Pages

Tuesday, April 30, 2024

എട്ടാം മാർത്തോമ്മാ

                                 എട്ടാം   മാർത്തോമ്മാ



എട്ടാം   മാർത്തോമ്മാ ലങ്കരസഭാ ചരിത്രത്തിൽ തനതായ വ്യക്തിമുദ്ര പതിപ്പിക്കുകയും സ്വാധീനം ചെലുത്തുകയും ചെയ് മെത്രാപ്പൊലീത്തയാണ് പുത്തൻകാവിൽ കബറടങ്ങിയിരിക്കുന്ന മാർത്തോമ്മാ എട്ടാമൻ. പുത്തൻകാവിൽ തന്നെ കബറടങ്ങിയിരിക്കുന്ന വലിയ മാർ ദിവന്നാസിയോസിന്റെ (മാർത്തോമ്മാ ആറാമൻ) പിൻഗാമിയായ മാർത്തോമ്മാ ഏഴാമന്റെ പിൻഗാമിയായി 1809 മെത്രാപ്പൊലീത്തയായി 1816 വരെ മലങ്കരസഭയെ നയിച്ച പിതാവാണ് മാർത്തോമ്മാ എട്ടാമൻ. അദ്ദേഹത്തിന്റെ ഭരണകാലത്തെ രണ്ടു പ്രധാന നേട്ടങ്ങളാണിവിടെ പരാമർശിക്കാനാഗ്രഹിക്കുന്നത്. മാർത്തോമ്മാ എട്ടാമന്റെ ഒന്നാമത്തെ സുപ്രധാന സംഭാവനയാണ് അദ്ദേഹം ചമച്ച ഒരു ചരിത്രരേഖ.

 

മലങ്കരസഭയുടെ പൂർവ ചരിത്രം വെളിവാക്കുന്നതാണത്. സഭയിൽ തർക്കമുണ്ടായ വേളയിൽ മദ്രാസ് ഗവൺമെന്റ് വിഷയത്തിൽ ഇടപെടേണ്ടിവന്നു. മെത്രാനെ വിസ്തരിക്കുന്നതിന്റെ ഭാഗമായി അവർ മലങ്കരസഭയുടെ ചരിത്രം, ഭരണം, നടപടികൾ, വിശ്വാസം മുതലായവ സംബന്ധിച്ച് പതിനേഴു ചോദ്യങ്ങൾ മെത്രാന്റെ പേർക്കെഴുതി ഉത്തരം ആവശ്യപ്പെട്ടു. ചോദ്യങ്ങൾക്കു മാർത്തോമ്മാ എട്ടാമൻ നൽകിയ മറുപടിയാണു മലങ്കരസഭയെ സംബന്ധിച്ചുള്ള പ്രധാനരേഖ. മലങ്കരസഭയുടെ ഉദ്ഭവം സംബന്ധിച്ചുള്ള ചോദ്യത്തിന് ഉത്തരമായി മാർത്തോമ്മാശ്ലീഹായുടെ പ്രസംഗം, ബ്രാഹ്മണരുടെ ക്രിസ്തുമതസ്വീകരണം, ശ്ലീഹായുടെ രക്തസാക്ഷിമരണം തുടങ്ങിയ കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്.

 

മാർത്തോമ്മാ എട്ടാമന്റെ ഭരണത്തിൻകീഴിൽ അക്കാലത്ത് അൻപത്തിയഞ്ചു പള്ളികളും നൂറ്റി അറുപത്തിയേഴു പട്ടക്കാരും മുപ്പതിനായിരം ക്രിസ്ത്യാനികളും ഉണ്ടെന്നു പറഞ്ഞിരിക്കുന്നു. പട്ടക്കാരുടെ ചുമതലകൾ ഞായറാഴ്ചയും പെരുന്നാൾ ദിവസങ്ങളിലും കുർബാന അനുഷ്ഠിക്കുക, മാമോദീസാ, കുമ്പസാരം, വിവാഹം, തൈലാഭിഷേകം മുതലായ കൂദാശകൾ നടത്തിക്കൊടുക്കുക, പള്ളികളിൽ ദിവസംപ്രതി രാവിലെയും വൈകിട്ടും പ്രാർഥനകൾ കഴിക്കുക ഇവയാണ്.

 

ഒടുവിലത്തെ ചോദ്യം പകലോമറ്റം തറവാടിന്റെ പുരാതനത്വത്തെപ്പറ്റിയായിരുന്നു. അതിനു മറുപടിയായി ക്രിസ്തബ്ദം 345 മുതൽ 1308 സംവത്സരങ്ങളോളം സുറിയാനിസഭയെ ഭരിച്ചിട്ടുള്ള അർക്കദിയാക്കോന്മാരെല്ലാം കുടുംബത്തിലെ അംഗങ്ങളായിരുന്നുവെന്നും പോർച്ചുഗീസുകാരുടെ കാലത്തിനുശേഷം പ്രസ്തുത കുടുംബത്തിൽ എഴുത്തുകാരനെക്കൂടാതെ ആറു മെത്രാന്മാരും ഒരു മെത്രാപ്പൊലീത്തയും ഉണ്ടായിരുന്നുവെന്നും എഴുതിയിട്ടുണ്ട്.

 

മാർത്തോമ്മാ എട്ടാമന്റെ ഭരണകാലത്തു നടന്ന രണ്ടാമത്തെ പ്രധാനപ്പെട്ട സംഭവമാണ് കണ്ടനാട് യോഗവും അതിന്റെ നിശ്ചയങ്ങളും. എഴാം മാർത്തോമ്മായുടെ നാൽപതാം ദിവസം അടിയന്തിരത്തോട് അനുബന്ധിച്ച് എട്ടാം മാർത്തോമ്മായുടെ അധ്യക്ഷതയിലാണു കണ്ടനാട് യോഗം ചേർന്നതും പടിയോല എഴുതിയതും. എഴാം മാർത്തോമ്മായുടെ നാൽപതാം ദിവസം അടിയന്തിരത്തിനു കണ്ടനാട് എത്തിച്ചേരുവാൻ എട്ടാം മാർത്തോമ്മാ പള്ളികൾക്കു കൽപന അയച്ചു. അടിയന്തിരത്തിനു സംബന്ധിക്കുവാൻ എത്തിയ ആളുകൾ 1809 ചിങ്ങം ഒന്നാം തീയതി എട്ടാം മാർത്തോമ്മായുടെ അധ്യക്ഷതയിൽ യോഗം കൂടി. എട്ടാം മാർത്തോമ്മായെ സഭ അംഗീകരിച്ചു സ്വീകരിച്ചിരിക്കുന്നു എന്ന തീരുമാനം യോഗം ഔദ്യോഗികമായി കൈക്കൊണ്ടു.

 

കായംകുളം ഫിലിപ്പോസ് റമ്പാനെയും, കുന്നംകുളം ഇട്ടൂപ്പ് കത്തനാരെ റമ്പാനാക്കി അദ്ദേഹത്തെയും  മാർത്തോമ്മാ എട്ടാമന്റെ പ്രധാന കാര്യവിചാരകരായി നിയമിക്കുവാനും യോഗം തീരുമാനിച്ചു. വൈദികസ്ഥാനാർഥികളെ സുറിയാനിയും മറ്റും പഠിപ്പിക്കുന്നതിനും അഭ്യസനം നൽകുന്നതിനും തെക്കും വടക്കും ഓരോ പഠിത്ത വീടുകൾ ഉണ്ടാക്കണമെന്നും, വിവരമുള്ള വൈദികരെ അവിടെ മൽപാന്മാരായി നിയമിക്കണമെന്നും മൽപാന്മാരുടെയും വിദ്യാർഥികളുടെയും ചെലവ് പള്ളികളിൽനിന്നും വരിപ്പണം പിരിച്ചു നടത്തണമെന്നും ഉള്ള അതിപ്രധാനമായ ഒരു നിശ്ചയവും കണ്ടനാട്ട് ചേർന്ന യോഗം ചെയ്തു.  1816 മീനം 12–ാം തീയതി നിരണത്ത് കാലംചെയത് പുത്തൻകാവ് പള്ളിയിൽ കബറടക്കി.

Prof. John Kurakar

No comments: