Pages

Monday, August 5, 2024

വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടംഎന്നീ ഗ്രാമങ്ങളുടെ പുനർനിർമ്മാണം ഒരു വലിയ വെല്ലുവിളി തന്നെയാണ്

 

വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടംഎന്നീ ഗ്രാമങ്ങളുടെ  പുനർനിർമ്മാണം ഒരു വലിയ വെല്ലുവിളി തന്നെയാണ്



പ്രകൃതി  താണ്ഡവ നൃത്തമാടിയ വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം എന്നീ ഗ്രാമങ്ങളുടെ  പുനർനിർമ്മാണം ഒരു വലിയ വെല്ലുവിളി തന്നെയാണ് ,  നിരവധി വ്യക്തികളും  സ്ഥാപനങ്ങളും   പുനര്നമ്മാണത്തിന്  സഹായ  വാഗ്ദാനം ചെയ്തിട്ടുണ്ട് . ഇന്ത്യൻ ഓർത്തഡോൿസ് സഭ  കോടി രൂപയുടെ  പുനർനിർമ്മാണം നടത്തും . അർഹരായ 50 പേർക്ക് വീടുകൾ നിർമ്മിച്ച് നൽകും  ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണം മുന്നൂറിൽ  അധികം ആകുകയാണ്  220-ലധികം പേരെ ഇനിയും കണ്ടെത്താനുണ്ട്. അവർക്കായി സേനാംഗങ്ങൾ തിരച്ചിൽ ഊർജ്ജിതമായി നടത്തിക്കൊണ്ടിരിക്കുന്നു. കഴിവതും വ്യാഴാഴ്ചയോടുകൂടിത്തന്നെ തിരച്ചിലുകൾ അവസാനിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. മണ്ണിലും ചെളിയിലും കല്ലുകളുടെയും തകർക്കപ്പെട്ട വീടുകളുടെയും വലിയ കൂമ്പാരങ്ങൾക്കടിയിൽ ജീവന്റെ തുടിപ്പുകൾ തേടിയുള്ള രക്ഷാപ്രവർത്തകരുടെ അതീവ ദുഷ്കരമായ ദൗത്യം തുടരുകയാണ്. ...

1200-ഓളം രക്ഷാപ്രവർത്തകർ വിശ്രമമില്ലാതെ അത്യന്തം പ്രതികൂല സാഹചര്യങ്ങളിൽ ദുരന്തഭൂമിയിൽ പണിയെടുത്തുകൊണ്ടിരിക്കുന്ന കാഴ്ച ആരിലും ആദരവും അഭിനന്ദനവും സൃഷ്ടിക്കും. ഒരുപക്ഷേ, കേരളം ഇതുവരെ കാണാത്ത തരത്തിലുള്ള രക്ഷാദൗത്യമാണ് സേനാവിഭാഗങ്ങളിലുള്ളവരും നാട്ടുകാരുമെല്ലാം ചേർന്ന് നടത്തിക്കൊണ്ടിരിക്കുന്നത്. മണ്ണിനടിയിലായ ഹതഭാഗ്യരെ തിരയുന്നതിനൊപ്പം ഉരുൾപൊട്ടലിൽ നിലംപരിശായ പ്രദേശങ്ങളിൽ പരക്കെ ചിതറിക്കിടക്കുന്ന മരങ്ങളും പാറക്കഷണങ്ങളും ആൾപ്പൊക്കത്തിൽ വരെ ഒഴുകിയെത്തിയ ചെളിയും നീക്കംചെയ്ത് സഞ്ചാരയോഗ്യമെങ്കിലുമാക്കാനുള്ള പരിശ്രമവും നടക്കുന്നുണ്ട്.  ഉരുൾപൊട്ടലുകളെത്തുടർന്ന് മലവെള്ളം തച്ചുടച്ച ഗ്രാമങ്ങളിൽ താമസയോഗ്യമായ വീടുകളൊന്നും ശേഷിക്കുന്നില്ലെന്നു തന്നെ പറയാം. മരണത്തിൽ നിന്നു രക്ഷപ്പെട്ടവരെ ക്യാമ്പുകളിൽ പാർപ്പിച്ചിരിക്കുകയാണ്. ഗുരുതരമായ നിലയിൽ പരിക്കേറ്റവരുൾപ്പെടെ നൂറോളം പേർ ആശുപത്രികളിലുണ്ട്.

പുഞ്ചിരിമട്ടം എന്ന കൊച്ചു ഗ്രാമത്തിലെ മലനിരകളിൽ ഇന്നലെയും ചെറിയ തോതിൽ മലയിടിച്ചിലുകൾ ഉണ്ടായത് ഭീതി പരത്തുകയുണ്ടായി. ഇവിടെയുള്ളവരെ നേരത്തേതന്നെ ഒഴിപ്പിച്ചിരുന്നതിനാൽ ജീവനുവേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിച്ച് രക്ഷാപ്രവർത്തകർ മടങ്ങിയിട്ടുണ്ട്. ആളുകൾ ഒഴിഞ്ഞുപോയ വീടുകൾ അമ്പേ തകർന്ന് മണ്ണിനടിയിലായി. വീട്ടുപകരണങ്ങളും വസ്ത്രങ്ങളും വാഹനങ്ങളുമൊക്കെ അവിടവിടെയായി ചിന്നിച്ചിതറിക്കിടക്കുന്ന കാഴ്ചയാണ് എങ്ങും.

ലോക്സഭാ പ്രതിപക്ഷ നേതാവും വയനാടിന്റെ മുൻ എം.പിയുമായ രാഹുൽഗാന്ധിയും ദുരന്തമേഖലകൾ സന്ദർശിച്ച് ദുരിതബാധിതരെ ആശ്വസിപ്പിക്കുകയുണ്ടായി. പ്രിയങ്കാഗാന്ധിയും ഒപ്പമുണ്ടായിരുന്നു.രക്ഷാപ്രവർത്തനങ്ങൾ അവസാനിക്കുന്നതോടെ സർക്കാരിനെ കാത്തിരിക്കുന്നത് അതിലും വലിയ പുനരധിവാസ ദൗത്യമാണ്. ഉരുൾപൊട്ടലിൽ തകർന്ന വീടുകളുടെയും സ്വത്തുവകകളുടെയും കൃത്യമായ കണക്കെടുപ്പ് ഇനിവേണം നടത്താൻ. ദുരന്തത്തിനിരയായവരുടെ കൃത്യമായ സംഖ്യയും അറിയേണ്ടതുണ്ട്. അതുപോലെ, കാണാതായവരുടെ കണക്കും പ്രാധാന്യമുള്ളതാണ്. ദുരന്തഭൂമിയിലുണ്ടായിരുന്ന കുടുംബങ്ങളുടെ പുനരധിവാസം അടിയന്തര സ്വഭാവമുള്ളതാണ്. ഉരുൾപൊട്ടൽ ഭീഷണി നേരിടുന്ന പ്രദേശങ്ങളിലെ താമസക്കാർക്കും സുരക്ഷിതമായ പുതിയ വാസസ്ഥലങ്ങൾ കണ്ടെത്തേണ്ടതുണ്ട്. ചിന്നിച്ചിതറിപ്പോയ ഒട്ടേറെ കുടുംബങ്ങൾ ദുരന്തത്തിന്റെ ബാക്കിപത്രമായി ശേഷിക്കുന്നുണ്ട്. മാതാപിതാക്കളും വീടും ഇല്ലാതായ നിരവധി കുട്ടികളുണ്ട്. മക്കളെയും ഭാര്യയെയും അടുത്ത ബന്ധുക്കളെയുമെല്ലാം നഷ്ടപ്പെട്ട ഗൃഹനാഥന്മാരുണ്ട്. ഇവരുടെ വിലാപം ആരുടെയും ഹൃദയം പിളർക്കുന്നതാണ്. ദുരന്തങ്ങൾ സംഭവിക്കുമ്പോൾ സഹായഹസ്തങ്ങളുമായി ഓടിയെത്താറുള്ള ലോകമെമ്പാടുമുള്ള മലയാളികൾ വയനാടിനു വേണ്ടിയും ആരുടെയും ആഹ്വാനമില്ലാതെ രംഗത്തുവന്നുകൊണ്ടിരിക്കുകയാണ്.

വയനാട്ടിലെ ദുരന്തത്തിൽ മനസുനൊന്ത് അനേകം പേർ സഹായവുമായി എത്താൻ തുടങ്ങിയിട്ടുണ്ട്. സംഘടനകളും സ്ഥാപനങ്ങളും വ്യവസായ - വാണിജ്യ പ്രമുഖരുമെല്ലാം സഹായം നൽകുകയോ വാഗ്ദാനം മുന്നോട്ടുവയ്ക്കുകയോ ചെയ്തിട്ടുണ്ട്. സർക്കാരിന്റെ ഭാഗത്തുനിന്ന് കൃത്യവും സുതാര്യവുമായ പുനരധിവാസ പദ്ധതി എത്രയും വേഗം തയ്യാറാക്കേണ്ടതുണ്ട്. അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകാവുന്ന ആവശ്യമല്ല ഇത്. സഹായത്തിനും പുനരധിവാസത്തിനുമായി ആധിയോടെ കാത്തിരിക്കുന്ന നൂറുകണക്കിനു കുടുംബങ്ങൾ സർക്കാരിനെ ഉറ്റുനോക്കിക്കൊണ്ടിരിക്കുകയാണ്. അവരുടെ കണ്ണീർ തുടയ്ക്കാൻ  സർക്കാരിന് കഴിയുമോ ?

 

പ്രൊഫ്. ജോൺ കുരാക്കാർ

No comments: