Pages

Thursday, May 16, 2024

മതേതരത്വവും, മതസഹിഷ്ണുതയും

        മതേതരത്വവും, മതസഹിഷ്ണുതയും.



ദൈവത്തെ ഏത് രൂപത്തിൽ സങ്കൽപ്പിക്കണമെന്നും എങ്ങനെ ആരാധിക്കണമെന്നും ഉള്ളത് അവനവന്റെ കാര്യമാണ്. എന്റെ മതം എനിക്ക്, നിങ്ങളുടെ മതം നിങ്ങൾക്ക് എന്ന മുഹമ്മദ് നബി തിരുമേനി പറഞ്ഞു. വെള്ളമെല്ലാം സമുദ്രത്തിലേക്ക് എന്നപോലെ ഏതു ദേവനെ ആരാധിച്ചാലും അത്
പരബ്രഹ്മത്തിലെത്തും. ഈശ്വരൻ, അള്ളാ എന്ന പേരുകളൊക്കെ ശ്രീരാമന്റെ പര്യായങ്ങൾ ആണെന്ന് ഗാന്ധിജി പറയുമായിരുന്നു. അമ്പലവും പള്ളിയും ഒരേ ഈശ്വരന്റെ വീടാണെന്നും "ഈശ്വരൻ അള്ളാ തേരേനാം-- മന്ദിർ മസ്ജിദ് തേരേ വാസ്". ഇത് മനസ്സിലാകാനുള്ള സൽബുദ്ധി എല്ലാവർക്കും നൽകേണമേ എന്നാണ് ഗാന്ധിജി പ്രാർത്ഥിച്ചിരുന്നത്. വിശുദ്ധ ബൈബിളിലും ഇതിന് സമാനമായ വാക്യങ്ങൾ കാണാം. ക്രൈസ്തവ സഭാ സമൂഹത്തിന്റെ പരമാധ്യക്ഷനായിരുന്ന സെന്റ്പീറ്റർപറയുന്നു: "ദൈവത്തെ
ഭയപ്പെടുകയും നീതി പ്രവർത്തിക്കുകയും ചെയ്യുന്നവർ ഏത് ജന വിഭാഗത്തിൽ പ്പെട്ടവരായാലും അവർ ദൈവത്തിന് സ്വീകാര്യരായിരിക്കും". "വിശക്കുന്നവന് ഭക്ഷണവും അഭയാർത്ഥിക്ക് ആശ്രയവും രോഗിക്ക് ആശ്വാസവും ദുഃഖിതന് സന്തോഷവും നൽകുമ്പോൾഎനിക്കാണ് അതെല്ലാം നൽകുന്നത് " എന്ന് യേശു പറഞ്ഞു. "ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്" എന്ന് ശ്രീനാരായണഗുരു പറഞ്ഞതിന്റെയും പൊരുൾ ഇതുതന്നെയാണല്ലോ. എല്ലാറ്റിനെയും സാരവും ലക്ഷ്യവും ഒന്നുതന്നെയാണെന്നാണ് മഹാകവി ഉള്ളൂരും പറഞ്ഞത്. "ഒരൊറ്റ മതമുണ്ടുലകിന്നുയിരാം പ്രേമം.... " എന്ന കവിവചനം പ്രസിദ്ധമാണല്ലോ.
ഏത് മതത്തിൽ വിശ്വസിച്ചാലും ധർമ്മവും നീതിയും പുലർത്തി ജീവിച്ചാൽ തന്നെ അത് ദൈവഹിതം ആയി കണക്കാക്കാം.
ബൈബിളിലെ സോളമൻ രാജാവ് ധർമ്മം നീതി എന്നീ മൂല്യങ്ങൾക്ക് വേണ്ടി മാത്രം നിലകൊണ്ട രാജാവായിരുന്നു. അദ്ദേഹത്തിന്റെ പ്രവൃത്തിയിൽ തൃപ്തനായി ദൈവം പ്രത്യക്ഷപ്പെട്ട് എന്തു വരമാണ് വേണ്ടത് എന്ന് ചോദിച്ചു. അപ്പോൾ രാജാവ്, തനിക്ക്
ധർമ്മാധർമ്മങ്ങളെ തിരിച്ചറിഞ്ഞ് വിവേകത്തോടെ പ്രവർത്തിക്കാനുള്ള കഴിവ് തരേണമേ എന്നാണ് പ്രാർത്ഥിച്ചത്. ഇന്നത്തെ ഭരണാധികാരികൾ ആയിരുന്നെങ്കിൽ പണമോ പ്രതാപമോ ആയിരിക്കും ആവശ്യപ്പെടുക. മഹാഭാരതത്തിൽ ഗാന്ധാരിക്ക് തന്റെ മകൻ ദുര്യോധനൻ ചെയ്യുന്നത് അധർമ്മമാണെന്ന് അറിയാവുന്നതുകൊണ്ടാണ് 'ധർമ്മം വിജയിക്കട്ടെ' എന്ന് ആശംസിച്ചുകൊണ്ട് മകനെ യുദ്ധത്തിനായി പോകുമ്പോൾ അനുഗ്രഹിക്കുന്നത്.അതാണ് ഭാരത സംസ്കാരം. തന്നിൽ അഭയം തേടി വന്ന മഗ്ദലനമറിയയെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടവരോട്, പാപം ചെയ്യാത്തവർ കല്ലെറിഞ്ഞാൽ മതിയെന്നാണ് യേശുക്രിസ്തു പറഞ്ഞത്. ധർമ്മം പടി കടന്നുപോയ നമ്മുടെ സമൂഹത്തിലേക്ക് ധർമ്മത്തെ തിരിച്ചുകൊണ്ടുവരാനുള്ള പ്രവർത്തനത്തിലാണ് യേശുക്രിസ്തു ഏർപ്പെട്ടത്.
നിക്ഷിപ്ത താല്പര്യക്കാരാണ്
വർഗീയത (Communalism) സമൂഹത്തിൽ വളർത്തുന്നത്. ആർ റഹ്മാന്റെയും യേശുദാസിന്റെയും
എം എസ് സുബ്ബലക്ഷ്മിയുടെയും ശെമ്മാൻകുടി ശ്രീനിവാസയ്യരുടെയും പാട്ടുകൾ കേൾക്കുമ്പോൾ ആരും വർഗീയതയെ കുറിച്ച് ചിന്തിക്കാറില്ല. സഹീർഖാനെയും സച്ചിൻ ടെണ്ടുൽക്കറെയും ഒരുമിച്ചൊരു കളിക്കളത്തിൽ കാണുമ്പോൾ അവിടെ ആർക്കും വർഗീയത ഇല്ല. ഹിന്ദു മുസൽമാൻ ക്രൈസ്തവർ അണിനിരക്കുന്ന ഇന്ത്യൻ ആർമിയിലും ഇല്ല വർഗീയത. ഷാജഹാൻ പണികഴിപ്പിച്ച താജ്മഹലും, ശ്രീപത്മനാഭസ്വാമി ക്ഷേത്രം കാണാൻ വരുന്നവർക്കും ഇല്ല വർഗീയത. എന്നാൽ വിദ്യ പറഞ്ഞുകൊടുക്കുന്ന വിദ്യാലയത്തിൽ പോലും വിളക്ക് കത്തിച്ച് യോഗം ഉദ്ഘാടനം ചെയ്യാൻ തന്റെ വിശ്വാസം അനുവദിക്കുന്നില്ലന്ന്
പറയുന്ന രാഷ്ട്രീയ പ്രമുഖന്മാരാണ് നമുക്കുള്ളത്. അപ്പോൾ വർഗീയതയെ വളർത്തുന്നത് ആരാണെന്നത് വ്യക്തം.
ഇളയ ദളപതി വിജയ് ഒരു സിനിമയിൽ പറഞ്ഞതാണെങ്കിലും ഡയലോഗ് എത്രയോ ശരിയാണ് : " മുസ്ലിം സുഹൃത്ത് ഇല്ലാത്ത ഒരൊറ്റ ഹിന്ദുവോ ക്രിസ്ത്യാനിയോ ഇന്ത്യയിൽ ഉണ്ടാകില്ല. എനിക്കെന്റെ മുഹമ്മദിനെയും ജോസഫിനെയും രാമനെയും എക്കാലവും ചങ്ങാതിമാരായിതന്നെ വേണം". തിരിച്ചറിവിന്റെ ശക്തിയാണ് നമ്മുടെ സംസ്കാരത്തിന്റെ സൗന്ദര്യം.
മാർത്തോമാ സഭയുടെ സൂര്യതേജസ് ഡോ. ഫിലിപ്പോസ് മാർ
ക്രിസോർസ്റ്റം തിരുമേനി
യുടെ സന്ദർശകമുറിയിൽ ശ്രീകൃഷ്ണന്റെ ഒരു വിഗ്രഹം വെച്ചിരിക്കുന്നത് കണ്ട്അസ്വസ്ഥത പ്രകടിപ്പിച്ച ക്രിസ്ത്യൻ സഹോദരങ്ങളോട് അദ്ദേഹം പറഞ്ഞു : "വഞ്ചിയൂർ ക്ഷേത്രത്തിലെ പൂജാരിയാണ് എനിക്ക് ശ്രീകൃഷ്ണവിഗ്രഹം തന്നത്.ലക്ഷക്കണക്കിന് വിശ്വാസികൾ കൃഷ്ണനെ ദൈവമായി കാണുന്നു. അവർ ആരാധിക്കുന്ന കൃഷ്ണനെ ഞാൻ ആദരിക്കുന്നു. അഴീക്കോട് സാർ തന്ന അദ്ദേഹത്തിന്റെ ഗുരു വാഗ്ഭട സ്വാമിയുടെ പ്രതിമയും ഞാൻ സൂക്ഷിച്ചുവച്ചിട്ടുണ്ട്. നമ്മൾ ആരാധിക്കുന്നവരെ മാത്രമല്ല, ലോകം ആരാധിക്കുന്ന എന്തിനെയും ആദരിക്കാൻ ശ്രമിക്കുമ്പോൾ നാം ലോകത്തെ ആരാധിക്കുവാൻ പഠിക്കുകയാണ് ". ഇതുതന്നെയാണ് യഥാർത്ഥ മതസൗഹാർദ്ദം (Religious harmony). വീക്ഷണമാണ് ഇന്നിന്റെ ആവശ്യം.
മതവിശ്വാസം ഉള്ളവർക്ക് മതസഹിഷ്ണുത ( Religious tolerance) ആകാം. പക്ഷേ അവർക്ക് മതേതരത്വ(Secularism)മാവാൻ പറ്റില്ലല്ലോ. എന്നാൽ മത വിശ്വാസ മില്ലാത്ത വ്യക്തിക്ക് മതേതരനും മതസഹിഷ്ണുത
ഉള്ളവനും ആകാൻ പറ്റും. ഇന്ത്യാ രാഷ്ട്രത്തിന് ഭരണഘടനാപരമായി മതമില്ലാത്തതു കൊണ്ടാണ് ( ഇതുവരെ അങ്ങനെയാണല്ലോ ) ഇന്ത്യ മതേതരമായതും മതസഹിഷ്ണുത പുലർത്തുന്നതും. മൈത്രിയുടെയും മത സാഹോദര്യത്തിന്റെയും പേരിൽ നാം മറ്റു മതസ്ഥരെയും സ്വീകരിക്കുന്നു , വിവിധ ആഘോഷങ്ങളിൽ പങ്കെടുപ്പിക്കുന്നു. ദേശത്ത് സമാധാനം പുലരുവാൻ ഇത് സഹായിക്കുന്നു. പ്രവർത്തന ശൈലിയാണ് ഇന്ത്യൻ ജനാധിപത്യ ത്തിന്റെ അടിസ്ഥാന ശിലയായി പ്രവർത്തിക്കുന്നത്. എന്നാൽ പാകിസ്ഥാൻ പോലുള്ള ഒരു മത രാഷ്ട്രത്തിന് ഇന്ത്യയെപ്പോലെ ഒരിക്കലും മതേതരമാകാൻ പറ്റില്ല.
ദൈവവിശ്വാസമാണ് ധാർമികതയെസംരക്ഷിച്ചു നിർത്തുന്നതെന്ന് പറയാനാവില്ലെന്നാണ് ഇത് സംബന്ധിച്ച പഠനങ്ങളും സ്ഥിതിവിവര കണക്കുകളും സൂചിപ്പിക്കുന്നത്. കുറ്റവാളികളുടെ കൂടാരമായ ജയിലുകൾ കേന്ദ്രീകരിച്ച് നടത്തിയ പഠനങ്ങൾ തെളിയിക്കുന്നത് ശിക്ഷിക്കപ്പെട്ടവരിൽ 90% വും ദൈവവിശ്വാസികൾ ആണെന്നാണ്. അതുകൊണ്ടാണല്ലോ ജയിലുകളിൽ ആരാധനാലയങ്ങൾ സ്ഥാപിക്കുന്നത്. ജയിൽ മുറികളിൽ തടവുകാർ ഇഷ്ട ദൈവങ്ങളുടെ ഫോട്ടോ വെച്ച് പ്രാർത്ഥിക്കുന്ന വാർത്തകളും പുറത്തുവരുന്നുണ്ട്.
നമ്മുടെ സമൂഹത്തിൽ നടക്കുന്ന ക്രൂര
കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നവരെ നിരീക്ഷിച്ചാൽ ( യുദ്ധക്കെടുതികൾ ഉൾപ്പെടെ) അവരിൽ ബഹുഭൂരിപക്ഷവും സ്വാർത്ഥ താല്പര്യങ്ങൾ മാത്രമാണ് ലക്ഷ്യമിടുന്നത്. ഇത്തരക്കാരുടെ ദൈവവിശ്വാസം അവരെ തെറ്റുകൾ ചെയ്യുന്നതിൽ നിന്നും മാറി ചിന്തിക്കാൻ പ്രേരകമാകുന്നില്ല.
രണ്ടുതരം ലോക മതങ്ങളിൽ, യഹൂദമതം ക്രിസ്തുമതം ഇസ്ലാംമതം തുടങ്ങിയവ പ്രവാചക മതങ്ങളിൽപ്പെടുന്നു. ഭാരതത്തിൽ രൂപംകൊണ്ട മതങ്ങളെല്ലാം പ്രവാചകേതര മതവിഭാഗത്തിൽപ്പെടുന്നു.പ്രവാചക മതങ്ങൾ അത്യുന്നതങ്ങളിൽ വർത്തിക്കുന്ന സൃഷ്ടാവും വിധികർത്താവുമായിട്ടാണ് ദൈവത്തെ കാണുന്നത്. പക്ഷേ പ്രവാചകേതര മതങ്ങൾ ആകട്ടെ തൂണിലും തുരുമ്പിലും സകല ജീവജാലങ്ങളിലും നിറഞ്ഞുനിൽക്കുന്ന പരമ സത്യമായിട്ടാണ് ദൈവത്തെ കാണുന്നത്. രണ്ടു തരം മത സംസ്കാരങ്ങളും സമന്വയിക്കുന്ന ഒരു മതബോധമാണ് ശ്രീനാരായണഗുരുവിന് ഉണ്ടായിരുന്നത്. എല്ലാവരും എല്ലാ മതവും പഠിക്കണമെന്ന സന്ദേശമാണ് അദ്ദേഹം നൽകിയത്.
എന്നാൽ സത്യം എപ്പോഴും
അവിശ്വസനീയമാണല്ലോ.
ഇതിഹാസങ്ങളും പുരാണങ്ങളുമൊക്കെ എഴുതിയ ശേഷം രണ്ട് കൈകളും തലയിൽ വച്ച് വേദവ്യാസൻ നിലവിളിച്ച ഒരു കഥ പ്രശസ്ത സാഹിത്യകാരൻ സി രാധാകൃഷ്ണൻ പറയുന്നുണ്ട്. ഇത്രയുമൊക്കെ എഴുതിയിട്ടും ഇതല്ലേ ലോകത്തിന്റെ
സ്ഥിതിയെന്ന് വേദവ്യാസൻ വിലപിച്ചത്രേ.എല്ലാ എഴുത്തുകാരും അവരുടെ ജീവിതാന്ത്യത്തിൽ അങ്ങനെയൊരു നിലവിളിയിലാണെന്ന് അദ്ദേഹം പറയുന്നു.
22--01--2024.

ഡോ.പി.എൻ.ഗംഗാധരൻ നായർ.


No comments: