Pages

Monday, May 20, 2024

' കേരള ലിങ്കൺ '.


 

' കേരള ലിങ്കൺ '.

 

"ഒരവശ സമുദായമായധീവര (വാല ) വർഗ്ഗത്തിൽ ജനിച്ച കെ പി കറുപ്പൻ (1885--1938) കുടിലിൽ നിന്നും കൊട്ടാരം വരെ ഉയർന്ന ഒരനുഗ്രഹീത കവിയാണ് ", എന്നാണ് കെ പി കറുപ്പിനെ കുറിച്ച് മഹാകവി ഉള്ളൂർ എസ്  പരമേശ്വരയ്യർ 'കേരള സാഹിത്യ ചരിത്രത്തിൽ' പറയുന്നത്. കെ പി കറുപ്പന്റെ  മുഴുവൻ പേര് കണ്ടത്തിപ്പറമ്പിൽ

പാപ്പു കറുപ്പൻ എന്നാണ്.

കുടുംബ സുഹൃത്തായി

രുന്ന തമിഴ് ഗോസായി ആണ് കറുപ്പൻ എന്ന പേര് നൽകിയത്. കുട്ടി ഒരു വലിയ പണ്ഡിതൻ ആകുമെന്ന് അദ്ദേഹം പ്രവചിക്കുകയും 'കർപ്പൻ'( തമിഴ് ഭാഷയിൽ പണ്ഡിതൻ എന്നർത്ഥം) എന്ന പേര് നിർദ്ദേശിക്കുകയും ചെയ്തു. അതു പിന്നീട് 'കറുപ്പൻ' ആയി മാറി.  കറുപ്പൻ എന്നാൽ മലയാളത്തിൽ

കറുത്തവൻ എന്നാണെ

ങ്കിലും അദ്ദേഹം വെളുത്തവനായിരുന്നു.

ജാതിഭേദത്തിന്റെ നിരർത്ഥകത വ്യക്തമാക്കി സാഹിത്യത്തിൽകൂടി സാമുദായിക പരിഷ്കരണം സാധിച്ച കേരളത്തിലെ ആദ്യത്തെ വിപ്ലവകാരിയാണ് കെ പി കറുപ്പൻ.

എറണാകുളം ജില്ലയിലെ ചേരാനല്ലൂരിൽ അരയ-- വാല സമുദായത്തിൽപ്പെട്ട അയ്യന്റെയും കൊച്ചു പെണ്ണിന്റെയും പുത്രനായി 1885 മെയ് 24ന് ജനിച്ചു. ബുദ്ധിമാനും

സമർത്ഥനുമായിരുന്ന കറുപ്പൻ കുട്ടിക്കാലത്തു തന്നെ സംസ്കൃതം പഠിച്ചു. വിദ്യ സമ്പാദിക്കാനുള്ള ആഗ്രഹം കൊണ്ട് പലയിടത്തും പോയി പലതും പഠിച്ചു. പിന്നീട് കൊടുങ്ങല്ലൂർ കോവിലകത്ത് ഉപരി വിദ്യാഭ്യാസം നടത്തി.

കറുപ്പന്റെ കഴിവ് ബോധ്യപ്പെട്ട കൊച്ചി രാജാവ് കുട്ടിക്ക് തുടർന്നും സംസ്കൃത പഠനത്തിന് ഏർപ്പാടാക്കി. കറുപ്പൻ പതിനാലാം വയസ്സിൽ കവിതകൾ എഴുതി തുടങ്ങി. കൊച്ചി രാജ്യത്തെ സർക്കാർ സർവീസിൽ ഉദ്യോഗസ്ഥനായിരുന്ന കറുപ്പൻ പിന്നീട് ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിലും എറണാകുളം മഹാരാജാസ് കോളേജിലും  അധ്യാപകനായി. കേരളവർമ്മവലിയകോയി തമ്പുരാൻ 'വിദ്വാൻ' ബഹുമതിയും, കൊച്ചി മഹാരാജാവ് 'സാഹിത്യ നിപുണൻ',  'കവിതിലകൻ' എന്നീ ബിരുദങ്ങളും നൽകി കറുപ്പനെ ആദരിച്ചു. 1925 കൊച്ചിനിയമസഭ യിലേക്ക് കറുപ്പൻ തിരഞ്ഞെടുക്കപ്പെട്ടു.

ശ്രീനാരായണഗുരു, കുമാരനാശാൻ, അയ്യങ്കാളി എന്നിവർ തിരുവിതാംകൂറിൽ സാമൂഹ്യ മാറ്റങ്ങൾക്ക് വേണ്ടി പടപൊരുതു മ്പോൾ, കറുപ്പൻ കൊച്ചി സംസ്ഥാനത്ത് അത്തരം ഇടപെടലുകൾ നടത്തുകയായിരുന്നു. 1913 'കൊച്ചി പുലയ മഹാസഭ'യും, 1922 'അഖില കേരള അരയമഹാസഭയും' സ്ഥാപിച്ച് അദ്ദേഹം തന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.

തന്റെ പാണ്ഡിത്യവും കവിത്വവും ഉദ്യോഗവും പദവിയും എല്ലാം അധ:കൃതരെ  ഉദ്ധരിക്കുന്നതിനായി കറുപ്പൻ സമർത്ഥമായി ഉപയോഗിച്ചു. മലയാളത്തിലെ ദളിത് സാഹിത്യത്തിന്റെ തുടക്കക്കാരനായിരുന്നു അദ്ദേഹം. സാഹിത്യ രചനകളിലൂടെ തന്റെ കാലഘട്ടത്തിലെ സാമൂഹിക വ്യവസ്ഥയിൽ അവർണ്ണർ അനുഭവിച്ച പീഡിതാവസ്ഥയ്ക്കെതിരായ പ്രവൃത്തനങ്ങൾക്ക് നേതൃത്വം നൽകിയ കറുപ്പന് കേരളത്തിന്റെ സാമൂഹിക നവോത്ഥാന ചരിത്രത്തിൽ

സുപ്രധാനമായ സ്ഥാനമാണുള്ളത്. യാഥാസ്ഥിതികരായിരുന്ന കൊച്ചിയിലെ മഹാരാജാക്കന്മാർ, ജീവിതത്തിന്റെ വിവിധ മേഖലകളിൽ അധ:കൃതർ ഉയർന്നുവരുന്നതിൽ അവർക്ക് വിരോധം ഉണ്ടായിരുന്നില്ല.  പരിതസ്ഥിതി പരമാവധി പ്രയോജനപ്പെടുത്തിയവരായിരുന്നു സഹോദരൻ അയ്യപ്പനെയും പണ്ഡിറ്റ് കുറുപ്പനെയും പോലുള്ള കൊച്ചിയിലെ അധ:കൃത നേതാക്കൾ.

കറുപ്പന്റെ കൃതികളിൽ ഏറ്റവും അധികം പ്രസിദ്ധി നേടിയത് 25 പദ്യങ്ങൾ അടങ്ങുന്ന 'ഉദ്യാനവിരുന്ന്' എന്ന കവിതയാണ്.  1926 മദ്രാസ് ഗവർണർ ഗോഷൻ പ്രഭു കൊച്ചി സന്ദർശിച്ചപ്പോൾ തൃപ്പൂണിത്തുറ  കൊട്ടാരത്തിൽ വച്ച് മഹാരാജാവ് അദ്ദേഹത്തിന് ഒരു ഉദ്യാന വിരുന്ന് നൽകി. വിരുന്നിന് അന്നത്തെ കൊച്ചിയിലെ നിയമസഭാ സാമാജികരെ ക്ഷണിച്ചിരുന്നു. നിയമസഭാംഗമായിരുന്നെങ്കിലും താഴ്ന്ന ജാതിക്കാരനായതിനാൽ

കറുപ്പനെ വിരുന്നിന് ക്ഷണിക്കുകയുണ്ടായില്ല. ഇത് അദ്ദേഹത്തെ അത്യധികം വേദനിപ്പിച്ചു. വിവേചനത്തിനുള്ള പ്രതിഷേധം ആയിരുന്നു മഹാരാജാവിനെ നേരിട്ട് സംബോധന ചെയ്യുന്ന 'ഉദ്യാനവിരുന്ന്' എന്ന കവിത.  ജാതി വിവേചനത്തെ പരിഹസിക്കുന്ന ഒരു പ്രസിദ്ധ കൃതിയാണിത്.  അക്കാലത്ത് നിലവിലിരുന്ന ജാതിയിലെ ഉച്ചനീചത്വങ്ങളെ ശക്തമായി എതിർക്കുന്ന അദ്ദേഹത്തിന്റെ മറ്റൊരു പ്രസിദ്ധ രചനയാണ് 'ജാതിക്കുമ്മി' (1904) എന്ന കവിത.കുമാരനാശാൻ 'ദുരവസ്ഥ' രചിക്കുന്നതിന് 10 വർഷങ്ങൾക്കു മുമ്പാണ് കെ പി കറുപ്പൻ കവിത രചിച്ച് ജാതിഭേദത്തെ തള്ളിപ്പറഞ്ഞത്. 'ജാതിക്കുമ്മി' ക്ക് ശേഷം 'ബാലാകലേശം' എന്ന നാടകം എഴുതി. കൊച്ചിയിലെ ഭരണം ഇനിയും കാലോചിതമായി മാറേണ്ടതിന്റെ ആവശ്യകത നാടകത്തിലൂടെ അദ്ദേഹം പ്രഖ്യാപിക്കുന്നു.

ചട്ടമ്പിസ്വാമികളുടെ മരണത്തിൽ ദു:ഖിതനായ കറുപ്പൻ'സമാധിസപ്തകം' എന്ന പേരിൽ ഒരു അനുശോചന കാവ്യവും രചിച്ചു.

അരയ സമുദായത്തിന്റെ ഉന്നമനത്തിനുവേണ്ടി കറുപ്പൻ സ്ഥാപിച്ച പ്രാദേശിക ശാഖകളാണ് 'സഭകൾ'.കവിതയിലൂടെയും നാടകത്തിലൂടെയും നടത്തിയ സാമൂഹ്യ പരിവർത്തനങ്ങൾക്ക് പുറമേ പ്രവൃത്തിയി ലൂടെയും സംഘടന

യിലൂടെയും കറുപ്പൻ തന്റെ നിയോഗങ്ങൾക്ക് കർമ്മമണ്ഡലം കണ്ടെത്തി.താൻ ജനിച്ച ധീവര സമുദായത്തിന് മാത്രമല്ല പിന്നോക്കം നിന്നിരുന്ന സമൂഹത്തിന്റെ ആകെ ഉന്നമനത്തിനു വേണ്ടി ജീവിതാവസാനം വരെയും (1938) അദ്ദേഹം നടത്തിയ പോരാട്ടത്തിന്റെ അംഗീകാരമായിട്ടാണ്

'കേരള എബ്രഹാം ലിങ്കൺ' എന്നപേരിൽ പണ്ഡിറ്റ് കറുപ്പൻ ഇന്നും അറിയപ്പെടുന്നത്.

15--04--2024.

 

ഡോ.പി.എൻ ഗംഗാധരൻ നായർ.

No comments: