Pages

Friday, May 24, 2024

ജലാശയങ്ങളിലേക്കു വ്യവസായാവശിഷ്ടങ്ങൾ ഒഴുക്കി ജലം മലിനമാക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കണം പ്രൊഫ്. ജോൺ കുരാക്കാർ

 

ജലാശയങ്ങളിലേക്കു വ്യവസായാവശിഷ്ടങ്ങൾ ഒഴുക്കി ജലം

മലിനമാക്കുന്നവർക്കെതിരെ  ശക്തമായ  നടപടിയെടുക്കണം

പ്രൊഫ്. ജോൺ കുരാക്കാർ



അതി രൂക്ഷമായ മാലിന്യംതള്ളൽമൂലം പെരിയാറും  കൈവഴികളും മരിച്ചുകൊണ്ടിരിക്കുകയാണ് . അവിടെയൊക്കെ  മീൻ ചത്തുപൊങ്ങുന്നതു പതിവാണ്. വർഷം ഇതിനകം പത്തിലേറെത്തവണ മീൻ ചത്തുപൊങ്ങി. വർഷങ്ങളായി പ്രശ്നം രൂക്ഷമായി തുടർന്നിട്ടും ശാശ്വതപരിഹാരമുണ്ടായിട്ടില്ല ..പെരിയാറിൽ കഴിഞ്ഞദിവസം ശ്വാസം കിട്ടാതെ പിടഞ്ഞതു പതിനായിരക്കണക്കിനു മത്സ്യങ്ങൾ മാത്രമല്ല, നമ്മുടെ പരിസ്ഥിതി കൂടിയാണ്. പെരിയാറിലെ രാസമലിനീകരണത്തിന്റെ രൂക്ഷതയും മീനുകളുടെ കൂട്ടക്കുരുതിയും മൂലം ആശങ്കയുടെ ആഴങ്ങളിലാണിപ്പോൾ കൊച്ചി ഏലൂരും പരിസരപ്രദേശങ്ങളും.

പെരിയാറും സമീപ ജലാശയങ്ങളും മീനുകളുടെ ശവപ്പറമ്പായതു തിങ്കളാഴ്ച രാത്രിയാണ്. കൊച്ചി ഏലൂരിലെ പാതാളം റഗുലേറ്റർ പാലത്തിനടുത്താണു മത്സ്യങ്ങൾ കൂട്ടത്തോടെ ആദ്യം ചത്തുപൊങ്ങിയത്. തുടർന്ന് എടയാർ, വരാപ്പുഴ, കടമക്കുടി, കോതാട്, കോട്ടുവള്ളി, ചേരാനല്ലൂർ, മുളവുകാട് ഭാഗങ്ങളിലെല്ലാം വൻതോതിൽ മത്സ്യസമ്പത്തു നശിച്ചു. കൂടുമത്സ്യക്കൃഷി മേഖലയിൽ മാത്രം 5 കോടിയോളം രൂപയുടെ പ്രാഥമിക നഷ്ടം കണക്കാക്കുന്നു. ഇതിനുപുറമേയാണു ചീനവലകൾ ഉപയോഗിച്ചും ചൂണ്ടയിട്ടും ഉപജീവനം നടത്തുന്ന ഉൾനാടൻ മത്സ്യത്തൊഴിലാളികളുടെ ദുരിതം. പുഴ മാലിന്യവാഹിനിയായി ദുർഗന്ധം നിറഞ്ഞ്, നിറം മാറി ഒഴുകുകയായിരുന്നു. തീരത്തു താമസിക്കുന്ന പലർക്കും അസ്വസ്ഥതകളുമുണ്ടായി.മത്സ്യക്കർഷകരുടെയും നാട്ടുകാരുടെയും പരിസ്ഥിതിപ്രവർത്തകരുടെയും പ്രതിഷേധം കനത്തതോടെ പതിവുപോലെ വിവിധ വകുപ്പുകൾ പരസ്പരം പഴിചാരൽ തുടങ്ങിക്കഴിഞ്ഞു. ജലാശയങ്ങളിലേക്കു വ്യവസായാവശിഷ്ടങ്ങൾ ഒഴുക്കി വെള്ളം മലിനമാക്കുകയും മത്സ്യസമ്പത്തു നശിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ നടപടി വേണമെന്നത് ഏറെക്കാലമായുള്ള ആവശ്യമാണെങ്കിലും അതു വെള്ളത്തിൽ വരച്ച വര മാത്രമായി തുടരുന്നു. മഴമൂലം പാതാളം റഗുലേറ്റർ പാലത്തിന്റെ ഷട്ടറുകൾ തുറന്നപ്പോൾ ഉപ്പുവെള്ളവുമായി ചേർന്നു ജലത്തിൽ ഓക്സിജൻ അളവു കുറഞ്ഞ സാഹചര്യത്തിലാകാം മത്സ്യങ്ങൾ ചത്തതെന്നാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെ ആദ്യ പ്രതികരണം. മുന്നറിയിപ്പില്ലാതെ ജലസേചന വകുപ്പ് ഷട്ടർ തുറന്നെന്ന വാദവും അവർ ഉയർത്തി.

തിങ്കളാഴ്ച രാവിലെ പെരിയാറിൽ, പാതാളം റഗുലേറ്റർ പാലത്തിന്റെ മേൽത്തട്ടിൽ പരിസ്ഥിതിപ്രവർത്തകർ പരിശോധന നടത്തിയിരുന്നു. മീനുകൾ ശ്വാസം കിട്ടാതെ പിടയുന്നതും വെള്ളത്തിൽനിന്നു ദുർഗന്ധം വമിക്കുന്നതും മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഏലൂർ നിരീക്ഷണ കേന്ദ്രത്തിലെ ഉന്നതോദ്യോഗസ്ഥരെ അറിയിച്ചെങ്കിലും അവരത് അവഗണിച്ചെന്നും ആരോപണമുണ്ട്. പെരിയാർ സംരക്ഷണത്തിനു മലിനീകരണ നിയന്ത്രണ ബോർഡ് സ്ഥാപിച്ച നിരീക്ഷണകേന്ദ്രം ഉൾപ്പെടെയുള്ള സംവിധാനങ്ങൾ നോക്കുകുത്തിയാണെന്ന പരാതിയും ഗൗരവമുള്ളതാണ്.ജനരോഷം അണപൊട്ടിയതോടെ സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി നടപടിയെടുക്കണമെന്നു മലിനീകരണ നിയന്ത്രണ ബോർഡിന് എറണാകുളം ജില്ലാ കലക്ടറുടെ നിർദേശമുണ്ടായി. ചത്ത മീൻ ശാസ്ത്രീയമായി സംസ്കരിക്കാൻ നടപടിയെടുക്കണമെന്നും നഷ്ടമുണ്ടായ മത്സ്യക്കർഷകർക്ക് 6 മാസത്തേക്കു സൗജന്യറേഷൻ ശുപാർശ ചെയ്യണമെന്നും  രാസമാലിന്യം ഒഴുക്കുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും മറ്റുമുള്ള നാട്ടുകാരുടെ ആവശ്യങ്ങളിൽ ഉടൻ തന്നെ അനുകൂല തീരുമാനമുണ്ടാവണം.

രൂക്ഷമായ മാലിന്യംതള്ളൽമൂലം പെരിയാറിലും കൈവഴികളിലും മീൻ ചത്തുപൊങ്ങുന്നതു പതിവാണ്. വർഷം ഇതിനകം പത്തിലേറെത്തവണ മീൻ ചത്തുപൊങ്ങി. വർഷങ്ങളായി പ്രശ്നം രൂക്ഷമായി തുടർന്നിട്ടും ശാശ്വതപരിഹാരമില്ലെന്നുമാത്രം. മത്സ്യബന്ധന മേഖലയെ മാത്രമല്ല, പെരിയാറിന്റെ ആവാസവ്യവസ്ഥയെക്കൂടിയാണ് രാസമാലിന്യങ്ങൾ പ്രതിസന്ധിയിലാക്കുന്നത്. പെരിയാർ തീരത്തെ ശുദ്ധജല സ്രോതസ്സുകളെയും ഇതു ബാധിക്കും. ചത്തുപൊങ്ങിയ മീൻ പല കേന്ദ്രങ്ങളിലും വിൽപനയ്ക്കെത്തിച്ചിട്ടുള്ളതും ആശങ്കയ്ക്കു കാരണമാകുന്നു. മീനിന്റെ വിൽപന തടയാൻ ആരോഗ്യ വകുപ്പും തദ്ദേശസ്ഥാപനങ്ങളും നടപടിയെടുത്തില്ലെങ്കിൽ അതു വലിയ ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കും.വ്യവസായശാലകളിൽനിന്നു പെരിയാറിലേക്കുള്ള മാലിന്യംതള്ളൽ പൂർണമായി ഒഴിവാക്കണമെന്നു ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവിട്ടതിനുശേഷമുള്ള അവസ്ഥയാണിത്. പെരിയാറിന്റെ കാര്യത്തിൽ പ്രതിഷേധം ഉയരുമ്പോൾ കണ്ണിൽ പൊടിയിടാൻ അധികൃതർ നടത്തുന്ന കാട്ടിക്കൂട്ടലുകളും പൊള്ളവാഗ്ദാനങ്ങളും കണ്ടും കേട്ടും മേഖലയിലുള്ളവർ മടുത്തിരിക്കുന്നു. പെരിയാറ്റിലേക്കു മാലിന്യം തള്ളുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയാണു വേണ്ടത്. ഭാവിതലമുറയുടെ ആയുസ്സിനും ആരോഗ്യത്തിനുവേണ്ടി നമ്മുടെ പെരിയാർ ഇനിയെങ്കിലും ആരോഗ്യത്തോടെ ഒഴുകട്ടെ.

 

പ്രൊഫ്. ജോൺ കുരാക്കാർ

 

No comments: