ഏകനായ ആധുനിക മനുഷ്യന്റെ പ്രതീകം.
അനന്തമായി കിടക്കുന്ന ജീവിത ക്ലേശങ്ങളോട് സ്ഥിരോൽസാഹത്തോടും പ്രത്യാശയോടും കൂടി അനസ്യൂതമായി പോരാടുന്ന മനുഷ്യരാശിയുടെ ചരിത്രമാണ് 'കിഴവനും കടലും'('The old man and the sea'--1952) എന്ന നോവലിൽ അമേരിക്കൻ സാഹിത്യകാരനായ ഏണസ്റ്റ് ഹെമിങ്വെ (1899--1961) അവതരിപ്പിക്കുന്ന പ്രത്യയശാസ്ത്രം. മുൻകാല നോവലുകളിൽ ജീവിതത്തിന്റെ അഴകിനെയും ആസന്നമായ മരണത്തെയും അദ്ദേഹം ദർശിച്ചു. എന്നാൽ 'കിഴവനും കടലും' എന്ന നോവലിൽ, ജീവിതത്തിന്റെ നിർണായക ഘട്ടത്തിൽ എന്നും മനുഷ്യൻ ഏകനാണ് എന്ന ദുഃഖസത്യത്തിൽ അദ്ദേഹം എത്തിച്ചേരുകയാണ്.
1954 ൽ സാഹിത്യ ത്തിനുള്ള നോബേൽ സമ്മാനം ഹെമിംങ്വെക്ക് നേടിക്കൊടുത്തത് ഈ ചെറുഗ്രന്ഥമാണ്. അന്ന് അദ്ദേഹത്തിന് വയസ്സ് 52. ജീവിതസായാഹ്ന
ത്തിലേക്ക് പ്രയാണം ചെയ്തുകൊണ്ടിരുന്ന സമയം. "ഒരു മനുഷ്യനെ നശിപ്പിക്കാം എന്നാൽ തോൽപ്പിക്കാൻ സാധ്യമല്ല", എന്ന അനുഭവ പാഠം നൽകിയ ആവേശോജ്ജ്വലമായ ഒരു തത്വചിന്തയുടെ പ്രകാശകിരണങ്ങൾ ഈ പുസ്തകം നമുക്ക് പ്രദാനം ചെയ്യുന്നതായി കാണാം. ഏഴ് നോവലുകളും ആറു ചെറുകഥാ സമാഹാരങ്ങളും രണ്ട് മറ്റ് വ്യത്യസ്ത കൃതികളും അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ലോകസാഹിത്യത്തിൽ ഒരു വഴിത്തിരിവ് സൃഷ്ടിച്ച അമേരിക്കൻ നോവലാണ് ഏണസ്റ്റ് ഹെമിങ് വേയുടെ 'കിഴവനും കടലും'. ഒരു കൊച്ചു മരവഞ്ചിയിൽ ഏകനായി സമുദ്രത്തിനുള്ളിലെ 'ഗൾഫ് സ്ട്രീമി'ൽ പോയി മീൻ പിടിക്കുന്ന വൃദ്ധനാണ് സാന്റിയാഗോ. കുറെ നാളായി മീനൊന്നും കിട്ടാത്തത്കൊണ്ട് ഇപ്രാവശ്യം അയാൾ കടലിന്റെ വിദൂരതയിലേക്ക് തുഴഞ്ഞ് മീൻ പിടിക്കാൻ തീരുമാനിച്ചു. കുറേ താഴ്ചയിലെത്തിയപ്പോൾ ഒരു കൂറ്റൻ മാർലിൻ മത്സ്യം ചൂണ്ടയിലെ ഇരയിൽ കൊത്തി. പക്ഷേ അയാൾ എത്ര ശ്രമിച്ചിട്ടും മത്സ്യത്തെ ഒരിഞ്ചുപോലും ഉയർത്തിക്കൊണ്ടു വരുവാൻ കഴിഞ്ഞില്ല. ആ മത്സ്യം വൃദ്ധന്റെ തോണിയും വലിച്ചുകൊണ്ട് നീന്തിപ്പോയി, കരയിൽ നിന്നും വളരെ വിദൂരതയിലേക്ക്.തോണിയെക്കാൾ രണ്ടടി നീളക്കൂടുതൽ ഉണ്ടായിരുന്നു ആ കൂറ്റൻ മത്സ്യത്തിന്. എങ്കിലും വൃദ്ധന് ഭയപ്പാടൊന്നും ഉണ്ടായില്ല കാരണം, കൂറ്റൻ മത്സ്യങ്ങളെ പിടിക്കാനുള്ള പല വഴികളും അയാൾക്ക് അറിയാമായിരുന്നു. എങ്കിലും മൂന്നാം ദിവസവും തന്റെ നിയന്ത്രണത്തിൽ വരാതെ വളരെ വലിയ വൃത്തത്തിലാണ് മത്സ്യം ചുറ്റിക്കൊണ്ടിരുന്നത്.
അയാൾ നന്നേ വിയർത്ത് നനഞ്ഞു. എങ്കിലും അയാൾക്ക് തന്റെ കഴിവിൽ പൂർണ വിശ്വാസം ഉണ്ടായിരുന്നു. ഭീമൻമത്സ്യവുമായുള്ള മൽപ്പിടിത്തത്തിനും പോരാട്ടത്തിനുമൊടുവിൽ അതിനെ ബലമായി വലിച്ച് തോണിക്കരികെ ചേർത്തു കെട്ടി. വൃദ്ധൻ തന്റെ കഴിവിൽ അഭിമാനം കൊണ്ടു. ആ മത്സ്യത്തിന് 1500 റാത്തലിലേറെ
ഭാരമുണ്ടാകുമെന്നും റാത്തലിന് 30 സെന്റ് വെച്ച് മൊത്തം എന്തു വില കിട്ടുമെന്നും അയാൾ സ്വപ്നം കണ്ടു. ആ സമയം മാർലിൻ മത്സ്യത്തിന്റെ ഹൃദയത്തിൽനിന്നൊ
ഴുകിയ രക്തത്തിന്റെ മണം പിടിച്ച് സ്രാവുകൾ കൂട്ടമായി വന്ന് മത്സ്യത്തെ തിന്നാൻ തുടങ്ങി. ഇരുട്ടിൽ അവയുമായി കഠിനമായി പൊരുതി മുറിവേറ്റ വൃദ്ധന്റെ പ്രതിരോധ ശ്രമങ്ങളെല്ലാം വ്യർഥമായതേയുള്ളു. മീനിനെ ഒരു അസ്ഥികൂടമാക്കിയതിനു ശേഷമേ സ്രാവുകൾ പിന്തിരിഞ്ഞുള്ളു. തന്റെ ഭാഗ്യം നശിച്ചു പോയതിൽ അദ്ദേഹം അതീവ ദുഃഖിതനായി. എന്നാലും ശത്രുക്കളായി പാഞ്ഞു വന്ന ഒട്ടേറെ സ്രാവുകളെ നശിപ്പിക്കാൻ കഴിഞ്ഞത് ഒരു നേട്ടമായി അയാൾ കണക്കാക്കി.
കടലിലേക്ക് തിരിച്ച ശേഷം മൂന്ന് ദിവസം കഴിഞ്ഞാണ് അത്യന്തം ക്ഷീണിതനായി, മനസ്സിനും ശരീരത്തിനും മുറിവേറ്റ്, സാന്റിയാഗോ കടലോരത്ത് മടങ്ങിയെത്തിയത്. ക്ഷീണാധിക്യത്താൽ വൃദ്ധൻ ഒരുവിധം തന്റെ കുടിലിൽ എത്തിപ്പറ്റി. സ്രാവുകളുമായുള്ള പോരാട്ടത്തിൽ തന്റെ നെഞ്ചിൽ എന്തോ പൊടിഞ്ഞു തകരുന്നതു പോലെ അയാൾക്ക് അനുഭവപ്പെട്ടു. കടൽക്കരയിൽ ആളുകൾ ആ കൂറ്റൻ മത്സ്യത്തിന്റെ അസ്ഥികൂടത്തിന്റെ അളവെടുക്കുകയായിരുന്നു. വൃദ്ധന്റെ പഴയ സഹായി മനോളിൻ ഗാഢനിദ്രയിലമർന്ന വൃദ്ധനെ ഉറ്റു നോക്കിക്കൊണ്ട് അരികിലുണ്ടായിരുന്നു.
കിഴവനും കടലും പ്രതീകാത്മകമാണ്. മാനവ ജീവിത മഹാസാഗരം തന്നെയാണ് ഇവിടെ കടൽ. വിസ്തൃതമായ കടലിലേക്ക് ഭാഗ്യം തേടി പോകുന്ന സാന്റിയാഗോ നിസ്സഹായരായ മനുഷ്യവർഗ്ഗത്തിന്റെ പ്രതീകം തന്നെ. മത്സ്യവുമായുള്ള അയാളുടെ പോരാട്ടം, മനുഷ്യൻ തന്റെ ജീവസന്ധാരണത്തിനു വേണ്ടി തുടർന്നുപോരുന്ന നിരന്തരമായ സമരമാണ്. ഒരു ജീവിതകാലത്ത് മനുഷ്യൻ കൈവരിക്കാവുന്ന നേട്ടത്തിന്റെ പ്രതീകമാണ് ഇതിലെ മത്സ്യം. അതു നേടാനാകാത്തതുകൊണ്ട് ജീവിതം അർത്ഥശൂന്യമാകുന്നു. എങ്കിലും നേട്ടത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ പരാജയപ്പെടുന്നത് നിസ്സാരമാണെന്ന് സാന്റിയാഗോ നമ്മെ പഠിപ്പിക്കുന്നു. കർമ്മമാണ് പ്രധാനം. വൃദ്ധന്റെ നേട്ടങ്ങളെ കവർന്നു കൊണ്ടുപോകുന്ന സ്രാവുകൾ ലോകത്തിലെ ചൂഷണ ശക്തികളെ പ്രതിനിധാനം ചെയ്യുന്നു. പലതരം സ്രാവുകളുടെ മധ്യത്തിൽ ആണല്ലോ ഇന്നും നാം ജീവിക്കുന്നത്.
മടങ്ങിയെത്തിയ സാന്റിയാഗോ പാമരമേന്തി നടന്നുകയറുകയും തളർന്നു വീഴുകയും വീണ്ടും എഴുന്നേറ്റ് മുന്നേറുകയും ചെയ്യുന്നത് ക്രിസ്തുവിന്റെ കാൽവരിക്കുന്നിലേ
ക്കുള്ള യാത്രയെ അനുസ്മരിപ്പിക്കുന്നു. ജീവിതത്തിന്റെ നിർണ്ണായക ഘട്ടത്തിൽ എന്നും മനുഷ്യൻ ഏകനാണെന്ന സത്യം നോവൽ നമ്മെ ഓർമ്മപ്പെടുത്തുന്നു. വൃദ്ധനായിട്ടും ആഴക്കടലിൽ ഏകനായി മരവള്ളം തുഴഞ്ഞു നീങ്ങുന്ന സാന്റിയാഗോ ആധുനിക മനുഷ്യന്റെ പ്രതീകമാണ്.
സാഹസികത നിറഞ്ഞജീവിതമായിരുന്നു
ഹെമിങ്വെയുടേത്. ഒന്നാം ലോകയുദ്ധം കൊടുമ്പിരികൊള്ളുന്ന കാലത്ത് അദ്ദേഹം ഇറ്റലിയിലെ ഒരു ആംബുലൻസ് ഡ്രൈവർ ആയിരുന്നു. അന്ന് കാൽമുട്ടിന് വെടിയേറ്റതിന്റെ ഫലമായി വലത്തേ കാലിന് മാരകമായി ക്ഷതമേറ്റു. മരണത്തെ മുഖാമുഖം ദർശിച്ച ദിനങ്ങൾ. ആറുതവണ വെടിയുണ്ടകൾ തലയിൽ സാരമായി മുറിവേൽപ്പിച്ചു. പിന്നീട് ശരീരം മൂന്ന് മോട്ടോർ അപകടങ്ങളിൽ കുടുങ്ങി. അദ്ദേഹം ആഫ്രിക്കയിൽ ഭാര്യയുമൊത്ത് വിമാനത്തിൽ സഞ്ചരിക്കുമ്പോൾ വിമാനം തകർന്നുവീണു. പക്ഷേ ഹെമിങ്വെ ദമ്പതികൾ അതിശയകരമായി രക്ഷപ്പെട്ടു.വേറൊരു വിമാനത്തിൽ കയറി അവിടെ നിന്നും യാത്രയായപ്പോൾ മാർഗ്ഗമദ്ധ്യേ ആ വിമാനം കത്തി നിലം പതിച്ചു. അവിടെയും അത്ഭുതകരമായി ഇവർ മരണത്തിൽ നിന്നും രക്ഷപ്പെട്ടു.നിരന്തരമായ അപകടങ്ങളെ അതിജീവിച്ച അവരെ അനുമോദിക്കുവാൻ വന്ന പത്ര ലേഖകരോട് അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു, " ഇതെല്ലാം എന്റെ പുസ്തകങ്ങളുടെ പ്രചാരം വർദ്ധിപ്പിക്കാൻ ചെയ്തതാണെന്ന് വിചാരിച്ചുപോകല്ലേ"എന്ന്.
ആരോഗ്യം വഷളായ തിനാൽ 1954 ഡിസംബറിൽ നൊബേൽ സമ്മാനം വാങ്ങാൻ സ്റ്റോക്ക്ഹോമിലേക്ക് യാത്ര ചെയ്യുന്നതിൽ നിന്നും ഡോക്ടർമാർ അദ്ദേഹത്തെ വിലക്കി. അതുകൊണ്ട് സമ്മാന സ്വീകരണ പ്രസംഗം എഴുതി അയച്ചു കൊടുക്കുകയാണ് ഉണ്ടായത്.
മരണത്തിലും അനിശ്ചിതത്വം അദ്ദേഹത്തിന് കൂട്ടായി നിന്നു. ജീവിതത്തോട് അദ്ദേഹത്തിനുള്ള ആവേശം നശിച്ചു തുടങ്ങിയതോടെ 1961 ജൂലായ് 2 ന് നിറയൊഴിച്ച് ഈ വിശ്വപ്രസിദ്ധനായ എഴുത്തുകാരൻ ആത്മഹത്യ ചെയ്യുകയാണുണ്ടായത്. (ഇത് യാദൃശ്ചികമായി സംഭവിച്ചതാണെന്നും അഭിപ്രായമുണ്ട്.) തന്റെ അവസാന ദിനം വരെയും ധീരതയോടും അർപ്പണ മനോഭാവത്തോടും സാഹിത്യ ജീവിതത്തോട് അദ്ദേഹം നീതി പുലർത്തിയിരുന്നു എന്നത് നാം ഓർത്തു വെക്കേണ്ട ഒരു പാഠമാണ്.
04--12--2023.
ഡോ.പി.എൻ.ഗംഗാധരൻ നായർ
No comments:
Post a Comment