ഡോ. ഏബ്രഹാം കരിക്കം രചിച്ച മസൂറിയിൽ ഒരു മഞ്ഞു കാലം - നോവലിന് പ്രൊഫ.ജോൺ കുരാക്കാർ തയാറാക്കിയ ആസ്വാദനം.
ഒരു കവിത പോലെ മനോഹരമാണ്
ഡോ. ഏബ്രഹാം കരിക്കം രചിച്ച " മസൂറിയിൽ ഒരു മഞ്ഞുകാലം" എന്ന നോവൽ.വരിക്കപ്പുഴയിലേ മേരി മാതാ കോളജിൽ ഇംഗ്ലീഷ് ഡിപ്പാർട്ട്മെൻ്റിൽ പുതിയതായി നിയമനം ലഭിച്ച അധ്യാപിക സുമിയാണ് വ്യത്യസ്തമായ ഈ നോവലിലെ നായിക.തുടക്കം മുതൽ ഒടുക്കം വരെ വായനക്കാരെ ആകാംഷയുടെ ചിറകിൽ ഏറ്റി നായ്കനോടൊപ്പം പറന്നുയരാൻ നോവലിസ്റ്റ് വഴിയൊരുക്കുന്നു.
കോളേജ് അധ്യാപകൻ സണ്ണി കുട്ടി ജോസഫ് മുണ്ടാണിക്കൽ എന്ന നായകനിൽ നോവലിസ്റ്റിൻ്റെ ആത്മാംശം നിറഞ്ഞു നിൽക്കുന്നു.കഥാനായകൻ്റെ ഗംഭീര ഭാവവും വിവിധ മേഖലകളിലുള്ള ആഴത്തിലുള്ള അറിവും സംഘാടക ശക്തിയും കോളജിലെ അധ്യാപകർക്കും കുട്ടികൾക്കും ഒരു ആരാധന പാത്രമായി, പ്രചോദന പ്രേരക ശക്തിയായി മാറുന്നു.
സണ്ണി ജോസഫ് സാറിനെ കണ്ട മാത്രയിൽ തന്നെ സുമി ടീച്ചറിൽ പ്രേമത്തിൻ്റെ ആദ്യാക്ഷരം കുറിക്കപെട്ടൂ.ആദ്യ നോട്ടത്തിൽ തന്നെ ഒരു സൂര്യോദയം അവൾക്ക് കാണാമായിരുന്നു. പട്ടൂ സാരിയിലെ കസവു നൂലുപോലെ പ്രേമത്തിൻ്റെ തിളക്കം നോവലിൻ്റെ മൂന്നാം അദ്ധ്യായം മുതൽ സഹൃദയർക്ക് ദർശിക്കാൻ കഴിയും.
22 അദ്ധ്യായങ്ങളിലായി വളർന്നു പന്തലിക്കുന്ന നോവലിൽസുമിയുടെയും സണ്ണി യുടെയും യഥാർത്ത സ്നേഹം അതി സുന്ദരമായി പരിണമിക്കുന്നു. നോവൽ വായിച്ചു തുടങ്ങിയാൽ വായിച്ചു തീർക്കാതെ താഴെ വയ്ക്കില്ല.
ആസ്വാദകർ കഥാപാത്രങ്ങളുമായി താദാത്മ്യം പ്രാപിക്കുന്ന അപൂർവ അനുഭവം ഈ നോവൽ പ്രധാനം ചെയ്യുന്നു.ഒരു മിന്നൽ പിണർ പോലെ കോളജിലേക്ക് കടന്നു വന്ന നായിക ,രാഷ്ടീയ ഭ്രാന്തൻ മാരുടെ ഇടയിലേക്ക് ഒരു മിസ്സൈൽ പോലെ പാഞ്ഞു കയറി ഇടടാ കഠാര എന്ന് പറഞ്ഞ് അവൻ്റെ കരണ കുറ്റിക്ക് അടി കൊടുക്കുന്ന സുമി ചന്തുമേനോൻ്റെ ഇന്ദുലേഖയെ പോലെ ശക്തമായ ഒരു കഥാപാത്രമാണ്.
നോവലിസ്റ്റിന് ഏറെ ഇഷ്ടപെട്ട വരിക്കപ്പുഴയാറും റബ്ബർ മരങ്ങളും, സായിപ്പിൻകുന്നും ഉഗ്രൻകുന്നും ,നീലിമയിൽ പറക്കുന്ന പട്ടവും ,വള്ളം കളിയും ഈ നോവലിലെ പ്രതീകങ്ങളായി മാറുന്നു. കേരളത്തിലെ കോളേജുകളിൽ അരങ്ങേറിയിരുന്ന സമരപരമ്പര കളുടെ ഒരു നേർചിത്രം ഈ നോവലിലൂടെ കഥാകൃത്ത് വരച്ചു കാട്ടുന്നു.
കലാലയങ്ങളിൽ കാണുന്ന നമുക്കു് പരിചിതരായ വിവിധ തരത്തിലുള്ള അധ്യാപകരാണ് ഈ നോവലിലെ കഥാപാത്രങ്ങൾ. വത്സല ടീച്ചറിനെ പോലെയുള്ള വില്ലത്തിമാരും ലീലാ മണി ടീച്ചറെ പോലെയുള്ള നല്ലവരും
കോളേജ് അധ്യാപികമാരൂടെ കൂട്ടത്തിലുണ്ട്. സുമിയുടെ സൗന്ദര്യത്തിൽ വത്സല ടീച്ചറിന് ആദ്യ ദിവസം തന്നെ അസൂയ ജനിക്കുന്നു. അത് ക്രമേണ വെറുപ്പ്, പക, പ്രതികാരം ഒക്കെയായി മാറുന്നു.തങ്ങളുടെ സൗന്ദര്യo സുമിയുമായി മാറ്റുരച്ചു നോക്കുമ്പോൾ 18 കാരറ്റ് മാത്രമേ ഉള്ളുവെന്ന തോന്നൽ അവരിൽ വല്ലാത്തൊരു അസ്വസ്ഥത ഉളവാക്കുന്നു.
പ്രതിനായകനായി വിലസുന്ന ഗുണ്ടുഗോപിയുടെ വിക്രിയകൾക്കും അക്രമങ്ങൾക്കും
പ്രേരക ശക്തി വത്സല ടീച്ചർ തന്നെയാണ്. കോളജിലെ സൂപ്പർ താരമായിരുന്ന സണ്ണി ജോസഫ്
മസൂറിയിലെ I.A.S അക്കാഡമിയിലേക്ക് യാത്രയായത് സുമിയിൽ ഏകാന്തത ഉളവാക്കി. കുട്ടികൾ സണ്ണി കുട്ടിയോടും സുമിയോടും ഒപ്പം അറിവിൻ്റെയും ആത്മവിശ്വാസത്തിൻ്റെയും കൊടുമുടികൾ കീഴടക്കി കൊണ്ടിരിക്കുകയായിരുന്നു.
സണ്ണികുട്ടിക്ക് മസൂറിയിലെ ജീവിതം
ആത്മസംഘർഷത്തിൻറെ നാളുകളായിരുന്നു. വത്സല ടീച്ചറിൻ്റെ സഹപാഠി മരിയ ഫെർണാണ്ടസ് IAS പരിശീലനത്തിന് മസൂറിയിൽ എത്തുന്നു. കാറും കോളും നിറഞ്ഞ അന്തരീക്ഷത്തിലൂടെയാണ് നായകൻ്റെ തുടർ യാത്ര.
ചടുലവും സുന്ദരവുമായ അവതരണം. കവിതയിലെപ്പോലെ ഉപമയും ഉൽപ്രേക്ഷയും സന്ദർഭോചിതം ഇടകലർന്ന ഭാഷാശൈലി ഉജ്ജ്വലവും മധുരവുമാണ്. വാക്കുകളിലൂടെ ദൃശ്യ ആവിഷ്ക്കാരം തരാൻ കഴിവുള്ള നോവലാണിത്.വിശാലമായ ലോകത്തിലേക്ക് വായനക്കാരെ ഈ നോവൽ കൂട്ടികൊണ്ട് പോകുന്നു.
നോവലിസ്റ്റ് തൻ്റെ ബാല്യകാലം കഴിച്ചു കൂട്ടിയ സായിപ്പിൻ കുന്നിലും മൈലാടും പാറയിലും ഉന്നത വിദ്യാഭ്യാസം നടത്തിയ കലാലയങ്ങളിലും വേരൂന്നി കൊണ്ട് തുടങ്ങുന്ന കഥ ദേശത്തിൻ്റെ അതിരു വിട്ട് ഹിമാലയ സാനുക്ക ളിലേക്കും യൂറോപ്പിലേക്കും നീണ്ടു പോകുമ്പോൾ ആസ്വാദകരെ നായകനൊപ്പം യാത്ര ചെയ്യിക്കാൻ നോവലിസ്റ്റിന് കഴിയുന്നു.
മസൂറിയിൽ നിന്നും കഥാനായകൻ
മൈലാടും പാറയിൽ മടങ്ങി എത്തുമ്പോഴാണ് നോവൽ പരിസമാപ്തിയിലെത്തുന്നത്. ഓരോ കഥാപാത്രത്തെയും ജീവസുറ്റതാക്കാനുള്ള നോവലിസ്റ്റിൻ്റെ കഴിവ് അന്യാദൃശ്യമാണ്. സാഹസികവും സങ്കീർണ്ണവുമായ വായനാനുഭവത്തിൻെറ ലോകത്തിലെക്കാണ് ഈ നോവൽ ഓരോ വായനക്കാരനെയും കൂട്ടികൊണ്ട് പോകുന്നത്.
ബൈബിൾ ,വേദം ഉപനിഷത്ത് എന്നിവയിലെ ദർശനങ്ങളിലും തത്വ ചിന്തകളിലും നോവലിസ്റ്റ് പുലർത്തിയ അതി സൂക്ഷ്മതയും നവീന ഭാവുകത്വവും ആസ്വാദകർക്ക് കണ്ടെടുക്കാൻ കഴിയും.കഥാപാത്രങ്ങളുടെ വികാര വിചാരങ്ങൾ അനർഗളമായി പ്രവഹിക്കുന്നത് കാണാൻ കഴിയും.സഹൃദയരായ വായനക്കാർ മാത്രമല്ല ജീവിതത്തിൻ്റെ സമസ്ത ആളുകളും വായിച്ചിരിക്കേണ്ട ഒരു നോവലാണിത്.ഡോ. ഏബ്രഹാം കരിക്കത്തിന്റെ പതിനേഴാമത് കൃതിയാണ് ഭാവസാന്ദ്രമായ ഈ നോവൽ .
പ്രൊഫ.ജോൺ കുരാക്കാർ
From Navi Mumbai.
No comments:
Post a Comment