ബന്ധങ്ങളുടെ വില.
ഉജ്ജയിനിയിലെ രാജാവായിരുന്ന വിക്രമാദിത്യൻ തന്റെ പണ്ഡിത സദസ്സിനോട് പതിവുപോലെ ഒരു സംശയത്തിന് പരിഹാര നിർദ്ദേശം ആവശ്യപ്പട്ടു കൊണ്ട് ചോദിച്ചു , "എനിക്ക് വിലമതിക്കാനാവാത്ത പവിഴങ്ങളും രത്നങ്ങളും സ്വർണവും മുത്തുകളും അടങ്ങിയ ഒരു വലിയ ശേഖരമുണ്ട്. ഇതിലേതിനാണ് ഏറ്റവും കൂടുതൽ വിലപിടിപ്പുള്ളത് എന്ന് പറയാമോ ?". സദസ്സിലുണ്ടായിരുന്ന പണ്ഡിതരെല്ലാം അന്യോന്യം നോക്കി. അവരിൽ ആർക്കും ഒരു മറുപടി ഉണ്ടായിരുന്നില്ല. അപ്പോൾ രാജസദസ്സിലെ നവരത്നങ്ങളിൽ ഒരാളും പണ്ഡിതശ്രേഷ്ഠനുമായി
രുന്ന വരരുചി എഴുന്നേറ്റ് പറഞ്ഞു,"കൂടുതൽ മൂല്യം ഉള്ളത് ഇതിനൊന്നുമല്ല, അത് കുടുംബ ബന്ധങ്ങൾക്കാണ്. അച്ഛൻ, അമ്മ, മക്കൾ ഇവരൊക്കെയാണ് മറ്റെന്തിനേക്കാളും വിലപിടിപ്പുള്ളത് ". എല്ലാവരും വരരുചിയുടെ മറുപടിയിൽ സംതൃപ്തരായി.
തന്റെ ചോദ്യത്തിന് ഉചിതമായ മറുപടി നൽകിയതിനുള്ള അംഗീകാരമായി വിക്രമാദിത്യൻ മുത്തുകളുടെയും രത്നങ്ങളുടെയും ഒരു കിഴി വരരുചിക്ക് സമ്മാനമായി നൽകി. പക്ഷേ അദ്ദേഹം അത് സ്വീകരിച്ചില്ല. അതിനു കാരണമായി പറഞ്ഞത്, ഇതിനേക്കാൾ ഒക്കെ വിലയും മഹത്വവും കുടുംബ ബന്ധങ്ങൾ ക്കാണെന്നാണ്.
നമ്മൾ കേരളീയർ കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം നൽകുന്നതു കൊണ്ടാകണം നമ്മുടെ സംസ്ഥാന പക്ഷിയായി വേഴാമ്പലിനെ തിരഞ്ഞെടുത്തത്.
വേഴാമ്പൽ കുടുംബത്തിലെ അംഗമാണ് മലമുഴക്കി വേഴാമ്പൽ അഥവാ മരവിത്തലച്ചി. മലകളിൽ പ്രതിദ്ധ്വനിക്കുമാറുള്ള ശബ്ദവും ഹെലികോപ്റ്റർ പറക്കുമ്പോഴുള്ളതു പോലെ ശക്തമായ ചിറകടിയൊച്ചയും ഒക്കെയാണ് ഇവയ്ക്ക് 'മലമുഴക്കി' എന്ന പേര് ലഭിക്കാനുള്ള കാരണം.
സാധാരണ പക്ഷികളും മൃഗങ്ങളും പോളിഗാമി ( ബഹുഭാര്യാത്വം) ആണ്. എന്നാൽ വേഴാമ്പലിന്റെ ജീവിതായുസിൽ ഒരൊറ്റ ഇണ മാത്രമേ ഉള്ളൂ. ഇണ ചേർന്നശേഷം വേഴാമ്പൽ, മരത്തിൽ ഉണ്ടാക്കിയ പൊത്തിൽ പെൺപക്ഷി മുട്ടയിടുന്നു. പെൺ പക്ഷിയെ പൊത്തിലിരുത്തി ആൺ പക്ഷി തന്റെ ശരീരത്തിൽ നിന്നുള്ള ഒരു ദ്രാവകം കൊണ്ട് പൊത്ത് അടയ്ക്കുന്നു. കൊക്കിടാൻ ഒരു ദ്വാരം മാത്രമേ അതിലുണ്ടാകൂ. ആൺ പക്ഷി ഭക്ഷണം തേടിക്കൊണ്ടുവന്ന് ആ ദ്വാരത്തിലൂടെ പെൺ പക്ഷിക്ക് നൽകും.മുട്ട വിരിഞ്ഞു കഴിഞ്ഞാൽ കൊക്ക് വെളിയിലേക്കിട്ട് പെൺപക്ഷി ഒരു പ്രത്യേക ശബ്ദം പുറപ്പെടുവിക്കും. ഉടൻ ആൺപക്ഷി കൂട് കുത്തിപ്പൊളിച്ച് അവരെ സ്വതന്ത്രരാക്കും.
ഇര തേടുന്ന വഴിക്ക് അച്ഛൻപക്ഷി മരിച്ചു പോയാൽ അമ്മക്കിളിയും കുഞ്ഞുങ്ങളും കൂട്ടിൽ കിടന്ന് വിശന്ന് കരഞ്ഞ് മരിക്കും ! ഒരിക്കലും രക്ഷപ്പെടാൻ ശ്രമിക്കില്ല.
മനുഷ്യമനസ്സിൽ നീറ്റൽ ഉണ്ടാക്കുന്ന ഇവരുടെ സ്നേഹം എത്ര വലിയ പാഠമാണ് നമുക്ക് നൽകുന്നത്. നമ്മൾ നിസ്സാരമെന്നും ചെറുതെന്നും കരുതുന്നതിൽ എത്ര വലിയ പാഠമാണ് പ്രകൃതി ഒളിപ്പിച്ചു വച്ചിരിക്കുന്നത്.
ആരും നിസ്സാരമോ ചെറുതോ ആകുന്നില്ല. അവയിലെ നന്മയെയും മൂല്യങ്ങളെയും തിരിച്ചറിഞ്ഞ് മാതൃകയാക്കുന്നതാണ് മാനവികത. എന്നാൽ അത് സാധിക്കുന്നുണ്ടോ എന്ന് നമ്മൾ നമ്മളോട് തന്നെ ചോദിക്കണം.
സന്തോഷവും സ്നേഹവും ശാന്തിയും ലഭിക്കുന്ന തരത്തിലുള്ളതാകട്ടെ പുതുവർഷമായ 2024 ലെ ഓരോരുത്തരുടെയും കുടുംബ-സമൂഹ ബന്ധങ്ങൾ.
പുതുവത്സരാശംസകൾ നേർന്നുകൊണ്ട്,
സ്നേഹാശംസകളോടെ.
ഡോ.പി.എൻ.ഗംഗാധരൻ നായർ.
No comments:
Post a Comment