1. കോപത്തിന്റെ തത്വശാസ്ത്രം.
ഒരിക്കൽ ഒരു ഗുരു തന്റെ ശിഷ്യന്മാരോട് ചോദിച്ചു, "മനുഷ്യൻ ദേഷ്യപ്പെടുമ്പോൾ എന്തുകൊണ്ടാണ് ഉച്ചത്തിൽ സംസാരിക്കുന്നത് ?". ശിഷ്യന്മാർ ഏറെനേരം അന്യോന്യം ആലോചിച്ചതിനു ശേഷം ഒരു ശിഷ്യൻ പറഞ്ഞു, "മനസ്സിൽ ദേഷ്യം കൂടി വരുമ്പോൾ ശാന്തത നഷ്ടപ്പെടും.അതുകൊണ്ടാണ് ഉച്ചത്തിൽ സംസാരിക്കുന്നത് ". അപ്പോൾ ഗുരു ചോദിച്ചു,
"അതിന് തൊട്ടടുത്തു നിൽക്കുന്ന ആളോട് പതിയെ സംസാരിച്ചാലും അയാൾക്ക് കേൾക്കാൻ കഴിയുമല്ലോ, പിന്നെന്തിന് ഉച്ചത്തിൽ അലറണം?". ശിഷ്യർക്കാർക്കും അതിന് മറുപടിയുണ്ടായില്ല. അപ്പോൾ ഗുരു പറഞ്ഞു : രണ്ടുപേർ തമ്മിൽ കലഹിക്കുമ്പോൾ അവരുടെ ഹൃദയങ്ങൾ അടുത്താണെങ്കിലും ഫലത്തിൽ ഏറെ അകലത്തിൽ ആയിരിക്കും. ആ അകൽച്ച മൂലമാണ് ഉച്ചത്തിൽ സംസാരിക്കേണ്ടി വരുന്നത്. നേരെമറിച്ച് പരസ്പരം സ്നേഹിക്കുന്ന രണ്ടുപേരെ ഒന്ന് ശ്രദ്ധിച്ചുനോക്കൂ. അവർ എത്ര പതിഞ്ഞ ശബ്ദത്തിലാണ് ആശയങ്ങൾ അന്യോന്യം കൈമാറുന്നത്. ഹൃദയത്തിന്റെ അടുപ്പം പലപ്പോഴും ശബ്ദത്തിന്റെ ആവശ്യം തന്നെ ഇല്ലാതാക്കും. ഹൃദയങ്ങൾ ഒന്നാകുമ്പോൾ വെറുതെ പരസ്പരമുള്ള നോട്ടങ്ങൾ കൊണ്ടുപോലും ആശയവിനിമയം സാധിക്കും. നിമിഷങ്ങൾക്കുള്ളിൽ കവിഹൃദയങ്ങളിൽ കവിതകൾ ജന്മമെടുക്കും.
2. ഭോഷൻമാർ ധനവാന്മാരായാൽ....
ഒരു വജ്രവ്യാപാരിയുടെ
വജ്രശേഖരത്തിൽ നിന്നും ഒരു വജ്രം എലി വിഴുങ്ങി. അതിനെ പിടികൂടാൻ സാധിക്കാതിരുന്നതുകൊണ്ട് എലിയെ കൊല്ലാനായി അതിൽപരിചയസമ്പന്നനായ ഒരാളെ ആ കൃത്യം നിർവഹിക്കാൻ നിയോഗിച്ചു. എലിയെ കൊല്ലാനായി തോക്കുമായി അയാൾ എത്തിയപ്പോൾ കണ്ട കാഴ്ച അയാളെ അതിശയിപ്പിച്ചു. അവിടെ ആയിരത്തിൽപ്പരം എലികൾ ഉണ്ടായിരുന്നു. എന്നാൽ ഒരു എലി കൂട്ടത്തിൽ നിന്നും തെറ്റി അകലെയായി മാറിയിരിക്കുന്നു ണ്ടായിരുന്നു. അതിനെ അയാൾ ഉന്നം നോക്കി വെടിവെച്ചിട്ടു. ആ എലി തന്നെയാണ് വജ്രം വിഴുങ്ങിയതെന്ന് പിന്നീട് കണ്ടെത്തി. വജ്രത്തിന്റെ ഉടമസ്ഥൻ അതിശയ ത്തോടെചോദിച്ചു,"നിങ്ങൾക്ക് എങ്ങനെഅറിയാമായി
രുന്നു ഈ എലിതന്നെയാ ണ് മോഷ്ടാവെന്ന് ? ".
"അത് വളരെ ലളിത മാണ്.ഭോഷന്മാർ ധനവാന്മാരായാൽ അവർ മറ്റുള്ളവരുമായി അകലം പാലിക്കും. ഇവിടെ എലിയുടെ കാര്യത്തിലും അതാണ് സംഭവിച്ചത് ", അയാൾ വിശദീകരിച്ചു.
3. 'കടൽ കൊള്ളക്കാരും ചക്രവർത്തിമാരും'.
അലക്സാണ്ടർ ചക്രവർത്തിയെക്കുറിച്ച് സെന്റ് അഗസ്റ്റിൻ പറഞ്ഞ ഒരു കഥയുണ്ട്: തന്റെ രക്തപങ്കിലമായ പടയോട്ടത്തിനിടയ്ക്ക് അലക്സാണ്ടർ ചക്രവർത്തി ഒരു കടൽക്കൊള്ളക്കാരനെ പിടികൂടി. "ഈ സമുദ്രനിരപ്പിൽ കടൽക്കൊള്ള നിർബാധം തുടരാൻ നിനക്കെങ്ങനെ ധൈര്യം വന്നു ?". ചക്രവർത്തി ചോദിച്ചു. അപ്പോൾ അയാൾ പറഞ്ഞു, "എനിക്ക് ഒരു കൊച്ചു കപ്പൽ മാത്രമേയുള്ളു. അതുകൊണ്ട് ഞാനൊരു കൊള്ളക്കാരനായി
മുദ്രയടിക്കപ്പെടുന്നു. നിങ്ങൾക്ക് ആകട്ടെ കൊള്ളയടിക്കാൻ ഒരു വൻ നാവികസേന തന്നെയുണ്ട്. അതുകൊണ്ട് നിങ്ങൾ ചക്രവർത്തിയായി വാഴ്ത്തപ്പെടുന്നു". സെന്റ് അഗസ്റ്റിന്റെ കഥയിലെ കടൽക്കൊള്ളക്കാരന്റെ പ്രസ്താവം അമേരിക്കയെ സംബന്ധിച്ച് ഏറ്റവും അർത്ഥപൂർണ്ണമായ ഒന്നാണെന്ന് പറഞ്ഞു കൊണ്ടാണ്, പ്രസിദ്ധ ഭാഷാ വിജ്ഞാനീയനും രാഷ്ട്രീയ ചിന്തകനുമായ നോം ചോംസ്കിയുടെ
' കടൽക്കൊള്ളക്കാരനും ചക്രവർത്തിമാരും' എന്ന കൃതി ആരംഭിക്കുന്നത്.
4. സൗന്ദര്യത്തെ തിരിച്ചറിയുന്ന അനർഘ നിമിഷം.
ഐറിഷ് സാഹിത്യകാരൻ ഓസ്കർ വൈൽഡിന്റെ ഒരു കഥയിൽ ഇങ്ങനെ പറയുന്നു: ഒരിടത്ത് ഒരു രത്നവ്യാപാരി ഉണ്ടായിരുന്നു. അയാൾ എന്നും രത്നം വിറ്റിട്ട് വൈകിട്ട് വീട്ടിൽ വന്ന് വ്യാപാരത്തിന്റെ കണക്കൊക്കെ തന്റെ സുന്ദരിയായ ഭാര്യയോട് പറയുമായിരുന്നു. ഇത് ദിവസേന കേട്ട് കേട്ട് ഭാര്യ നന്നേ മുഷിഞ്ഞു. ഒരു ദിവസം രാജവീഥിയിലൂടെ കുതിരപ്പുറത്ത് കടന്നുപോയ രാജകുമാരൻ ഈ സുന്ദരിയെ കണ്ടു. പല ദിവസങ്ങളിലും ഇത് ആവർത്തിച്ചു. അങ്ങനെ അവർ തമ്മിൽ പ്രേമത്തിലായി. ഒരു ദിവസം അവളും രാജകുമാരനും സല്ലപിച്ചുകൊണ്ടിരുന്നപ്പോൾ അപ്രതീക്ഷിതമായി രത്നവ്യാപാരി കയറി വന്നു. ഭർത്താവിന് അപരിചിതനായിരുന്ന രാജകുമാരൻ , രത്നം വാങ്ങാൻ വന്ന അതിഥിയാണെന്നു പറഞ്ഞ് അവൾ അയാളെ ഭർത്താവിന് പരിചയപ്പെടുത്തി. അതിഥി സൽക്കാരമായി മുന്തിരിച്ചാറു നൽകിയപ്പോൾ ഭാര്യയുടെയും രാജകുമാരന്റെയും കണ്ണുകൾ തമ്മിൽ ഇടയുന്നത് വ്യാപാരി ശ്രദ്ധിച്ചു. തുടർന്ന് വ്യാപാരിയും രാജകുമാരനും തമ്മിൽ ഉണ്ടായ സംഭാഷണം
ഒരു പോരിൽ കലാശിക്കുകയും രാജകുമാരൻ കൊല്ലപ്പെടുകയും ചെയ്തു. ഉടൻ രത്നവ്യാപാരിയുടെ ഭാര്യ പറഞ്ഞു, " അങ്ങ് ഇത്ര ധീരനാണെന്ന് ഞാൻ അറിഞ്ഞില്ലല്ലോ".
"നീ ഇത്രസുന്ദരിയാണെന്ന് ഞാനും നേരത്തെ അറിഞ്ഞില്ലല്ലോ", എന്നുപറഞ്ഞ് അയാൾ ഭാര്യയെ കോരിയെടുത്ത് ആത്മാർത്ഥമായ സ്നേഹം പ്രകടിപ്പിച്ചു.
ഡോ.പി.എൻ.ഗംഗാധരൻ നായർ.
No comments:
Post a Comment