അനാവശ്യ വാക്സിൻഭയം ഉപേക്ഷിക്കുക
പ്രൊഫ്.
ജോൺ കുരാക്കാർ
പല
മഹാമാരികളിൽനിന്നും മാനവരാശിക്ക് മുക്തിനേടാനായത് വൈദ്യശാസ്ത്രം വികസിപ്പിച്ച രോഗപ്രതിരോധ വാക്സിനുകളിലൂടെയാണ്. ഏറ്റവുമടുത്ത്, കോവിഡ്-19
എന്ന വിപത്തിൽനിന്നു നാം
ഏതാണ്ടു പൂർണമായി വിടുതൽനേടിയതും വാക്സിനുകളുടെ പ്രയോഗത്തിലൂടെത്തന്നെ. പ്രശംസനീയമായ വേഗത്തിലാണു വൈദ്യശാസ്ത്രഗവേഷകർ കോവിഡ്
പ്രതിരോധവാക്സിൻ വികസിപ്പിച്ചത്. ശാസ്ത്രമുന്നേറ്റത്തിന്റെ നിരുപമനേട്ടമായിരുന്നു അത്.
വാക്സിനുകൾക്ക് ചെറിയതോതിലോ അതല്ലെങ്കിൽ അപൂർവമായി ഗുരുതരമായതോ ആയ
പാർശ്വഫലങ്ങളുണ്ടാകുമെന്നത് അംഗീകൃതസത്യമാണ്. വാക്സിനുകൾ പ്രയോഗിച്ചുതുടങ്ങിയകാലംമുതൽ വൈദ്യശാസ്ത്രലോകം അതു
സമ്മതിച്ചുപോന്നിട്ടുണ്ട്. പക്ഷേ,
വാക്സിൻ ഉപയോഗിച്ചാലുള്ള പാർശ്വഫലങ്ങൾ, അവ
ഉപയോഗിക്കാതിരുന്നാലുള്ള ദുരിതത്തെ അപേക്ഷിച്ച് തുലോം
ചെറുതാണെന്നാണു ഭിഷഗ്വരസമൂഹം എക്കാലവും സ്വീകരിച്ചിട്ടുള്ള നിലപാട്.
ആ നിലപാട്
വസ്തുതകളിലും ശാസ്ത്രീയതയിലും അധിഷ്ഠിതമാണ്.
ഇന്ത്യയിൽ കോവിഡ്
പ്രതിരോധത്തിന് പ്രധാനമായും ഉപയോഗിച്ച വാക്സിനാണ് ‘കോവിഷീൽഡ്’. ഓക്സ്ഫഡ് സർവകലാശാലയിലെ ഗവേഷകർ
വികസിപ്പിച്ച്, ബ്രിട്ടനിലെത്തന്നെ ‘അസ്ട്രസെനക്ക’ കമ്പനി
വാണിജ്യാടിസ്ഥാനത്തിൽ പുറത്തിറക്കിയ വാക്സിനാണിത്. യൂറോപ്പിലുംമറ്റും ‘വാക്സ്സെർവ്റിയ'
എന്നപേരിലാണ് ഇതു
വിപണനംചെയ്തത്. പുണെയിലെ സിറം
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്
ഇന്ത്യ(സി.ഐ.ഐ.)
എന്ന സ്വകാര്യകമ്പനി ‘കോവിഷീൽഡ്’ എന്നപേരിൽ ഇതേ
മരുന്ന് ഇന്ത്യയിൽ ഉത്പാദിപ്പിച്ചു. രാജ്യത്ത് കോവിഡ്
വാക്സിൻ സ്വീകരിച്ചവരിൽ എൺപതുശതമാനത്തോളംപേർ കോവിഷീൽഡ് കുത്തിവെപ്പാണെടുത്തത്. തങ്ങൾ
പുറത്തിറക്കിയ കോവിഡ്
വാക്സിൻ സ്വീകരിച്ചവരിൽ രക്തം
കട്ടപിടിക്കാനും രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണംകുറയാനും സാധ്യതയുണ്ടെന്ന് അസ്ട്രസെനക്ക കമ്പനി
ബ്രിട്ടനിലെ കോടതിയിൽ കഴിഞ്ഞമാസം സമ്മതിച്ചത് നമ്മുടെ
രാജ്യത്തും അനാവശ്യപരിഭ്രാന്തിക്കിടയാക്കി. കേന്ദ്ര
ആരോഗ്യമന്ത്രാലയം ഇക്കാര്യത്തിൽ പ്രതികരണത്തിന് മുതിരാതിരുന്നത് പരിഭ്രാന്തി വർധിപ്പിച്ചു. തങ്ങൾ
ഉത്പാദിപ്പിച്ച കോവിഡ്
വാക്സിൻ ആഗോളതലത്തിൽ വിപണിയിൽനിന്നു പിൻവലിക്കുകയാണെന്നു കഴിഞ്ഞദിവസം അസ്ട്രസെനക്ക വെളിപ്പെടുത്തുകയുംചെയ്തു. എന്നാൽ,
ഈ നടപടിക്ക് മരുന്നിന്റെ പാർശ്വഫലം സംബന്ധിച്ച് കമ്പനി
കോടതിയിൽ നടത്തിയ
വെളിപ്പെടുത്തലുമായി ബന്ധമൊന്നുമില്ല. വിൽപ്പനകുറഞ്ഞതും വിപണിയിൽ പലതരം
കോവിഡ് വാക്സിനുകളുടെ ആധിക്യവും കണക്കിലെടുത്താണു മരുന്നുകൾ പിൻവലിക്കുന്നതെന്നാണു കമ്പനിയുടെ വിശദീകരണം. യൂറോപ്യൻ വിപണിയിൽനിന്നു മരുന്ന്
പിൻവലിക്കാനുള്ള അപേക്ഷ
മാർച്ച് അഞ്ചിനുതന്നെ കമ്പനി
നൽകിയിരുന്നു. മാത്രമല്ല, മരുന്നിന്റെ പാർശ്വഫലങ്ങളെക്കുറിച്ച് കമ്പനി
കോടതിയിൽ സമ്മതിച്ചത് ആദ്യമാണെങ്കിലും, ഇക്കാര്യം മരുന്നുപരീക്ഷണറിപ്പോർട്ടിൽത്തന്നെ നേരത്തേ
വെളിപ്പെടുത്തിയതാണ്. രക്തം
കട്ടപിടിക്കാനും പ്ലേറ്റ്ലെറ്റുകൾ കുറയാനുമിടയാക്കുന്ന ത്രോംബോസിസ് വിത്ത്
ത്രോംബോസൈറ്റോപീനിയ സിൻഡ്രോം(ടി.ടി.എസ്.)
എന്ന രോഗാവസ്ഥ കോവിഷീൽഡിന്റെ പാർശ്വഫലമായി സംഭവിച്ചേക്കാമെന്നായിരുന്നു വെളിപ്പെടുത്തൽ. ഇതേ
രോഗമുണ്ടായി എന്ന്
ചൂണ്ടിക്കാട്ടിയാണ് 2021 ഏപ്രിലിൽ ജെയിം
സ്കോട്ട്
എന്നയാൾ ബ്രിട്ടീഷ് കോടതിയിൽ കേസുകൊടുത്തത്. അതിനുപുറകെ അമ്പതോളംപേർകൂടി കമ്പനിക്കെതിരേ കേസിനുപോയി. കോവിഷീൽഡിന്റെ ഇന്ത്യയിലെ ഉത്പാദകരായ സി.ഐ.ഐ.ക്കെതിരേ ബോംബെ
ഹൈക്കോടതിയിലും സമാനകേസുണ്ട്.
കോവിഷീൽഡ് വികസിപ്പിച്ചത് ഓക്സ്ഫഡ് ഗവേഷകരാണെന്നിരിക്കേ, മരുന്നിന്റെ പാർശ്വഫലത്തെപ്പറ്റി ആധികാരികമായി പറയാൻ
ഉത്പാദകർമാത്രമായ അസ്ട്രസെനക്കയ്ക്ക് എന്തവകാശമെന്ന് ആരോഗ്യമേഖലയിലെ ചില
വിദഗ്ധർ ചോദിക്കുന്നുണ്ട്. ഓക്സ്ഫഡ് സർവകലാശാലയാകട്ടെ ഈ
വിവാദത്തിൽ ഇതുവരെ
പ്രതികരിച്ചിട്ടുമില്ല.ഇന്ത്യയിൽ കോടിക്കണക്കിനാളുകൾ കോവിഡ്
വാക്സിൻ സ്വീകരിച്ചെങ്കിലും അത്യപൂർവമായിമാത്രമേ പാർശ്വഫലങ്ങളുണ്ടായിട്ടുള്ളൂവെന്നാണ് ഔദ്യോഗികരേഖകൾ സൂചിപ്പിക്കുന്നത്. കോടിയിൽ
നാലുപേർക്ക് എന്ന
കണക്കിലേ ടി.ടി.എസ്.
ഉണ്ടായതായി രേഖപ്പെടുത്തിയിട്ടുള്ളൂ. അപൂർവമായി ചിലരിൽ
പാർശ്വഫലമുണ്ടാകാമെങ്കിലും കോവിഡ്
സൃഷ്ടിക്കുന്ന അപകടം
പരിഗണിക്കുമ്പോൾ വാക്സിൻ
സ്വീകരിക്കുന്നതാണു നല്ലതെന്ന നിലപാടാണു ലോകാരോഗ്യസംഘടന നേരത്തേ
സ്വീകരിച്ചത്. പാർശ്വഫലങ്ങളുണ്ടാകുന്നുവെങ്കിൽ അത്
വാക്സിനെടുത്ത് ആറാഴ്ചയ്ക്കുള്ളിൽ പ്രകടമാകുമെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കിയതാണ്. ഇന്ത്യയിൽ ജനസംഖ്യയിലെ തൊണ്ണൂറുശതമാനമാളുകളും 2021-22ൽത്തന്നെ ഏതെങ്കിലുമൊരു കോവിഡ്
വാക്സിൻ സ്വീകരിച്ചവരാണ്. അന്നു
പാർശ്വഫലമൊന്നുമുണ്ടായിട്ടില്ലെങ്കിൽ, ഇനിയുണ്ടാകുമെന്നു ഭയക്കേണ്ടതില്ല. അനാവശ്യ
വാക്സിൻ ഭയം
ഉപേക്ഷിക്കുക .
പ്രൊഫ്.
ജോൺ കുരാക്കാർ
No comments:
Post a Comment