പം ജലമല്ലേ ചോദിച്ചുള്ളൂ, പാത്രം ചോദിച്ചില്ലല്ലോ". "പാത്രമില്ലാതെ എങ്ങനെ ജലമെടുക്കും?". ശിഷ്യൻ അതിശയത്തോടെ ചോദിച്ചു. "അതുപോലെ ഒരു വിഗ്രഹമില്ലാതെ എങ്ങനെ ആരാധിക്കും? " എന്നായിരുന്നു പരമഹംസന്റെ മറു ചോദ്യം. ശിഷ്യൻ ആരാധനയോടെ തൊഴുതു നിന്നു.
ശ്രീരാമകൃഷ്ണ പരമഹംസന്റെ ശിഷ്യനായിരുന്നു സ്വാമി വിവേകാനന്ദൻ. ധനവും പദവിയും അധികാരവുമല്ല ഹൃദയശുദ്ധിയാണ്
ആവശ്യമെന്നും, നിങ്ങൾക്ക് നിങ്ങളിൽ വിശ്വാസമില്ലെങ്കിൽ കോടാനുകോടി ദൈവങ്ങളിൽ വിശ്വസിച്ചാലും ഒരു ഫലവുമില്ലന്നും തുടങ്ങിയ മഹത്തായ ആശയങ്ങൾ അദ്ദേഹം തന്റെ ആത്മീയ പ്രഭാഷണങ്ങളിൽ കൂടി
ജനങ്ങളുമായി സംവദിച്ചു. ഒരു രാജാവിനെ വിഗ്രഹത്തിന്റെ പൊരുൾ എന്തെന്ന് വിവേകാനന്ദൻ പഠിപ്പിച്ച സംഭവമുണ്ട്.
രാജസ്ഥാനിലെ ആൾവാർ എന്ന ചെറിയ രാജ്യത്തിലെ
മംഗളസിംഹൻ എന്ന രാജാവിനെ,1893 ൽ, തന്റെ യാത്രയ്ക്കിടയിൽ സ്വാമി വിവേകാനന്ദൻ സന്ദർശിക്കുകയുണ്ടായി. അവരുടെ സംഭാഷണമധ്യേ രാജാവ് വിഗ്രഹാരാധനയിൽ തനിക്കുള്ള അവിശ്വാസം പറഞ്ഞു. "വിഗ്രഹങ്ങളെ പൂജിച്ചിട്ട് എന്ത് ഫലം?. ആ ശിൽപ്പങ്ങൾക്കുള്ളിൽ ദൈവങ്ങൾ ഉണ്ടോ "? എന്ന് ചോദിച്ച രാജാവിന്റെ കയ്യിൽ, ചുമരിൽ തൂക്കിയിരുന്ന ഒരു ചിത്രം എടുത്തു കൊടുത്തിട്ട് അതിൽ ഒന്നു തുപ്പാൻ സ്വാമി ആവശ്യപ്പെട്ടു. അപ്പോൾ രാജാവ് തെല്ലു പരിഭവത്തോടെ പറഞ്ഞു: "ഇതിൽ തുപ്പാനോ, പറ്റില്ല. ഇത് ഞാൻ ദൈവതുല്യം ആരാധിക്കുന്ന എന്റെ പിതാവിന്റെ ചിത്രമാണ്. അതുകൊണ്ട് ഈ ചിത്രത്തിനോട് അനാദരവ് കാണിക്കുവാൻ എനിക്ക് സാധ്യമല്ല". " അപ്പോൾ അതാണ് കാര്യം. യഥാർത്ഥത്തിൽ ഈ ചിത്രത്തിൽ കുറേ വരകളും നിറങ്ങളുമേ ഉള്ളൂ. ഈ ചിത്രം ജീവനില്ലാത്തതും തിരിച്ച് ഇത് ഒന്നും ചെയ്യില്ലെന്നും അറിയാമെങ്കിലും അങ്ങ് ഈ ചിത്രത്തെ പിതാവിന് പകരമായി ആരാധിക്കുന്നു. ഇതുപോലെയാണ് പല രൂപത്തിലുള്ള വിഗ്രഹാരാധനയും. അതിൽ എല്ലാം വിശ്വാസികൾ ഈശ്വരന്റെ രൂപത്തെ കാണുന്നു , ഒന്നിന്റെ തന്നെ പല രൂപങ്ങൾ. അങ്ങനെ ഓരോരുത്തരും അവരവരുടെ വിശ്വാസമനുസരിച്ച് ദൈവത്തെ ആരാധിക്കുന്നു എന്നു മാത്രം ". സ്വാമി വിവേകാനന്ദന്റെ ഈ വിശദീകരണം കേട്ട് രാജാവ് തൊഴുകയ്യോടെ, തന്റെ അജ്ഞതയിൽ മാപ്പു നൽകണമെന്ന് അപേക്ഷിച്ചു.
ശ്രീനാരായണ ഗുരുദേവൻ വിശ്വാസികൾക്ക് വേണ്ടി ക്ഷേത്രങ്ങൾ സ്ഥാപിച്ച് പ്രതിഷ്ഠ നടത്തണമെന്ന അപേക്ഷയുമായി കുറെ ഭക്തന്മാർ ഒരു വൈകുന്നേരം ശിവഗിരി മഠത്തിൽ വന്നു. ക്ഷേത്രങ്ങൾ ഉണ്ടെങ്കിൽ ജനങ്ങൾ കുളിച്ചു വൃത്തിയായി വരുമെന്ന് അവർ വാദിച്ചു. അത് ശരിയാണെങ്കിലും ബിംബ പ്രതിഷ്ഠയ്ക്ക് പകരം ഒരു വിളക്ക് ക്ഷേത്രമധ്യത്തിൽ തൂക്കിയാൽ മതിയല്ലോ. വിളക്ക് ലക്ഷ്മിയാണ്. വേണമെങ്കിൽ ദൈവങ്ങളുടെ ചിത്രം വിളക്കിന് ചുറ്റും വയ്ക്കാമല്ലോ.കുളിച്ചു തൊഴാൻ അതുമതി എന്ന് ഗുരുദേവൻ ഉപദേശിച്ചു. പക്ഷേ വന്നവർ ഈ മറുപടിയിൽ
തൃപ്തരായില്ല. ഒരു ആരാധനാമൂർത്തി ഉണ്ടെങ്കിലേ സാധാരണ വിശ്വാസികൾക്ക് ഭക്തിയും ആരാധനയും മനസ്സിൽ ഉണ്ടാകൂ എന്ന് അവർ ശക്തമായി വാദിച്ചു. വിഗ്രഹാരാധക്ക് ഗുരുദേവൻ എതിരായിരുന്നെങ്കിലും, വിശ്വാസികളുടെ അഭിപ്രായങ്ങളിൽ കഴമ്പുള്ളതിനാൽ കറെ ക്ഷേത്രങ്ങളിൽ അദ്ദേഹം വിവിധങ്ങളായ പ്രതിഷ്ഠകൾ നടത്തി.
അരുവിപ്പുറത്തിന് സമീപമുള്ള ആലങ്കോട്ട് ക്ഷേത്രത്തിൽ അന്ന് സവർണ്ണ ഹിന്ദുക്കൾക്ക് മാത്രമേ പ്രവേശനം ഉണ്ടായിരുന്നുള്ളൂ. ഇതിൽ പ്രതിഷേധിച്ചാണ് അരുവിപ്പുറത്ത് 1888 ൽ ഗുരുദേവൻ 'ഈഴവശിവനെ' പ്രതിഷ്ഠിച്ചത്. ഏതാനും വർഷങ്ങൾ കഴിഞ്ഞ് 1927 ജൂൺ 14ന് ചേർത്തലയിലെ കളവങ്കോടംക്ഷേത്രത്തിൽ അവസാനമായി ഗുരുദേവൻ കണ്ണാടി പ്രതിഷ്ഠിച്ചു. താൻ ആരെന്ന് സ്വയം കണ്ണാടിയിൽ നോക്കി മനസ്സിലാക്കാൻ അദ്ദേഹം ജനങ്ങളെ ഉപദേശിച്ചു. നീ തന്നെയാണ് നിന്റെ ഈശ്വരൻ ( 'തത്വമസി' ). നിന്നിലാണ് ആത്മാവും ചൈതന്യവും. നീ നിന്നെ തിരിച്ചറിയുക എന്ന സന്ദേശം ഇതിലൂടെ നൽകുക വഴി ദ്വൈതത്തിൽ നിന്നും അദ്വൈതത്തിലേക്ക് സാവധാനം വിശ്വാസികളെ എത്തിക്കുന്നതിനായിരന്നു അദ്ദേഹത്തിന്റെ ചിന്തയും പ്രയത്നവും പ്രവർത്തിച്ചത്. അങ്ങനെ സാവധാനം വിഗ്രഹാരാധനയിൽ നിന്നും ജനങ്ങളെ മോചിപ്പിക്കാനുള്ള ശ്രമമാണ് അദ്ദേഹം നിരന്തരം നടത്തിയത്. ജാതി ഉച്ചനീചത്വങ്ങൾ അവസാനിപ്പിക്കൽ ആയിരുന്നില്ല, മറിച്ച് ജാതീയത തന്നെ ഇല്ലാതാക്കലായിരുന്നു നാരായണഗുരുവിന്റെ ലക്ഷ്യം. പക്ഷേ അദ്ദേഹത്തെ ദൈവമാക്കി പൂജിക്കാനാണ് അനുയായികൾ ഇഷ്ടപ്പെട്ടത്.
ഉത്തര കേരളത്തിലെ സാമൂഹ്യ വിപ്ലവത്തിന് തിരികൊളുത്തിയ സന്യാസി വാഗ്ഭടാനന്ദൻ ഗുരുദേവനുമായി 1914 മേയ് 14ന് ആലുവായിൽ വച്ച് 'അദ്വൈതം' എന്ന വിഷയത്തെക്കുറിച്ച് സംഭാഷണം നടത്തി.വിഗ്രഹാരാധനയെ എതിർക്കുന്നവരാണ് ഞങ്ങൾ എന്ന് വാഗ്ഭടാനന്ദൻ പറഞ്ഞപ്പോൾ, നാം നിങ്ങളുടെ പക്ഷത്താണെന്ന് ഗുരുദേവൻ ഉറപ്പു കൊടുത്തു. കാരണം ഒരു ജാതിയുടെയോ അധകൃതരുടെയോ മാത്രം ഗുരുവായിരുന്നില്ല ശ്രീനാരായണഗുരു. ഹിന്ദുമതത്തിന്റെ ആകെ ആചാര്യനായാണ് അദ്ദേഹം പ്രവൃത്തിച്ചത്. അതുകൊണ്ടാണ് അദ്ദേഹം ശിഷ്യരെ ഇപ്രകാരം ഉപദേശിച്ചത്: "അവനവനാത്മസുഖത്തിനാചരിപ്പത്, അപരന്നു
സുഖത്തിനായ് വരേണം"
സ്വന്തംമതത്തോടുള്ള അതേ ആദരം മറ്റു മതങ്ങളോടും പുലർത്തുകയും, രാജ്യഭരണം സംബന്ധിച്ച വിവിധ രംഗങ്ങളിൽ മതത്തിന്റെയോ ജാതിയുടെയോ പേരിൽ ഒരാളോടും വിവേചനം കാണിക്കാതെ എല്ലാവർക്കും സമമായ പരിഗണന നൽകലുമാണ് മതനിരപേക്ഷത ( സെക്യൂലറിസം ) എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത്. ജവഹർലാൽ നെഹ്റു തന്റെ പ്രവൃത്തികളിൽ മതനിരപേക്ഷത കെടാവിളക്കായി കാത്തുസൂക്ഷിച്ച ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയാണ്. പിന്നീട് ആ പദവിയിൽ വന്ന ആരും നെഹ്റുവിന്റ പാത തുടരാൻ ധൈര്യം കാട്ടിയില്ല എന്നത് ഏറെ വേദനാജനകമാണ്.
മതനിരപേക്ഷത സ്വന്തം ജീവിതത്തിൽ സാക്ഷാത്കരിക്കാനുള്ള പരിശ്രമം ഉണ്ടാകുകയാണ്.
ഡോ.പി.എൻ.ഗംഗാധരൻ നായർ.
No comments:
Post a Comment