നിരീക്ഷണ വിശേഷങ്ങൾ.
പ്രതിഭാധനരായ ചില മഹത് വ്യക്തികളുടെ അനുഭവ പാഠങ്ങൾ.
1. ലഹരി പിടിപ്പിക്കുന്ന ആരാധന.
എം മുകുന്ദൻ രചിച്ച 'കേശവന്റെ വിലാപങ്ങൾ' എന്ന നോവലിന് 2003 ല് വയലാർ അവാർഡ് ലഭിക്കുകയുണ്ടായി. ചരിത്രത്തിന് മുമ്പേ നടന്ന വിശ്വ മാനവികൻ
ഇ എം എസി നെ കുറിച്ച് എഴുതിയ ഈ നോവലിന് കാവ്യ ചക്രവർത്തിയുടെ സ്മരണ നിലനിർത്തുന്ന പുരസ്കാരം ലഭിച്ചതിൽ എം മുകുന്ദൻ ഏറെ സന്തോഷിച്ചു.
ഫ്രഞ്ച്സാഹിത്യകാരൻ
സോർമാൻ (Guy Sorman) ഒരിക്കൽ ഇഎംഎസിനെ അദ്ദേഹത്തിന്റെ തിരുവനന്തപുരത്തെ വീട്ടിൽ സന്ദർശിച്ചു. ഒപ്പം മുകുന്ദനും ഉണ്ടായിരുന്നു. ഇത്രയധികം ജനസ്വാധീനം നേടിയ ഈ നേതാവിന്റെ ലളിത ജീവിതം സോർമാനെ വല്ലാതെ ആകർഷിച്ചു. ഇ എം എസി നോട് താരതമ്യം ചെയ്യാൻ തന്റെ നാട്ടിൽ ഇങ്ങനെയൊരു നേതാവില്ലെന്ന് അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചു. ഒരു കമ്മ്യൂണിസ്റ്റു കാരനായ മുകുന്ദനിൽ
ഇ എം എസി നോടുള്ള ആരാധനയെ ലഹരി പിടിപ്പിക്കുന്നതായിരുന്നു സോർമാന്റെ ഈ കമന്റ്.
കർമ്മനിരതനായ കാലം മുതൽ ആശയങ്ങൾക്ക് ജന്മം നൽകിയ പ്രതിഭയാണ് ഇഎംഎസ്. ഈ ആശയങ്ങളുടെ നടുവിൽ ഇഎംഎസിനെ പ്രതിഷ്ഠിക്കുക
യായിരുന്നു 'കേശവന്റെ വിലാപങ്ങൾ' എന്ന നോവലിന്റെ രചനയിലൂടെ മുകുന്ദൻ ലക്ഷ്യം വെച്ചിരുന്നത്.എന്നാൽ പലരും ഈ കൃതിയെ ആന്റി ഇഎംഎസ് എന്ന് വിശേഷിപ്പിച്ചു. ഇഎംഎസിനെയും പ്രസ്ഥാനത്തെയും മഹത്വവൽക്കരിക്കുന്നു എന്ന് മറ്റു ചിലർ അഭിപ്രായപ്പെട്ടു. ഇതിനൊക്കെ മറുപടിയായി അദ്ദേഹം പറഞ്ഞു :" ഇത്തരം ജല്പനങ്ങൾ എന്നെ ബാധിച്ചില്ല. കമ്മ്യൂണിസം എന്തെന്നറിയാതെ പതിനാലാം വയസ്സിൽ ചെങ്കൊടി പിടിച്ച് മുദ്രാവാക്യം വിളിച്ചവനാണ് ഞാൻ. അന്നത്തെ കുട്ടിയുടെ നിഷ്കളങ്കതയോടെയാണ് ഞാൻ ഈ നോവലിനെ സമീപിച്ചത്. 'മഞ്ഞഴിപ്പുഴ യുടെ തീരങ്ങൾ' എന്ന കൃതിയേക്കാൾ ഞാൻ 'കേശവന്റെ വിലാപങ്ങൾ' എന്നും എന്റെ സ്വകാര്യ സ്വത്തായി സൂക്ഷിക്കും".
2. ഇച്ഛാശക്തിക്ക് മുന്നിൽ വിധി കീഴടങ്ങിയ ചരിത്രസംഭവം.
"ഈ മഹാപ്രതിഭയു മൊത്ത് വേദി പങ്കിടാൻ അല്ല, അദ്ദേഹത്തിന്റെ വാക്കുകൾക്ക് കാതോർത്ത് സദസ്യരിൽ ഒരാളായിരിക്കാനാണ് എനിക്ക് താല്പര്യം". 2001ൽ അന്നത്തെ ഇന്ത്യൻ രാഷ്ട്രപതിയായി രുന്ന കെ ആർ നാരായണൻ പറഞ്ഞതാണീ വാക്കുകൾ. ഐൻസ്റ്റീൻ സ്മാരക പ്രഭാഷണം നടത്താൻ ഡൽഹിയിലെത്തിയ വിശ്വപ്രസിദ്ധ പ്രപഞ്ച ശാസ്ത്രജ്ഞൻ ഡോ. സ്റ്റീഫൻ ഹോക്കിങ്ങിന്റെ മുന്നിലാണ് രാഷ്ട്രപതി ഇങ്ങനെ വിനയാന്വിതനായത്. ന്യൂട്ടനും ഐൻസ്റ്റീനും ശേഷം ലോകത്ത് ഏറ്റവും കൂടുതൽ ആദരിക്കപ്പെടുന്ന ശാസ്ത്ര പ്രതിഭയാണ് 'കാലത്തിന്റെ ഒരു ഹൃസ്വ ചരിത്രം'(A Brief History
of Time) എന്ന ഗ്രന്ഥത്തിലൂടെ പ്രശസ്തനായ സ്റ്റീഫൻ ഹോക്കിംഗ്.
ഇരുപത്തിയൊന്നാം വയസ്സിൽ ഉണ്ടായ മോട്ടോർ ന്യൂറോൺ എന്ന മാരക രോഗമാണ് അദ്ദേഹത്തിനുള്ളിലെ പ്രതിഭയെ ഉണർത്തിയത് എന്ന് പലരും പറയാറുണ്ട്. ഈ രോഗത്തെ തുടർന്ന് ശരീരം മുഴുവൻ തളർന്നു, കണ്ണും ചെവിയും തലച്ചോറും ഒഴികെ. സഞ്ചാരം വീൽചെയറിൽ, സംസാരശേഷിയില്ല. അപ്പോഴും തന്നെക്കാൾ നിർഭാഗ്യവാന്മാരെ കുറിച്ച് ഓർത്തപ്പോൾ തനിക്ക് ഇത്രയേ സംഭവിച്ചുള്ളല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ ആശ്വാസം. തൊണ്ടയിൽ ഘടിപ്പിച്ചിട്ടുള്ള ഒരു ഉപകരണം പിടിച്ചെടുക്കുന്ന കമ്പനങ്ങൾ കമ്പ്യൂട്ടറിലൂടെ വാക്കുകളാക്കി മാറ്റുന്നതിലൂടെയാണ് ഹോക്കിംഗ് ലോകത്തോട് സംവദിച്ചിരുന്നത്. എഴുതിയ നാലുവരി കമ്പ്യൂട്ടറിലൂടെ പറഞ്ഞു തീർക്കാൻ 15 മിനിറ്റ് വേണം. ഈ മനുഷ്യന്റെ മുൻപിൽ ആണ് പ്രപഞ്ചം എങ്ങനെയുണ്ടായി, എവിടെനിന്നുണ്ടായി, പ്രപഞ്ചത്തിന് അവസാനം ഉണ്ടോ എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം തേടി ലോകം ക്ഷമയോടെ കാത്തിരുന്നത് എന്നോർക്കണം. ഏറിയാൽ ഒരു വർഷത്തെ ആയുസ്സ് മാത്രമേ ഉള്ളൂ എന്ന വിധിയെഴുത്തിനെ വെല്ലുവിളിച്ച് 76 വയസ്സ് വരെ ജീവിച്ച അദ്ദേഹം 2018 മാർച്ച് 14ന് ഈ ലോകത്തോട് വിട പറഞ്ഞു. അപാരമായ ഇച്ഛാശക്തി ഇല്ലായിരുന്നെങ്കിൽ അദ്ദേഹത്തിന് പ്രപഞ്ച രഹസ്യങ്ങൾ നമുക്ക് മുന്നിൽ അനാവരണം ചെയ്യുവാൻ സാധിക്കുമായിരുന്നില്ല.
3. ജയിൽ ശിക്ഷ ഒരവസരമാക്കിയ കഥാകാരൻ.
അമേരിക്കൻ ചെറുകഥാകൃത്ത് ആയിരുന്ന ഒ ഹെൻട്രി (O. Henry) തന്റെ ചെറുപ്പകാലത്ത് ഒരു ബാങ്കിൽ കാഷ്യര് ആയി ജോലി ചെയ്തിരുന്നു. ഒരു തവണ ബാങ്ക് കണക്കെടുപ്പ് വേളയിൽ വൻ തുക കുറവുള്ളതായി കാണപ്പെട്ടു. പണത്തിന്റെ ചുമതലയുള്ള ഹെൻട്രിയെ, ആരോ ചെയ്ത മോഷണ
ക്കുറ്റത്തിന്, ബാങ്കിന്റെ സ്വത്ത് അപഹരിച്ച കുറ്റം ചുമത്തി ജയിലിലടച്ചു. നിരപരാധിയായ തനിക്ക് ജയിലിൽ കിടക്കേണ്ടി വന്നതിനെപ്പറ്റി ചിന്തിച്ച് അതീവ ദുഃഖിതനായി. മനോവിഷമത്തിൽ നിന്നും രക്ഷനേടാനായി ജയിലിൽ വച്ചുതന്നെ കഥകളും ലേഖനങ്ങളും എഴുതുവാൻ തുടങ്ങി. ജയിൽ മോചനത്തിനു ശേഷം ഒരു ജോലിയും കിട്ടാതിരുന്ന അദ്ദേഹം എഴുത്ത് തുടരാൻ തീരുമാനിച്ചു. അങ്ങനെ അദ്ദേഹം ഒരു പ്രശസ്തനായ എഴുത്തുകാരനും
ധനവാനുമായി. അദ്ദേഹത്തിന്റെ കഥകളെല്ലാം ഒരു അപ്രതീക്ഷിത പര്യവസാനത്തിന് (Henrian Twist) പ്രസിദ്ധമാണ്.
4.വാക്കും പ്രവൃത്തിയും.
ബ്രിട്ടീഷ് ഭിഷഗ്വരനും എഴുത്തുകാരനുമായിരുന്നു തോമസ് ബ്രൗൺ. തന്റെ 'റിലീജിയൻ ഓഫ് എ ഡോക്ടർ' എന്ന ഗ്രന്ഥത്തിൽ, " നമ്മൾക്ക് വൃക്ഷങ്ങളെപോലെ വേഴ്ച നടത്താതെ സന്തതികൾക്ക് ജന്മം കൊടുക്കുവാൻ കഴിയണം. അല്ലെങ്കിൽ ലോകത്തെ നിലനിർത്താൻ വേണ്ടി ഈ ആഭാസ വേഴ്ചയല്ലാതെ വേറെ എന്തെങ്കിലും കണ്ടെത്തേണ്ടിയിരി ക്കുന്നു. വിവേകമുള്ള മനുഷ്യന്റെ ബുദ്ധിശൂന്യമായ
പ്രവൃത്തിയാണിത്", എന്നെഴുതിയ ബ്രൗൺ ഏതാനും വർഷം കഴിഞ്ഞ് വിവാഹം കഴിക്കുകയും ആ സ്ത്രീയിൽ 10 സന്താനങ്ങൾക്ക് ജന്മം നൽകുകയും ചെയ്തു !
5. ഒരു വലിയ മനസ്സിന്റെ ഉടമ.
കവി വിഷ്ണുനാരായണൻ നമ്പൂതിരി ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലിയിൽ ആയിരിക്കവേ ചീഫ് എഡിറ്റർ എൻ വി കൃഷ്ണവാര്യർ ഒരു ദിവസം പറഞ്ഞു, " മീൻ കച്ചവടത്തെക്കുറിച്ച് ഒരു പുസ്തകം എഡിറ്റ് ചെയ്യണം". വിഷ്ണുവിന്റെ മുഖത്തെ വല്ലായ്മ കണ്ട് അദ്ദേഹം ചോദിച്ചു: "അതും മനസ്സിലാക്കേണ്ടേ വിഷ്ണു ?. നിങ്ങൾ പച്ചക്കറി കഴിച്ചു കൊണ്ടിരിക്കുന്നത് ഇവർ മീൻ കച്ചവടം ചെയ്യുന്നതുകൊണ്ടാണ്".
വ്യത്യസ്ത മേഖലകളിലെ ഭാഷാപഠനം വിഷയം ആക്കേണ്ടതാണെന്ന് അന്ന് വിഷ്ണുനാരായണൻ നമ്പൂതിരിക്ക് മനസ്സിലായി. തന്നെ ഏൽപ്പിച്ച ജോലിയിൽ അദ്ദേഹം മുഴുകി അത് പൂർത്തിയാക്കുകയും ചെയ്തു.
2014 ലെ എഴുത്തച്ഛൻ പുരസ്കാരം വിഷ്ണുനാരായണൻ നമ്പൂതിരിക്ക് ലഭിച്ചപ്പോൾ, ഈ പുരസ്കാരത്തെ എങ്ങനെ വിലയിരുത്തുന്നുവെന്ന് പത്രക്കാർ ചോദിച്ചു. അപ്പോൾ അദ്ദേഹം ഇങ്ങനെ പറഞ്ഞു : " ഈ പുരസ്കാരം സി. രാധാകൃഷ്ണന്, അദ്ദേഹം രചിച്ച'തീക്കടൽ കടഞ്ഞ തിരുമധുരം' എന്ന കൃതിക്ക് കൊടുക്കേണ്ടതായിരുന്നു. ഞങ്ങൾ ഒരേ പ്രായക്കാർ. ഒരേ കാലത്ത് പഠിച്ചവർ. രാധാകൃഷ്ണൻ രണ്ട് ഖണ്ഡിക എഴുതിയാൽ മതി, അത് നിറയെ മുത്തുകളാകും." ഇതിനെപ്പറ്റി ശ്രീ സി. രാധാകൃഷ്ണൻ, വിഷ്ണുനാരായണൻ നമ്പൂതിരിയെക്കുറിച്ചുള്ള ഒരു ഓർമ്മക്കുറിപ്പിൽ ( വിഷ്ണുനാരായണൻ നമ്പൂതിരി ഓർമ്മയായത് 25 ഫെബ്രുവരി 2021ൽ) ഇങ്ങനെ എഴുതി : "തനിക്ക് എത്ര പ്രിയപ്പെട്ടവൻ ആയാലും മറ്റൊരുത്തന് വേണ്ടി ലോകത്ത് ഇന്നേവരെ ഒരു കലാകാരനും നടത്തിയിട്ടില്ലാത്ത പരസ്യപ്രസ്താവനയാണ് വിഷ്ണു തനിക്ക് എഴുത്തച്ഛൻ പുരസ്കാരം കിട്ടിയപ്പോൾ ചെയ്തത്. ഈ പ്രപഞ്ചത്തിലെ ഏത് പുരസ്കാരത്തിനും മറ്റാരെക്കാളും അർഹൻ താൻ തന്നെയാണ് എന്ന് തെളിയിക്കുകയായിരുന്നു എന്റെ വിഷ്ണു. ഇല്ല, മരണമില്ലാത്ത ഈ മഹാ ആത്മാവിനെ ഓർത്ത് ഞാൻ കണ്ണു നനയ്ക്കില്ല. നമ്മുടെ കൂടെത്തന്നെ ഇപ്പോഴും ഉണ്ടല്ലോ അമൂല്യമായ ആ സാന്നിധ്യം ".
ഈ രണ്ടു സുഹൃത്തുക്കളുടെ അപാര സ്നേഹ സാന്നിധ്യം അത്യപൂർവ്വം തന്നെ. പ്രണാമം 🙏.
15--01-2024.
ഡോ.പി.എൻ.ഗംഗാധരൻ നായർ.
No comments:
Post a Comment