സ്ത്രീയുടെ ആത്മാഭിമാനം.
ആത്മാഭിമാനം അടിയറവയ്ക്കാൻ തയ്യാറാകാത്ത ഫ്രഞ്ച് വനിതയുടെ പ്രതിരോധ ശക്തിയെക്കുറിച്ചുള്ള ഒരു സവിശേഷ സംഭവം പ്രസിദ്ധ ബ്രിട്ടീഷ് സാഹിത്യകാരനായ സോമർസെറ്റ് മോം (Somerset Maugham. 1874-1965) വിവരിക്കുന്നുണ്ട്. ആർക്കും ആത്മവീര്യം പ്രദാനം ചെയ്യുന്നതാണ് ആ സംഭവം.
രണ്ടാം ലോകമഹായുദ്ധ കാലത്ത് ജർമനിയുടെ ആധിപത്യത്തിൽ അമർന്ന് കഴിഞ്ഞിരുന്ന ഫ്രാൻസിനെക്കുറിച്ചാണ്, ഡോക്ടർ ബിരുദം നേടിയ ശേഷം തന്റെ ഇഷ്ട മേഖലയായ സാഹിത്യത്തിലേക്ക് കടന്ന് പ്രസിദ്ധി നേടിയ സോമർസെറ്റ് മാം സാക്ഷ്യപ്പെടുത്തുന്നത്.
വൃദ്ധരായ മാതാപിതാക്കളും അവരുടെ ഏക പുത്രിയായ യുവതിയും യുദ്ധഭീതിയുടെ നിഴലിൽ താമസിക്കുന്ന വീട്ടിൽ രണ്ടു ജർമൻ പട്ടാളക്കാർ ബലമായി പ്രവേശിച്ച് യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്തു. യുദ്ധകാലത്ത് ഇത് സർവസാധാരണ
സംഭവമായിരുന്നു. എങ്കിലും യുവതിക്ക് ഈ സംഭവം താങ്ങാനാവു ന്നതിലും അപ്പുറം ആയിരുന്നു. താൻ മനസാവരിച്ച കാമുകനു മായിട്ടുള്ള വിവാഹം പ്രതീക്ഷിച്ചു കഴിയുകയായിരുന്നു ആ യുവതി. ആത്മാഭിമാനം കത്തിനിൽക്കുന്ന വ്യക്തിത്വമുള്ള മനസ്വിനി ആയിരുന്നു അവൾ. തന്നെ കയ്യേറ്റംചെയ്തവർ ക്കെതിരെയുള്ള രോഷം അവളിൽ എരിഞ്ഞുകൊണ്ടിരുന്നു. പട്ടാളക്കാരിൽ ഒരുവൻ വീണ്ടും അവളുടെ വീട്ടിലെത്തി ക്ഷമ ചോദിച്ചു. അന്നത്തെ സംഭവത്തിന് ശേഷം സ്നേഹം എന്ന ദൗർബല്യം അയാളെ ബാധിച്ചു. സ്നേഹം ഏതു വ്യക്തിയിലും ധാർമിക ബോധം ഉണ്ടാക്കുമല്ലോ. ഇവിടെയും അതാണ് സംഭവിച്ചത്.
പക്ഷേ ആ പട്ടാളക്കാരന്റെ സ്നേഹം സ്വീകരിക്കുവാൻ അവൾ തയ്യാറായില്ല. അവളിൽ അയാളോടുള്ള രോഷം ഉമിത്തീപോലെ എരിഞ്ഞു കൊണ്ടിരുന്നു. മറക്കാനും പൊറുക്കാനും അവളിൽ തന്നോട് സ്നേഹം ഉണ്ടാക്കിയെടുക്കാനും അയാൾ അവളുടെ മാതാപിതാക്കളുമായി അടുത്തുകൂടി. ഭക്ഷണസാധനങ്ങൾക്ക് ദൗർലഭ്യമുള്ള ആ സമയത്ത് മിലിറ്ററി ക്യാന്റീനിൽ നിന്നും ഭക്ഷണം എത്തിച്ച് അയാൾ അവരുടെ പ്രീതി നേടി. പക്ഷേ ഇതുകൊണ്ടൊന്നും അവളുടെ മനസ്സിൽ മാറ്റമുണ്ടാക്കാൻ അയാൾക്ക് കഴിഞ്ഞില്ല. മാത്രമല്ല ദിവസങ്ങൾ കഴിയുംതോറും
അപമാനഭാരം അവളിൽ കൂടുകയാണുണ്ടായത്.
ആത്മഹത്യയെക്കുറിച്ച് ഓർക്കാൻ കഴിയാത്തത്ര ആത്മവീര്യം അവളിൽ കത്തിനിന്നു. ക്രമേണ സ്വന്തം കുടുംബംപോലെ ആ പട്ടാളക്കാരൻ വീട്ടിൽ നിത്യ സന്ദർശകനായി.
എന്നാൽ അയാളെ കാണാൻ പോലും അവൾ അനുമതി നൽകിയില്ല. എങ്കിലും അയാൾക്ക് അവളോടുള്ള സ്നേഹം അനുദിനം വർദ്ധിച്ചതേയുള്ളൂ.
ഒടുവിൽ അതു
സംഭവിച്ചു. അവൾ ഒരു കുഞ്ഞിനെ പ്രസവിച്ചു. യുവതിയെയും കുഞ്ഞിനെയും കാണാനുള്ള വെമ്പൽ പട്ടാളക്കാരനിൽ പാരമ്യത്തിൽ എത്തി. തന്റെ ഇംഗിതം സാധിച്ചു തരണമെന്ന് യുവതിയുടെ മാതാപിതാക്കളോട് അയാൾ യാചിച്ചു. അയാളുടെ സ്നേഹത്തിന്റെ യാചന അനുവദിക്കണമെന്ന് മകളോട് അവർ നിരന്തരം അഭ്യർത്ഥിച്ചു. അവസാനം അച്ഛനമ്മമാരുടെ ആഗ്രഹത്തിന് അവൾ വഴങ്ങി. അങ്ങനെ ഒരു തണുത്ത പുലർകാലത്തിൽ ദാഹിക്കുന്നകണ്ണുകളോടെ അമ്മയെയും കുട്ടിയെയും കാണാൻ അയാൾ നിശ്ചിത സമയത്തു തന്നെ ആകാംക്ഷയോടെ എത്തി. പക്ഷേ അവിടുത്തെ ഭീകരമായ രംഗം കണ്ട് ഞടുങ്ങാൻ മാത്രമായിരുന്നു അയാളുടെ വിധി. ഐസ് പോലെ തണുത്ത വെള്ളത്തിൽ ആ ചോരക്കുഞ്ഞിനെ അവൾ കൊല്ലുന്ന ദയനീയ കാഴ്ചയാണ് അയാൾക്ക് കാണേണ്ടിവന്നത്.
തന്നിലെ എല്ലാ അനുനയന രീതികൾ വഴി ശ്രമിച്ചിട്ടും അവളുടെ ആത്മവീര്യം
കത്തിനിൽക്കുക തന്നെയാണെന്ന് അയാൾക്ക് ബോധ്യമായി. തന്റെ ദയനീയ പരാജയം അയാൾ തിരിച്ചറിഞ്ഞു. തന്റെ മൃഗീയമായ ശക്തിക്ക് കിട്ടിയ ഭീകരമായ തിരിച്ചടിയായി അയാൾ ഈ സംഭവത്തെ കരുതി തിരിച്ചുപോയി.
അജയ്യതയുടെ പ്രതീകമായിട്ടാണ് ഈ കഥയിൽ കഥാകൃത്ത് മോം, യുവതിയെ ചിത്രീകരിച്ചിരിക്കുന്നത്. ആ ഫ്രഞ്ച് യുവതി പ്രതിനിധീകരിക്കുന്നത് ഫ്രഞ്ച് ജനതയെയാണ്. ആത്മാഭിമാനം അടിയറവയ്ക്കാൻ ഫ്രഞ്ച് ജനത ഒരിക്കലും തയ്യാറാകില്ല. അതാണ് അവരുടെ സംസ്കാരം.
ഈ സംസ്കാരം ഫ്രാൻസുകാർക്ക് മാത്രമായി ഉള്ളതല്ല.
ആത്മാഭിമാനം സംരക്ഷിക്കുവാനുള്ള സ്ത്രീയുടെ മറ്റൊരു ഉജ്ജ്വല പോരാട്ടത്തിന്റെ പ്രതീകമാണ് ഗുജറാത്തിലെ ശ്രദ്ധേയയായ വനിത ബിൽക്കിസ് ബാനു. തനിക്കുണ്ടായ കിരാത അനുഭവം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടത് വഴി 'ബിൽകിസ് ബാനു കേസ്' എന്ന പേരിൽ ഈ സംഭവം ചരിത്രത്തിൽ ഇടം പിടിച്ചു.
2002 ലെ ഗുജറാത്ത് കലാപകാലത്ത് അതിക്രൂരമായ
കൂട്ടബലാൽസംഗത്തിന് ( ഫെബ്രുവരി 27 ന് ) ഇരയായ വനിത ബിൽക്കിസ് ബാനു ഇന്ന് ആത്മാഭിമാനം സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള നിരന്തരവും ശക്തവുമായ പോരാട്ടത്തിന്റെ സ്ത്രീരൂപമാണ്. കലാപ നാളുകളിൽ കുടുംബത്തോടൊപ്പം രക്ഷപ്പെടാൻ ശ്രമിക്കവേ ജനക്കൂട്ടം അവരെ തടഞ്ഞുനിർത്തുകയും കിരാതമായി ആക്രമിക്ക പ്പെടുകയുമായിരുന്നു. ബിൽക്കിസിന്റെ മൂന്നു വയസ്സുള്ള മകളെ അക്രമികൾ നിലത്തടിച്ചു കൊന്നതിന് ദൃക്സാക്ഷി ആകേണ്ടിവന്നു ഹതഭാഗ്യയായ ഈ അമ്മയ്ക്ക്. ഗർഭിണിയായ ബിൽക്കിസിനെയും മൂന്നു ബന്ധുക്കളെയും അക്രമികൾ കൂട്ട ബലാൽസംഗം ചെയ്തു. ഏഴു കുടുംബാംഗങ്ങളെ കൊലപ്പെടുത്തി. ബോധരഹിതയായ ബിൽക്കിസും മരിച്ചെന്നു കരുതിയാണ് അക്രമിക്കൂട്ടം സ്ഥലംവിട്ടത്. പക്ഷേ തന്റെ അനുഭവം ലോകത്തെ അറിയിക്കാനും പ്രതികൾക്കെതിരായ പോരാട്ടം ധീരതയോടെ നിർവ്വഹിക്കാനുമായി ബിൽക്കിസ് ജീവിക്കണമെന്ന് കാലം തീരുമാനിച്ചു. അവളുടെ നിരന്തര പോരാട്ടത്തിന് മനുഷ്യാവകാശ പ്രവർത്തകരുടെയും രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെയും പിന്തുണ ലഭിച്ചു. അതിന്റെ ഫലമായി 20 പ്രതികളും ശിക്ഷിക്കപ്പെട്ടു. ഇതിൽ 11 പേർക്ക് ജീവപര്യന്തം തടവും ലഭിച്ചു. പ്രതികൾക്ക് കിട്ടിയ ശിക്ഷ പോരായിരുന്നു എന്ന വാദം നിലനിൽക്കെ, വിചാരണക്കാലമടക്കം 14 കൊല്ലത്തിലധികം തടവ് ശിക്ഷ അനുഭവിച്ചെന്ന കാരണം പറഞ്ഞ് ശിക്ഷ ലഘൂകരിക്കണമെന്ന പ്രതികളുടെ ആവശ്യം പരിഗണിച്ച് ഗുജറാത്ത് സർക്കാർ ഉടൻതന്നെ പ്രതികളെ മോചിപ്പിച്ചു. ഈ നടപടിയെ നിശിതമായി വിമർശിച്ച സുപ്രീംകോടതി, സർക്കാർ വിജ്ഞാപനം റദ്ദാക്കുകയാണുണ്ടായത്.
സ്ത്രീകൾക്കെതിരെ അതിക്രൂരവും ഭീകരവുമായ കുറ്റകൃത്യങ്ങൾ അരങ്ങേറുമ്പോൾ പ്രതികൾക്കെതിരെ മുഖം നോക്കാതെ നിയമപരവും അല്ലാതെയും ഉള്ള ശക്തമായ നടപടികൾക്കും പോരാട്ടങ്ങൾക്കും നമ്മുടെ സമൂഹം
രൂപംകൊടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
12--02--2024.
ഡോ.പി.എൻ.ഗംഗാധരൻ നായർ.
No comments:
Post a Comment