Pages

Friday, May 24, 2024

കേരളത്തിൽ സൈബർ ക്രൂരത താണ്ഡവ നൃത്തമാടുന്നു പ്രൊഫ്. ജോൺ കുരാക്കാർ

 

കേരളത്തിൽ സൈബർ ക്രൂരത  താണ്ഡവ നൃത്തമാടുന്നു

പ്രൊഫ്. ജോൺ കുരാക്കാർ



 

ഇലക്ട്രോണിക് മാർഗങ്ങൾ ഉപയോഗിച്ചുള്ള ഭീഷണിപ്പെടുത്തൽ  അടുത്തകാലത്തായി വർധിച്ചുവരുന്നു .  ഇക്കാലത്ത് സാങ്കേതികവിദ്യകളുടെ വർദ്ധിച്ചുവരുന്ന വരുന്നു .കൗമാരക്കാരും യുവജനങ്ങളുമാണ്  സൈബർ ക്രൂരതയിൽ  മുൻപന്തിയിൽ .ഫ്ലാറ്റ് കെട്ടിടത്തിന്റെ നാലാം നിലയിൽനിന്നു വീണിട്ടും അദ്ഭുതകരമായി രക്ഷപ്പെട്ട 7 മാസം പ്രായമുള്ള പെൺകുഞ്ഞിന്റെ മാതാവായ രമ്യ രൂക്ഷമായ സൈബർ ആക്രമണം താങ്ങാനാകാതെ ജീവനൊടുക്കിയ വാർത്ത എല്ലാവരെയും നടുക്കുന്നതാണ്. കയ്യടിക്കും ക്രൂരസംതൃപ്തിക്കും വേണ്ടിയൊക്കെ കുറെപ്പേർ നടത്തിയ സൈബർപേക്കൂത്ത് പാവം യുവതിയുടെ ജീവനെടുക്കുകയായിരുന്നു. കഴിഞ്ഞ മാസം 2024  ഏപ്രിൽ 28നു ചെന്നൈയിലെ അപ്പാർട്മെന്റിന്റെ ബാൽക്കണിയിൽ ഭക്ഷണം കൊടുക്കുന്നതിനിടെയാണ് രമ്യയുടെ കയ്യിൽനിന്നു കുഞ്ഞു താഴേക്കു വീണത്. ഒന്നാം നിലയുടെ പാരപ്പറ്റിലെ തകിടു ഷീറ്റിൽ തങ്ങിനിന്ന കുഞ്ഞിനെ അയൽക്കാർ സാഹസികമായി രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങൾ പ്രചരിച്ചതോടെ, രമ്യയ്ക്കെതിരെ അതിരൂക്ഷമായ സൈബർ ആക്രമണമാണുണ്ടായത്. ബന്ധുക്കൾകൂടി കുറ്റപ്പെടുത്തിയതോടെ രമ്യ മാനസികമായി തളർന്നു. വിഷാദാവസ്ഥ മാറാൻ ചികിത്സ തേടുകയും ചെയ്തു. ഇതിനിടെയാണ് ശനിയാഴ്ച അവർ ജീവനൊടുക്കിയത്. വലിയ ദുരന്തത്തിൽനിന്നു മകളെ തിരിച്ചുകിട്ടിയെങ്കിലും മകൾക്കും 5 വയസ്സുള്ള മകനും അമ്മയെ നഷ്ടമായി.

സമൂഹമാധ്യമങ്ങളുടെ ഗുണപരമായ സാധ്യതകളത്രയും മറന്ന്, മറ്റുള്ളവരെ, പ്രത്യേകിച്ചു സ്ത്രീകളെ അധിക്ഷേപിക്കാൻ മാത്രം ഇവ ഉപയോഗിക്കുന്നവരുടെ എണ്ണം വർധിക്കുന്നതിൽ അങ്ങേയറ്റം ആശങ്കപ്പെടേണ്ടതുണ്ട്. സ്ത്രീകൾക്കെതിരെ അപകീർത്തികരമായ വിഡിയോകളും മറ്റും പോസ്റ്റ് ചെയ്യുന്ന നീചർക്ക് ആവേശം നൽകുംവിധത്തിലാണ് അതു കാണുന്നവരിൽചിലരുടെപ്രതികരണവും. കാഴ്ചക്കാരുടെ എണ്ണം പെരുപ്പിക്കാൻ വൃത്തികേടിന്റെ ഏതറ്റംവരെയും പോകാൻ തയാറാകുന്നവരും ഇവിടെയുണ്ട്.സമൂഹമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപം (സൈബർ ബുള്ളിയിങ്) കണ്ടു പേടിച്ചോടുകയല്ല, കരുതലോടെ പ്രതിരോധിക്കുകയാണു വേണ്ടതെന്നു കൗൺസലിങ് വിദഗ്ധരും മറ്റും പറയുന്നുണ്ട്. സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ചാൽ ആരും ചോദിക്കാനില്ലെന്നു ചിലർ കരുതുന്നത്  കാലഘട്ടത്തിന്റെ ദുരവസ്ഥയാണെന്നു 2021 ഡിസംബറിൽ കേരള ഹൈക്കോടതി പറയുകയുണ്ടായി. ‘ലൈക്നൽകി പ്രോത്സാഹിപ്പിക്കാൻ സൈബർഫ്രണ്ട്സ്ഉണ്ടാകുമെങ്കിലും ഭവിഷ്യത്ത് അനുഭവിക്കാൻ ആരും കൂട്ടുണ്ടാകില്ലെന്ന് ഓർമിപ്പിക്കുകയും ചെയ്തു.

സാമൂഹികവിരുദ്ധ പ്രവർത്തനം നടത്തുന്ന ഇത്തരക്കാരെ നിലയ്ക്കുനിർത്താൻ ബന്ധപ്പെട്ട നിയമങ്ങൾ കാലാനുസൃതമായി പരിഷ്കരിക്കണമെന്നുകൂടി സമീപകാല സംഭവങ്ങൾ ഓർമിപ്പിക്കുന്നു. ഹീനതലങ്ങളിലേക്കു പടരുന്ന സൈബർ ക്രൂരതയ്ക്കു സകല കരുത്തോടെയും തടയിട്ടേതീരൂ. അത്രമാത്രം നശീകരണശേഷിയുണ്ട് ഇത്തരക്കാരുടെ മനോവൈകൃതങ്ങൾക്ക്. സ്ത്രീകളെ അപമാനിക്കുന്ന തരത്തിലും മറ്റും നിന്ദ്യമായ കാര്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നവരെ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കില്ലെന്ന് എല്ലാവരും പ്രതിജ്ഞയെടുക്കുകയും വേണം.മനുഷ്യത്വം വെടിഞ്ഞ ചിലർ അതിക്രൂരമായി മൊബൈൽ ഫോണും സമൂഹമാധ്യമങ്ങളും ഉപയോഗിക്കുമ്പോൾ സംഭവിക്കുന്ന ദുരന്തങ്ങളുടെ മുന്നിൽ അന്തിച്ചുനിൽക്കുകയാണിപ്പോൾ നാം. ഏറ്റവുമൊടുവിലായി ക്രൂരതയിതാ ഒരമ്മയുടെ ജീവനെടുത്തിരിക്കുന്നു.   സൈബർ ക്രൂരത നിയന്ത്രിക്കാൻ ഇവിടെ ആരുമില്ലേ ?

പ്രൊഫ്. ജോൺ കുരാക്കാർ

 

 

No comments: