Pages

Thursday, May 16, 2024

ഈസോപ്പ് എന്ന അടിമ.

 

ഈസോപ്പ് എന്ന അടിമ.




ക്രിസ്തുവിന്റെ ജനനത്തിന് 5 നൂറ്റാണ്ടുകൾക്ക് മുമ്പ് ഒരു അടിമയായി ജീവിച്ചിരുന്ന മഹാനാണ് ഈസോപ്പ് (Aesop). അദ്ദേഹം ഗ്രീസിലെ ഫ്രിജിയ എന്ന സ്ഥലത്ത് ജനിച്ചു. ജനനതീയതി ആർക്കും നിശ്ചയമില്ല.അദ്ദേഹം ജന്മം നൽകിയ കഥകളെപ്പറ്റി അരിസ്റ്റോഫനീസ് എന്ന ഗ്രീക്ക് ഹാസ്യ സാഹിത്യകാരനും, മഹാനായ സോക്രട്ടീസും ഒരുപോലെ പുകഴ്ത്തി സംസാരിച്ചിട്ടുണ്ട്.
ഈസോപ്പിന് ചെറുപ്പത്തിൽ സംസാരശേഷി ഇല്ലായിരുന്നു. അമ്മ കഥകൾ പറഞ്ഞു കേൾപ്പിക്കുമായിരുന്നു. അമ്മയുടെ മരണശേഷം ഒരു വൃദ്ധന്റെ കൂടെയായി ജീവിതം. വൃദ്ധനും മരിച്ചപ്പോൾ ഒരാട്ടിടയന്റെ കൂടെ കൂടി. ഒരു ദുഷ്ടൻ ഈസോപ്പിനെ പിടികൂടി
അടിമക്കച്ചവടക്കാർക്ക് വിറ്റു. ഈസോപ്പിനെ വിലയ്ക്ക് വാങ്ങിയത് ധാരാളം ഭൂസ്വത്തുള്ള ഒരാളായിരുന്നു. ശരിയായ സംസാരശേഷി ഇല്ലാതിരുന്ന ഈസോപ്പിന്റെ ബുദ്ധി സാമർത്ഥ്യത്തിൽ മതിപ്പ് തോന്നിയ യജമാനൻ ഈസോപ്പിനെ ജോലികൾക്കായി
സ്വഗ്രഹത്തിൽ തന്നെ താമസിപ്പിച്ചു.
ഒരിക്കൽ വൃദ്ധരായ രണ്ടു പുരോഹിതന്മാർ വഴിതെറ്റി അലയുകയായിരുന്നു. ഈസോപ്പ് അവരെ ആദരപൂർവ്വം സ്വീകരിച്ച് ഭക്ഷണം നൽകി. ഒരു വൃക്ഷത്തിന്റെ ശീതളച്ഛായയിൽ കിടന്ന് അവർ സുഖമായി വിശ്രമിച്ചു. ദിവ്യൻമാരായ പുരോഹിതർ പോയിക്കഴിഞ്ഞപ്പോൾ ഈസോപ്പ് മരത്തണലിൽ കിടന്നു. താൻ ചെയ്ത സത്പ്രവൃത്തിയുടെ സമാശ്വാസം ഈസോപ്പിനെ ഉറക്കത്തിലേക്ക് നയിച്ചു. ഉറക്കത്തിൽ ഐശ്വര്യ ദേവത തന്റെ അടുക്കൽ വന്നതായും തന്റെ വായിൽകൈയ്യിട്ട് നാക്കിനുണ്ടായിരുന്ന തടസ്സം നീക്കിയതായും അയാൾ സ്വപ്നം കണ്ടു.അത്ഭുതമെന്നു പറയട്ടെ, ഉണർന്നപ്പോഴേക്കും ഈസോപ്പിന് വ്യക്തമായി സംസാരിക്കാനുള്ള ശേഷിയും ഉണ്ടായത്രേ. ഇത്തരം കഥകൾ കാളിദാസനെപ്പറ്റിയും നമുക്കറിവുള്ളതാണല്ലോ.
സാമോസിലെ സാന്തസ് എന്ന രാജാവിന്റെ അടിമയായി കഴിയവേ ഈസോപ്പിന്റെ ബുദ്ധികൗശലത്തെപ്പറ്റി മറുനാട്ടുകാർ പോലും അറിയാൻ തുടങ്ങി. ആയിടയ്ക്ക് ലിഡിയ എന്ന രാജ്യത്തിലെ രാജാവായ ക്രീസസ്
ഈസോപ്പിന്റെ കഴിവുകളെക്കുറിച്ച് അറിഞ്ഞപ്പോൾ അദ്ദേഹത്തെ തന്റെ ഭൃത്യനായി കിട്ടണമെന്ന് ആഗ്രഹിച്ചു.
ഈസോപ്പിനെ തനിക്ക് വിട്ടുനൽകിയില്ലെങ്കിൽ താൻ സാമോസ് ആക്രമിക്കുമെന്ന് അദ്ദേഹം ഭീഷണി മുഴക്കിയപ്പോൾ ഗത്യന്തരമില്ലാതെ സാമോസിലെ
രാജാവ് ഈസോപ്പിനെ വിട്ടുകൊടുത്തു. അങ്ങനെ ഈസോപ്പ് ക്രീസസ് രാജാവിന്റെ സന്തതസഹചാരിയായി മാറുകയും, തന്റെ സ്വാധീനം ഉപയോഗിച്ച് അടിമകളായിരുന്ന അനേകം കൂട്ടുകാരെ അവിടെനിന്നും മോചിപ്പിക്കുവാനും കഴിഞ്ഞു. കഥ പറയാനുള്ള വൈഭവം കാരണം ഈസോപ്പ് സ്വതന്ത്രനാക്കപ്പെട്ടെന്നും രാജാവിന്റെ പ്രതിനിധിയായി മറ്റു രാജ്യങ്ങളിലേക്ക് നിയോഗിക്കപ്പെട്ടെന്നും ചരിത്രം രേഖപ്പെടുത്തുന്നു.
ഒരിക്കൽ ക്രീസസ് രാജാവ് കുറച്ചധികം ധനവും കൊടുത്ത് ഡെൽഫി എന്ന
പുണ്യസ്ഥലത്തുള്ളവർക്ക് വിതരണം ചെയ്യാൻ ഈസോപ്പിനെ നിയോഗിച്ചു. പണം വീതിക്കുന്നതിനെപ്പറ്റി
അവിടത്തെ പ്രമാണിമാർ തമ്മിൽ തർക്കവും വഴക്കും ഉണ്ടായതിനെ തുടർന്ന് പണം ആർക്കും വിതരണം ചെയ്യാതെ അത് ക്രീസസ് രാജാവിന് തിരിച്ചു നൽകി. ഇതിൽ ക്ഷുഭിതരായ ഡെൽഫി നിവാസികൾ ഈസോപ്പ് ദൈവവിരോധിയാണെന്ന് ആരോപണം ഉന്നയിച്ചു. രാജാവ് അത് വിശ്വസിച്ച് ഈസോപ്പിനെ വധശിക്ഷയ്ക്ക് വിധിക്കുകയും ചെയ്തു. ഒരു മലമുകളിൽ നിന്നും ഈസോപ്പിനെ താഴേക്ക് എറിഞ്ഞ് ശിക്ഷ നടപ്പാക്കി എന്നും, അതല്ല അവരെ നിന്ദിച്ചതുകാരണം
ഡെൽഫിയക്കാർ അദ്ദേഹത്തെ ക്രൂരമായി കൊലപ്പെടുത്തിയതാണെന്നാണ് ഗ്രീക്ക് ചരിത്രകാരനായ ഹെറോഡോട്ടസ് (Herodotus) പറഞ്ഞിട്ടുള്ളത്. അപ്പോളോ ദേവന്റെ ക്ഷേത്രത്തിൽ നിന്നും ഒരു പാനപാത്രം മോഷ്ടിച്ചെന്ന ഡെൽഫിയക്കാരുടെ കുറ്റാരോപണമാണ്
ഈസോപ്പിനെ കൊല്ലാൻ കാരണമായതെന്നാണ് ഗ്രീക്ക് നാടകകൃത്തായ അരിസ്റ്റോഫൻസ് (Aristophans) പറഞ്ഞിട്ടുള്ളത്. എന്തായാലും ബി സി 564 മരണമടഞ്ഞ
കല്പിതകഥാകാരന്റെ അന്ത്യം അതിദാരുണമായിരുന്നു.
ഈസോപ്പ് തന്റെ കഥകൾ സമൂഹത്തെ ചിന്തിപ്പിക്കാനും ധർമ്മ ബോധമുള്ളതാക്കാനും ഉപയോഗിച്ചിരുന്നു എന്നത് ഒരു വസ്തുതയാണ്. സ്വതവേ തമാശക്കാരൻ ആയിരുന്ന അദ്ദേഹം തന്റെ പരിസരത്തിൽ ജീവിച്ച ജനങ്ങളുടെ തെറ്റുകുറ്റങ്ങളെയും പ്രവൃത്തികളെയും മൃഗകഥാപാത്രങ്ങളിലൂടെ അവതരിപ്പിച്ചുകൊണ്ടുള്ള കഥകൾക്ക് അദ്ദേഹം രൂപം കൊടുത്തു. കഥകളിലുള്ള ഗുണപാഠങ്ങൾ മാത്സര്യപൂർണ്ണമായ ജീവിതയാഥാർത്ഥ്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നതിനെ ക്കുറിച്ചുള്ള ഉപദേശങ്ങൾ ഉൾക്കൊള്ളുന്നവയാണ്. പടിഞ്ഞാറൻ കൽപിത കഥകളുടെ പാരമ്പര്യം ആരംഭിക്കുന്നത് കഥകളിലൂടെയാണ്. പൊന്മുട്ടയിടുന്ന താറാവിനെ കുറിച്ചും, കിട്ടാത്ത മുന്തിരിങ്ങ പുളിക്കുമെന്നു
പറഞ്ഞ കുറുക്കനും, പൂച്ചയ്ക്ക് മണി കെട്ടാൻ ശ്രമിച്ച എലികളും, കാക്കയുടെ ലളിതഗാനവും, മുയലിനെ തോൽപ്പിച്ച ആമയും, മുള്ളു തിന്നുന്ന കഴുതയും, പൊന്മുട്ടയിടുന്ന താറാവും, സൂര്യന്റെ വിവാഹത്തെക്കുറിച്ചും, സ്വർണ്ണ കോടാലിയെപ്പറ്റിയും, ഭിന്നിച്ചാൽ നശിക്കുമെന്നും,
മുറിവൈദ്യൻ തവളയെക്കുറിച്ചുമൊ ക്കെയുള്ള എത്രയെത്ര സാരോപദേശകഥകളാണ് നമ്മുടെ ഓർമ്മയിലേക്ക് ഓടിയെത്തുന്നത്. കഥകളൊക്കെ മനുഷ്യസഹജമായ സ്വഭാവങ്ങളുടെ പ്രതിരൂപങ്ങളായിട്ടാണ് നമ്മുടെ മുന്നിൽ അവതരിക്കുന്നത്. പ്രാചീനകാലത്ത് കഥകൾ ബുദ്ധിജീവികളും എഴുത്തുകാരും പ്രസംഗകരും മാത്രമാണ് ഉപയോഗിച്ചിരുന്നത്.
ഈസോപ്പ്, കഥകൾ എഴുതിയിരുന്നില്ല.
അദ്ദേഹം പറയുകയും പ്രസംഗിക്കുകയും ചെയ്യുകയായിരുന്നുവത്രേ. പ്രായദേശകാല ഭേദമില്ലാതെ എല്ലാവരും ആസ്വദിക്കുന്ന കഥകൾ 'ഈസോപ്പ് കഥകൾ' എന്ന പേരിൽ വിഖ്യാതമായി. നൂറ്റാണ്ടുകൾക്ക് ശേഷമാണ് ആദ്യമായി ലിഖിത രൂപത്തിൽ കഥകൾ പ്രത്യക്ഷപ്പെട്ടത്. ബി സി 320 ല്ആതൻസിലെ ഡമട്രിയസ് കഥകൾ സമാഹരിച്ചു ഗ്രന്ഥരൂപത്തിലാക്കി. 230 ഈസോപ്പ് കഥകൾ അടങ്ങിയ ആദ്യ സമാഹാരം 1479 അച്ചടിച്ചു പ്രസിദ്ധീകരിച്ചു. അവിയാനസ് എന്ന ഗ്രന്ഥകാരനാണ്ഇവയെ വലിയ പ്രചാരത്തിലേക്ക് കൊണ്ടുവന്നത്.
ഈസോപ്പിന്റെതായി 600 ൽപ്പരം കഥകൾ ഉള്ളതായി കരുതപ്പെടുന്നു. മൃഗങ്ങളും മനുഷ്യരും ദേവന്മാരുമെല്ലാം ഇതിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. വാല്മീകിയും ഹോമറും വ്യാസനുമൊക്കെയെന്ന പോലെ ഈസോപ്പും ഐതിഹ്യത്തിന്റെ ഭാഗമായിത്തീർന്നു എന്നതാണ് സത്യം.
ഭാവനാജന്യകഥകളുടെ സമാഹാരത്തിന്റെ കർത്താവ് ഈസോപ്പ് ഐതിഹാസിക പ്രശസ്തി നേടി.ലോകത്തിലെ മിക്ക ഭാഷകളിലും അവയുടെ വിവർത്തനങ്ങൾ ഉണ്ടായി, മലയാളത്തിലും. സാരോപദേശ സാഹിത്യത്തിൽ ഈസോപ്പ് കഥകൾക്ക് ഉന്നതമായ സ്ഥാനമാണുള്ളത്.
29--01--2024.

ഡോ.പി.എൻ.ഗംഗാധരൻ നായർ.

No comments: