Pages

Thursday, May 16, 2024

മഹത്വം വളരുന്ന വഴികൾ.

 

മഹത്വം വളരുന്ന വഴികൾ.




അസാധാരണമായ നേട്ടങ്ങൾക്ക് പിന്നിലെ രഹസ്യം, ഒന്നുകിൽ സമൂഹത്തോടുള്ള
അവാച്യമായ സ്നേഹം അല്ലെങ്കിൽ ലക്ഷ്യങ്ങളോടുള്ള അടങ്ങാത്തഅഭിനിവേശം. അതാണ് അസാധ്യമെന്നു തോന്നുന്നവയെ സാധ്യമാക്കുന്നത്. മനുഷ്യനു മുന്നിൽ എവറസ്റ്റ് കീഴടങ്ങിയതും ചന്ദ്രനിൽ മനുഷ്യന്റെ പാദസ്പർശം ഏറ്റതും ചന്ദ്രനിൽ നിന്ന് നോക്കിയാൽ കാണാവുന്ന വൻമതിൽ ചൈനയിൽ ഉയർന്നതിന് പിന്നിലും അദൃശ്യമായ ഊർജ്ജത്തെ സ്വാധീന വലയത്തിലാക്കിയവരുടെ വിജയമാണ്.നേതാവ് എന്ന വിളിക്ക് അവർ മാത്രമാണ് അർഹരായവർ. എന്നാൽ ഇവരുടെ ആരുടെയും കുട്ടിക്കാലത്ത് ഇവരുടെ മഹത്വം തിരിച്ചറിയുവാൻ ബന്ധുക്കൾക്കോ സമൂഹത്തിനൊ സാധിച്ചിരുന്നില്ല. സ്വപ്രയത്നവും അചഞ്ചലമായ ലക്ഷ്യബോധവും കഠിനാധ്വാനവുമാണ്ഇവർക്ക് മഹിമയും അംഗീകാരവും നേടിക്കൊടുത്തത്. മദർ തെരേസയുടെ നേതൃത്വ വിജയത്തിന്റെ രഹസ്യം എന്തെന്ന ചോദ്യത്തിന്,
" വലിയഇഷ്ടത്തോടെ യുള്ള ചെറിയ പ്രവൃത്തികൾ"(Small work with great love ). എന്നായിരുന്നു വിനയത്തോടെ, ശിശു സഹജമായ ആവേശത്തോടെ മദർ നൽകിയ മറുപടി.

എല്ലാവരാലും അവഗണിക്കപ്പെട്ട്, കുരുത്തം കെട്ടവർ എന്ന പേർ സമ്പാദിച്ച് ഭാവിയിൽ അമേരിക്കൻ പ്രസിഡന്റുമാരായവരാണ് ജോർജ് വാഷിംഗ്ടൺ, എബ്രഹാം ലിങ്കൺ, ഹാരി എസ് ട്രൂമാൻ എന്നിവർ. ഷേക്സ്പിയർ, എഡിസൺ, ചാൾസ് ഡിക്കൻസ്, മാക്സിം ഗോർക്കി, കേശവദേവ്, ബഷീർ, ബർണാഡ് ഷാ, ജോസഫ് കോൺറാഡ്, കിപ്ലിങ്ങ്, ഹെമിങ്വേ, വെർജീനിയ വുൾഫ്,
പി കുഞ്ഞിരാമൻനായർ,
കുട്ടികൃഷ്ണമാരാർ തുടങ്ങി എത്രയോ പ്രതിഭകളുടെ സാഹിത്യകൃതികൾ ഇന്ന് കോളേജ് ക്ലാസുകളിൽ പഠനത്തിനുള്ള പുസ്തകങ്ങളാണ്, അവർ കുട്ടികൾക്ക്റിസർച്ചിനുള്ള വിഷയങ്ങളാണ് ! പക്ഷേ ഇവരിൽ പലർക്കും പ്രാഥമിക സ്കൂൾ വിദ്യാഭ്യാസം മാത്രമേ ലഭിച്ചിരുന്നുള്ളൂ. മറ്റു ചിലർക്ക് കലാശാലാ വിദഭ്യാസം നേടാൻ സാധിച്ചിരുന്നില്ല. പ്രിയപ്പെട്ടവരിൽ നിന്നുപോലും വേദനാജനകമായ അവഗണനയും കുറ്റപ്പെടുത്തലും മാത്രം ലഭിച്ചപ്പോൾ ലക്ഷ്യത്തിലെത്താനുള്ള നിശ്ചയദാർഢ്യവും കഠിനാധ്വാനവും മാത്രമേ ഇവർക്ക് കൈമുതലായി ഉണ്ടായിരുന്നുള്ളൂ.
ബോംബെയിൽ ജനിച്ച ഭരതനാട്യം ഡാൻസർ സുധാചന്ദ്രന്
ഒരപകടത്തിൽ കാൽ നഷ്ടപ്പെട്ടിട്ടും പൊയ്ക്കാലിൽ മനോഹരമായി നൃത്തം ചവിട്ടുന്നു. മഹാനായ ജർമൻ സംഗീതജ്ഞൻ ബീഥോവൽ ബധിരനായിരുന്നു. സ്വരങ്ങളുടെ ഇന്ദ്രജാലം അദ്ദേഹം എങ്ങനെ മനസ്സിലാക്കി എന്നത് ഒരു പ്രഹേളിക തന്നെ. മഹാനായ ഇംഗ്ലീഷ് കവി ജോൺ മിൽട്ടൺ അന്ധനായിരിക്കുമ്പോഴാണ് സുപ്രധാന കൃതികൾ രചിച്ചത്. ഗ്രീക്ക് മഹാകവി ഹോമറും അന്ധനായിരുന്നു. അമേരിക്കൻ പ്രസിഡന്റ് ഫ്രാങ്ക്ലിൻ ഡി റൂസ് വെൽറ്റിന്റെ രണ്ട് കാലുകളും 39 ആം വയസ്സിൽ പോളിയോ ബാധിച്ച തളർന്നു പോയിരുന്നു. പ്രസിദ്ധ സ്പാനിഷ് സാഹിത്യകാരനായ സെർവാന്റിസിന്റെ ഇടതു കൈ ഒരു യുദ്ധത്തിൽ നഷ്ടപ്പെട്ടിരുന്നു. അമേരിക്കൻ സാഹിത്യകാരി ഹെലൻ കെല്ലർ രണ്ടാം വയസ്സിൽ അന്ധയും ബധിരയും മൂകയുമായിരുന്നു. ഇങ്ങനെ ജീവിതത്തിൽ വൈകല്യങ്ങൾ നേരിട്ട എത്രയോ പേർ..... ശാരീരിക വൈകല്യങ്ങൾ ഒന്നും ഇവരുടെ ആരുടെയും സ്വപ്നങ്ങളെയോ കഠിനാധ്വാനത്തെയോ പ്രശസ്തിയേയോ ഇല്ലാതാക്കാൻ മതിയാകുമായിരുന്നില്ല.
പ്രസിദ്ധതത്വചിന്തകൻ ബെർട്രൻഡ് റസൽ തന്റെ 94 ആം വയസ്സിൽ ലോകസമാധാനത്തിനു വേണ്ടി കർമ്മകുശലനായി രംഗത്തുണ്ടായിരുന്നു. ബെർണാഡ്ഷാ 93 ആം വയസ്സിലും നാടക രചന നടത്തുകയുണ്ടായി. തൊണ്ണൂറാം വയസ്സിലും ചിത്രരചനയിൽ ഏർപ്പെടാൻ വിശ്വചിത്രകാരനായ പിക്കാസോയ്ക്ക് കഴിഞ്ഞു, ഇംഗ്ലണ്ടിലെ പ്രഗൽഭനായ പ്രധാനമന്ത്രി സർ വിൻസ്റ്റൺ ചർച്ചിൽ 82 ആം വയസ്സിലാണ് ഇംഗ്ലണ്ടിന്റെ ചരിത്രം എഴുതിയത്. അതെ, ലക്ഷ്യം നെഞ്ചിലെ കനലായി സൂക്ഷിക്കു
ന്നവരുടെ മുന്നിൽ പ്രായവും അടിയറവു പറയും. കാലം പോലും ഇവരുടെ മുന്നിൽ തോറ്റു കൊടുക്കുന്നു.
ചെറിയതരം ജോലിയിൽ ഏർപ്പെടുന്നത് ഔന്നത്യത്തിലേക്കുള്ള വഴിക്ക് ഒരിക്കലും തടസ്സമാവില്ലെന്ന് ചരിത്രം സാക്ഷി. ഹിറ്റ്ലറുടെ ആദ്യത്തെ പണി പോസ്റ്ററുകൾ വരയ്ക്കുകയായിരുന്നു. ആൽബർട്ട് ഐൻസ്റ്റീൻ ആദ്യം ഒരു ഓഫീസ് ഗുമസ്തനായിരുന്നു. ജെയിംസ് ബോണ്ടായി അഭിനയിച്ചു പേരെടുത്ത ഷാൻ കോണറി എന്ന അതുല്യ നടൻ ഒരു ലോറി ഡ്രൈവർ ആയിരുന്നു. മറ്റൊരു ലോറി ഡ്രൈവർ എൽവിഡ്പ്രസിലി ലോകം മുഴുവൻ ആരാധിക്കുന്ന ഗായകനായിരുന്നു. അമേരിക്കൻ എഴുത്തുകാരൻ വില്യം ഫോക്നറുടെ തൊഴിൽ വീടുകൾക്ക് പെയിന്റടി ആയിരുന്നു. അമേരിക്കൻ അഭിനയത്രിയും ഗായികയുമായിരുന്ന മാദകറാണി മരിലിൻ മൺറോ ഒരു ഫാക്ടറി തൊഴിലാളി ആയിരുന്നു.... അങ്ങനെ എത്രയോ മഹാത്മാക്കൾ... ഏത് ജോലിക്കും അതിന്റേതായ മാന്യതയുണ്ടെന്നു കരുതിയവർ.....
ഇങ്ങനെയുള്ള ദൃഢചിത്തരുടെ മുന്നിൽ ഒന്നും തടസ്സമാകുന്നില്ല. അവരുടെ പ്രവർത്തന മേഖലയിലെ അറിവ് ജനസാമാന്യത്തി നുതകുന്ന
സദ്പ്രവർത്തികളായി മാറുന്നു. അറിവ് സമ്പാദനത്തിന് വിനയമാണ് അനിവാര്യമായി വേണ്ടതെന്ന് ഇവരുടെ ജീവിത വിജയം വെളിവാക്കുന്നു. അപൂർണ്ണമോ അപക്വമോ ആയ അറിവ് അഹങ്കാരമായി നിലകൊള്ളുമ്പോൾ അത് സ്വന്തം നാശത്തിന് വഴിവയ്ക്കുന്നു.
ഒരു മഹാപണ്ഡിതൻ തോണിയിൽ കടത്ത് കടക്കുകയായിരുന്നു. തോണിക്കാരന് വിദ്യാഭ്യാസം നന്നെ കുറവായിരുന്നു. പണ്ഡിതൻ അയാളോട് ചോദിച്ചു, നിങ്ങൾക്ക് ഫിസിയോളജി എന്നാൽ എന്തെന്ന് അറിയാമോ?. അറിഞ്ഞുകൂടാ എന്ന് തോണിക്കാരൻ മറുപടി പറഞ്ഞപ്പോൾ, നിങ്ങളുടെ ജീവിതത്തിന്റെ കാൽഭാഗം നഷ്ടപ്പെട്ടതായി കരുതിക്കോളാൻ പണ്ഡിതൻ വിധിച്ചു. നിങ്ങൾക്ക് ഫിലോളജി എന്നാൽ എന്തെന്ന് അറിയാമോഎന്നായിരുന്നു പണ്ഡിതന്റെ അടുത്ത ചോദ്യം. തോണിക്കാരന്റെ മറുപടി അറിഞ്ഞുകൂടാ എന്നായിരുന്നു. അപ്പോൾ നിങ്ങൾക്ക് ജീവിതത്തിന്റെ പകുതിയും വ്യർത്ഥമായി എന്നായി പണ്ഡിതൻ. നിങ്ങൾക്ക് സൈക്കോളജി എന്നാൽ എന്താണെന്ന് അറിയാമോ എന്ന് പണ്ഡിതൻ ചോദിച്ചപ്പോൾ അതിനുംതോണിക്കാരന്റെ മറുപടി അറിഞ്ഞുകൂടാ എന്നായിരുന്നു. മറുപടി കേട്ട് പണ്ഡിതൻ പരിഹാസത്തോടെ പറഞ്ഞു, നിങ്ങളുടെ ജീവിതത്തിന്റെ 75 % വും വ്യർത്ഥമായി എന്ന്. അപ്പോഴേക്കും വലിയ കാറ്റും മഴയും ചുറ്റുപാടും രൂപപ്പെട്ടു. കൊടുങ്കാറ്റിൽ വള്ളം ആടിയുലഞ്ഞു. മഹാപണ്ഡിതൻ വല്ലാതെ പേടിക്കുന്നത് കണ്ട് തോണിക്കാരൻ ശാന്തനായി ചോദിച്ചു, അങ്ങേയ്ക്ക് 'നീന്തോളജി' എന്നാൽ എന്താണെന്ന് അറിയാമോ?. അറിഞ്ഞുകൂടെന്ന് നിസ്സഹായതയോടെ പണ്ഡിതൻ പറഞ്ഞപ്പോൾ തോണിക്കാരൻ ഒരു കൂസലും ഇല്ലാതെ പറഞ്ഞു, എന്നാൽ അങ്ങയുടെ ജീവിതത്തിന്റെ 100% വും പാഴായി. കാരണം, വെള്ളം കയറി തോണി മുങ്ങുവാൻ പോവുകയാണ് എന്നു പറഞ്ഞിട്ട് തോണിക്കാരൻ വെള്ളത്തിലേക്ക് ചാടി നീന്തി രക്ഷപ്പെട്ടു.
അല്പജ്ഞാനി , അറിവിന്റെ നിറകുടമാണ് താനെന്ന് ധരിച്ച് പെരുമാറുന്നതിന്റെ അപകടത്തെയാണ് സംഭവം സൂചിപ്പിക്കുന്നത്. സോക്രട്ടീസ് പറഞ്ഞതുപോലെ,തനിക്ക് എന്തറിയില്ല എന്ന തിരിച്ചറിവാണ് ഏറ്റവും വലിയ അറിവ്. അപ്പോൾ സ്നേഹവും വിനയവും താനേ വന്നുകൊള്ളും.
19--02--2024.

ഡോ.പി.എൻ.ഗംഗാധരൻ നായർ.


No comments: