ആശുപത്രിയിലെ ശിശു മരണങ്ങൾ രാജ്യത്തിന് പാഠമാകുമോ ?
പ്രൊഫ്. ജോൺ കുരാക്കാർ
ദേശീയ തലസ്ഥാനത്തെ വിവേക് വിഹാർ ഏരിയയിലെ ന്യൂ ബോൺ ബേബി കെയർ ഹോസ്പിറ്റലിൽ ശനിയാഴ്ച (മെയ് 25) രാത്രി വൻ തീപിടിത്തം ഉണ്ടായി .ഏഴ് നവജാതശിശുക്കളെങ്കിലും മരിച്ചു. ഡൽഹിയിൽ കുഞ്ഞുങ്ങളുടെ ആശുപത്രിയിലുമുണ്ടായ തീപിടിത്ത വാർത്തയറിഞ്ഞ് രാജ്യം നടുങ്ങി .ഒട്ടേറെ ജീവനാണു കവർന്നത്. ഡൽഹിയിൽ കൊല്ലപ്പെട്ടതു ഭൂമിയിലേക്കു കൺതുറന്ന് അധികം ദിവസങ്ങൾ പിന്നിടാത്ത കുഞ്ഞുങ്ങളാണ്. മാപ്പർഹിക്കാത്ത സുരക്ഷാവീഴ്ചകളാണ് ഇവിടെ സംഭവിച്ചത്
‘ഓരോ ശിശുരോദനത്തിലും കേൾപ്പു ഞാൻ, ഒരുകോടി ഈശ്വരവിലാപം’ എന്നെഴുതിയത് കവി വി.മധുസൂദനൻ നായരാണ്, ‘നാറാണത്തു ഭ്രാന്തൻ’ എന്ന കവിതയിൽ. ഡൽഹി ആശുപത്രിയിൽ, അവസാനത്തെ കരച്ചിലോടെ മരണത്തിലേക്കമർന്ന നവജാതശിശുക്കൾ രാജ്യത്തിന്റെ ഉറക്കം കെടുത്തുകയാണിപ്പോൾ. ഇവർക്കുവേണ്ടി ഉറ്റവർ ഇപ്പോഴും കരഞ്ഞുകൊണ്ടേയിരിക്കുന്നു. രാജ്യം കേൾക്കുന്ന ആശയറ്റ ആ മഹാവിലാപം, നാം ഇതിനകം നേടിയെന്നു കരുതുന്ന ബഹുമുഖ വികസനത്തിലും പുരോഗതിയിലും മാത്രമല്ല, പൗരാവകാശത്തിൽതന്നെ നിഴൽ വീഴ്ത്തുകയാണ്. തീയും പുകയും പടർന്നതോടെ ശ്വാസംമുട്ടിയാണു കുഞ്ഞുങ്ങളിലേറെപ്പേരും മരിച്ചത്.
ജീവരക്ഷ ഉറപ്പുവരുത്തേണ്ട ആശുപത്രി തന്നെ കൂട്ടമരണത്തിനു വഴിയൊരുക്കുന്നതിലെ വൈരുധ്യം വേദനാജനകമാണ്. 2017ൽ, ഓക്സിജൻ ലഭിക്കാതെ യുപിയിലെ ഗോരഖ്പുർ സർക്കാർ ആശുപത്രിയിൽ പിഞ്ചുകുട്ടികൾ മരിച്ചതുപോലെ പല സംഭവങ്ങളും ഇപ്പോഴും രാജ്യത്തെ കരയിക്കുന്നുണ്ട്. പൊള്ളലേറ്റും ഓക്സിജൻ കിട്ടാതെയും ജീവൻ നഷ്ടപ്പെട്ട ആ കുഞ്ഞുങ്ങൾ ഒരിക്കലും മാപ്പർഹിക്കാത്ത വീഴ്ചയുടെ ദുഃഖസാക്ഷ്യങ്ങളായി എന്നും നമ്മുടെ ആരോഗ്യമേഖലയുടെയും രാജ്യത്തിന്റെതന്നെയും ഉറക്കംകെടുത്തുമെന്നു തീർച്ച.
ആശുപത്രികളിൽ തീപിടിത്തം പതിവാകുന്നതായി ചൂണ്ടിക്കാട്ടി മൂന്നു വർഷംമുൻപു സുപ്രീം കോടതി പറഞ്ഞതു മറക്കാനുള്ളതല്ല. ജനങ്ങളുടെ ജീവൻ ബലികൊടുത്ത് ഇത്തരം ആശുപത്രികൾ തഴച്ചുവളരട്ടെയെന്നു കരുതാൻ കഴിയില്ലെന്നു പറഞ്ഞ കോടതി, ഇവ അടച്ചുപൂട്ടേണ്ടതുണ്ടെന്നാണ് അന്നു വ്യക്തമാക്കിയത്. രാജ്കോട്ട് ആശുപത്രിയിൽ തീപിടിത്തം അന്വേഷിക്കാൻ നിയോഗിച്ച കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ച രീതിയെയും അന്നു കോടതി വിമർശിച്ചു. രഹസ്യരേഖയായി നൽകാൻ ഇതെന്താ ആണവായുധ കരാറാണോ എന്നായിരുന്നു കോടതിയുടെ ചോദ്യം. പ്രഹസനമാക്കാതെ, കുറ്റമറ്റ സമഗ്ര അന്വേഷണം നടത്തി ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പുവരുത്തുന്നതുതന്നെയാണ് ഡൽഹിയിൽ മരിച്ച പിഞ്ചുകുഞ്ഞുങ്ങളോടു സർക്കാർ അടിയന്തരമായി ചെയ്യേണ്ട പ്രായശ്ചിത്തം.
ആശുപത്രികളിലടക്കം ജനത്തിരക്കുള്ള സ്ഥലങ്ങളിലെല്ലാം അഗ്നിരക്ഷാ ഓഡിറ്റ് പതിവായി നടത്തേണ്ടതുണ്ടെന്നു കോടതികൾ ഓരോ അവസരത്തിലും ഓർമിപ്പിച്ചുപോരുന്നു. എന്നിട്ടും ഡൽഹിയിലും രാജ്കോട്ടിലുമുണ്ടായതുപോലുള്ള ദുരന്തങ്ങൾ ആവർത്തിക്കുന്നതെന്തുകൊണ്ടാണ്? അഗ്നിബാധ നേരിടുന്നതിൽ നമ്മുടെ നഗരങ്ങൾപോലും വേണ്ടവിധം സജ്ജമല്ലെന്നു വിളിച്ചറിയിക്കുന്നു, ഈ വൻദുരന്തങ്ങൾ. സർക്കാർ മന്ദിരങ്ങൾ, ഷോപ്പിങ് മാളുകൾ, സിനിമാ തിയറ്ററുകൾ തുടങ്ങി ജനങ്ങൾ കൂടുതലായി എത്തുന്ന ഇടങ്ങളിൽപോലും തീകെടുത്തുന്നതിനോ രക്ഷാപ്രവർത്തനം നടത്തുന്നതിനോ വേണ്ടത്ര സംവിധാനമില്ലാത്തതു നിർഭാഗ്യകരം തന്നെ. ഡൽഹി അഗ്നിരക്ഷാ സേന വലിയ സന്നാഹത്തോടെയെത്തിയിട്ടും ഇത്രയേറെ കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടതു വലിയ പാഠമായി നമുക്കു മുന്നിലുണ്ടാകുകതന്നെ വേണം.
ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന ഓക്സിജൻ സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതാണ് ഡൽഹി അപകടത്തിന്റെ വ്യാപ്തി കൂട്ടിയതെന്നാണു പ്രാഥമിക നിഗമനം. നിയമങ്ങൾ ലംഘിച്ചാണ് ആശുപത്രി പ്രവർത്തിച്ചിരുന്നതെന്നും ഇക്കാര്യം ചൂണ്ടിക്കാട്ടി പലതവണ പരാതി നൽകിയിരുന്നെന്നും നാട്ടുകാർ പറയുന്നുണ്ട്. തീപിടിത്തമുണ്ടായാൽ അണയ്ക്കാനാവശ്യമായ സുരക്ഷാസംവിധാനങ്ങളും ആശുപത്രിയിലുണ്ടായിരുന്നില്ല.
ഡൽഹി ദുരന്തങ്ങൾ എവിടെ വേണമെങ്കിലും ആവർത്തിക്കപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ഇവയുടെ പാഠമുൾക്കൊണ്ട് കേരളത്തിലെ സർക്കാർ ആശുപത്രികളുടെയും സ്വകാര്യ ആശുപത്രികളുടെയും മാത്രമല്ല, പൊതുജനങ്ങൾ കൂടുതലായി എത്തുന്ന എല്ലാ ഇടങ്ങളിലെയും സുരക്ഷാ ക്രമീകരണങ്ങൾ അടിയന്തര പരിശോധനയ്ക്കു വിധേയമാക്കിയേ തീരൂ.ആശുപത്രിയിലെ ശിശു മരണങ്ങൾ രാജ്യത്തിന് പാഠമാകുമോ ?
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment