Pages

Sunday, June 9, 2024

വെട്ടിക്കൽ ദയറായുടെ നവയുഗ ശില്പികളിൽ പ്രധാനിയായ പാലക്കാട്ട് അച്ചൻ

 

വെട്ടിക്കൽ ദയറായുടെ നവയുഗ ശില്പികളിൽ പ്രധാനിയായ പാലക്കാട്ട്  അച്ചൻ




മലങ്കര സഭയുടെ ചരിത്രത്തിലെ  പ്രഥമ ദയറാ എന്ന സ്ഥാനം അലങ്കരിക്കുന്ന വെട്ടിക്കൽ സെൻ്റ് തോമസ്ദയറായുടെ നവയുഗ ശിൽപികളിൽപ്രധാനിയാണ് യശശ്ശരീരനായ വന്ദ്യ പാലക്കാട്ട് ജോൺ കോർ എപ്പിസ്കോപ്പ. 1889 ജൂൺ 22 പുണ്യ പുരാതനമായ മുളന്തുരുത്തി മാർത്തോമൻ ഇടവകയിൽ  ജനനം. 1902 മാർച്ച് 2 ന് പരിശുദ്ധ പരുമല  തിരുമേനിയിൽ നിന്നും പൗരോഹിത്യത്തിന്റെ ആദ്യ പട്ടം സ്വീകരിച്ചു. കൊല്ലവർഷം 1094 മകരം 20 ന് കശീശ പട്ടവും, 1968 ഡിസംബർ 21 ന് കോർ - എപ്പിസ്ക്കോപ്പ സ്ഥാനവും സ്വീകരിച്ചു.

തൻ്റെ വിദ്യാഭ്യാസത്തിനുശേഷം അച്ചടിരംഗത്ത് സജീവമായി വർത്തിച്ചു. 'കേരള ദീപിക' എന്ന പേരിൽ പ്രതിവാര  വർത്തമാന പത്രം ആരംഭിച്ചു. നിരവധിയായ ആരാധനാ ഗ്രന്ഥങ്ങൾ, വിശ്വാസ വ്യാഖ്യാനങ്ങൾ എന്നിവ പ്രസിദ്ധപ്പെടുത്തി. ഇന്നു നാം ഉപയോഗിക്കുന്ന 'നിത്യ പ്രാർത്ഥന ക്രമം' എന്ന പാമ്പാക്കുട നമസ്കാരം ക്രമീകരിച്ച് പ്രസിദ്ധപ്പെടുത്തിയത് അദ്ദേഹം പാമ്പാക്കുട മാർ ജൂലിയസ് പ്രസിന്റെ  ചുമതല നിർവഹിക്കുമ്പോൾ ആയിരുന്നു.

പൊതുപ്രവർത്തന രംഗത്തെ അതികായനായ അദ്ദേഹം ദീർഘകാലം മുളന്തുരുത്തി പഞ്ചായത്തിന്റെ പ്രസിഡന്റായും, വിവിധ സാമൂഹ്യ സേവന രംഗങ്ങളിലും  പ്രവർത്തിച്ചു.

1920 മുതൽ 1970 വരെ നീണ്ട 50 വർഷക്കാലം മുളന്തുരുത്തി മാർത്തോമൻ  പള്ളിയിൽ  സ്തുത്യർഹമായി ആചാര്യത്വ  ശുശ്രൂഷ നിർവഹിച്ചു. ആത്മീയവും ഭൗതികവുമായ കാര്യങ്ങളിൽ മുളന്തുരുത്തി ഇടവക ഏറെ പുരോഗതി പ്രാപിച്ച കാലമായിരുന്നു അത്. മുളന്തുരുത്തി ഇടവകയുടെ ഇന്ന് കാണുന്ന ചാപ്പലുകളും കുരിശുപള്ളികളും  അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിന്റെ ഫലമാണ്.

മർത്തോമാ ശ്ലീഹാ ഭാരതത്തിൽ വന്ന്  സുവിശേഷം അറിയിച്ചതിന്റെ 19-ാം ശതവത്സര ആഘോഷങ്ങളുടെ ഭാഗമായ  ജൂബിലി പെരുന്നാൾ എന്ന വലിയ ആഘോഷത്തെ മുളന്തുരുത്തിയുടെആത്മീയവും സാംസ്കാരികവുമായ ഉത്സവമാക്കി തീർത്തതിന്റെ മുഖ്യ ശില്പി അദ്ദേഹമാണ്.1970 ലാണ് അന്നത്തെ മലങ്കര മെത്രാപ്പോലീത്താ വന്ദ്യ. പാലക്കാട്ട് അച്ചനെ മുളന്തുരുത്തി പള്ളി വികാരി സ്ഥാനത്തു നിന്നും വിടർത്തി,  വെട്ടിക്കൽ സെൻ്റ് തോമസ് ദയറായുടെ മാനേജരായി നിയമിക്കുന്നത്. മലങ്കര സഭയുടെ വടക്കൻ മേഖലകളിൽ കക്ഷി വഴക്ക് രൂക്ഷമായി നിലകൊണ്ട  കാലഘട്ടത്തിലാണ് അച്ചൻ ദയറാ മാനേജരായി ചുമതല ഏൽക്കുന്നത്.

വെട്ടിക്കൽ ദയറായും അനുബന്ധ ആസ്തി വകകളും മലങ്കര മെത്രാപ്പോലീത്തായുടെഭരണത്തിന് കീഴിൽ പൗരസ്ത്യ കാതോലിക്കാ സിംഹാസനത്തോട് ചേർത്ത് നിർത്തുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്. കായിക ബലം കൊണ്ട് ദയറായും സ്വത്ത് വകകളും പിടിച്ച് അടക്കാമെന്ന വിഘടിത വിഭാഗത്തിൻ്റെ

ആഗ്രഹം വന്ദ്യ അച്ചൻ്റെ നേതൃത്വത്തിൽ ദേശക്കാർ നടത്തിയ ചെറുത്തു നിൽപ്പിൽപരാജയപ്പെടുകയാണ് ഉണ്ടായത്. ദയറായുടെ സർവ്വതോൻമുഖമായ വളർച്ചയ്ക്ക് അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്.1980 ജൂൺ 9ന് വന്ദ്യ. പാലക്കാട്ട് ജോൺ കോർ - എപ്പിസ്കോപ്പ  കർത്താവിൽ നിദ്ര പ്രാപിച്ചു, മുളന്തുരുത്തി മാർത്തോമൻ പള്ളിയിൽ കബറടക്കി.മലാഖി 2:7 തിരുവചനം ഇപ്രകാരം സാക്ഷിക്കുന്നു: "പുരോഹിതൻ സൈന്യങ്ങളുടെ യഹോവയുടെ ദൂതൻ ആകയാൽ അവൻ്റെ അധരങ്ങൾ പരിജ്ഞാനം സൂക്ഷിച്ച് വയ്ക്കേണ്ടതും ഉപദേശം അവനോട് ചോദിച്ചു പഠിക്കേണ്ടതും അല്ലോ ".ദൈവഹിത പ്രകാരം ഉചിതമാംവണ്ണംതൻ്റെ ആചാരത്വ ശുശ്രൂഷകൾ പൂർത്തീകരിച്ച് ദൈവസന്നിധിയിലേക്ക്കടന്നു പോയ പിതാവ് ദേശത്തിനും തലമുറയ്ക്കും ഒരു മാതൃകയാണ്.

വന്ദ്യ ആചാര്യ ശ്രേഷ്ഠൻ്റെ സ്മരണകൾക്ക്

മുന്നിൽ വെട്ടിക്കൽ ദയറാ കുടുംബത്തിൻ്റെ

പ്രണാമം.

No comments: