വിദ്വേഷപ്രസംഗങ്ങൾ ജനാധിപത്യവും
ബഹുസ്വരതയും മതനിരപേക്ഷയും ഇല്ലാതാക്കും
പ്രൊഫ്. ജോൺ കുരാക്കാർ
ഭാരതം പല സംസ്കാരങ്ങളുടെയും, പല ഭാഷകളുടെയും, പല വംശങ്ങളുടെയും, പല മതങ്ങളുടെയും ഒരു സമ്മിശ്രണമാണ്. എന്നിട്ടും നമ്മള് ഒരു രാഷ്ട്രമായി നില കൊള്ളുന്നു, ഇത് ലോകത്തിനു തന്നെ ഒരു അത്ഭുതമാണ് .നമ്മള് ഇരുനൂറോളം നാട്ടുരാജ്യങ്ങളായി നിലകൊണ്ടിട്ടുണ്ടെങ്കിലും, ഈ ഉപഭൂഖണ്ഡത്തിനകത്തും പുറത്തും ആളുകള് ഇതിനെ ഒരു രാഷ്ട്രമായാണ് പരിഗണിച്ച് പോന്നിരുന്നത്. ഇത് എപ്പോഴും ഭാരതം എന്നാണ് അറിയപ്പെട്ടിരുന്നത്. ബഹു സ്വരതയുടെ നാടായ ജനാധിപത്യ ഭാരതം എക്കാലത്തും അതേപടി നിലനിൽക്കേണ്ടതു ഭാവിയുടെ കൂടി ആവശ്യമായിവേണം കാണാൻ. അതുകൊണ്ടുതന്നെ, മഹനീയമായ ആ ആധാരശിലയിൽ ഒരു പോറൽപോലും ഏൽക്കാതെ സൂക്ഷിക്കേണ്ടതും ഭാവിതലമുറകൾക്കു വേണ്ടിയാണ്. വേർതിരിവുകളോ അസഹിഷ്ണുതയോ വിവേചനമോ നമ്മുടെ രാജ്യത്തിനുമേൽ കറയായിത്തീരാൻ പാടില്ല. എന്നാൽ, ഇന്ത്യ കാലങ്ങളായി നിധിപോലെ കാത്തുവയ്ക്കുന്ന അടിസ്ഥാനമൂല്യങ്ങളായ മതനിരപേക്ഷതയും ബഹുസ്വരതയും സഹിഷ്ണുതയും കൈമോശം വരികയാണോ എന്ന ആശങ്ക പെരുകുകയാണിപ്പോൾ.
ഈ നിർഭാഗ്യ സാഹചര്യമുണ്ടാക്കുന്നതിൽ വിദ്വേഷപ്രസംഗങ്ങൾക്കു കാര്യമായ പങ്കുണ്ടുതാനും.
രാഷ്ട്രീയ നേതാക്കൾമാത്രമല്ല, ഉത്തരവാദപ്പെട്ട ഭരണസ്ഥാനങ്ങൾ വഹിക്കുന്നവർപോലും വിദ്വേഷ പ്രസംഗങ്ങൾ നടത്തിവരുന്നത് മൂല്യങ്ങളുടെ അനുപമമായ ശോഭകൊണ്ട് തലയുയർത്തിനിൽക്കുന്ന ഈ രാഷ്ട്രത്തിനുതന്നെ നാണക്കേടാണെന്നതിൽ സംശയമില്ല. പൊതുരംഗത്തുള്ളവർ നടത്തുന്ന വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ സമീപകാലത്തായി സുപ്രീം കോടതി കർശന ഇടപെടലുകൾ നടത്തിവരികയാണ്. ഒരു വിഭാഗത്തിനെതിരെ വിദ്വേഷം വളർത്താമെന്നതു മാത്രമാണ് ഇത്തരം പ്രസംഗങ്ങൾകൊണ്ടുള്ള പ്രയോജനമെന്നു കോടതി പറഞ്ഞതു നാലു വർഷംമുൻപാണ്. ബഹുസ്വരതയിൽ അധിഷ്ഠിതമായ ജനാധിപത്യസംവിധാനത്തിൽ തുല്യത നിഷേധിക്കലാണ് വിദ്വേഷ പ്രസംഗങ്ങളിലൂടെ സംഭവിക്കുന്നതെന്നും അന്നു കോടതി ഓർമിപ്പിച്ചിരുന്നു. മതനിരപേക്ഷ രാജ്യമെന്ന നിലയിൽ, ഇന്ത്യയിൽ വ്യത്യസ്ത മതവിഭാഗങ്ങൾക്കു സൗഹാർദത്തോടെ ജീവിക്കാൻ കഴിയുന്നില്ലെങ്കിൽ ഇവിടെ സാഹോദര്യം സാധ്യമാകില്ലെന്നു സുപ്രീം കോടതി നിരീക്ഷിച്ചു . പൊതുതിരഞ്ഞെടുപ്പുകാലത്ത് അങ്ങേയറ്റം കടുത്ത വിദ്വേഷ പ്രസംഗങ്ങൾ രാജ്യത്തിനു കേൾക്കേണ്ടിവന്നു. രാജസ്ഥാനിൽ 2024 ഏപ്രിൽ 21നു മോദി നടത്തിയ പ്രസംഗം തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്നും മതസ്പർധ വളർത്തുന്നതാണെന്നും ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. സമൂഹത്തിൽ ഭിന്നിപ്പിനു കാരണമാകുന്ന പരാമർശങ്ങൾ പെരുമാറ്റച്ചട്ടത്തിന്റെയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 എ വകുപ്പിന്റെയുമുൾപ്പെടെ ലംഘനമാണ് .മതാടിസ്ഥാനത്തിലുള്ള വേർതിരിവിന്റെ രാഷ്ട്രീയവും അതു പ്രകടമാക്കുന്ന വാക്കുകളും തിരഞ്ഞെടുപ്പു കാലത്തുമാത്രമല്ല, ഒരിക്കലും പ്രയോഗിക്കാൻ പാടില്ലാത്തതാണ്. ഇന്ത്യ മതനിരപേക്ഷ രാഷ്ട്രമാണെന്ന വസ്തുത സൗകര്യപൂർവം മറക്കാനുള്ളതല്ല, ഏതു കാലത്തും ഏതു സാഹചര്യത്തിലും അഭിമാനത്തോടെ ഓർമിക്കാനുള്ളതാണ്.
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment