നവതി ആഘോഷിക്കുന്ന അഖില
കേരള ബാലജനസഖ്യം
ഏഷ്യയിലെ ഏറ്റവും വലിയ ബാലസംഘടനയായ അഖിലകേരള ബാലജനസഖ്യം നവതി ആഘോഷിക്കുകയാണിപ്പോൾ. കേരളത്തിൽ നിരവധി മാറ്റങ്ങൾ വരുത്തിയ ഒരു വലിയ സംഘടനയാണ്
അഖില കേരള ബാലജനസഖ്യം . സാമൂഹത്തിൻറെ ശാപം എന്ന് തെറ്റായി കണക്കാക്കിയിരുന്ന
വിദ്ധാർത്ഥികളെയും യുവാക്കളെയും നാടിൻറെ ഉദ്ധാരകൻ എന്ന നിലയിലേക്ക് മാറ്റിയെടുത്ത സംഘടനയാണ് അഖില കേരള ബാലജനസഖ്യം . സ്വയം വികസിക്കാനും മറ്റുള്ളവരെ പുരോഗതിയിലേക്ക് നയിക്കാനും ബാലജനസഖ്യത്തിനു
കഴിഞ്ഞു .90 വർഷങ്ങൾ കടന്നുപോകുമ്പോൾ സമൂഹം അവരിൽ കൂടുതൽ പ്രതീക്ഷയർപ്പിക്കുകയാണ് .സഹജീവികളോടും പ്രകൃതിയോടും സമൂഹത്തോടുമുള്ള ഉത്തരവാദിത്തവും കരുണയും നന്മയും സ്നേഹവും മൂല്യബോധവുമെല്ലാം ഒരു കുടക്കീഴിൽ ഒരുമിപ്പിച്ചുകൊണ്ട്മുന്നേറാൻ കഴിയണം
നമുക്കു ചുറ്റും കാണുന്ന കാഴ്ചകളും കേൾക്കുന്ന വാർത്തകളുമൊക്കെ ഉള്ളു പൊള്ളിക്കുന്നവയാണ്. സംഘർഷങ്ങളുടെയും തള്ളിപ്പറയലുകളുടെയും ഉപേക്ഷിക്കലുകളുടെയും വാഗ്വാദങ്ങളുടെയും മനസ്സു മടുപ്പിക്കുന്ന കാഴ്ചകളുടെയുമൊക്കെ ചൂടാണു ചുറ്റിലും. നിരാശ പടരുന്ന ഈ കാലത്ത് മനുഷ്യരാകെ അൽപം തണലിനായി പ്രതീക്ഷയോടെ നോക്കുന്നത് ഇതുപോലെയുള്ള സംഘടനകളെയാണ് .
ചുറ്റും പടരുന്ന തീയുടെ ചൂടു കുറയ്ക്കാൻ, ആ തീതന്നെ കെടുത്താൻ ഓരോ സഖ്യാംഗവും ഓരോ തണലാവുക എന്ന ലക്ഷ്യത്തോടെയാണ് അഖിലകേരള ബാലജനസഖ്യം ഈ വർഷം ‘തണൽവർഷം’ ആയി ആചരിക്കുന്നത് 'മൂല്യബോധത്തിന്റെയും സാമൂഹികസേവനപാഠങ്ങളുടെയും മന്ത്രങ്ങളാണ് അഖിലകേരള ബാലജനസഖ്യത്തെ നയിക്കുന്നത്. മനുഷ്യപുരോഗതിക്ക് അടിസ്ഥാനമായ ശാശ്വതമൂല്യങ്ങൾ കുട്ടികളിൽ വളർത്താനാണ് മലയാള മനോരമ മുഖ്യപത്രാധിപരായിരുന്ന കെ.സി.മാമ്മൻ മാപ്പിള 1929ൽ അഖിലകേരള ബാലജനസഖ്യത്തിനു രൂപംനൽകിയത്. അംഗസംഖ്യകൊണ്ടും പ്രവർത്തനശൈലികൊണ്ടും ഏഷ്യയിൽത്തന്നെ പ്രഥമസ്ഥാനമാണ് ഇന്നു സഖ്യത്തിനുള്ളത്.
ഈശ്വരഭക്തി, രാജ്യസ്നേഹം, ജനസേവനം എന്നീ അടിസ്ഥാനതത്വങ്ങൾ നെഞ്ചോടു ചേർത്തുപിടിച്ചാണു സഖ്യാംഗങ്ങൾ കർമപാതയിലിറങ്ങുന്നത്. യുദ്ധം സൃഷ്ടിച്ച അഭയാർഥിപ്രശ്നംതൊട്ട് പ്രകൃതിക്ഷോഭങ്ങളിൽവരെ സഖ്യാംഗങ്ങൾ സഹായഹസ്തം നൽകി.
നിർധന കുടുംബങ്ങളിലെ കുഞ്ഞുങ്ങളുടെ ഹൃദയശസ്ത്രക്രിയയ്ക്കുവേണ്ടി പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് 2004ൽ ആരംഭിച്ച ‘ഹൃദയപൂർവം സഖ്യം’ പദ്ധതി സംഘടനയുടെ ചരിത്രത്തിലെ കരുണാർദ്ര അധ്യായങ്ങളിലൊന്നാണ്. ആ വലിയ ദൗത്യങ്ങളുടെ തുടർച്ച ഈ തണൽവർഷാചരണത്തിലും സാർഥകമാകട്ടെ. കേരളം അപ്രതീക്ഷിത പ്രളയത്തിൽ മുങ്ങിയ ദിവസങ്ങളിലും നാടിനു താങ്ങായി സഖ്യമുണ്ടായിരുന്നു.
ബാലജനസഖ്യം ഇതിനകം നടത്തിയ പ്രവർത്തനങ്ങൾ ലക്ഷക്കണക്കിനു പേർക്കു താങ്ങായും തണലായും സഹായമായും പ്രചോദനമായും പാഠമായുമൊക്കെ മാറിയിട്ടുണ്ട്. അതു തുടരുകയുമാണ്. മനുഷ്യനെന്നാൽ മനുഷ്യത്വമുള്ളയാളും മാനവികതയുടെ വക്താവുമാകണം എന്ന ധാർമികാശയം പ്രവൃത്തിയിലൂടെ കാട്ടിക്കൊടുക്കാൻ
ഇവർക്കു സാധിക്കട്ടെ. ഭൂമിക്കും സഹപാഠികൾക്കും മാതാപിതാക്കൾക്കും വയോധികർക്കുമൊക്കെ തണലായിനിന്ന്, ആ വാക്കിനു കഴിയുന്നത്ര തലങ്ങളിൽ പര്യായങ്ങൾ രചിക്കാൻ ബാലജനസഖ്യത്തിനു കഴിയട്ടെ .നവതി ആഘോഷിക്കുന്ന അഖിലകേരള ബാലജനസഖ്യത്തിനു
ആശംസകൾ നേരുന്നു .
പ്രൊഫ്, ജോൺ കുരാക്കാർ
No comments:
Post a Comment