Pages

Monday, October 14, 2024

മിതവ്യയത്തിന്റെ ആവശ്യം

 

മിതവ്യയത്തിന്റെ ആവശ്യം



ആവശ്യത്തിന് വേണ്ടതെല്ലാം ഉണ്ടെങ്കിലും വീണ്ടും സമ്പാദിക്കുകയും പട്ടിണി പാവങ്ങളെക്കുറിച്ച് ചിന്തിക്കാതെ വിഭവങ്ങൾ പാഴാക്കി കളയുകയും ചെയ്യുന്നത് ഇന്നത്തെ പൊതുവായ ഒരു ജീവിത രീതി ക്രമമായിട്ടാണ് കാണുന്നത്. നമ്മുടെ സ്വാർത്ഥതയിൽ സന്തോഷം കണ്ടെത്തുന്നതിനു പകരം മറ്റുള്ളവരുടെ ക്ഷേമത്തിലും സന്തോഷം കണ്ടെത്തിയാലേ ജീവിതം ധന്യമാകൂ. അമിത ഭൗതിക സുഖം തേടുന്നതുകൊണ്ട്,എല്ലാം നേടിയിട്ടും സമാധാനവും ശാന്തിയും സ്വസ്ഥതയും ഇല്ലാത്ത അവസ്ഥ ഉണ്ടാകുന്നു. അതുകൊണ്ടായിരിക്കണം ബൈബിളിലെ സോളമൻ രാജാവ് ദൈവത്തോട് ഇങ്ങനെ പ്രാർത്ഥിച്ചത് :"ദാരിദ്ര്യമോ സമൃദ്ധിയോ തരാതെ അന്നന്നത്തേക്കുള്ള ഭക്ഷണം മാത്രം തന്ന് എന്നെ അനുഗ്രഹിക്കേണമേ", എന്ന്.
സമ്പത്തുകൊണ്ട് മാത്രം ചികിത്സിച്ചാൽ മാറുന്ന രോഗമല്ലാ ദാരിദ്ര്യം എന്ന്, തൊട്ടതെല്ലാം പൊന്നാകുവാൻ വരം നേടിയ മിഡാസ് (മൈദസ് ) എന്ന ഗ്രീക്ക് കഥാപാത്രം നമ്മെ പഠിപ്പിക്കുന്നു. തന്നെ പട്ടിണിയിൽ നിന്നും വിടുവിക്കണമെന്ന് അപേക്ഷിച്ച് താൻ നേടിയ വരം തിരിച്ചെടുക്കണ
മെന്ന് ദൈവത്തോട് യാചിക്കുന്ന മിഡാസ് ആരിലും ദയനീയതയും അനുകമ്പയും ഉളവാക്കുന്നു.
ജയവുംപരാജയവും തമ്മിലുള്ള വ്യത്യാസം നമ്മുടെ വീക്ഷണത്തിനനുസരിച്ചാണ് നിലനിൽക്കുന്നത്. ജീവിതത്തിൽ ഉണ്ടാകുന്ന പരാജയത്തെ എങ്ങനെ നാം വീക്ഷിക്കുന്നു എന്നതാണ് പ്രധാനം. അതുകൊണ്ടാണ് വീക്ഷണം ശരിയായാൽ വിജയം തീർച്ചയാക്കാം എന്ന് പറയുന്നത്. ഉദാഹരണത്തിന് രണ്ട് മഹത്തുക്കളുടെ ജീവിത വീക്ഷണം ശ്രദ്ധിക്കാം.
ഒരു ദിവസം ശ്രീ രമണ മഹർഷി അടുക്കളയിൽ കയറിയപ്പോൾ അവിടെ തറയിൽ ധാരാളം അരിമണികൾ ചിതറിക്കിടക്കുന്നത് കണ്ടു. അപ്പോൾ അദ്ദേഹം തറയിൽ കുത്തിയിരുന്ന്
അരിമണികൾ പെറുക്കിയെടുക്കാൻ ആരംഭിച്ചു. സമയം അവിടെയെത്തിയ അദ്ദേഹത്തിന്റെ ഭക്തന്മാർ രംഗം കണ്ട് അതിശയത്തോടെ ചോദിച്ചു," സ്വാമി നമ്മുടെ അടുക്കളയിൽ എത്രയോ ചാക്ക് അരി ഉണ്ട്. ചിതറിപ്പോയ കുറച്ച് അരിമണികൾ പെറുക്കുന്നതിന് അങ്ങ് എന്തിനാണ് ഇത്ര ബുദ്ധിമുട്ടുന്നത്?. ഇതിന് മറുപടിയായി മഹർഷി അവരോട് പറഞ്ഞു " ഇത് വെറും അരിമണികളായി നിങ്ങൾ കണക്കാക്കുന്നു. എന്നാൽ അരിമണികളുടെ ഉള്ളിൽ എത്രയോ കൃഷിക്കാരുടെ കഠിനപ്രയത്നം ഇല്ലേ ? മഴയും വെള്ളവും സൂര്യപ്രകാശവും ഇല്ലേ? മന്ദമാരുതനും വളക്കൂറുള്ള മണ്ണും ഉള്ളത് നിങ്ങൾ മനസ്സിലാക്കുന്നില്ലേ? ഇതേപ്പറ്റി എല്ലാം നിങ്ങൾ ബോധവാന്മാരായാൽ ഓരോ മണിയരിക്കുള്ളിലും ഈശ്വരശക്തി അടങ്ങിയിട്ടുണ്ടെന്ന് നിങ്ങൾ അറിയും. നിങ്ങളുടെ കാലുകൾ കൊണ്ട് അതിന്മേൽ ചവിട്ടി അശുദ്ധമാക്കേണ്ട. നിങ്ങൾക്ക് കഴിക്കാൻ പറ്റാത്ത ധാന്യം പറവകൾക്ക് ഇട്ടുകൊടുക്കാമല്ലോ". രമണ മഹർഷിയുടെ വാക്കുകൾ കേട്ട് ഭക്തന്മാർ അദ്ദേഹത്തിന്റെ മുന്നിൽ കൈകൾ കൂപ്പി നിന്നു.
പ്രശസ്ത തമിഴ് കവി തിരുവള്ളുവർ ആഹാരസമയത്ത് തൊട്ടടുത്തായി ഒരു കിണ്ണവും അതിലെ കുറച്ചു വെള്ളത്തിൽ ഒരു സ്വർണസൂചിയും ഇട്ടുവയ്ക്കുമായിരുന്നു. ഇപ്രകാരം ചെയ്യുന്നത് എന്തിനാണെന്ന് ഒരു ദിവസം അദ്ദേഹത്തിന്റെ സഹധർമ്മിണി ചോദിച്ചു. ഉടൻ കവിയുടെ മറുപടിയും വന്നു : "ആഹാരം കഴിക്കുന്ന സമയത്ത് ഒരു വറ്റെങ്ങാനും താഴെ വീണാൽ സ്വർണ്ണസൂചി കൊണ്ട് കുത്തിയെടുത്ത് വെള്ളത്തിൽ കഴുകി കഴിക്കാൻ ആണ് കിണ്ണത്തിലെ വെള്ളവും സ്വർണ്ണ സൂചിയും
വെച്ചിരിക്കുന്നത് " എന്ന് അദ്ദേഹം പറഞ്ഞു.
മഹാത്മാക്കളെ പോലെ നമുക്കാർക്കും പെരുമാറുവാൻ പറ്റില്ല. പക്ഷേ ധൂർത്തിന്റെയും ആർഭാടത്തിന്റെയും പേരിൽ ആഹാരം നഷ്ടമാക്കുന്നതിനെ
ക്കുറിച്ച് നമുക്ക് ആശങ്ക ഉണ്ടാകണം. വിഭവസമൃദ്ധമായ ഓരോ സദ്യ കഴിയുമ്പോഴും എത്രമാത്രം ആഹാരമാണ് പാഴാക്കിക്കളയുന്നത്. ആഹാരം പാഴാക്കി കളഞ്ഞാൽ അത് ജർമ്മനിപോലുള്ള രാജ്യങ്ങളിൽ ശിക്ഷാർഹമാണ്. അത്തരമൊരു അനുഭവം തനിക്കും കൂട്ടുകാർക്കും ജർമ്മനിയിലെ ഒരു ഹോട്ടലിൽവെച്ച് ഉണ്ടായത്, ഈയ്യിടെ നമ്മെ വിട്ടുപോയ ഇന്ത്യയുടെ വ്യവസായ കുലപതി രത്തൻ ടാറ്റ വിവരിച്ചിട്ടുണ്ട്. ഹോട്ടലിൽ നിന്നും വാങ്ങിയആഹാരം പകുതി മാത്രം ഭക്ഷിച്ചതിനുശേഷം ബാക്കി വന്നത് ടേബിളിൽ ഉപേക്ഷിച്ചിട്ട് ബിൽ തുക നൽകാനായി കൗണ്ടറിൽ എത്തിയപ്പോൾ, കഴിക്കാതിരുന്ന ഭക്ഷണത്തിന് ഭക്ഷ്യസുരക്ഷാ ഓഫീസർ 50 ഡോളർ ഫൈൻ ഈടാക്കി. ഞങ്ങൾ വാങ്ങിയ ആഹാരത്തിന്റെ വില പൂർണമായും നൽകിയല്ലോ പിന്നെന്തിനാണ് ഫൈൻ എന്ന് ടാറ്റയുടെ കൂടെയുണ്ടായിരുന്ന
ഒരു സുഹൃത്ത് തർക്കത്തിനു വേണ്ടി ചോദിച്ചു. അപ്പോൾ ഓഫീസർ നൽകിയ മറുപടി ഇതായിരുന്നു, "പണം നിങ്ങളുടേതാണ് പക്ഷേ ആഹാരത്തിന് ആവശ്യമായ വിഭവശേഷി സമൂഹത്തിന്റേതാണ്. കോടാനുകോടി ജനങ്ങൾ ചേരികളിലും പൊതുവിടങ്ങളിലും ഒരുനേരത്തെ ഭക്ഷണ ത്തിന് വകയില്ലാതെ കഷ്ടപ്പെടുമ്പോൾ ഒരുതരി ധാന്യം പോലും പാഴാക്കി കളയാൻ നിങ്ങൾക്ക് അവകാശമില്ല. അങ്ങനെ പാഴാക്കുന്നത് ശിക്ഷാർഹമാണ് ".
രെത്തൻ ടാറ്റ അപമാനഭാരം കൊണ്ട് തലതാഴ്ത്തിയ ആദ്യ അനുഭവമായിരുന്നു അത്. നമ്മുടെ ഭക്ഷണശാലകളിലെ ധൂർത്തിനെപ്പറ്റി ഓർത്തപ്പോൾ അദ്ദേഹത്തിന് ലജ്ജ തോന്നി. ഹോട്ടലിൽ നിന്ന് ഇറങ്ങുമ്പോഴും ഓഫീസർ പറഞ്ഞ വാക്കുകൾ അദ്ദേഹത്തിന്റെ കാതുകളിൽ മുഴങ്ങുന്നുണ്ടായിരുന്നു :
" Money is yours, but resources belong to society".
ആവശ്യമുള്ള ആഹാരം മാത്രം സ്വീകരിക്കാനും അതു മുഴുക്കെ കഴിക്കാനും ഉള്ള ഒരു സംസ്കാരം നമ്മുടെ രാജ്യത്തെ ജനങ്ങളിൽ ഇനിയെങ്കിലും വളർത്തിയെടുക്കണം. നമ്മൾ ഓരോരുത്തരും അതിനു ശ്രമിച്ചാൽ സാധ്യമാകുന്നതേയുള്ളൂ. അതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.
28
ഒക്ടോബർ 2017 ലണ്ടനിൽ വച്ച് നടന്ന ഒരു പരിപാടിക്കിടെ രത്തൻ ടാറ്റ, നമ്മുടെ ജീവിത വിജയത്തിനായി സദസ്സിനോട് പങ്കുവെച്ച, വൈറലായ എട്ടു നിർദ്ദേശങ്ങൾ ഇവയാണ്.
1.
നിങ്ങൾ മക്കളെ പണക്കാരനാക്കാൻ വേണ്ടി പഠിപ്പിക്കരുത്. സന്തോഷമുള്ള ഒരു ജീവിതം കരഗതമാക്കുവാൻ വേണ്ടി പഠിപ്പിക്കുക. എങ്കിൽ അവർ വസ്തുക്കളുടെ വിലയേക്കാളുപരി വസ്തുക്കളുടെ മൂല്യം തിരിച്ചറിയും.
2.
നിങ്ങൾ ഭക്ഷണം ഔഷധത്തെപ്പോലെ ആഹരിക്കുക.
ഇല്ലെങ്കിൽ നിങ്ങൾക്ക് ഔഷധം ഭക്ഷണത്തെപ്പോലെ കഴിക്കേണ്ടി വരും.
3.
നിങ്ങളെ ആത്മാർത്ഥമായി സ്നേഹിക്കുന്നവർ ഒരിക്കലും നിങ്ങളെ വിട്ടു പിരിയില്ല. കാരണം പിരിയാൻ ഒരായിരം കാരണങ്ങളുണ്ടെങ്കിലും ഒന്നിക്കുവാനുള്ള ഒരു കാരണം എങ്കിലും അവർ കണ്ടെത്തും.
4.Human being -
ഉം Being human (humane)- ഉം തമ്മിൽ വലിയ വ്യത്യാസങ്ങൾ ഉണ്ട്. കുറച്ച് ആളുകൾക്കേ അത് മനസ്സിലാകൂ.
5.
ജനിക്കുമ്പോഴും മരിക്കുമ്പോഴും നിങ്ങൾ സ്നേഹിക്കപ്പെടുന്നു.അതിനിടയിലുള്ള കാലം നിങ്ങൾ മാനേജ് ചെയ്യണം.
6.
നിങ്ങൾക്ക് വേഗം നടക്കണമെങ്കിൽ നിങ്ങൾ ഒറ്റയ്ക്ക്നടക്കണം.
നിങ്ങൾക്ക് ദൂരം സഞ്ചരിക്കണമെങ്കിൽ നിങ്ങൾ കൂട്ടത്തോടെ നടക്കണം.
7.
ലോകത്തെ 6 മികച്ച ഡോക്ടർമാർ : സൂര്യപ്രകാശം, വിശ്രമം, വ്യായാമം, ഭക്ഷണക്രമം, ആത്മവിശ്വാസം, കൂട്ടുകാർ.
8.
നിങ്ങൾ ചന്ദ്രനെ കണ്ടിട്ടുണ്ടെങ്കിൽ--- ദൈവത്തിന്റെ സൗന്ദര്യം കാണുന്നു. സൂര്യനെ കണ്ടിട്ടുണ്ടെങ്കിൽ--- ദൈവത്തിന്റെ ശക്തി തിരിച്ചറിയുന്നു. നിങ്ങൾ കണ്ണാടിയിൽ നോക്കിയിട്ടുണ്ടെങ്കിൽ ദൈവത്തിന്റെ ഏറ്റവും മികച്ച സൃഷ്ടിയെയും കാണുന്നു. അതുകൊണ്ട് സ്വന്തം കഴിവിൽ നല്ലവണ്ണം വിശ്വസിക്കുക.
രത്തൻ ടാറ്റ ഇന്ത്യയുടെ ഒരു മാതൃകാ ബിംബവും,
മൂല്യങ്ങളുടെയും മനുഷ്യത്വത്തിന്റെയും ആൾരൂപവുമാണ്. സ്വന്തം വ്യവസായത്തിന്റെ ഉന്നമനത്തിനുപരി രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടി അദ്ദേഹം പ്രയത്നിച്ചു. അദ്ദേഹത്തിന്റെ വാക്കുകൾ സ്വന്തം
ജീവിതാനുഭവങ്ങളുടെ ആകെത്തുകയാണ്.അവനമുക്ക് പ്രചോദനമാണ്, അനുകരണാർഹവുമാണ്
14--10--2024.
ഡോ.പി.എൻ.ഗംഗാധരൻ നായർ.

No comments: