Pages

Friday, September 13, 2024

മാധ്യമ സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കണം

 

മാധ്യമ സ്വാതന്ത്ര്യം  കാത്തുസൂക്ഷിക്കണം

 


മാധ്യമ സ്വാതന്ത്ര്യം തന്നെയാണ്  അഭിപ്രായ സ്വാതന്ത്ര്യവും . ഇത് രണ്ടും ഭരണഘടന ഉറപ്പുനൽകുന്നതാണ്. അതിനു കൂച്ചുവിലങ്ങിടാനുള്ള ശ്രമങ്ങൾ ജനാധിപത്യത്തിനു ഭൂഷണമല്ല.വ്യക്തിസ്വാതന്ത്ര്യവും അന്തസ്സോടെയുള്ള ജീവിതവും മൗലികാവകാശമായി ഉറപ്പുനൽകുന്ന ഭരണഘടനാ വകുപ്പുകളുടെ ലംഘനം അനുവദനീയമല്ലെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി പറഞ്ഞതിന്റെ അന്തഃസത്ത ഇതുതന്നെയാണ്.

ഭരണാധികാരികളെ  സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ പരാമർശം നടത്തിയെന്നാരോപിച്ച്  വ്യക്തികളുടെ  പേരിൽ  നടപടിയെടുക്കുന്ന  നടപടി  ശരിയല്ല .ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവർത്തകൻ പ്രശാന്ത് കനോജിയയെ ഉടൻ ജാമ്യത്തിൽ വിടാൻ ഉത്തരവിട്ടുകൊണ്ടാണു കോടതി ഇങ്ങനെ പറഞ്ഞത്.പ്രശാന്തിന്റെ പരാമർശങ്ങൾ ശരിവയ്ക്കുന്നില്ലെങ്കിലും വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്ന അധികാരപ്രയോഗം അംഗീകരിക്കാനാവില്ലെന്ന് അവധിക്കാല ബെഞ്ച് വ്യക്തമാക്കി.

വിശ്വാസ്യതയാണു മാധ്യമങ്ങളുടെ ഏറ്റവും വിലപിടിപ്പുള്ള കൈമുതൽ എന്നതുപോലെ പ്രധാനമാണ് കൂച്ചുവിലങ്ങുകളില്ലാത്ത മാധ്യമസ്വാതന്ത്ര്യവും. അതുകൊണ്ടുതന്നെ, പൗരസ്വാതന്ത്ര്യത്തിനും അതിൽ ഉൾച്ചേർന്നിരിക്കുന്ന ആവിഷ്കാരസ്വാതന്ത്ര്യത്തിനും മാധ്യമസ്വാതന്ത്ര്യത്തിനുമെതിരെയുള്ള അധികാരശക്തികളുടെ  ഇടപെടൽ അപകടകരമാണ്. കേരളമടക്കം പല സംസ്ഥാനങ്ങളിലും മാധ്യമസ്വാതന്ത്ര്യത്തിൽ തൊട്ടുകളിക്കാനുള്ള നീക്കങ്ങൾ ഉണ്ടാവുന്നുണ്ട്.

അടിയന്തരാവസ്ഥക്കാലത്തുൾപ്പെടെ  ഇന്ത്യയിൽ മാധ്യമങ്ങൾക്കു വിലക്ക് ഏർപ്പെടുത്താനും കൂച്ചുവിലങ്ങിടാനും ശ്രമിച്ചവർക്കൊക്കെ അതിനു വില കൊടുക്കേണ്ടിവന്നിട്ടുമുണ്ട്. മാധ്യമസ്വാതന്ത്ര്യം എന്നത് ഒരു രാഷ്ട്രത്തിനും നഷ്ടപ്പെടുത്താൻ പറ്റാത്ത അമൂല്യമായ അവകാശമാണ് എന്നു പറഞ്ഞതു നമ്മുടെ രാഷ്ട്രപിതാവു തന്നെയാണ്.  മാധ്യമസ്ഥാപനങ്ങളും മാധ്യമപ്രവർത്തകരും സർക്കാരിന്റെയോ രാഷ്ട്രീയ പാർട്ടികളുടെയോ ഭീഷണിയുടെ നിഴലിൽ കഴിഞ്ഞുകൂടേണ്ട സ്ഥിതി പല രാജ്യങ്ങളിലുമുണ്ട്.

ഇന്ത്യ അവസ്ഥയിലേക്കു പതിക്കാൻ നാം അനുവദിച്ചുകൂടാ. നമ്മുടെ രാജ്യം കാത്തുസൂക്ഷിക്കേണ്ട ജനാധിപത്യമൂല്യങ്ങളും പൗരാവകാശങ്ങളും വിവിധ തലങ്ങളിൽ ഭീഷണി നേരിടുന്ന ഇക്കാലത്ത്, മാധ്യമസ്വാതന്ത്ര്യ സംരക്ഷണത്തിനുവേണ്ടി ജനജാഗ്രതയും രാഷ്ട്രീയജാഗ്രതയും അത്യാവശ്യമാണെന്ന് ഓരോ സംഭവവും നമ്മെ ഓർമിപ്പിക്കുന്നു. ജനാധിപത്യത്തിന്റെ  ആണിക്കല്ലാണ്  മാധ്യമ സ്വാതന്ത്ര്യം , സത്യസന്ധത  പാലിക്കാൻ  മാധ്യമ പ്രവർത്തകർ  തയാറാകണം . ചരിത്ര സംഭവങ്ങൾ  വളച്ചൊടിക്കരുത് ,

 

പ്രൊഫ്. ജോൺ കുരാക്കാർ

No comments: