മതവും ശാസ്ത്രവും തമ്മിൽ സംഘർഷം പാടില്ല
പ്രൊഫ്.
ജോൺ
കുരാക്കാർ
ശാസ്ത്രവും മതവും പൊരുത്തപെട്ടുപോകുന്നതാണ് .ശാസ്ത്ര പ്രതിഭാസങ്ങളും പ്രക്രിയകളും നിര്വ്വചനങ്ങളും വ്യാഖ്യാനങ്ങളും സൃഷ്ടിക്കുന്ന ഒരു
ലോകത്ത് മതവും വിശ്വാസവും തീര്ക്കുന്ന ആത്മീയതയ്ക്ക് വലിയ പ്രസക്തിയില്ലെന്ന് തോന്നിയേക്കാം. പ്രശസ്ത ശാസ്ത്ര പ്രചാരകനും അമേരിക്കന്‍ ശാസ്ത്രജ്ഞനുമായിരുന്ന കാള്‍ എഡ്വേര്‍ഡ് സാഗന്റെ വാക്കുകൾ ശ്രേദ്ധേയമാണ് .'ശാസ്ത്രം ആത്മീയതയുമായി ഒത്തുപോകും എന്നു മാത്രമല്ല, അത്
ആത്മീയതയുടെ ഒരു
മഹനീയ സ്രോതസ്സുമാണ്.' പ്രകാശവര്ഷങ്ങളുടെ അഗാധതയിലും കാലത്തിന്റെ അപാരതയിലും നമ്മുടെ യഥാര്ത്ഥമായ സ്ഥാനം നാം
തിരിച്ചറിയുമ്പോള്‍, ജീവന്റെ മൃദുലമനോഹര സൗന്ദര്യവും നി ഗൂഢതയും ഉള്ക്കൊള്ളുമ്പോള്‍, നമ്മുടെ ഉള്ളിന്റെ ഉള്ളിലുറഞ്ഞു കൂടുന്ന ഔന്നത്യവും വിനയമത്രയും കലര്ന്ന
ആനന്ദാനുഭൂതിയുണ്ടല്ലോ അത് തീർച്ചയായും ആത്മീയം തന്നെയാണ്. മതവിശ്വാസത്തോടൊപ്പം മാനവികത കൂടി ചേരുമ്പോള്‍ യഥാര്ത്ഥ മനുഷ്യന് പിറവിയെടുക്കുന്നു. മതങ്ങളും അതു തീര്ക്കുന്ന മതസംഹിതകള്ക്കുമൊപ്പം മാനവികത കൂടി ചേരുമ്പോഴാണ് യഥാര്ത്ഥ
മനുഷ്യരും മനുഷ്യസ്നേഹികളുമുണ്ടാകുക. ഭൂരിപക്ഷം മതങ്ങളും അതിന്റെ ഉദ്ബോധനങ്ങളും ഒരാളെ നല്ല മനുഷ്യനാക്കാന്‍ പ്രാപ്തനാക്കുമെന്നതു തന്നെയാണ് സത്യം. അതുപോലെ തന്നെ എതൊരാള്ക്കും അദ്ദേഹത്തിന്റെ തത്വസംഹിതകളെ പൊതു സമൂഹത്തില്‍ ഉദ് ബോധിപ്പിക്കാനുള്ള അവകാശം നമ്മുടെ ഇന്ത്യന്‍ ഭരണഘടന ഉറപ്പും തരുന്നുണ്ട്. ഈശ്വരവിശ്വാസിയും ഒപ്പം ആത്മീയ നേതൃത്വവും നല്ലവരാകണം എന്നതു സമൂഹം അവരില്‍ നിന്നാഗ്രഹിക്കുന്ന കാവ്യനീതി തന്നെയാണ്. അതുകൊണ്ടു തന്നെയാണ് അവരില്‍ നിന്നുണ്ടാകുന്ന ചെറിയ തെറ്റുകള്‍ പോലും സമൂഹമധ്യത്തില്‍ വ്യാപകമായി തന്നെ വലിയ രീതിയില്‍ വിമര്‍ശന വിധേയമാകുന്നത്. വിശ്വാസി നല്ലവനാകണമെന്ന മുന്‍ വിധി പൊതു സമൂഹത്തിനുള്ളതുപോലെ തന്നെ, നല്ലവനായ ഒരാള്‍ ഈശ്വരവിശ്വാസിയാകണമെന്ന് യാതൊരു നിര്ബന്ധവുമില്ല. അവിടെയാണ് മാനവികതയുടെയുടെയും സഹിഷ്ണുതയുടേയും പ്രസക്തി.
ചരിത്ര വസ്തുതകള്‍ പരിശോധിച്ചാല്‍ മതവും തത്വശാസ്ത്രവും തമ്മില്‍ ആദിമകാലം മുതല്‍ തന്നെ ആശയപരമായ സംഘട്ടനം നിലനിന്നിരുന്നതായി കാണാം. ശാസ്ത്രത്തിന്റെ വളര്ച്ചയും ഉയര്ച്ചയും അതാതു കാലഘട്ടങ്ങളിലെ പ്രബലമതങ്ങളില്‍ അസ്വാരസ്യമുണ്ടാക്കിയെന്നതും ചരിത്ര യാഥാര്ത്ഥ്യമാണ്. ശാസ്ത്ര സത്യങ്ങളുടെ പല വെളിപ്പെടുത്തലുകളും കാലങ്ങളായുള്ള മതങ്ങളുടെ ചിന്താധാരകളിലും അവയുടെ പഠനങ്ങളിലും കാലികമായ പൊളിച്ചെഴുത്തുകള്‍ ആവശ്യമായി വന്നപ്പോള്‍, അവര്‍ ആദ്യം മുഖം തിരിച്ചെങ്കിലും പിന്നീട് ശാസ്ത്ര സത്യങ്ങളെ ഉള്ക്കൊണ്ടുള്ള ഒരു സമീപന രീതി തന്നെയാണവയില്‍ ഭൂരിപക്ഷവും സ്വീകരിച്ചത്. അതിനെ ഉള്ക്കൊള്ളാനും പ്രായോഗികമാക്കാനും ഉള്ള ക്രിയാശേഷി പ്രകടിപ്പിച്ചവയൊക്കെ കാലഘട്ടത്തെ അതിജീവിച്ചത് നാം കണ്ടതുമാണ്. പ്രപഞ്ചരഹസ്യങ്ങള്‍ അനാവരണം ചെയ്യാന്‍ ഏറ്റവും നല്ല വഴി
ശാസ്ത്രത്തിന്റേതാണ് എന്ന് ഒരു പക്ഷം നിര്വ്വചിക്കുമ്പോള്‍, ജീവിക്കാന്‍ ശാസ്ത്രം മതി എന്നോ, എല്ലാ ജീവിതപ്രശ്നങ്ങള്ക്കും ശാസ്ത്രീയമായ പരിഹാരമുണ്ടെന്നോ എല്ലാ ശാസ്ത്രീയ ഊഹാപോഹങ്ങളും ശരിയെന്നോ അര്ത്ഥമാക്കുന്നില്ല. നേരില്‍ കാണുന്നതും ഊഹാപോഹങ്ങളില്‍ അടിസ്ഥാനമാക്കിയുമുള്ള പ്രതിഭാസങ്ങളെ ശ്രദ്ധാപൂര്വം നിരീക്ഷിക്കുകയും സത്യസന്ധമായി വിലയിരുത്തുകയും ചെയ്യണം. അവിടെ ജാതിമതചിന്തകള്ക്കോ സമൂഹത്തില്‍ നാം
പിന്തുടരുന്ന സംസ്കാരിക മൂല്യങ്ങള്ക്കോ വലിയ പ്രസക്തിയുണ്ടാകണമെന്നില്ല. കാരണം അവിടെ പ്രാമുഖ്യം ലഭിക്കേണ്ടത്, ശാസ്ത്രീയ ചിന്തകള്ക്കു തന്നെയാണ്.
അബദ്ധമായ ചിന്താധാരയില്‍ നിന്നുളവാകുന്ന അന്ധവിശ്വാസങ്ങളെയും ഇതില്‍ നിന്നും രൂപപ്പെടുന്ന അനാചാരങ്ങളേയും മതമൗലികവാദികള്‍ സമര്‍ത്ഥമായി ഉപയോഗിക്കുന്ന നിലയിലേയ്ക്ക് കാര്യങ്ങള്‍ കൈ
വിട്ടു പോകുന്നതും സാഹചര്യങ്ങള്‍ സംഘര്‍ഷഭരിതമാകുന്നതും നാം
കാണുന്നു .മനുഷ്യത്വം ലവലേശമില്ലാതെ മതാന്ധത ബാധിച്ച ആ
മനോഭാവത്തിനു വേണ്ടത് തൊലിപ്പുറത്തെ ചികില്സയല്ല മറിച്ച്, മാനസിക ചികില്‍സ തന്നെയാണു വേണ്ടത്. ഇന്നിന്റെ ശാസ്ത്രം നാളെകളില്‍ മതത്തെ പൊള്ളയാക്കുമോ? അതിന്റെ ചിന്തകളെ മലീമസമാകുമോ? മതപഠനങ്ങളെ അസ്ഥാനത്താക്കുമോ?
ഇതൊക്കെ അബദ്ധധാരണകളാണ് .
ശാസ്ത്രവും മതവും സാമൂഹികതയും പരസ്പരം യോജിച്ചു പോകുന്ന രണ്ടു വഴികളാക്കാന്‍ മതങ്ങളും അവയുടെ നേതൃത്വവും പരിശ്രമിക്കേണ്ടതുണ്ട്. പരസ്പര ധാരണയിലും സഹകരണത്തിലും പുതിയവയുടെയും കണ്ടുപിടുത്തങ്ങളുടെയും പിറവിയിലും മാറ്റങ്ങളുടേയും സാംഗത്യത്തിന്റെയും ഒരു
പുതു വഴി
പുല്കുകയാണുചിതം. മനുഷ്യനും മറ്റു ജീവജാലങ്ങളും എങ്ങനെയാണ് ശ്വസിക്കുന്നതെന്നും ശരീരത്തില്‍ എങ്ങനെയാണ് രക്തമോടുന്നതെന്നുമൊക്കെ മനുഷ്യന് മനസ്സിലാക്കിയ വഴികള്‍, നമ്മുടെ പ്രാഥമിക ചിന്തകള്ക്കപ്പുറത്താണ്. മൃതദേഹങ്ങള്‍ വിശുദ്ധിയോടെ മറവു ചെയ്യാന്‍ മാത്രം അനുവാദമുണ്ടായിരുന്ന കാലത്ത് അവയെ കീറിമുറിക്കാന്‍, കുഴിച്ചിട്ട മൃതദേഹങ്ങള്‍ രാത്രിയുടെ യാമങ്ങളില്‍ മോഷ്ടിച്ചെടുത്ത ഭിഷഗ്വര കുതുകികള്‍ ഉണ്ടായതു കൊണ്ടാണ് കണ്ണും കരളും കൂമ്പും വരെ മാറ്റിവെയ്ക്കുന്ന ശസ്ത്രക്രിയകള്‍ നമ്മുടെ നാട്ടില്‍ പോലും ജനകീയമായത്.
മാനവ സംസ്കൃതിയെയും അവയുടെ ദൈനംദിന ജീവിതത്തേയും അത്യന്തം അനായാസമാക്കിയ പരീക്ഷണ–നിരീക്ഷണങ്ങളാണ് ശാസ്ത്രമെന്നു ചുരുങ്ങിയ വാക്കുകളില്‍ നിര്‍വ്വചിക്കാം.ഇന്ന്നായ
കടിക്കുമ്പോള്‍ വളരെയെളുപ്പത്തില്‍ സര്‍ക്കാരാശുപത്രിയില്‍ പോയി എടുക്കുന്ന വാക്സിനും ക്യാന്‍സര്‍
ചികിത്സയില്‍ മുഖ്യപങ്കുവഹിക്കുന്ന റേഡിയേഷന് ചികിത്സയ്ക്കും പുറകില്‍, വിശുദ്ധ പദവിയിലേയ്ക്കുയര്ത്തപ്പെടാതെ പോയ വലിയ രക്തസാക്ഷിത്വത്തിന്റെ കഥകളുണ്ട്. ഫ്രാന്സിന്റെ തെരുവീഥികളിലൂടെ നടന്ന് പേപിടിച്ച ഭ്രാന്തന് നായ്ക്കളെ തേടിപ്പിടിച്ചു കൊണ്ടുവന്ന് ജീവന് പണയംവച്ച്, പേവിഷബാധക്കെതിരെയുള്ള വാക്സിന് പരീക്ഷണം വിജയകരമായി പൂര്ത്തിയാക്കിയ ലൂയി പാസ്ചര്‍, റേഡിയോ ആക്ടീവ് പരീക്ഷണങ്ങള്ക്കു വേണ്ടി സ്വജീവന്‍ തന്നെ വിലയായി നല്കിയ
മേരി ക്യൂറി, അങ്ങനെ എത്രയോ മഹാരഥന്മാര്‍. സത്യത്തെയും അതിന്റെ നന്മയേയും തേടിയുള്ള യാത്രയില്‍ സ്വന്തം ജീവനേക്കാള്‍ മുകളില്‍ സമൂഹ നന്മ
കാംക്ഷിച്ച പ്രതിഭകളുടെ ഒടുങ്ങാത്ത അന്വേഷണങ്ങളാണ് ഇന്ന് 4G ആയും സ്മാര്ട്ട് ഫോണായും ഉപഗ്രഹങ്ങളായും പ്രതിരോധ വാക്സിനുകളായും ഏതു
രോഗത്തിനുളള മരുന്നുകളായും അത്യന്താധുനിക ചികിത്സാരീതികളായുമൊക്കെ നമുക്ക് അനുഭവവേദ്യമാകുന്ന നമ്മുടെ ജീവിത സൗകര്യങ്ങളെന്ന കാര്യം നാം വിസ്മരിക്കരുത്. ആരോഗ്യമേഖലയില്‍ നടത്തുന്ന മുന്നേറ്റങ്ങളെക്കുറിച്ച് അവരവരുടെ നെറികെട്ട ബോധ്യങ്ങള്ക്കനുസരിച്ച് തെറ്റിദ്ധാരണ പരത്തുന്നത്, ചുരുക്കം ചില മതങ്ങളും അവയുടെ നേതൃത്വവും സാധൂകരിക്കുന്ന ഒരു
നീതിശാസ്ത്രമാണ്.
നിരവധി തവണ മനുഷ്യന്റെ പാദസ്പര്ശം
ചന്ദ്രനിലുണ്ടായിട്ടും അന്യഗ്രഹങ്ങളിലേയ്ക്കുള്ള പര്യവേക്ഷണ പേടകങ്ങള്‍ ആകാശനീലിമയില്‍ തലങ്ങും വിലങ്ങും ചലിച്ചിട്ടും അതെല്ലാം പെരും നുണകളെന്നു വിശ്വസിക്കുന്ന ഒരു വലിയ സമൂഹം നമുക്കിടയിലുണ്ടെന്നത് എത്രയോ വിരോധാഭാസമാണ്.
കൃത്യമായ ശാസ്ത്രബോധവും മതാന്ധതക്കപ്പുറത്തെ സാമൂഹ്യബോധവും പുതിയ തലമുറയില്‍ വളര്‍ത്തുകയെന്നതുതന്നെയാണ് ഇക്കാര്യത്തില്‍ നമുക്ക് ചെയ്യാവുന്ന നന്മ. യുക്തിഭദ്രമായി ചിന്തിക്കാനും നിഗമനങ്ങളിലെത്താനും അടിസ്ഥാന ശാസ്ത്രതത്വങ്ങളെങ്കിലും കുട്ടികള്‍ ക്ലാസ്മുറികളില്‍ പഠിക്കണം. അതിനുള്ള സാഹചര്യമില്ലാതെപ്പോയാല് ശാസ്ത്രാവബോധം ലവലേശം തീണ്ടിയിട്ടില്ലാത്ത, അബദ്ധജടിലമായ ചിന്തകളും കേവലം ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും മാത്രം ബോധ്യവുമുള്ള ഒരു
പുതിയ സമൂഹം ഇവിടെ സാക്ഷര കേരളത്തില്‍ ആവര്‍ത്തിച്ചു പിറവിയെടുത്തുകൊണ്ടിരിക്കും. .\
മതങ്ങള്‍ മനുഷ്യനെ പഠിപ്പിക്കേണ്ടത് നന്മയും മാനവികതയുമാണ്. മനുഷ്യസ്നേഹം തന്നെയാണ് യഥാര്ത്ഥ
ഈശ്വരസ്നേഹം. അന്ധവും വികലവും ആയ മതവികാരങ്ങളൊ ആചാരാനുഷ്ഠാനങ്ങളോ അല്ല; മനുഷ്യരെ നന്മയിലേയ്ക്കുള്ള മാര്ഗ്ഗത്തിനാണ് മതങ്ങള്‍ പഠനങ്ങളില്‍ പ്രാമുഖ്യം കൊടുക്കേണ്ടത്. അറിവിനോടും ശാസ്ത്ര സത്യങ്ങളോടും അതിന്റെ ഗവേഷണങ്ങളോടും മുഖം തിരിക്കാതെ സത്യാന്വേഷണത്തിന്റെ ഭാഗമാവാനാണ് അവയും ശ്രമിക്കേണ്ടത്. മസ്തിഷ്ക്കക്ഷാളനം ചെയ്യപ്പെട്ട തലമുറയല്ല; മറിച്ച് നന്മ
സ്ഫുരിക്കുന്ന, വിജ്ഞാനത്തില്‍ വിളയുന്ന അന്വേഷണ കുതുകികളായ വിശ്വാസികളെയാണ് ഇന്നിന്റെ മതങ്ങള്ക്കാവശ്യം. അത്തരം വിശ്വാസ സമൂഹത്തെ വാര്ത്തെടുക്കുകയെന്നതാണ് മതങ്ങള്‍ പ്രാമുഖ്യം കൊടുക്കേണ്ട ലക്ഷ്യത്തില്‍ പരമപ്രധാനം. അറിവിന്റെ ചിന്തകളെ അഭിരമിക്കാനും സാമ്പ്രദായികതയെ മാത്രം ആശ്രയിക്കാതെ സാമൂഹ്യ ചിന്തയും തുല്യ നീതിയും കൂടി പഠിപ്പിക്കുകയും പരിശിലിപ്പിക്കുകയും ചെയ്യുന്ന വേദികളായി നമുക്ക് നമ്മുടെ വിശ്വാസത്തെ മാറ്റിയെടുക്കണം .ശാസ്ത്രവും
മതവും
തമ്മിൽ
സംഘർഷം പാടില്ല .
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment