പ്രകൃതി ജയിച്ചു
ശാസ്ത്രം തോറ്റു
വയനാട് ഉണ്ടായ കൊടും ദുരന്തത്തിൻറെ
സൂചനപോലും തരാൻ നമ്മുടെ ശാസ്ത്രത്തിനും സാങ്കേതിക വിദ്യയ്ക്കും കഴിഞ്ഞില്ല . ആനകൂട്ടം ദുരന്തം മുൻകൂട്ടി അറിഞ്ഞ് അവിടെ നിന്നും പാലായനം ചെയ്യുന്ന കാഴ്ച്ച നമുക്ക് കാണാമായിരുന്നു . പ്രകൃതിദുരന്തങ്ങളെ നമുക്കു തടഞ്ഞുനിർത്താൻ കഴിയില്ലെങ്കിലും കൃത്യമായ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ മുൻകരുതലെടുക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ഇപ്പോഴുണ്ടായ കനത്ത നഷ്ടത്തിന്റെ ആഴം കുറയ്ക്കാനാവുമായിരുന്നു. കേരളം കണ്ട ഏറ്റവും വലിയ ദുരന്തത്തിന്റെ സൂചനപോലും തരാൻ ബന്ധപ്പെട്ട വകുപ്പുകൾക്കായില്ല എന്നത് അത്യധികം നിർഭാഗ്യകരമായി. നാം ഇതിനകം കൈവരിച്ച ശാസ്ത്ര – സാങ്കേതിക പുരോഗതിയുടെ മുദ്രകൾ ദുരന്ത മുന്നറിയിപ്പുകളിൽ തെളിയേണ്ടിയിരുന്നെങ്കിലും അതല്ല വയനാട്ടിൽ കണ്ടത്. നാം കൊട്ടിഘോഷിക്കുന്ന സാങ്കേതിക അറിവുകളെ പ്രകൃതി അവിടെ അനായാസം, ക്രൂരമായി തോൽപിച്ചത് നൂറു കണക്കിനാളുകളുടെ ജീവനെടുത്തുകൊണ്ടാണ്.
വയനാട് മുണ്ടക്കൈയിലും ചൂരൽമലയിലും ഉരുൾപൊട്ടലിനു കാരണമായ ‘അതിതീവ്രമഴ’ കേന്ദ്ര കാലാവസ്ഥാ വകുപ്പു മാത്രമല്ല, ജിയോളജി വകുപ്പും പ്രവചിച്ചിരുന്നില്ല. വയനാട്ടിൽ കേന്ദ്രസർക്കാർ സ്ഥാപിച്ച ഉരുൾപൊട്ടൽ മുന്നറിയിപ്പു സംവിധാനത്തിൽനിന്ന് 29ന് ഉച്ചയ്ക്കു രണ്ടിനു പുറത്തുവന്ന ബുള്ളറ്റിൻ പ്രകാരം 29, 30 തീയതികളിൽ വയനാട് ജില്ലയ്ക്കു നൽകിയത് ഉരുൾപൊട്ടൽ സാധ്യത തീരെയില്ലാത്ത പച്ച അടയാളമാണ്.
കേരളത്തിൽ അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് ൨൦൨൪ ജൂലൈ 25നു തന്നെ നൽകിയെന്നാണു കേന്ദ്രമന്ത്രി അമിത് ഷാ രാജ്യസഭയെ അറിയിച്ചത്. എന്നാൽ, റെഡ് അലർട്ട് നൽകിയത് 30ന് അതിരാവിലെയാണെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മേധാവി മൃത്യുഞ്ജയ് മഹാപത്ര അറിയിച്ചതോടെ ഉരുൾപൊട്ടൽ കഴിഞ്ഞാണ് റെഡ് അലർട്ട് ലഭിച്ചതെന്നു വ്യക്തമായി. ദുരന്തത്തിനു മുൻപ് ഒരു തവണ പോലും റെഡ് അലർട്ട് നൽകിയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം ശരിവയ്ക്കുന്നതാണ് ഐഎംഡി മേധാവിയുടെ പ്രസ്താവന. 29ന് ഐഎംഡി നൽകിയത് ‘കരുതിയിരിക്കുക’ എന്ന ഓറഞ്ച് അലർട്ടായിരുന്നു.
എന്നാൽ, മുന്നറിയിപ്പു നൽകി നാടിനെ ജാഗരൂകരാക്കാനും പ്രകൃതിദുരന്തങ്ങളുടെ ആഘാതം കുറയ്ക്കാനും സംസ്ഥാന സർക്കാരിന് എത്രത്തോളം കഴിയുന്നു എന്നുകൂടി ചോദിക്കേണ്ടതുണ്ട്. 2018ൽ പ്രളയവും ഉരുൾപൊട്ടലുമുണ്ടായപ്പോൾ നൂറ്റാണ്ടിലൊന്നല്ലേ എന്നു കരുതി ആശ്വസിച്ചവരാണു പലരും. ഒരുവർഷം തികയുംമുൻപു വീണ്ടുമുണ്ടായ മിന്നൽപ്രളയവും ഉരുൾപൊട്ടൽ ദുരന്തങ്ങളും പിന്നെയതിന്റെ ആവർത്തനങ്ങളും കേരളത്തിനു ഭാവിയിലേക്കുള്ള മുന്നറിയിപ്പായി കരുതി അതീവജാഗ്രതയോടെ ഭരണസംവിധാനങ്ങൾ ഒരുങ്ങേണ്ടതായിരുന്നെങ്കിലും അതാണോ സംഭവിച്ചത്?
കൊച്ചി കേന്ദ്രമായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ റഡാർ സ്റ്റേഷൻ പ്രവർത്തിക്കുന്നുണ്ടെങ്കിലും വടക്കൻ കേരളത്തിലെ മാറ്റങ്ങൾ തിരിച്ചറിയാൻ ഇതിനു പലപ്പോഴും കഴിയുന്നില്ലെന്നതിന് ഈ ഉരുൾപൊട്ടലും സാക്ഷ്യംപറയും. വടക്കൻ കേരളത്തിലെ കാലാവസ്ഥാ നിരീക്ഷണം കൂടുതൽ കൃത്യതയുള്ളതാക്കാൻ റഡാർ സ്റ്റേഷൻ സ്ഥാപിക്കാനുള്ള നീക്കം വേഗത്തിലാക്കേണ്ടതുണ്ട്.
സൂചനകൾ തിരിച്ചറിഞ്ഞുള്ള മുന്നറിയിപ്പുകൾവച്ച് സുരക്ഷാ മുൻകരുതലുകളെടുത്താൽ മാത്രമേ ഏതു ദുരന്തത്തെയും അതിജീവിക്കാനാകൂ. ബംഗാൾ ഉൾക്കടലിൽ 2013ൽ രൂപംകൊണ്ട ഫൈലിൻ ചുഴലിക്കാറ്റിന്റെ ആഘാതശേഷിയും മാർഗവും കൃത്യമായി പ്രവചിക്കപ്പെട്ടതിനാൽ നാശനഷ്ടങ്ങൾ കാര്യമായി കുറയ്ക്കാനായി. ലക്ഷക്കണക്കിനാളുകളെ ആ വേളയിൽ അപകടസ്ഥലങ്ങളിൽനിന്ന് ഒഴിപ്പിക്കാൻ കഴിഞ്ഞു. മേഘസ്ഫോടനം മുൻകൂട്ടി കാണുന്നതിൽ കാലാവസ്ഥാവകുപ്പു പരാജയപ്പെട്ടതുമൂലം, അതേവർഷം ഹിമാലയൻ മേഖലയിലുണ്ടായ പ്രളയത്തിൽ കൊല്ലപ്പെട്ടതാകട്ടെ ഏകദേശം 6000 പേരും! നമ്മുടെ കാലാവസ്ഥാ വകുപ്പുകൾ കൂടുതൽ
മെച്ചപ്പെടേണ്ടതുണ്ട് .
പ്രൊഫ്, ജോൺ കുരാക്കാർ
No comments:
Post a Comment