Pages

Monday, August 5, 2024

ഉരുൾപൊട്ടി വന്ന കൊടും ദുരന്തം

 

ഉരുൾപൊട്ടി വന്ന

കൊടും ദുരന്തം

 


വയനാട് ദുരന്തത്തിൻറെ ആഴം വാക്കുകൾക്കതീതം. ഉരുൾപൊട്ടി വന്ന കൊടുംദുരന്തം കവർന്ന ഒട്ടേറെ ജീവനുമുന്നിൽ, ഒറ്റ രാത്രികൊണ്ട് ഇല്ലാതായൊരു ജനവാസമേഖലയുടെ ശൂന്യതയ്ക്കുമുന്നിൽ, പിഴുതെറിയപ്പെട്ട എത്രയോ കുടുംബങ്ങളുടെ നിസ്സഹായതയ്ക്കുമുന്നിൽ തോരാത്ത കണ്ണീരോടെ കേരളം മൗനമണിഞ്ഞുനിൽക്കുന്നു. വയനാട്ടിലെ ഉരുൾപൊട്ടൽ തകർത്തത് നാടിന്റെയാകെ ഹൃദയമാണ്.

കേരളത്തിന്റെ ചരിത്രത്തിൽത്തന്നെ ഏറ്റവുമധികം നാശമുണ്ടാക്കിയ ഉരുൾപൊട്ടലിനു മുൻപിലാണു നാം നിൽക്കുന്നത്. ഇരച്ചുപെയ്യുന്ന മഴയിൽ, രാവിരുട്ടിൽ, ഉറങ്ങിക്കിടക്കുന്നവർക്കു സുരക്ഷിതസ്ഥാനത്തേക്കു നീങ്ങാനുള്ള സമയംപോലും നൽകാതെ, പൊടുന്നനെ പൊട്ടിയൊഴുകിയെത്തിയ ദുരന്തം. 1964 കടലെടുത്ത, തമിഴ്നാട് രാമേശ്വരത്തെ ധനുഷ്കോടിയെ ഓർമിപ്പിച്ച് ഒരു പ്രദേശത്തെയാകെ തകർത്തെറിയുകയായിരുന്നു ഉരുൾപൊട്ടൽ. ഭൂമിയിൽ ഉണ്ടായിരുന്ന മുണ്ടക്കൈയും ചൂരൽമലയും ഒറ്റ രാത്രികൊണ്ട് ഇല്ലാതായി. എത്രയോ ജീവിതങ്ങൾ നിസ്സഹായം, നിരാലംബം അവിടെ അവസാനിച്ചു.

സമാധാനത്തോടെ ഉറങ്ങാൻകിടന്നവരിൽ പലരും ഇന്നലത്തെ പുലരിയിലേക്ക് ഉണർന്നില്ല. ജീവസഹായം തേടിയുള്ള അവരുടെ വിലാപങ്ങൾ മണ്ണടരുകൾക്കുള്ളിൽ മൂകം അമർന്നുപോയി. അവരുടെ വീടുകൾ തകരുകയോ മലവെള്ളത്തിൽ ഒഴുകിപ്പോവുകയോ ചെയ്തു. ഏക യാത്രാമാർഗമായ പാലം ഒലിച്ചുപോയി. പ്രകൃതിയുടെ കലിയിൽനിന്നു രക്ഷപ്പെടാൻ സാധിച്ചവരാകട്ടെ അഭയംതേടി കുന്നിൻമുകളിലേക്കും മറ്റും ഓടി.

ദുരന്തഭൂമിയിൽ ജീവൻ കയ്യിൽപിടിച്ച് എത്രയോ രക്ഷാപ്രവർത്തകരുണ്ടിപ്പോൾ. ഒരു ഭാഗത്തു മുട്ടറ്റം ചെളിയും മറുഭാഗത്ത് ഇരമ്പിയാർക്കുന്ന പുഴയും പ്രതിസന്ധികൾ തീർക്കുമ്പോഴും ഒരു നിമിഷംപോലും പാഴാക്കാതെ, കാണാതായവരെ തിരയുകയാണവർ; സൈന്യത്തോടൊപ്പം നൂറുകണക്കിന് എൻഡിആർഎഫ്അഗ്നിരക്ഷാവനം വകുപ്പ്പൊലീസ് സേനാംഗങ്ങൾ. ജീവന്റെ തുടിപ്പെങ്കിലും ഉണ്ടാകുമെന്ന പ്രതീക്ഷയിൽ, അങ്ങേയറ്റം പ്രതികൂല സാഹചര്യത്തിലാണ് തിരച്ചിൽ. തോരാമഴയും വീണ്ടും ഉണ്ടായേക്കാവുന്ന മണ്ണിടിച്ചിലും വകവയ്ക്കാതെ ദുരന്തഭൂമിയിലേക്കിറങ്ങാൻ നാട്ടുകാർ കാണിച്ച സന്മനസ്സാകട്ടെ കേരളത്തിനുതന്നെ മാതൃകയും.

 

കനത്ത മഴയും തകരാറിലായ വാർത്താവിനിമയ സംവിധാനങ്ങളും തകർന്ന യാത്രാമാർഗങ്ങളും ദുരന്തപ്രദേശത്തേക്ക് എത്തിപ്പെടാനുള്ള ബുദ്ധിമുട്ടുമൊക്കെ രക്ഷാപ്രവർത്തനങ്ങളെ ബാധിച്ചു. അഞ്ചു വർഷംമുൻപ് മലപ്പുറം ജില്ലയിലെ കവളപ്പാറയിലും വയനാട്ടിലെതന്നെ പുത്തുമലയിലും ഉരുൾപൊട്ടലിലും മറ്റുമായി ഒട്ടേറെ ജീവൻ നഷ്ടപ്പെട്ടതിന്റെയും നാലു വർഷം മുൻപു മൂന്നാർ പെട്ടിമുടിയിൽ ഉരുൾപൊട്ടൽ 70 ജീവനെടുത്തതിന്റെയും ഓർമവാർഷികങ്ങളിലേക്ക് ഇനി ദിവസങ്ങൾ മാത്രം. നമ്മുടെ ഞാറ്റുവേലകൾപോലെ പ്രകൃതിയുടെ ദുരന്തങ്ങൾക്കും ചാക്രികതയുണ്ടോ എന്ന സംശയം ഉയരുകയാണിപ്പോൾ.

 

കഴിഞ്ഞദിവസം വയനാടിനൊപ്പം കോഴിക്കോട് ജില്ലയിലും ഉരുൾപൊട്ടലുണ്ടായിട്ടുണ്ടെങ്കിലും അതിന് ഇങ്ങനെ സംഹാരശേഷിയുണ്ടായിരുന്നില്ല. കൊടുംമഴ സംസ്ഥാനത്താകെ നാശനഷ്ടങ്ങളുണ്ടാക്കുകയാണിപ്പോൾ. അപൂർവമായിരുന്ന ഉരുൾപൊട്ടൽദുരന്തങ്ങൾ ആവർത്തിക്കുന്നതു മലയോരമേഖലയിലെ ലക്ഷക്കണക്കിനാളുകളെ ആശങ്കയിലാക്കുന്നു. കവളപ്പാറയിലും പുത്തുമലയിലും മലയാള മനോരമയുടെ നേതൃത്വത്തിൽ 2019 പഠനം നടത്തിയ വിദഗ്ധസംഘത്തിന്റെ പ്രധാന വിലയിരുത്തൽ ഇതായിരുന്നു: കേരളത്തിൽ ഉരുൾപൊട്ടലുകൾ ആവർത്തിക്കാനുള്ള സാധ്യത കൂടിവരുന്നു.

ഐക്യരാഷ്ട്ര സംഘടനയുടെ ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് (ഐപിസിസി) മൂന്നു വർഷംമുൻപു പ്രസിദ്ധീകരിച്ച പഠനറിപ്പോർട്ട് കേരളത്തിനു ശക്തമായ മുന്നറിയിപ്പാണ്. അടുത്ത 20 വർഷത്തിനുള്ളിൽ കാലാവസ്ഥാവ്യതിയാനം കേരളത്തിൽ വ്യാപക പ്രകൃതിക്ഷോഭങ്ങൾക്കു കാരണമാകാമെന്നും ചുരുങ്ങിയ സമയത്തിനുള്ളിൽ കൂടുതൽ മഴ പെയ്യുന്നത് ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും മിന്നൽപ്രളയങ്ങൾക്കും വഴിയൊരുക്കുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. തുടർച്ചയായ ഉരുൾപൊട്ടലുകൾ മലയോര മേഖലയുടെ ഘടന കൂടുതൽ ദുർബലമാക്കുമെന്നും ഇതു ദുരന്തതീവ്രത വർധിപ്പിക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.ഇപ്പോൾ നടക്കുന്ന രക്ഷാദൗത്യത്തിന്റെ ഓരോ നിമിഷത്തിനും ജീവന്റെ വിലയാണുള്ളത്. രക്ഷാപ്രവർത്തകരുടെ സമർപ്പിതദൗത്യത്തിനു തടസ്സങ്ങൾ സൃഷ്ടിക്കാതിരിക്കാൻ പരമാവധി ശ്രമിക്കാം. ഹൃദയംപൊട്ടി വിലപിക്കുന്ന മുണ്ടക്കൈചൂരൽമല മേഖലയെ നമുക്കു ചേർത്തുപിടിക്കാം

 

പ്രൊഫ്. ജോൺ കുരാക്കാർ

No comments: