Pages

Friday, December 29, 2023

കുഴഞ്ഞുവീണുള്ള മരണം എന്തുകൊണ്ട് ?

 

മറ്റു വൈറൽ പനികളെപ്പോലെ കൊറോണ വൈറസും നമ്മുടെ ഹൃദയപേശികൾക്കു ക്ഷതമേൽപിക്കാനുള്ള സാധ്യതയുണ്ടെന്നുഡോക്ടർമാർ പറയുന്നു.




കുഴഞ്ഞുവീണുള്ള മരണം എന്തുകൊണ്ട് ?

2021 ഒക്ടോബർ ഒന്നിനും 2023 മാർച്ച് 31നും ഇടയിൽ കുഴഞ്ഞുവീണു മരിച്ച 18–45 പ്രായപരിധിയിലുള്ളവരെയാണ് ഐസിഎംആറിന്റെ നേതൃത്വത്തിൽസഡൻ അഡൽറ്റ് ഡെത്ത്സ് സ്റ്റഡി ഗ്രൂപ്പ്എന്ന ഗവേഷകരുടെ സംഘം പഠനത്തിനു വിധേയരാക്കിയത്. 47 ആശുപത്രികളിൽനിന്നു വിവരങ്ങൾ ശേഖരിച്ചായിരുന്നു പഠനം.

പഠനത്തിൽ കണ്ടെത്തിയത്:

കോവിഡ് ഗുരുതരമായി ആശുപത്രിവാസം വേണ്ടിവന്നവരിൽ കുഴഞ്ഞുവീണു മരണത്തിനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ചു നാലു മടങ്ങ് കൂടുതലാണ്.രണ്ടു ഡോസ് വാക്സീൻ എടുത്തവരിൽ കുഴഞ്ഞുവീണുള്ള മരണങ്ങൾ കുറവായിരുന്നു.കുഴഞ്ഞുവീണു മരിക്കാനുള്ള മറ്റു കാരണങ്ങൾ: അമിത മദ്യപാനം, തീവ്ര വ്യായാമമുറകൾ.കഠിനമായി വ്യായാമം ചെയ്യുമ്പോഴുള്ള അധ്വാനം ഹൃദയധമനികളിൽ പൂർണമായോ ഭാഗികമായോ തടസ്സമുണ്ടാക്കും. ഇതു പെട്ടെന്നുള്ള മരണത്തിലേക്കു നയിക്കും.

ഏതു വൈറസ് ബാധയുണ്ടായാലും അതിന്റെ രോഗ്യപ്രശ്നങ്ങൾ കുറെക്കാലം തുടരാനിടയുണ്ട്. ചിക്കുൻഗുനിയ വന്നശേഷവും വർഷങ്ങളോളം അതിന്റെ ബുദ്ധിമുട്ടുകൾ ആളുകൾക്കുണ്ടായിട്ടുണ്ട്. കൊറോണ വൈറസ് ഹൃദയത്തെ പലതരത്തിലും  ബാധിച്ചു. കോവിഡ് ഗുരുതരമായവരിൽ ഹൃദയസംബന്ധമായ അസുഖങ്ങളുടെ ലക്ഷണങ്ങളുണ്ടെങ്കിൽ പ്രത്യേകം ശ്രദ്ധിക്കണം.കോവിഡ് അനന്തര ആരോഗ്യപ്രശ്നങ്ങളിൽ വിട്ടുമാറാത്ത ചുമയും ശ്വാസംമുട്ടലും ഏറെപ്പേരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. കൊറോണ വൈറസ് ശ്വാസനാളിയെയും ശ്വാസകോശത്തെയുമാണു പ്രധാനമായും ബാധിച്ചത്. ശ്വാസനാളികളിൽ വൈറസ് ഏൽപിച്ച ആഘാതമാണു ചുമയും ശ്വാസംമുട്ടലും തുടരാനുള്ള കാരണം.

ആലപ്പുഴ മെഡിക്കൽ കോളജിലെ ശ്വാസകോശരോഗ വിഭാഗം നടത്തിയ പഠനത്തിൽ കോവിഡ് നെഗറ്റീവായി മൂന്നു മാസത്തിനു ശേഷവും ഏറെപ്പേർക്കും ശ്വാസംമുട്ടലും ചുമയും തുടരുന്നതായി കണ്ടെത്തി. ശ്വാസകോശ വിഭാഗത്തിലെ ഒപിയിൽ ചികിത്സ തേടിയ 165 പേരിലാണ് ഡോ. പി.എസ്.ഷാജഹാൻ, ‍ഡോ. ഷാഹിന ഷെറഫ്, ഡോ. സി.ജി.ബിന്ദു എന്നിവരുടെ നേതൃത്വത്തിൽ പഠനം നടത്തിയത്.ശ്വാസംമുട്ടൽ– 66%, ചുമ– 65%, ക്ഷീണം– 41%, ഉറക്കക്കുറവ്– 23% എന്നിങ്ങനെയാണു പ്രധാനമായും കണ്ടെത്തിയ  പ്രശ്നങ്ങൾ.

കോവിഡ് ബാധിച്ച ഒരു വിഭാഗം ആളുകളിൽ ശ്വാസനാളികൾ അമിത പ്രതികരണ ശേഷിയുള്ളതായി. ഇതുമൂലം  ആസ്മയില്ലാത്തവർക്കും ആസ്മയ്ക്കു സമാനമായ ചുമ, ശ്വാസംമുട്ടൽ തുടങ്ങിയ ലക്ഷണങ്ങളുണ്ടായി. ഇതാണു പലരിലും  തുടരുന്നത്.

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) റിപ്പോർട്ട് പ്രകാരം കോവിഡ് ഗുരുതരമായി ആശുപത്രി ചികിത്സയിൽ കഴിഞ്ഞവരിൽ ഒരു വർഷത്തിനുശേഷമുള്ള മരണനിരക്ക് 6.5 ശതമാനമാണ്. 31 ആശുപത്രികളിലായി ചികിത്സയിലുണ്ടായിരുന്ന 14,419 കോവിഡ് രോഗികളുടെ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള കണക്കാണിത്. ഇവരിൽ മരണ കാരണം കോവിഡാണെന്നു പറയാനാകില്ലെങ്കിലും മരണനിരക്ക് ഇത്രയും ഉയരുന്നത് ആശങ്കപ്പെടുത്തുന്നതാണ്. കോവിഡ് ബാധിച്ചു ചികിത്സയ്ക്കുശേഷം ആശുപത്രി വിട്ട് ഒരു മാസത്തിനുള്ളിലാണു 50% പേരും മരിച്ചത്. അതിനാൽ മരണനിരക്കിനു ലോങ് കോവിഡുമായി ബന്ധമുണ്ടെന്നു കരുതാനാകില്ല.

കൂടുതലാണ് ഇപ്പോഴത്തെ മരണനിരക്ക്. മരണങ്ങളിൽ മിക്കതും ഹൃദയമോ രക്തക്കുഴലോ ആയി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ മൂലമുള്ളതാണ്. കോവിഡിനുശേഷം മരണനിരക്കിൽ വർധനയുണ്ടെന്നതു വസ്തുതയാണ്.

വ്യക്തിപരമായ ആരോഗ്യ പ്രശ്നങ്ങൾക്കൊപ്പം കോവിഡ് ഏറ്റവും കൂടുതൽ ബാധിച്ചതു തൊഴിൽ മേഖലയെയാണ്. കോവിഡ് അനന്തര പ്രശ്നങ്ങൾ വ്യക്തികളുടെ ജീവിതനിലവാരത്തിലും തൊഴിൽശേഷിയിലും കാര്യമായ പ്രശ്നങ്ങളുണ്ടാക്കിയെന്നാണു റിപ്പോർട്ടുകൾ. 40–64 പ്രായ വിഭാഗത്തിലുള്ള ആളുകളുടെ തൊഴിൽശേഷിയെ ലോങ് കോവിഡ് ബാധിച്ചിട്ടുണ്ടെന്നു സൂറിക് സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തി. ക്ഷീണം, ശരീരവേദന തുടങ്ങിയ പ്രശ്നങ്ങൾ ഒരാളിന്റെ ദൈനംദിന ജീവിതത്തിൽ ഏറെ ബുദ്ധിമുട്ടുകളുണ്ടാക്കും. ഘട്ടം ഘട്ടമായി മാത്രമേ അവർക്കു സാധാരണജീവിതത്തിലേക്കു മടങ്ങാനാകൂ

കോവിഡ് അനന്തര ആരോഗ്യപ്രശ്നങ്ങൾ ഇന്ത്യയിൽ കാര്യമായ ഭീഷണി സൃഷ്ടിക്കുന്നില്ലെന്ന അഭിപ്രായവും   ചില ഡോക്ടർമാർക്കുണ്ട്. യുഎസ്, യൂറോപ്പ് തുടങ്ങിയ ഇടങ്ങളിൽ ലോങ് കോവിഡ് സൃഷ്ടിച്ച ആരോഗ്യഭീഷണി ഇന്ത്യയിലുണ്ടായിട്ടില്ല. കോവിഡ് അനന്തര ആരോഗ്യപ്രശ്നങ്ങൾക്കു ചികിത്സ തേടുന്നവരുടെ എണ്ണത്തിലും ഇപ്പോൾ വലിയ വർധനയില്ലെന്നു ഡോക്ടർമാർ പറയുന്നു.

‘‘കൊറോണ വൈറസ് ബാധ സാധാരണ ഇൻഫ്ലുവൻസ വൈറസിനു സമാനമായ രീതിയിലാണ് ആളുകളെ ബാധിക്കുന്നത്. എന്നാൽ, വീണ്ടും വീണ്ടും അണുബാധയുണ്ടാകുന്നതു വയോജനങ്ങൾക്കു വലിയ വെല്ലുവിളിയാണ്. സാധാരണഗതിയിൽതന്നെ വയോജനങ്ങൾക്ക് ഒട്ടേറെ ആരോഗ്യപ്രശ്നങ്ങളുണ്ടാകും. അതിനൊപ്പം വൈറസ് ബാധയെ പ്രതിരോധിക്കാൻ ശരീരം പ്രവർത്തിക്കുമ്പോഴുണ്ടാകുന്ന ഇൻഫ്ലമേഷൻ (നീർക്കെട്ട്) ആരോഗ്യപ്രശ്നങ്ങൾ ഗുരുതരമാക്കും. ഓരോ സിഗരറ്റു വലിക്കുമ്പോഴും  ആയുർദൈർഘ്യം കുറയുമെന്നു പറയാറില്ലേ. അതുപോലെ ഓരോ തവണ കൊറോണ വൈറസ് ബാധയുണ്ടാകുമ്പോഴും വയോജനങ്ങളിൽ അത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുകയും ആയുർദൈർഘ്യം കുറയ്ക്കുകയും ചെയ്യും’’ – എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ കൺസൽറ്റന്റ് ജെറിയാട്രീഷ്യനായ ഡോ. ജിനോ ജോയ് പറഞ്ഞു.

യൂറോപ്പിലെപ്പോലെ ലോങ് കോവിഡ് മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ കാര്യമായി നമ്മുടെ രാജ്യത്തുണ്ടായിട്ടില്ല. ലോങ് കോവിഡ് മൂലമുള്ള ആരോഗ്യപ്രശ്നങ്ങളുമായി ആശുപത്രിയിൽ ചികിത്സ തേടുന്നവരും ഏറെയില്ല. ജനിതക കാര്യങ്ങൾ ഉൾപ്പെടെ അതിനു കാരണമായിരിക്കാം.


No comments: