സ്ത്രീധന പീഡനം പാഠം പഠിക്കാതെ മലയാളികൾ
പ്രൊഫ്. ജോൺ കുരാക്കാർ
കേരളത്തിൽ സ്ത്രീധന പീഡനം അനുദിനം വർദ്ധിക്കുന്നു. കണക്കുകൾ മലയാളികളെ അസ്വസ്ഥരാക്കുന്നില്ല .ബിഎഎംഎസ് വിദ്യാർത്ഥിനിയായ വിസ്മയ ഭർത്താവിന്റെ പീഡനം സഹിക്കവയ്യാതെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച കേസിൽ കിരൺ കുമാറിന് 10 വർഷം ശിക്ഷ ലഭിച്ചു
സ്ത്രീധനം കൊടുക്കാത്തതിന്റെ പേരിൽ ഭർത്താവിൽ നിന്ന് നിരന്തരം പീഡനങ്ങൾ നേരിട്ട് സ്വയം ജീവനൊടുക്കിയ സ്ത്രീകളുടെ കണക്കുകൾ വിസ്മയയോടെ അവസാനിക്കുന്നില്ല. കേരളത്തിൽ സ്ത്രീധന പീഡനങ്ങൾ അനുദിനം വർദ്ധിക്കുന്നു എന്ന റിപ്പോർട്ടുകളാണ് പോലീസ് ക്രൈം റെക്കോർഡ് ബ്യൂറോ കണക്കുകൾ വ്യക്തമാക്കുന്നു.
ഭർതൃവീടുകളിൽ എല്ലാം സഹിച്ചും ക്ഷമിക്കച്ചും ജീവിക്കുന്ന സ്ത്രീകളാണ് ഇതിൽ ഏറിയ പങ്കും. സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും ഒരുപോലെ കുറ്റകരമാണെന്ന് വ്യക്തമാക്കുന്ന സ്ത്രീധന നിരോധന നിയമം 1961 ൽ തന്നെ പ്രാബല്യത്തിൽ വന്നെങ്കിലും ഇന്നും സ്ത്രീധനം ചോദിക്കാനും കൊടുക്കാനും ആർക്കും മടിയില്ല. ‘അന്തസ്സിന് ചേർന്ന’ രീതിയിൽ മകളെ കല്യാണം കഴിപ്പിച്ചയക്കാൻ ധിറുതി കൂട്ടുന്ന മാതാപിതാക്കൾ ഈ സ്ത്രീധനത്തിന്റെ പകുതി തുക അവർക്ക് വിദ്യാഭ്യാസവും നല്ല ജോലിയും നേടിക്കൊടുക്കാൻ വിനിയോഗിച്ചാൽ ഇത്രയധികം സ്ത്രീധന പീഡനങ്ങൾ നടക്കില്ലെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
ഏതാനം ദിവസം മുൻപ് കോഴിക്കോട് പന്തീരാങ്കാവിലെ ഭർതൃവീട്ടിൽ നവവധു നേരിട്ട കൊടിയ പീഡനങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകൾ ആശങ്കാജനകമായൊരു ചോദ്യം പൊതുസമൂഹത്തിനു മുന്നിലുയർത്തുന്നു– ഇപ്പോഴും നാം ജീവിക്കുന്നതു പതിറ്റാണ്ടുകൾ പിന്നിലാണോ ? സ്ത്രീധന പീഡനത്തിനിരയായി മരിച്ച വിസ്മയയുടെയും വിവാഹത്തിനു മുൻപേ ജീവിതം അവസാനിപ്പിക്കേണ്ടിവന്ന ഡോ. ഷഹാനയുടെയും അതുപോലുള്ള ഒട്ടേറെ മറ്റു യുവതികളുടെയും സമീപകാല ദുരന്തകഥകളിൽനിന്നു നാം ഒന്നും പഠിക്കുന്നില്ലെന്നാണോ ?
ഈമാസം അഞ്ചിനാണ് എറണാകുളം പറവൂർ സ്വദേശിനിയും കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയും വിവാഹിതരായത്. ഏഴാം ദിവസം വരന്റെ വീട്ടിൽ സൽക്കാരത്തിനെത്തിയപ്പോഴാണ് മകൾ നേരിട്ട കടുത്ത ശാരീരികപീഡനങ്ങളെക്കുറിച്ചു മാതാപിതാക്കൾ അറിഞ്ഞത്. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടു ഭർത്താവ് പാതിരാത്രി ക്രൂരമായി മർദിക്കുകയും കഴുത്തിൽ കേബിൾ കുരുക്കി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തതായി യുവതി പിന്നീടു മൊഴി നൽകി. മകൾക്കു വിവാഹവേളയിൽ 70 പവനും രണ്ടര ലക്ഷം രൂപയുമാണു നൽകിയതെന്നു പിതാവ് വെളിപ്പെടുത്തിയിട്ടുണ്ട്. 150 പവനെങ്കിലും കിട്ടാൻ തനിക്ക് അർഹതയുണ്ടെന്നു പറഞ്ഞായിരുന്നു ഭർത്താവിന്റെ പീഡനമെന്നു യുവതിയുടെ മൊഴിയിൽ പറയുന്നു.
നിയമനടപടികൾക്കപ്പുറത്ത്, ഈ പുതുതലമുറക്കാലത്തും സ്ത്രീധനപീഡനം തുടരുന്നതിന്റെ സാമൂഹിക കാരണങ്ങൾ കൂടി നാം പരിശോധിക്കേണ്ടതുണ്ട്. വിദ്യകൊണ്ടു പ്രബുദ്ധരാകാൻ ആഹ്വാനം ചെയ്ത നവോത്ഥാന നായകരുടെ നാട്ടിൽ വിദ്യാഭ്യാസയോഗ്യത സ്ത്രീധനവിപണിയിലെ അധികമൂല്യമായി മാത്രം മാറുന്ന പിന്തിരിപ്പൻ കാഴ്ചയാണ് ഇന്നുള്ളത്. ഈ സംഭവത്തിലെ വരൻ ജർമനിയിൽ എയ്റോനോട്ടിക്കൽ എൻജിനീയറാണ്. യുവതി എൻജിനീയറിങ് ബിരുദാനന്തര ബിരുദധാരിയും. ഉയർന്ന വിദ്യാഭ്യാസ യോഗ്യതപോലും സ്ത്രീകൾക്കു പരിരക്ഷയേകുന്നില്ലെന്നു ചുരുക്കം.
കുളിമുറിയിൽ വീണു പരുക്കേറ്റെന്നാണ് യുവതി മാതാപിതാക്കളോട് ആദ്യം പറഞ്ഞത്. ആവർത്തിച്ചു ചോദിച്ചപ്പോഴാണ് പീഡനവിവരം തുറന്നുപറഞ്ഞത്. മെച്ചപ്പെട്ട ജോലിയുള്ള, അഭ്യസ്തവിദ്യയായ യുവതിപോലും ഗാർഹികപീഡനം പുറത്തുപറയാൻ ഭയപ്പെടുന്ന സാഹചര്യം അത്യന്തം ഗുരുതരമാണ്.
ഏറ്റവും പുതിയ ദേശീയ കുടുംബാരോഗ്യ സർവേ പ്രകാരം, ഇന്ത്യയിലെ വിവാഹിതരായ സ്ത്രീകളിൽ 32% പേരും ഗാർഹികപീഡനം നേരിടുന്നുണ്ട്. അതിലേറെയും സ്ത്രീധനവുമായി ബന്ധപ്പെട്ടതുതന്നെ. അവരിൽ 87% പേരും ദുരിതം പുറത്തുപറയാനോ നിയമസഹായം തേടാനോ തയാറാവുന്നില്ലെന്നാണു സർവേയിലെ കണ്ടെത്തൽ. സ്ത്രീധനവിപണിയിലെ കെട്ട കാഴ്ചകളും ഗാർഹിക ഹിംസകളും കണ്ടും കേട്ടും മടുത്ത്, വിവാഹമേ വേണ്ടെന്നു തീരുമാനിച്ചു സ്വതന്ത്രജീവിതം കാംക്ഷിക്കുന്ന ചെറുപ്പക്കാരുടെ എണ്ണം കൂടി വരുന്നുണ്ടെന്ന വസ്തുതയും ഇതോടൊപ്പം ചേർത്തുവായിക്കണം.സ്ത്രീധനം മോഹിക്കുന്നവരെ ജീവിതപങ്കാളിയായി വേണ്ടെന്നു യുവതികൾ ഉറക്കെവിളിച്ചുപറയാൻ തയാറായാലേ ഈ ദുഷിച്ച സംസ്കാരത്തിൽനിന്നു നമ്മുടെ സമൂഹം രക്ഷപ്പെടൂ. അതിന് അവർ തയാറാകുമോ ?
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment