Pages

Monday, May 20, 2024

'"ഒരു യഥാർത്ഥ മനുഷ്യൻ".

 

'"ഒരു യഥാർത്ഥ മനുഷ്യൻ".


 

കാഷായ വസ്ത്രം ധരിക്കാതെ വെള്ള വസ്ത്രം കൊണ്ട് ലളിതമായി വേഷം ധരിച്ച സന്യാസിയായിരുന്നു കുഞ്ഞൻപിള്ളയെന്ന ചട്ടമ്പിസ്വാമികൾ.അയ്യാ വൈകുണ്ഠസ്വാമികളുടെ പിന്നാലെയാണ് നവോത്ഥാന ചരിത്രത്തിലെ ത്രിമൂർത്തികളായ ചട്ടമ്പിസ്വാമി ശ്രീനാരായണഗുരു അയ്യങ്കാളി എന്നിവരുടെ വരവ്. കേരള നവോത്ഥാന ചരിത്രത്തിലെ വേർപെടുത്താനാവാത്ത കണ്ണികളാണവർ. മനുഷ്യ സമുദായത്തിന്റെ തന്നെ സമഗ്രമായ പരിഷ്കരണമാണ് അവർ ലക്ഷ്യം വെച്ചത്. മതത്തിലെ അനാചാരങ്ങളെയും ജാതിവ്യവസ്ഥയിലെ അന്ധവിശ്വാസങ്ങളെയും വെല്ലുവിളിക്കാനും മറികടക്കാനുമുള്ള ശ്രമങ്ങളാണ് സ്വാമി

വിവേകാനന്ദൻ മുതൽ ചട്ടമ്പിസ്വാമികൾ വരെയുള്ളവരുടെ

മതനവീകരണ പ്രവർത്തനങ്ങൾ .

എന്തുകൊണ്ടോ  ചട്ടമ്പിസ്വാമികൾ

സ്വസമുദായത്തെ മുൻനിർത്തി ഒരു സംഘടനാ രൂപീകരണ

ത്തിന് ശ്രമിച്ചില്ല.എങ്കിലും ബ്രാഹ്മണ മേധാവിത്വത്തിന് അടിമപ്പെട്ട് തന്റെ സമുദായം പൊതുവിലും, സ്ത്രീകൾ പ്രത്യേകിച്ചും അനുഭവിച്ച ദുരിതങ്ങൾക്കും അനാചാരങ്ങൾക്കുമെ  തിരെ അദ്ദേഹം നിരന്തരം കലഹിച്ചുകൊണ്ടിരുന്നു.

ശൂദ്രന് വേദം പഠിക്കാൻ അവകാശമുണ്ടെന്ന് പറഞ്ഞ സ്വാമികൾ യാഗത്തെയും ചാതുർവർണ്യ വ്യവസ്ഥയെയും

തുറന്നെതിർത്തു.

സന്യാസത്തിന്റെ പരമ്പരാഗത രീതികളെ അദ്ദേഹം അവഗണിച്ചു. ജാതീകൃതമായ ഉച്ചനീചത്തങ്ങൾ അർത്ഥശൂന്യവും അശാസ്ത്രീയവുമാണെന്നുള്ള അദ്ദേഹത്തിന്റെ വാക്കുകൾ മലയാളിയുടെ ഇരുണ്ട മനസ്സിൽ വെളിച്ചം വിതറി. സ്വന്തം ജീവിതം ഒരു തപസ്യയാക്കി മാറ്റി കേരളത്തിലെ സാമൂഹ്യ പരിഷ്കരണത്തിനും നവോത്ഥാനത്തിനും വേണ്ടി ശക്തമായി പോരാടിയ മഹായോഗി ആയിരുന്ന സ്വാമികൾ 1924 മെയ് 5 ന് സമാധിയായി. സ്വാമികളുടെ മഹാസമാധി ശതാബ്ദി ആചരണ പരിപാടികൾ 'മഹാഗുരു വർഷം--2024' എന്ന പേരിൽ ആചരണ പരിപാടികൾ നടക്കുന്ന വേളയിൽ സ്വാമികളെ കുറിച്ചുള്ള ചില അപൂർവ ഓർമ്മകൾക്ക് ജീവൻ കൊടുക്കുന്നത്  ഉചിതമാണെന്ന് കരുതുന്നു.

പേട്ടയിൽ രാമൻപിള്ള ആശാന്റെ പള്ളിപ്പുരയിൽ ആയിരുന്നു കുഞ്ഞൻപിള്ളയുടെ കുട്ടിക്കാലത്തെ പഠനം. അക്കാലത്ത് പ്രധാന ഗുരുനാഥനെ സഹായിക്കുന്ന ഉപാധ്യായനെ 'ചട്ടമ്പി' (മോണിറ്റർ) എന്നാണ് വിളിച്ചിരുന്നത്. അങ്ങനെയാണ് കുഞ്ഞൻപിള്ള

ചട്ടമ്പിയായത്.  28 ആം വയസ്സിൽ കുഞ്ഞൻപിള്ള വീട് വിട്ടു. ജീവിക്കാൻ വേണ്ടിയുള്ള അലച്ചിലിൽ വടിവീശ്വരത്തുവെച്ച് ഒരു അവധൂതന്റെ ശിഷ്യനായി. അങ്ങനെ കുഞ്ഞൻപിള്ള ചട്ടമ്പിസ്വാമിയായി.

നിരന്തര സഞ്ചാരിയായിരുന്ന അദ്ദേഹം ഇടയ്ക്ക് ചെറിയ ചെറിയ ഗൃഹ സദസ്സുകളിൽ ഉള്ളവരോട് സംവദിക്കുകയും വാദപ്രതിവാദങ്ങൾ നടത്തുകയും ചെയ്തിരുന്നു.  സദസ്സുകളിൽ മഹാപണ്ഡിതന്മാർ കവികൾ കലാകാരന്മാർ ചരിത്രകാരന്മാർ സാധുജനങ്ങൾ എല്ലാവരും പങ്കെടുത്തിരുന്നു. സഞ്ചാരത്തിനിടയിൽ, 1892 ഇടപ്പള്ളിയിൽ വച്ച് നടന്ന വിദ്വൽ  സദസ്സിൽ, അക്കാലത്ത് കേരളം സന്ദർശിച്ച സ്വാമി വിവേകാനന്ദൻ പങ്കെടുക്കുകയും അദ്ദേഹം

വളരെക്കാലമായി പരിഹാരമാകാതെ കൊണ്ടുനടന്ന സംശയം-- 'ചിന്മുദ്ര' എങ്ങനെയാണ് ആധ്യാത്മിക സാധനയ്ക്ക് ഉപകരിക്കുന്നത് ?  എന്ന ചോദ്യത്തിന് ചട്ടമ്പിസ്വാമികൾ കൈവിരലുകളിൽ ചിന്മുദ്ര കാണിച്ചുകൊണ്ട് വിശദീകരിച്ചു കൊടുത്തു. വിവേകാനന്ദൻ ഉടൻതന്നെ ചിന്മുദ്ര പിടിച്ച് ധ്യാനനിരതനായി.ഒരു മണിക്കൂർ കഴിഞ്ഞ് തെളിവാർന്ന ഉന്മേഷത്തോടെ  ഉണർന്നപ്പോൾ അദ്ദേഹം നമ്രശിരസ്കനായി, തന്നെ അനുഗ്രഹിക്കണമെന്ന് ചട്ടമ്പിസ്വാമികളോട് ആവശ്യപ്പെട്ടു. സ്വാമികൾ അപ്രകാരം ചെയ്തു കഴിഞ്ഞപ്പോൾ

വിവേകാനന്ദൻ പറഞ്ഞു:"ബംഗാളിൽ നിന്നും ഇതുവരെ യാത്ര ചെയ്തിട്ടും എനിക്ക് ഇത്രയും ജ്ഞാനമുള്ള മറ്റൊരാളെ കാണാനായിട്ടില്ല"."ഞാൻ മലബാറിൽ ഒരു യഥാർത്ഥ മനുഷ്യനെ കണ്ടു",  എന്നാണ് ചട്ടമ്പിസ്വാമികളുമായുള്ള തന്റെ കൂടിക്കാഴ്ചയെ അദ്ദേഹം വിശേഷിപ്പിച്ചത്.

ഗുസ്തി ഒരു കലയായിരുന്നെന്ന് കരുതിയിരുന്ന സ്വാമികൾ അടി തട മർമ്മം എന്നിവ കളരിയിൽ പോയി അഭ്യസിച്ചിട്ടുണ്ട്. സ്വാമികൾ നല്ല വായനക്കാരനായിരുന്നു.  ജ്യോത്സ്യം വൈദ്യം ആയുർവേദം വിഷചികിത്സ, സാഹിത്യം സംഗീതം ചരിത്രം ഭൂമിശാസ്ത്രം ഐതിഹ്യങ്ങൾ വേദം മന്ത്രവാദം വാദ്യകലകൾ എന്നിങ്ങനെ എത്രയോ മേഖലകളിൽ പരന്നു പടർന്നതായിരുന്നു അദ്ദേഹത്തിന്റെ അറിവിന്റെ ലോകം.തന്റെ സഞ്ചാര വേളകളിൽ രോഗാതുരരായ ജനങ്ങളെ നാട്ടുവൈദ്യത്തിന്റെ പ്രയോഗം മനസ്സിലാക്കി  ചികിത്സിച്ചിരുന്നു.

എല്ലാ കാര്യങ്ങളിലും ചട്ടമ്പിസ്വാമികൾ

അവധാനതയും സൂക്ഷ്മതയും പുലർത്തിയിരുന്നു.  ശ്രീകണ്ഠേശ്വരം ജി  പത്മനാഭപിള്ള താൻ പൂർത്തിയാക്കിയ ശബ്ദതാരാവലി നിഘണ്ടുമായി അഭിപ്രായം അറിയാനായി ചട്ടമ്പിസ്വാമികളെ സമീപിച്ചു. രണ്ടു മണിക്കൂർ നേരം സ്വാമികൾ നിഘണ്ടു മറിച്ചു നോക്കിയിട്ട് പറഞ്ഞു,"ഗംഭീരമായിട്ടുണ്ട്.ശ്രീകണ്ഠേശ്വരൻ കൈരളിക്ക് ചാർത്തി ക്കൊടുത്തകണ്ഠാഭരണം. ആർഭാടമില്ലെങ്കിലും കൊള്ളാം". സ്വാമികളുടെ ആശംസയിൽ മനസ്സുനിറഞ്ഞെങ്കിലും 'ആർഭാടം ഇല്ലെങ്കിലും കൊള്ളാം' എന്ന്സ്വാമികൾ പറഞ്ഞതിൽ എന്തോ ദുസൂചനയുണ്ടെന്നുറപ്പിച്ച്, നിഘണ്ടു ഒരു ദീർഘ നിരീക്ഷണത്തിന് വിധേയമാക്കിയപ്പോൾ

'ആർഭാടം' എന്ന വാക്ക് നിഘണ്ടുവിൽ ചേർത്തിട്ടില്ല എന്ന് മനസ്സിലായി. സ്വാമികളുടെ സൂക്ഷ്മത ഓർത്ത്

ശ്രീകണ്ഠേശ്വരം അമ്പരന്നുപോയി.

മുണ്ടേപ്പള്ളി കൃഷ്ണമാരാർ കൊച്ചി രാജ്യത്തെ പെരുമപെറ്റ മേളക്കാരനായിരുന്നു. ചെണ്ടയിൽ മാരാരെ  ജയിക്കാൻ ആരും ഉണ്ടായിരുന്നില്ല എന്നതിനാൽ തെല്ല്  അഹങ്കാരവും മാരാരെ പിടികൂടിയിരുന്നു.  ഒരിക്കൽ കൊച്ചി തമ്പുരാൻ പോലും മാരാരുടെ പരിഹാസത്തിന് പാത്രമായി.  മാരാരുടെ അഹങ്കാരത്തിന് ചട്ടമ്പിസ്വാമികൾ ഒരു പണി കൊടുത്തു.

ഏറ്റുമാനൂരമ്പലത്തിൽ ഉത്സവമേളത്തിനായി ചെണ്ടക്കാർ നിരന്നു. തന്നെ ജയിക്കാൻ ആരുമില്ലെന്ന അഹങ്കാരത്തോടെ മാരാർ ചെണ്ട എടുത്തു. താടിയും മുടിയും വളർത്തിയ ഒരാൾ മാരാരുടെ അടുത്ത് നിലയുറപ്പിച്ചു. മേളം മുറുകി വന്നപ്പോൾ ചെണ്ടയിൽ ഇടിമുഴക്കം ഉണ്ടാക്കുന്ന താടിക്കാരനെ മാരാർ ശ്രദ്ധിക്കാൻ തുടങ്ങി. മാരാർകൊട്ടി  കയറിയപ്പോൾ മനോധർമ്മങ്ങളിൽ താടിക്കാരൻ മിന്നിക്കയറി.  മുണ്ടേപ്പള്ളി ക്ഷീണിച്ചിട്ടും താടിക്കാരന് ഒരു ക്ഷീണവുമില്ല. ഇളിഭ്യനായി മാരാർ ചോദിച്ചു,"അങ്ങ് ആരാണ്? എവിടെയാണ് മേളം പഠിച്ചത്?".

"ഞാൻ പഠിച്ചിട്ടൊന്നുമില്ല. വന്ന വഴിയിൽ മേളം കേട്ടു. ഒരു ചെണ്ടകിട്ടി.

ഒന്ന് താളം പിടിച്ചു, അത്രതന്നെ",താടിക്കാരൻ പറഞ്ഞു. മാരാര് താടിക്കാരനെ തൊഴുതു. താടിക്കാരൻ പോയിക്കഴിഞ്ഞാണ് 'കുഞ്ഞൻപിള്ളച്ചട്ടമ്പി'  ആയിരുന്നു മേളക്കാരൻ എന്ന് എല്ലാവരുംതിരിച്ചറിഞ്ഞത്.

സെക്രട്ടറിയേറ്റ്

മന്ദിരത്തിനായി കല്ലും മണ്ണും ചുമന്ന ഒരു കാലം കുഞ്ഞനുണ്ടായിരുന്നു.  ജീവിതോപാധിക്കായി കണക്കപ്പിള്ളയായും വേഷംകെട്ടിയ കാലത്തും കുഞ്ഞൻ വിജ്ഞാനദാഹി യായിരുന്നു.ദേശാടനം

കഴിഞ്ഞ് തിരുവനന്ത

പുരത്തെത്തിയ കുഞ്ഞൻപിള്ള, അറിവിന്റെ സിരാകേന്ദ്രമായ കൂപക്കര മഠത്തിലെത്തി.  സ്വാതിതിരുനാൾ മഹാരാജാവ് സ്ഥാപിച്ച തിരുവനന്തപുരത്തെ രണ്ട്  പ്രശസ്തങ്ങളായ ഗ്രന്ഥപ്പുരകൾ ആയിരുന്നു കൂപക്കര മഠത്തിലെയും ശ്രീപത്മനാഭ സന്നിധിയിലേതും.

കൂപക്കര മഠത്തിലെ വലിയ പോറ്റിയെക്കണ്ട് ഗ്രന്ഥപ്പുരയിലെ ഗ്രന്ഥങ്ങൾ പരിശോധിക്കാനുള്ള അനുവാദം കുഞ്ഞൻപിള്ള നേടിയെടുത്തു. പോറ്റി നൽകിയ നിലവിളക്കിന്റെ വെളിച്ചത്തിൽ നാലുദിവസം ഒരേ

ഇരുപ്പിരുന്ന് ഗ്രന്ഥശേഖരം അദ്ദേഹം ഹൃദിസ്തമാക്കി. അടുത്തദിവസം പുറത്തുവന്ന കുഞ്ഞൻപിള്ള, താൻ ജലപാനം പോലും ഇല്ലാതെ ഗ്രന്ഥപ്പുരയിൽ ഇരുന്നത് 'ബല','അതിബല'എന്നീ മന്ത്രിശക്തികൾ  കൊണ്ടാണെന്ന്

അന്ധാളിച്ചുനിന്ന വലിയപോറ്റിയോട് പറഞ്ഞു.  മാത്രമല്ല, താൻ വശമാക്കിയിരുന്ന രണ്ടു മന്ത്രങ്ങളും വലിയ പോറ്റിക്ക് ഉപദേശിച്ച് കൊടുക്കുകയും ചെയ്തു.തനിക്കുപോലും വശമില്ലാത്ത

തന്ത്രശാസ്ത്ര രഹസ്യങ്ങൾ പകർന്നു തന്നതുകൊണ്ട്  ആഢ്യ ബ്രാഹ്മണൻ കുഞ്ഞൻപിള്ളയെ ആശ്ലേഷിച്ചുകൊണ്ട് പറഞ്ഞു, "കുഞ്ഞാ, നീ വിദ്യാധിരാജനാണ്". പിൽക്കാലത്ത് കുഞ്ഞൻപിള്ളയെ 'ശ്രീവിദ്യാധിരാജാ ചട്ടമ്പിസ്വാമികൾ'ആയി അറിയപ്പെട്ടു.

കേരളത്തിലെ വിദ്യാസമ്പന്നതക്കും സ്ത്രീപുരുഷ തുല്യതക്കും വേണ്ടിയുള്ള പോരാട്ടങ്ങളിൽ ചട്ടമ്പിസ്വാമികളുടെ സാന്നിധ്യം പ്രധാനമായിരുന്നു. വേദം എല്ലാവർക്കും പഠിക്കുവാൻ അധികാരം ഇല്ലാതിരുന്ന കാലത്ത് അദ്ദേഹം തന്റെ നിരന്തര പ്രയത്നത്തിലൂടെ വേദം പഠിക്കുകയും വേദം മറ്റുള്ളവർക്ക് കൂടി പഠിക്കാനുള്ള

അവകാശമുണ്ടെന്ന്  'വേദാധികാരനിരൂപണം' എന്ന ഗ്രന്ഥത്തിലൂടെ സ്ഥാപിക്കുകയും ചെയ്തു. മന്ത്രശാസ്ത്ര ത്തെ നല്ല രീതിയിൽ മനസ്സിലാക്കി പ്രയോഗിച്ച അനുഭവസമ്പന്നനാ യിരുന്നു ചട്ടമ്പിസ്വാമികൾ.  മറ്റു നിരവധി ഗ്രന്ഥങ്ങളാണ് അദ്ദേഹം രചിച്ചിട്ടുള്ളത്. ക്രിസ്തുമതനിരൂപണം,

ജീവകാരുണ്യ നിരൂപണം, അദ്വൈത ചിന്താപദ്ധതി എന്നിവ അവയിൽ ചിലത് മാത്രം. 'പ്രാചീന മലയാളം ' എന്ന ഗ്രന്ഥത്തിൽ പരശുരാമൻ മഴുവെറിഞ്ഞ് നേടിയതും ബ്രാഹ്മണർക്ക് ദാനം കിട്ടിയതുമാണ് കേരളമെന്ന കെട്ടുകഥയെ സ്വാമികൾ പൊളിച്ചടുക്കുന്നുണ്ട്. വേദങ്ങളും ഇതിഹാസങ്ങളും പുരാണങ്ങളുമെല്ലാം വരേണ്യവർഗ്ഗത്തിന് തന്നിഷ്ടംപോലെ തട്ടിയുരുട്ടാൻ വിട്ടുകൊടുക്കുന്നതിനു പകരം, ജനപക്ഷത്തു നിന്നുകൊണ്ട് അവയെ  ശാസ്ത്രീയമായി വ്യാഖ്യാനിക്കുകയാണ് സ്വാമികൾ അനുവർത്തിച്ച നയം.സംസ്കൃത പണ്ഡിതനായിട്ട് പോലും സംസ്കൃതഭാഷാ

മേൽക്കോയ്മയ്ക്കെതിരെ മലയാളഭാഷയുടെ അസ്തിത്വത്തെ അദ്ദേഹം ഉയർത്തിപ്പിടിച്ചു.

പതിറ്റാണ്ടുകളിലൂടെ

യുള്ള നമ്മുടെ മനുഷ്യസ്നേഹികളായ ആചാര്യന്മാർ നേടിത്തന്ന കേരളനവോത്ഥാനത്തി

ലൂടെ നാം ഒരിക്കൽ

ആട്ടിയകറ്റിയ ജാതിമത  അസഹിഷ്ണുതയും അന്ധവിശ്വാസങ്ങളും തിരികെ ബോധപൂർവ്വം കൊണ്ടുവരാൻ ശ്രമിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ, ചട്ടമ്പിസ്വാമികളുടെ കാലത്ത് അദ്ദേഹം നടത്തിയ വീരോചിത  പോരാട്ടങ്ങൾ ഉജ്ജ്വല മാതൃകകളായി ഇന്നും  പ്രശോഭിക്കുന്നു.

06--05--2024.

 

ഡോ.പി.എൻ.ഗംഗാധരൻ നായർ.

 


No comments: