Pages

Thursday, May 23, 2024

വെറുതെ കള്ളനെന്നു മുദ്രകുത്തി പീഡിപ്പിക്കരുത് പ്രൊഫ്. ജോൺ കുരാക്കാർ

 

വെറുതെ  കള്ളനെന്നു മുദ്രകുത്തി   പീഡിപ്പിക്കരുത്

പ്രൊഫ്. ജോൺ കുരാക്കാർ



ചെയ്യാത്ത കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെടുക. കുറ്റസമ്മതത്തിനായി പോലീസിന്റെ ക്രൂരമർദനത്തിന് ഇരയാവുക, ജയിലിൽ കഴിയുക, കള്ളനെന്ന മുദ്രയുമായി ആറുവർഷത്തോളം സമൂഹത്തിനുമുന്നിൽ ജീവിക്കുക... സമാനതകളില്ലാത്ത ദുരന്തങ്ങളിലൂടെ കടന്നുപോയ തന്റെ ജീവിതത്തിന് രതീഷ് ഒടുവിൽ സ്വയംവിരാമമിട്ടത് കഴിഞ്ഞദിവസമാണ്. കുറ്റവിമുക്തനാക്കപ്പെട്ടെങ്കിലും ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ ആരും അയാൾക്ക് സഹായഹസ്തമേകിയില്ല. മാനസികവും ശാരീരികവുമായ കൊടിയ പീഡനങ്ങളിൽ പിടിച്ചുനിന്ന അയാൾ ഒടുവിൽ തീരാദുരിതവും കേസിന്റെയും മറ്റും കടബാധ്യതകളുംകാരണമാണ് ജീവനൊടുക്കേണ്ടിവന്നത്. സമൂഹത്തിനു മുന്നിൽ വലിയൊരു ചോദ്യം അവശേഷിപ്പിച്ചാണ് വിടവാങ്ങൽ. അധ്വാനിച്ചു കുടുംബംപുലർത്തി ജീവിക്കുന്ന ഒരു പൗരനെ കള്ളനെന്നു വിളിച്ച് അപമാനിക്കാൻ, അയാളുടെ ജീവിതം തകർക്കാൻ, കുടുംബത്തിന്റെ പ്രതീക്ഷകൾ താറുമാറാക്കാൻ ആർക്കാണ് അധികാരമെന്നതാണ് ചോദ്യം.

ആളുമാറി ആടുജീവിതത്തിനു വിധിക്കപ്പെട്ട നജീബിന്റെ ദുരിതത്തോട് സാമ്യമുണ്ട് ആളുമാറി കള്ളനാക്കപ്പെട്ട രതീഷിന്. പക്ഷേ, ചോദിക്കാനും പറയാനും ആരുമില്ലാത്ത മരുഭൂമിയിലല്ല, പരിഷ്കൃത ജനാധിപത്യസംവിധാനം നിലനിൽക്കുന്ന കേരളത്തിലാണ് സംഭവം അരങ്ങേറിയതെന്ന വ്യത്യാസമുണ്ട്. അത് ചെറിയ വ്യത്യാസമല്ലതാനും. 2014 സെപ്റ്റംബറിൽ അഞ്ചലിലെ മെഡിക്കൽ സ്റ്റോറിൽനടന്ന മോഷണത്തിൽ പ്രതിയെന്ന് ആരോപിച്ചാണ് ടൗണിലെ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന അഗസ്ത്യക്കോട് രതീഷ് ഭവനിൽ രതീഷിനെ പോലീസ് പിടികൂടിയത്. ഇവിടെ മകൾക്ക് പാൽപ്പൊടി വാങ്ങാൻ രതീഷ് പോയിരുന്നു. മെഡിക്കൽ സ്റ്റോറിലെ സി.സി.ടി.വി. ദൃശ്യത്തിൽനിന്നാണ് രതീഷിനെ പോലീസ് സംശയിച്ച് പിടികൂടിയത്. പിന്നെ പലയിടത്തും കൊണ്ടുപോയി ഭീകരമായ മൂന്നാംമുറയ്ക്ക് വിധേയനാക്കുകയായിരുന്നു. കള്ളനല്ലെന്നു കരഞ്ഞുപറഞ്ഞിട്ടും ഫലമുണ്ടായില്ല. ഒടുവിൽ കള്ളത്തെളിവുകളുടെ അടിസ്ഥാനത്തിൽ റിമാൻഡ് ചെയ്ത് 54 ദിവസത്തെ ജയിൽജീവിതം. പുറത്തിറങ്ങിയിട്ടും പോലീസിന്റെ കണ്ണുകൾ പിന്നാലെ. കള്ളനെന്ന മേലങ്കി പുതച്ചുനിൽക്കുമ്പോൾ സമൂഹത്തിൽനിന്നു നേരിടുന്ന വെറുപ്പും സംശയവും പുറമേ. 2020- മോഷണക്കേസിലെ യഥാർഥപ്രതി തിരുവനന്തപുരം വെള്ളറട സ്വദേശി അറസ്റ്റിലായതോടെയാണ് രതീഷിന്റെ നിരപരാധിത്വം തെളിഞ്ഞത്.

കുറ്റവിമുക്തനായിട്ടും സാധാരണജീവിതം നയിക്കാൻ രതീഷിന് കഴിഞ്ഞിരുന്നില്ല. അറസ്റ്റുചെയ്തപ്പോൾ പോലീസ് പിടികൂടിയ ഓട്ടോറിക്ഷ തുരുമ്പെടുത്തു. അതിന്റെ വായ്പക്കുടിശ്ശിക കുമിഞ്ഞുകൂടി. മർദനത്തിനു വിധേയമായ ശരീരം ദുർബലമായിത്തീർന്നിരുന്നു. ബസ് ഡ്രൈവറായി മാറിയെങ്കിലും ദേഹവേദന കാരണം പലപ്പോഴും ജോലിക്കുപോകാൻ കഴിഞ്ഞില്ല. എങ്കിലും തന്നെ കള്ളനാക്കിയ പോലീസിനെതിരേയുള്ള നിയമനടപടികളുമായി അയാൾ മുന്നോട്ടുപോയി. ഒത്തുതീർപ്പിനായി പലരും ശ്രമിച്ചെങ്കിലും ആത്മാഭിമാനം ഉയർത്തിപ്പിടിച്ച് അയാൾ വഴങ്ങിയില്ല. പക്ഷേ, യാത്ര തുടരാനായില്ല.

കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പിടിക്കുമെന്ന ചൊല്ല് നമ്മുടെ പോലീസിനെപ്പറ്റി ചിലപ്പോഴെങ്കിലും ശരിയാണെന്നുവരുന്നു. ആധുനികസംവിധാനങ്ങളും ശാസ്ത്രീയ മാർഗങ്ങളും മറ്റും ഉപയോഗിച്ചുകൊണ്ട് കേസന്വേഷണം നടത്താൻ നമ്മുടെ പോലീസ് പുരോഗമിച്ചുകഴിഞ്ഞു എന്ന് പലപ്പോഴും പറയാറുണ്ട്. എന്നാൽ, കുറ്റാരോപിതനായി എത്തുന്ന ആളിനെ ചോദ്യംചെയ്യുന്നതിനും കുറ്റക്കാരനാണോ നിരപരാധിയാണോ എന്ന് നിശ്ചയിക്കുന്നതിനും ഏതെങ്കിലും തരത്തിലുള്ള ശാസ്ത്രീയനടപടിക്രമങ്ങൾ പോലീസിൽ ഉണ്ടോയെന്നു സംശയം.

നിരപരാധിയുടെ തലയിൽ കുറ്റം കെട്ടിവെക്കപ്പെടുന്ന ആദ്യത്തെ ആളല്ല രതീഷ്. ഇത്തരമോരോ സംഭവവും സേനയ്ക്കുമേൽ വീഴ്ത്തുന്ന കരിനിഴൽ ചെറുതല്ല. രതീഷ് ഇല്ലാതായെങ്കിലും പോലീസിനെതിരായ കേസ് ഇപ്പോഴും ബാക്കിയാണ്. അതിൽ എന്തുവിധിവന്നാലും അയാളിനി അറിയാൻ പോകുന്നില്ല. ഇവിടെ അയാളുടെ നിരാലംബരായ അമ്മയും ഭാര്യയും രണ്ട് പിഞ്ചുകുട്ടികളുമടങ്ങുന്ന കുടുംബം അവശേഷിക്കുന്നുണ്ട്. സ്വന്തം വീടുപോലുമില്ലാത്ത നിസ്സഹായർക്ക് തണലൊരുക്കാനും ജീവിതമാർഗമൊരുക്കാനും അധികൃതർ തയ്യാറാകണം. രതീഷ് അത്രയെങ്കിലും നീതി അർഹിക്കുന്നുണ്ട്.

കമ്പ്യൂട്ടർ യുഗത്തിൽ വെറുതെ  കള്ളനെന്നു മുദ്രകുത്തി  മനുഷ്യരെ   പീഡിപ്പിക്കരുത്

 

 

പ്രൊഫ്. ജോൺ കുരാക്കാർ

No comments: