ഭരണകർത്താക്കൾ
മതേതരത്വം മറക്കരുത്
ഇന്ത്യൻ പാർലമെന്റിൽ അടുത്തിടെയുണ്ടായ സുരക്ഷാ വീഴ്ചയെപ്പറ്റി പ്രധാനമന്ത്രി രാജ്യത്തിന് വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടതിനാണ് ഇരുസഭകളിൽ നിന്നുമായി 143 പ്രതിപക്ഷ എം.പിമാരെ സസ്പെൻഡ് ചെയ്തിരിക്കുന്നത്. ന്യായമായ ഒരാവശ്യത്തെ ഏറ്റവും ജനാധിപത്യ വിരുദ്ധവും അപഹാസ്യവുമായ രീതിയിലാണ് കേന്ദ്ര സർക്കാർ കണ്ടത് .പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന്റെ രണ്ടാം ദിവസം എംപിമാർക്കു വിതരണം ചെയ്ത ഭരണഘടനയുടെ ഇംഗ്ലീഷ് പകർപ്പിൽനിന്നാണ് ‘മതേതരത്വം’, ‘സോഷ്യലിസ്റ്റ്’ എന്നീ പദങ്ങൾ അപ്രത്യക്ഷമായത്. പുതിയ പാർലമെന്റ് മന്ദിരത്തിലേക്കു മാറിയതിന്റെ തിളക്കം നഷ്ടപ്പെടുത്തുന്ന നടപടിയാണിത്
ഭരിക്കുന്നവർ മറന്നുപോകുന്പോഴൊക്കെ മതേതരത്വത്തെക്കുറിച്ച് ഓർമിപ്പിക്കാൻ പ്രതിജ്ഞാബദ്ധരാണ് ഇന്ത്യയിലെ ജനങ്ങളായ നാം. പുതിയ പാർലമെന്റ് മന്ദിരത്തിൽ എംപിമാർക്കു വിതരണം ചെയ്ത ഭരണഘടനയുടെ ഇംഗ്ലീഷ് പതിപ്പിൽ മതേതരത്വവും സോഷ്യലിസവും ഇല്ലാതെപോയതിൽ സന്തോഷിക്കുന്നവരുണ്ടോ എന്നറിയില്ല.പക്ഷേ, അതിൽ വേദനിക്കുന്ന കോടിക്കണക്കിനു മനുഷ്യരുണ്ട്. രാജ്യത്തു പലയിടത്തും മതേതരത്വം വെല്ലുവിളി നേരിടുന്പോൾ ഭരണഘടനയിൽ അതുണ്ടല്ലോ എന്ന ആശ്വാസമായിരുന്നു കരുത്ത്. അതില്ലാതാകുമോയെന്ന ആശങ്ക വർഗീയതയെ വെറുക്കുന്ന പൗരന്മാർക്കുണ്ട്. ഭരണഘടനയുടെ പഴയ പതിപ്പാണ് വിതരണം ചെയ്തതെന്ന ന്യായം പിന്തിരിപ്പനാണ്; ഇന്ത്യയെന്ന പരമാധികാര സ്ഥിതിസമത്വ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്ക് പിറകോട്ടല്ലല്ലോ സഞ്ചരിക്കേണ്ടത്.
പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന്റെ രണ്ടാം ദിവസം എംപിമാർക്കു വിതരണം ചെയ്ത ഭരണഘടനയുടെ ഇംഗ്ലീഷ് പകർപ്പിൽനിന്നാണ് ‘മതേതരത്വം’, ‘സോഷ്യലിസ്റ്റ്’ എന്നീ പദങ്ങൾ അപ്രത്യക്ഷമായത്. പുതിയ പാർലമെന്റ് മന്ദിരത്തിലേക്കു മാറിയതിന്റെ തിളക്കം നഷ്ടപ്പെടുത്തുന്ന നടപടിയാണിത്. സെകുലർ, സോഷ്യലിസ്റ്റ് എന്നീ വാക്കുകൾ ഭരണഘടനയിൽ ഇല്ലാത്തത് ആശങ്കാജനകമാണെന്ന് കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു. “1976ലെ ഭേദഗതിക്കു ശേഷമാണ് ഈ വാക്കുകൾ ഭരണഘടനയുടെ ആമുഖത്തിൽ ഉൾപ്പെടുത്തിയതെന്നു നമുക്കറിയാം. പക്ഷേ, ഇപ്പോൾ ഭരണഘടന കൈമാറുന്പോൾ ആ വാക്കുകൾ ഇല്ല എന്നുള്ളത് ആശങ്കാജനകമാണ്. അവരുടെ ഉദ്ദേശ്യശുദ്ധി സംശയിക്കേണ്ടതാണ്. വളരെ കൗശലപൂർവമാണ് അവരതു ചെയ്തത്.
ഈ വിഷയം ഞാൻ സഭയിൽ ഉന്നയിക്കാൻ ശ്രമിച്ചെങ്കിലും അവസരം ലഭിച്ചില്ല.’ കോൺഗ്രസ് ആരോപിച്ച കൗശലത്തെ ശരിവയ്ക്കുന്നതായിരുന്നു സർക്കാരിന്റെ മറുപടി. നിയമമന്ത്രി അർജുൻ മേഘ്വാൾ പറഞ്ഞത്, ഭരണഘടന നിലവിൽ വന്നപ്പോൾ അതിൽ സോഷ്യലിസ്റ്റ്, സെക്കുലർ എന്നീ വാക്കുകൾ ഉണ്ടായിരുന്നില്ലെന്നും അന്നത്തേതിന്റെ പതിപ്പാണ് തങ്ങൾ വിതരണം ചെയ്തതെന്നുമാണ്. അതിനർഥം സാങ്കേതിക പിഴവല്ല, മതേതരത്വവും സോഷ്യലിസവും ഇല്ലാത്ത ഭരണഘടന വിതരണം ചെയ്തത് ബോധപൂർവമാണ് എന്നാണ്. ബിജെപി മതേതരത്വത്തോട് പലവട്ടം പ്രകടിപ്പിച്ചിട്ടുള്ള അസഹിഷ്ണുതയാണ് പുതിയ പാർലമെന്റ് മന്ദിരത്തിലേക്കു പ്രവേശിച്ചപ്പോഴും പുറത്തുവന്നതെങ്കിൽ അതു ഗൗരവതരമാണ്.അടിയന്തരാവസ്ഥക്കാലത്ത് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നാല്‍പ്പത്തിരണ്ടാം ഭേദഗതിയിലൂടെ പരമാധികാരം, ജനാധിപത്യം എന്നീ വാക്കുകളോടൊപ്പം സോഷ്യലിസ്റ്റ്, മതേതരത്വം എന്നീ വാക്കുകള്‍ ഭരണഘടനയിൽ കൂട്ടിച്ചേര്‍ക്കുകയായിരുന്നു. രണ്ടു വാക്കുകളും ബിജെപിയെ അലോസരപ്പെടുത്തിയിരുന്നു. 2015ല്‍ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ഈ വാക്കുകളില്ലാത്ത ഭരണഘടനയുടെ ആമുഖം റിപ്പബ്ലിക് ദിന പരസ്യത്തിൽ ഉപയോഗിച്ചത് വിവാദമായിരുന്നു.
ഭരണഘടനയുടെ പഴയ പതിപ്പിലെ ആമുഖമാണ് പങ്കുവച്ചതെന്നായിരുന്നു അന്നത്തെയും ന്യായീകരണം. 2020ല്‍ ബിജെപി എംപി രാകേഷ് സിന്‍ഹ സോഷ്യലിസ്റ്റ് എന്ന വാക്ക് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യസഭയില്‍ പ്രമേയം അവതരിപ്പിച്ചു. 2022 മാർച്ചിൽ ബിജെപി ദേശീയ ജനറൽ സെക്രട്ടറി സി.ടി. രവി മതേതരത്വം എന്ന വാക്ക് ഭരണഘടനയിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടു.
ഭരണഘടനയിൽ ആ വാക്ക് ഉൾപ്പെടുത്താതിരുന്നതിനാൽ അംബേദ്കർ വർഗീയവാദിയാകുമോയെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ഒരിക്കലുമില്ല. കാരണം, ഭരണഘടനയുടെ അന്തസത്തയിൽ മതേതരത്വം ഉണ്ടെന്നു പറഞ്ഞ അംബേദ്കർ ഉൾപ്പെടുത്താതിരുന്ന വാക്കുകൊണ്ടല്ല, ഉൾപ്പെടുത്തിയ അനേകം വാക്കുകൾകൊണ്ടാണ് വർഗീയവാദിയല്ലെന്നു വിലയിരുത്തപ്പെടുന്നത്. സി.ടി. രവിയുടെ പാർട്ടിയുടെ ഭരണകാലത്ത്, ഭരണഘടനയിൽനിന്ന് മതേതരത്വം എന്ന വാക്ക് ഒഴിവാക്കുന്പോൾ ജനം അങ്കലാപ്പിലാകുന്നുണ്ടെങ്കിൽ അതിന്റെ കാരണം അന്വേഷിക്കേണ്ടത് അംബേദ്കറിലല്ല, രവിയുടെ പാർട്ടിയുടെ പ്രവൃത്തിയിലും പ്രത്യയശാസ്ത്രത്തിലുമാണ്.
ഭേദഗതികളിലൂടെ കാലാനുസൃതമായി രാജ്യം പരിഷ്കരിച്ച ഭരണഘടന നിലവിലിരിക്കെ, പഴയ ഭരണഘടന തപ്പിയെടുക്കാനും വിതരണം ചെയ്യാനും ബിജെപി തുനിയുന്നതിന്റെ കാരണം, സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകൾ അവർക്കു സൃഷ്ടിക്കുന്ന മാർഗതടസമാകാം. അതുതന്നെയാണ് ആശങ്ക. ഡോ. ബി.ആർ. അംബേദ്കർ ഇങ്ങനെയും പറഞ്ഞിട്ടുണ്ട്: “ഭരണഘടനാപരമായ ധാർമികത ഒരു സ്വാഭാവിക വികാരമല്ല. അത് വളർത്തിയെടുക്കേണ്ടതാണ്. നമ്മുടെ ജനങ്ങൾ ഇനിയും അതു പഠിക്കാനുണ്ടെന്ന് നാം തിരിച്ചറിയണം.ഇന്ത്യയിലെ ജനാധിപത്യം എന്നത്, അടിസ്ഥാനപരമായി ജനാധിപത്യവിരുദ്ധമായ ഇന്ത്യൻ മണ്ണിൽ അതു നട്ടുവളർത്താനുള്ള ശ്രമം മാത്രമാണ്.’’ അതിനുള്ള ശ്രമങ്ങൾ സ്വതന്ത്ര ഇന്ത്യയിലെ ഭരണകൂടങ്ങൾ ചെയ്തതുകൊണ്ടാണ് വൈവിധ്യങ്ങൾക്കിടയിലും നമ്മുടെ ജനാധിപത്യം പച്ചപിടിച്ചത്. അക്കാര്യത്തിൽ മതേതരത്വത്തിനുള്ള പങ്ക് നിസാരമല്ല. അതു നമ്മെ ചേർത്തുപിടിച്ചിട്ടേയുള്ളൂ; ഭിന്നിപ്പിച്ചിട്ടില്ല. ജീവിതത്തിലും ഭരണഘടനയിലും ഇനിയും അതുണ്ടാകണം.
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment