യുക്തിയുടെ വിഹ്വലതകൾ.
'യുക്തി' (Logic) യുടെ പ്രയോഗം പലവിധ മാണല്ലോ.പലപ്പോഴുംഅത് വ്യക്തിപരവുമാകുന്നു. യുക്തിയുമായി ബന്ധപ്പെടുത്തി പശ്ചിമേഷ്യയിൽ
നടക്കുന്ന അതിരൂക്ഷമായ സംഘട്ടനത്തിന്റെ രസകരമായ ഒരു വിശദീകരണം അമേരിക്കൻ വാർത്താ പത്രമായ 'ദി വാഷിംഗ്ടൺ പോസ്റ്റി' ൽ
പ്രസിദ്ധീകരിച്ചത് ഇപ്രകാരമായിരുന്നു:
ജോർദാൻ നദിയുടെ പടിഞ്ഞാറേക്കരയിൽ ശാന്തമായി ഉറങ്ങിക്കൊണ്ടിരുന്ന ഒരു തവളയുടെ അടുത്തേക്ക് ഉഗ്രവിഷം വമിച്ചുകൊണ്ടിരുന്ന ഒരു തേൾ ഇഴഞ്ഞടുക്കുന്നു. തുടർന്ന് തവളയോട് വളരെ താഴ്മയായി അപേക്ഷിച്ചു: "നീന്താൻ ഒട്ടും പരിചയമില്ലാത്ത എന്നെ താങ്കളുടെ പുറത്തു കയറ്റി ഈ
നദിക്കക്കരെ ഒന്ന് എത്തിക്കാമോ ? കൂട്ടുകാർ അവിടെ എന്നെ കാത്തു നിൽക്കുന്നു". സാമാന്യബോധം കൈമുതലായുള്ള തവള തേളിന്റെ ഈ അഭ്യർത്ഥന നിരസിച്ചു കൊണ്ട് പറഞ്ഞു :"തീക്ഷ്ണ വിഷവും പേറി നടക്കുന്ന നീ നടുക്കായലിൽ വെച്ച് എന്റെ പുറത്തൊരു കുത്തു തന്നാൽ ഞാൻ എന്തു ചെയ്യും?". ആശ്ചര്യം പ്രകടിപ്പിച്ചുകൊണ്ട് തേള് മറുപടി നൽകി, "ഞാൻ അത്രയുംമoയനാണെന്നാണോ നിന്റെ വിചാരം. എന്റെ വിഷബാധയേറ്റ് നീ മരിച്ചു കഴിഞ്ഞാൽ എന്റെ ഗതിയും അതുതന്നെ യായിരിക്കില്ലേ?. അത് അറിഞ്ഞുകൊണ്ട്
ഞാൻ നിന്നെ കുത്തി ക്കൊല്ലുമെന്ന് നീ വിചാരിക്കുന്നോ?".
തേളിന്റെ വാദഗതി യുക്തിപരമായി ശെരിയെന്ന് തോന്നിയതുകൊണ്ട് തേളിനെയും മുകളിലേറ്റി തവള വെള്ളത്തിലേക്ക് ചാടി. മന്ദം മന്ദം ഒരു മൂളിപ്പാട്ടുമായി തവള മുന്നോട്ട് നീന്താൻ
തുടങ്ങി. നദിയുടെ
നടുവിലെത്തിയതും തവളയുടെ മുതുകെല്ല് നോക്കി തേള് ഒരു കുത്ത് കൊടുത്തു. മരണവെപ്രാളത്തോടെ വെള്ളത്തിൽ താഴുമ്പോൾ തന്നോടൊപ്പം മുങ്ങിമരിച്ചുകൊണ്ടിരുന്ന തേളിനോട് തവള അവസാനമായി ചോദിച്ചു,
"ചാകുന്നതിനുമുമ്പ് ഒരു കാര്യമറിയാൻ എനിക്ക് ജിജ്ഞാസ. നീ ഇപ്പോൾ ചെയ്ത ക്രൂരകൃത്യത്തിന് എന്ത് ന്യായവും യുക്തിയുമാണുള്ളത് ?". മരണം നേരിൽ കണ്ടുകൊണ്ടിരുന്ന തേളിന്റെ ഉത്തരം ഇതായിരുന്നു,"സ്നേഹിതാ നാം ജീവിക്കുന്നത് മദ്ധ്യപൗരസ്ത്യ ദേശത്താണെന്നോ ർക്കണം. പുരാതനകാലം മുതൽ ഇവിടെ നിലവിലുള്ള യുക്തിയും ന്യായവും ഒക്കെ ഇതുതന്നെ. ഇതിനപ്പുറം ഒരു യുക്തിയും ഇവിടില്ല ".
ഓ, ഇതാണ് പശ്ചിമേഷ്യൻ യുക്തി എന്നു പറയുന്നത് !
അഹംബുദ്ധി വരുത്തുന്ന വിനാശത്തെക്കുറിച്ച് റഷ്യൻ എഴുത്തുകാരൻ ചെക്കോവ് തന്റെ പ്രസിദ്ധ കഥയായ 'ആർട്ടിസ്റ്റ് 'ൽ പ്രതിപാദിക്കുന്നുണ്ട് :
പ്രസിദ്ധനായ ഒരു പ്രതിമനിർമ്മാതാവ്. അയാളുടെ പ്രതിമകളെല്ലാം ജീവനുള്ളവയാണെന്ന പ്രതീതി ജനിപ്പിക്കുന്ന
വയായിരുന്നു. കഥയിലെ ഈ ശില്പിയിൽ നിന്നും ഒരു ഡോക്ടർക്ക് ഒരു നഗ്ന സ്ത്രീയുടെ പ്രതിമ ലഭിച്ചു. പ്രതിമയെ മേശപ്പുറത്ത് വച്ചപ്പോൾ അത് അവിടെ നിന്നിറങ്ങി മുറിയിലേക്ക് ഓടി നടക്കുന്ന പ്രതീതിയാണ് ഡോക്ടർക്ക് അനുഭവപ്പെട്ടത്. അത്രയ്ക്ക് ജീവാംശം ഉള്ളതായിരുന്നു പ്രതിമ. കാലം കുറെ കഴിഞ്ഞു. ശില്പി വൃദ്ധനായി.താൻ മരിക്കാറായി എന്ന തോന്നൽ അദ്ദേഹത്തെ വല്ലാതെ അസ്വസ്ഥനാക്കി.
മരിക്കാൻ അദ്ദേഹത്തിന്
ആഗ്രഹമില്ലായിരുന്നു. അതുകൊണ്ട് അയാൾ മരണത്തെ
കബളിപ്പിക്കാൻ ഒരു യുക്തി കണ്ടുപിടിച്ചു. തന്റെ രൂപമുള്ള ധാരാളം പ്രതിമകൾ ഉണ്ടാക്കിയിട്ട് ഒന്നിന്റെ പിറകിൽ അയാൾ ഒളിച്ചിരുന്നു. എല്ലാ പ്രതിമകളും ശില്പിയുടെ രൂപത്തിലും,
അവക്കെല്ലാം ജീവനുള്ളതായും തോന്നുമായിരുന്നു.അവസാനം മരണം എത്തി. ജീവൻ ഉണ്ടെന്നു തോന്നിക്കുന്ന പ്രതിമകളിൽ ഏതാണ് യഥാർത്ഥ ശില്പി എന്ന് മരണത്തിന് കണ്ടുപിടിക്കാൻ സാധിച്ചില്ല. താൻ തോറ്റെന്നു തോന്നിയപ്പോൾ അറ്റ കൈക്ക് മരണം ഒരു വിദ്യ പ്രയോഗിച്ചു. തന്റെ സൃഷ്ടിയെ ആരെങ്കിലും കുറ്റം പറയുന്നത് ഒരു കലാകാരനും സഹിക്കില്ല. "പ്രതിമകൾക്ക് ഒരു ന്യൂനതയേ ഉള്ളൂ" എന്ന് മരണം പറഞ്ഞപ്പോൾ, "എന്താണത് " എന്ന് ചോദിച്ചു കൊണ്ട് ശില്പി ഒരു പ്രതിമയുടെ പിറകിൽ നിന്നും എഴുന്നേറ്റു. അതോടെ മരണത്തിന്റെ ജോലി അനായാസേന കഴിഞ്ഞു.
ഇപ്രകാരം ഈഗോ പ്രതിഫലിക്കുന്ന യുക്തി വിശേഷം ഏതു വ്യക്തിയെയും നശിപ്പിക്കും.
ക്രിസ്തുവിന് മുമ്പ് മൂന്നാം ശതകത്തിൽ ഗ്രീസിൽ ജീവിച്ചിരുന്ന ഒരു തത്വചിന്തകനായിരുന്നു പൈറോ. സംശയ വാദത്തിന്റെ ഉപജ്ഞാതാവായിരുന്നു അദ്ദേഹം. സംശയവാദികൾക്ക് ഒന്നിലും കടുത്ത വിശ്വാസമില്ല. എല്ലാത്തിലും സംശയം മാത്രം. സംശയമാണ് അവരുടെ യുക്തിയെന്നു പറയാം. ദൈവം ഉണ്ടോ ഇല്ലയോ എന്ന് ചോദ്യത്തിന് "തൽക്കാലം ഞങ്ങൾക്കറിയില്ല" എന്നായിരിക്കും അവരുടെ മറുപടി.
ഒരു ദിവസം പൈറോ തന്റെ ഗുരുവിനോടൊപ്പം യാത്ര ചെയ്യവേ ഒരു ചതുപ്പ് പ്രദേശത്തിന് അടുത്തുനിന്നും വെള്ളം കുടിക്കാനായി ഗുരു മുന്നോട്ട് നീങ്ങവേ തെന്നി പെട്ടെന്ന് ചതിപ്പിൽ വീണ് താഴാൻ തുടങ്ങി. സംശയവാദിയായ പൈറോ തന്റെ ഗുരുവിനെ രക്ഷിക്കാൻ മതിയായ കാരണം ഇല്ലാത്തതിനാൽ അത് വേണ്ടെന്ന് തീരുമാനിച്ചു. ഗുരു ചതുപ്പിൽ മുങ്ങിത്താഴുകയായിരുന്നു.ഗുരുവിന്റെ നിലവിളി കേട്ട് ആളുകൾ ഓടിക്കൂടി. അവരുടെ കുറെ നേരത്തെ പരിശ്രമത്തിന്റെ ഫലമായി അദ്ദേഹത്തെ രക്ഷിച്ചു. ശിഷ്യന്റെ ഉത്തരവാദിത്വമില്ലാത്ത പെരുമാറ്റം കണ്ട് അവർ അയാളെ ശകാരിച്ചു. അപ്പോൾ ഗുരു എഴുന്നേറ്റിരുന്നു കൊണ്ട് പറഞ്ഞു, " ഇവനാണ് എന്റെ യഥാർത്ഥ ശിഷ്യൻ. എന്നെ രക്ഷിക്കുന്നതാണ് നല്ലതെന്ന് കാണിക്കാൻ ശാസ്ത്രീയമായി തെളിവുകളൊന്നുമില്ല.
എന്നാൽ നിങ്ങൾ ഒന്നും ചിന്തിക്കാതെ പെട്ടെന്നുണ്ടായ വികാരത്തിന് അടിമപ്പെട്ടതുകൊണ്ടാണ് നിങ്ങൾക്ക് എന്നെ രക്ഷിക്കാൻ തോന്നിയത്. അത് ശരിയായ പ്രവൃത്തിയായിരുന്നില്ല". രക്ഷിച്ചവരെ കുറ്റം പറഞ്ഞുകൊണ്ട് ഗുരുവും ശിഷ്യനും യാത്ര തുടർന്നു.
എന്തായാലും ഇതൊരു വല്ലാത്ത യുക്തി പ്രയോഗം തന്നെ !
ഏത് വിഷയത്തിലും കാര്യകാരണ ബന്ധം കണ്ടെത്തുകയും ആവിഷ്കരിക്കുകയും ചെയ്യുന്ന പ്രക്രിയയാണല്ലോ യുക്തി. എന്നാൽ എതിരാളികളുടെ വാദം അസംബന്ധമെന്ന് വരുത്തിതീർക്കുന്ന തരത്തിലുള്ള അവതരണം യുക്തിചിന്തയ്ക്ക് ചേർന്നതല്ല. അത് യുക്തി വൈകല്യമായതിനാൽ യുക്തിസഹമായി പെരുമാറുക എന്നത് ഒരു വെല്ലുവിളി തന്നെയാണ്. ഓരോരുത്തരുടെയും അറിവിന്റെ പരിമിതി അനുസരിച്ച് ആ
യുക്തിചിന്തയിലൂടെ കണ്ടെത്തുന്ന നിഗമനങ്ങൾ ശരിയോ തെറ്റോ ആകാം.
26--02--2024.
ഡോ.പി.എൻ.ഗംഗാധരൻ നായർ.
No comments:
Post a Comment