വജ്ര ജൂബിലിയിലേയ്ക്ക് (60) പ്രവേശിക്കുന്നമലങ്കരയുടെ വലിയബാവായുടെ ദര്ശന വഴികള്..
ദൈവസന്നിധിയില് ചേര്ക്കപ്പെട്ടിട്ട് 60 വര്ഷങ്ങള് പിന്നിടുന്ന പ. ബസേലിയോസ് ഗീവര്ഗീസ് ദ്വിതീയന് ബാവായുടെ ഓര്മ്മപ്പെരുന്നാള് : 2024 ജനുവരി 2, 3, ദേവലോകം കാതോലിക്കേറ്റ് അരമനയില്.
*****
മലങ്കര സഭയുടെ ഭരണഘടനാപരമായ കാര്യങ്ങള് കൃത്യമായും വ്യക്തമായും അച്ചടക്കത്തോടെ നിലകൊള്ളുമ്പോള് പരിശുദ്ധ പിതാവ് പ്രാബല്യത്തില് വരുത്തിയ 1934- ലെ ഭരണഘടനയുടെ നവതിയും,
പ. ഗീവര്ഗീസ് ദ്വിതീയന് ബാവായുടെ 60-ാം ഓര്മ്മപ്പെരുന്നാളും (വജ്ര ജൂബിലി) ആഘോഷിക്കുന്നു.
*****
കുറിച്ചി കല്ലാശ്ശേരില് കുടുംബത്തില് ഉലഹന്നാന്റെയും ആച്ചിയമ്മയുടെയും പുത്രനായി 1874 ജൂണ് 16-ന് ജനിച്ചു. പുന്നൂസ് എന്നായിരുന്നു ബാല്യകാല നാമം. പരിശുദ്ധ പരുമല ഗീവര്ഗീസ് മാര് ഗ്രിഗോറിയോസ് തിരുമേനിയുടെ ശിഷ്യനായി 1883 മുതല് പരുമല സെമിനാരിയില് വൈദിക പഠനം ആരംഭിച്ചു. കോട്ടയം സി.എം.എസ് ഹൈസ്കൂളില് 1889-ല് ഇംഗ്ലീഷ് വിദ്യാഭ്യാസം നടത്തി. കടവില് പൗലൂസ് മാര് അത്താനാസിയോസ് മെത്രാപ്പോലീത്തായില് നിന്ന് 1890 ജൂണ് ഒന്ന് ഞായറാഴ്ച്ച കുറിച്ചി വലിയ പള്ളിയില് കോറൂയോ പട്ടവും, അദ്ദേഹത്തില് നിന്ന് തന്നെ 1892 ഏപ്രില് 24-ന് ശെമ്മാശ പട്ടവും സ്വീകരിച്ചു. എം.ഡി സെമിനാരി ഹൈസ്കൂളില് ഇംഗ്ലീഷ് തുടര് വിദ്യാഭ്യാസത്തിനായി 1893 ജൂണില് പ്രവേശനം ലഭിച്ചു. കോട്ടയം പഴയ സെമിനാരിയില് പ. പരുമല തിരുമേനി 1898 നവംബര് 24-ന് വൈദിക പട്ടവും 1898 നവംബര് 27-ന് റമ്പാന് സ്ഥാനവും നല്കി.
കോട്ടയം പഴയ സെമിനാരിയില് 1900-ല് സുറിയാനി മല്പ്പാനായി. പ. പരുമല തിരുമേനിയുടെ ദേഹവിയോഗത്തെ തുടര്ന്ന് 1902 നവംബറില് പരുമല സെമിനാരി മാനേജരായി നിയമിതനായി. മലങ്കര മെത്രാപ്പോലീത്താ പുലിക്കോട്ടില് ജോസഫ് മാര് ദിവന്നാസിയോസ് അഞ്ചാമന്റെ ആശീര്വാദത്തോടെ കോട്ടയത്തുനിന്ന് ഊര്ശ്ലേമിലേക്ക് 1908 മാര്ച്ച് 26 മുതല് ജൂലൈ 19 വരെ സന്ദര്ശനം നടത്തി.
പ. അബ്ദുള്ള പാത്രിയര്ക്കീസ് ബാവാ ഊര്ശ്ലേമില് വട്ടശ്ശേരില് ഗീവര്ഗ്ഗീസ് റമ്പാനെയും, കൊച്ചുപറമ്പില് പൗലൂസ് റമ്പാനെയും യഥാക്രമം മാര് ദീവന്നാസ്യോസ്, മാര് കൂറിലോസ് എന്നീ പേരുകളില് മെത്രാന്മാരായി 1908 മെയ് 31-ന് വാഴിച്ചു. മെത്രാന് വാഴ്ച്ചയില് പുന്നൂസ് റമ്പാന് സംബന്ധിച്ചു. കോട്ടയം എം.ഡി സെമിനാരിയില് 1911 സെപ്റ്റംബര് 7-ന് വ്യാഴാഴ്ച മലങ്കര അസ്സോസിയേഷന് പുന്നൂസ് റമ്പാനെ മേല്പ്പട്ട സ്ഥാനത്തേക്ക് തെരഞ്ഞെടുത്തു. 1912 സെപ്റ്റംബര് 8-ന് പരുമല പള്ളിയില് പ. അബ്ദേദ് മശിഹാ പാത്രിയര്ക്കീസ് ബാവാ, ഗീവര്ഗീസ് മാര് ഗ്രീഗോറിയോസ് എന്ന പേരില് മെത്രാപ്പോലീത്താ ആയി വാഴിച്ചു.
നിരണം സെന്റ് മേരീസ് വലിയ പള്ളിയില് 1912 സെപ്റ്റംബര് 15-ന് പ. ബസേലിയോസ് പൗലോസ് പ്രഥമന് കാതോലിക്കാ ബാവായുടെ സ്ഥാനാരോഹണത്തില് സഹകാര്മ്മികനായി.
ചെങ്ങന്നൂര് പഴയ സുറിയാനി പള്ളിയില് 1913 ഫെബ്രുവരി 9-ഞായറാഴ്ച, കാരുചിറ ഗീവര്ഗ്ഗീസ് മാര് പീലക്സീനോസിന്റെയും കരവട്ട് വീട്ടില് യൂയാക്കീം മാര് ഈവാനിയോസിന്റെയും മെത്രാന് വാഴ്ച്ചയില് സഹകാര്മ്മികനായി.
കോട്ടയം മാര് ഏലിയാ കത്തീഡ്രലില് 1929 ഫെബ്രുവരി 15-ന് വെള്ളിയാഴ്ച്ച പ. ബസേലിയോസ് ഗീവര്ഗീസ് രണ്ടാമന് എന്ന നാമധേയത്തില് പൗരസ്ത്യ കാതോലിക്കാ ആയി സ്ഥാനാരോഹണം ചെയ്തു. അന്ന് തന്നെ ബഥനിയുടെ ഗീവര്ഗീസ് മാര് ഈവാനിയോസ് എപ്പിസ്കോപ്പായെ മെത്രാപ്പോലീത്തായായി ഉയര്ത്തി, പിറ്റേന്ന് കുറിയാക്കോസ് മാര് ഗ്രീഗോറിയോസ്, യാക്കോബ് മാര് തെയോഫിലോസ് എന്നിവരെ കോട്ടയം മാര് ഏലിയാ ചാപ്പലില് എപ്പിസ്കോപ്പാമാരായി വാഴിക്കുകയും ചെയ്തു.
തിരുവനന്തപുരത്ത് 1929 ഡിസംബര് 5-ന് ഇന്ഡ്യന് വൈസ്രോയി ഇര്വ്വിന് പ്രഭുവുമായി കൂടിക്കാഴ്ച്ച നടത്തി. 1930 നവംബര് 3 തിങ്കളാഴ്ച പരുമലയില് പുത്തന്കാവ് ഗീവറുഗീസ് മാര് പീലക്സീനോസ് എപ്പിസ്കോപ്പായെ വാഴിച്ചു. കോട്ടയം പഴയ സെമിനാരിയില് 1932 ഏപ്രില് 22-ന് 40-ാം വെള്ളിയാഴ്ച വി. മൂറോന് കൂദാശ നടത്തി.
തിരുവല്ല ബഥനി പള്ളിയില് 1933 മെയ് 25 വ്യാഴാഴ്ച്ച സ്വര്ഗ്ഗാരോഹണ പെരുന്നാള് ദിവസം വാളക്കുഴി ജോസഫ് മാര് സേവേറിയോസ് എപ്പിസ്കോപ്പായെ വാഴിച്ചു. കോട്ടയം പഴയ സെമിനാരിയില് 1934 ഫെബ്രുവരി 24-നു മലങ്കര മെത്രാപ്പോലീത്താ വട്ടശ്ശേരില് ഗീവര്ഗ്ഗീസ് മാര് ദീവന്നാസ്യോസിന്റെ കബറടക്ക ശുശ്രൂഷക്ക് പ്രധാന കാര്മ്മികത്വം വഹിച്ചു.
കോട്ടയം പഴയ സെമിനാരിയില് 1934 ജൂണ് ഒന്നിന് സ്വര്ണ്ണ വെള്ളിയാഴ്ച്ച കുറിയാക്കോസ് മാര് ഗ്രീഗോറിയോസ്, ഗീവര്ഗ്ഗീസ് മാര് പീലക്സീനോസ്, ജോസഫ് മാര് സേവേറിയോസ് എന്നീ എപ്പിസ്കോപ്പാമാരെ മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് ഉയര്ത്തി.
ഹോംസില് 1934 ആഗസ്റ്റില് സഭാ സമാധാനത്തിനായി പ. അപ്രേം പ്രഥമന് പാത്രിയര്ക്കീസുമായി ചര്ച്ച നടത്തി.
1934 ഡിസംബര് 26 ബുധനാഴ്ച കല്പന നമ്പര് 16 ലൂടെ കോട്ടയം എം.ഡി സെമിനാരിയില് പ. ഗീവര്ഗീസ് ദ്വിതീയന് ബാവാ വിളിച്ചു കൂട്ടിയ മലങ്കര സുറിയാനി ക്രിസ്ത്യാനി അസ്സോസിയേഷന് പ. ബാവായെ മലങ്കര മെത്രാപ്പോലീത്തയായി തെരഞ്ഞെടുക്കുകയും, 1934- ലെ ഭരണഘടന പാസ്സക്കുകയും ചെയ്തു. പരിശുദ്ധ പിതാവ് പ്രാബല്യത്തില് വരുത്തിയ മലങ്കരസഭാ ഭരണഘടന നടപ്പില് വരുത്തിയിട്ട് 90 വര്ഷം പിന്നിടുന്നു.
കാതോലിക്കാ ദിനാചരണം 1935ല് ആരംഭിച്ചു. 1937-ല് എഡിന്ബറോയില് നടന്ന അഖില ലോക സഭാ സമ്മേളനത്തില് സംബന്ധിച്ചു. 1937 ഒക്ടോബര് ഒന്നിന് പാരീസ് സന്ദര്ശിച്ചു. റഷ്യന് ഓര്ത്തഡോക്സ് മെത്രാപ്പോലീത്താ യൗലോഗിയോസ് തിരുമേനിയുടെ അതിഥിയായി താമസിച്ചു. ഒക്ടോബര് 22-ന് യൂഗോസ്ലോവ്യ സന്ദര്ശിക്കുകയും സെര്ബിയന് പാത്രിയര്ക്കീസുമായി ചര്ച്ചകള് നടത്തുകയും ചെയ്തു. 1937 ഒക്ടോബര് 24-നു ബഥനിയുടെ ആബോ അലക്സിയോസിനൊപ്പം സിലോണ് സന്ദര്ശിക്കുകയും കന്സേ റോഡ് സെന്റ് പോള്സ് ദേവാലയത്തില് സുറിയാനിയില് വി. കുര്ബ്ബാന അര്പ്പിക്കുകയും ചെയ്തു. ഒക്ടോബര് 25-ന് തദ്ദേശീയരായ സുറിയാനിക്കാര് നല്കിയ വിരുന്നില് പങ്കെടുക്കുകയും ഗവര്ണ്ണറുമായും കൊളംബോ ബിഷപ്പുമായും കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തു.
മലങ്കര സഭയില് മര്ത്തമറിയം വനിതാ സമാജം (1929),
സണ്ഡേസ്ക്കൂള് (1933)
കാതോലിക്കാദിനപ്പിരിവ് (1935 - കാതോലിക്കേറ്റ് വ്യവസ്ഥാപന മലങ്കരനിധി),
യുവജന പ്രസ്ഥാനം (1937),
മലങ്കരസഭ മാസിക (1946) എന്നിവ ആരംഭിച്ചു.
സമുദായക്കേസില് പ. ബാവായെ പ്രതിയാക്കി കോട്ടയം ജില്ലാ കോടതിയില് 1938 മാര്ച്ചില് കേസ് ഫയല് ചെയ്തു (നമ്പര് 111/113).
കണ്ടനാട് കര്മ്മേല് ദയറായില് 1938 ഏപ്രില് 7 വ്യാഴാഴ്ച്ച ബഥനിയുടെ അലക്സിയോസ് മാര് തേവോദോസിയോസിനെ എപ്പിസ്കോപ്പായായി വാഴിച്ചു. പുതിയകാവ് സെന്റ് മേരീസ് പള്ളിയില് 1940 മെയ് 6 തിങ്കളാഴ്ച തോമ്മാ മാര് ദിവന്നാസിയോസ് എപ്പിസ്കോപ്പായെ വാഴിച്ചു. 1941 ഏപ്രില് 8 ചൊവ്വാഴ്ച ആലുവാ യു.സി. കോളേജ് ചാപ്പലില് അലക്സിയോസ് മാര് തേവോദോസിയോസ് തോമാ മാര് ദിവന്നാസിയോസ് എന്നീ എപ്പിസ്ക്കോപ്പാമാരെ മെത്രാപ്പോലീത്താമാരായി ഉയര്ത്തി. 1941-ല് ആലുവാ വട്ടമേശ സമ്മേളനത്തില് സംബന്ധിച്ചു.
കണ്ടനാട് ഭദ്രാസന മെത്രാപ്പോലീത്താ ഔഗേന് മാര് തീമോത്തിയോസ് തിരുമേനിയും ഭദ്രാസനവും പൗരസ്ത്യ കാതോലിക്കേറ്റിനെ സ്വീകരിച്ചു. 1942 ഒക്ടോബര് 9-ന് കണ്ടനാട് ഭദ്രാസനം പ. ബാവായ്ക്ക് സ്വീകരണം നല്കി.
1943 ജനുവരി 18-ന് സമുദായക്കേസില് കോട്ടയം ജില്ലാ കോടതിയില് പ. ബാവാ തിരുമേനിക്ക് അനുകൂലമായും
1946-ല് പാത്രിയര്ക്കീസ് കക്ഷികളുടെ അപ്പീലിനെ തുടര്ന്ന് പ. ബാവയ്ക്ക് പ്രതികൂലമായും വിധിയുണ്ടായി.
വട്ടശ്ശേരില് ഗീവര്ഗീസ് മാര് ദിവന്നാസ്യോസ് തിരുമേനിയുടെ നാമത്തില് എം.ജി.ഡി. ഇംഗ്ലീഷ് മിഡില് സ്ക്കൂള് കുണ്ടറയില് 1946-ല് സ്ഥാപിച്ചു.
1947 നവംബര് രണ്ടിന് പരുമലയില് കൂടിയ സുന്നഹദോസ് പരുമല തിരുമേനിയേയും, മാര് ബസേലിയോസ് യല്ദോ ബാവായേയും വിശുദ്ധരായി പ്രഖ്യാപിച്ചു.
കോട്ടയം ജില്ലാ ആശുപത്രിയുടെ (പടിഞ്ഞാറേക്കര പുന്നന് കുര്യന് & പുന്നന് ഇട്ടി ബ്ലോക്ക്) ഉദ്ഘാടനം 1948 ഡിസംബര് 17-ന് പ. ബാവാ നിര്വ്വഹിച്ചു.
സഭാ സമാധാനത്തിനായുള്ള ആലോചനാ സമ്മേളനത്തില് (ചിങ്ങവനം വട്ടമേശ സമ്മേളനം) 1950 ജനുവരി രണ്ടിന് സംബന്ധിച്ചു.
1946 ഓഗസ്റ്റില് മലങ്കരസഭാ മാസിക എന്ന പേരില് മലങ്കര സഭയുടെ മുഖപത്രം ആരംഭിച്ചു.
1951 ഏപ്രില് 20-ന് കോട്ടയം പഴയസെമിനാരിയില് രണ്ടാം പ്രാവശ്യം വി. മൂറോന് കൂദാശ നടത്തി. ബോംബെ ദാദര് സെന്റ് മേരീസ് പള്ളിയുടെ കൂദാശ 1951 ഡിസംബര് 9-ന് നിര്വ്വഹിച്ചു.
കല്ക്കട്ടാ കത്തീഡ്രല് 1951 ഡിസംബര് 19-നു സന്ദര്ശിച്ചു. സഭാ കേസില് പ. ബാവാ തിരുമേനിക്കെതിരെ തിരു-കൊച്ചി ഹൈക്കോടതി 1951 ഡിസംബര് 21ന് വിധി പുറപ്പെടുവിച്ചു.
ദേവലോകം ബംഗ്ലാവും സ്ഥലവും 1951 ഡിസംബര് 28-നു വാങ്ങി. ഹൈക്കോടതി വിധിയെ തുടര്ന്ന് ഉത്തരേന്ത്യയില്നിന്ന് 1951 ഡിസംബര് 31 ന് നാട്ടില് എത്തിയ പ. ബാവായ്ക്ക് ആയിരം കാറുകളുടെ അകമ്പടിയോടെ അടൂരില് നിന്ന് ഗംഭീര സ്വീകരണം നല്കി. രണ്ടാം കൂനന് കുരിശ് സത്യം എന്ന് പ്രസിദ്ധമായ കോട്ടയം പ്രതിജ്ഞയുടെ മഹാ സമ്മേളനം നടന്നു.
1952 ജനുവരി മുതല് ദേവലോകം അരമനയില് താമസം ആരംഭിച്ചു.
1952 ഓഗസ്റ്റ് 2-ന് പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിന്റെ ഉദ്ഘാടനം നിര്വ്വഹിച്ചു.
കോട്ടയം മാര് ഏലിയാ കത്തീഡ്രലില് 1953 മെയ് 15-നു വെള്ളിയാഴ്ച പത്രോസ് മാര് ഒസ്താത്തിയോസ്, മാത്യൂസ് മാര് ഈവാനിയോസ്, മാത്യൂസ് മാര് അത്താനാസിയോസ്, ദാനിയേല് മാര് പീലക്സീനോസ്, മാത്യൂസ് മാര് കൂറീലോസ് എന്നിവരെ എപ്പിസ്കോപ്പാമാരായി വാഴിച്ചു.
വെല്ലൂര് സി.എം.സി ആശുപത്രിയില് 1954 ജനുവരി 18-ന് ശസ്ത്രക്രിയയ്ക്ക് വിധേയനായി. വെല്ലൂരില് 1954 ഫെബ്രുവരി 15-ന് കാതോലിക്കാ സ്ഥാനാരോഹണത്തിന്റെ 25-ാം വാര്ഷികം ആഘോഷിച്ചു.
കോട്ടയം പഴയ സെമിനാരിയില് 1956 ഒക്ടോബര് 31ന് എത്യോപ്യന് ചക്രവര്ത്തി ഹെയ്ലി സലാസിയുമായും 1957 ഫെബ്രുവരി 3-ന് കോട്ടയം എം.ഡി സെമിനാരിയില് പ്രധാനമന്ത്രി ജവഹര്ലാല് നെഹ്റുവുമായും കൂടിക്കാഴ്ച നടത്തി.
മലങ്കര സഭയുടെ പരിപൂര്ണ്ണ സ്വാതന്ത്ര്യം അംഗീകരിക്കുന്ന ചരിത്ര പ്രസിദ്ധമായ സുപ്രീം കോടതി വിധി 1958 സെപ്റ്റംബര് 12-നു ഉണ്ടായി. കോട്ടയം പഴയ സെമിനാരിയുടെ മദ്ബഹായില് 1958 ഡിസംബര് 16-നു സഭാ സമാധാനത്തിന്റെ സ്വീകരണ കല്പ്പനകള് 1934-ലെ മലങ്കര സഭാ ഭരണഘടനയ്ക്ക് വിധേയമായി കൈമാറി. ഗീവര്ഗീസ് മാര് ഗ്രീഗോറിയോസ്, പൗലോസ് മാര് സേവേറിയോസ്, ഏബ്രഹാം മാര് ക്ലീമ്മീസ്, പൗലോസ് മാര് പീലക്സിനോസ് എന്നീ മെത്രാപ്പോലീത്തന്മാര് ഓര്ത്തഡോക്സ് സഭയിലേയ്ക്ക് ചേര്ന്നു.
പുത്തന്കാവില് 1958 ഡിസംബര് 26ന് 'യോജിച്ച മലങ്കരസഭയുടെ' അസ്സോസിയേഷനില് അധ്യക്ഷത വഹിച്ചു. 1959-ല് ബാഹ്യ കേരള ഭദ്രാസനം രൂപീകരിച്ചു. കോട്ടയം പഴയ സെമിനാരിയില് 1959 ജൂലൈ 12 ഞായറാഴ്ച പത്രോസ് മാര് ഒസ്താത്തിയോസ്, മാത്യൂസ് മാര് ഈവാനിയോസ്, മാത്യൂസ് മാര് അത്താനാസിയോസ്, ദാനിയേല് മാര് പീലക്സീനോസ്, മാത്യൂസ് മാര് കൂറിലോസ് എന്നിവരെ മെത്രാപ്പോലീത്തന്മാരായി ഉയര്ത്തി.
വട്ടിപ്പണത്തിന്റെ 26 വര്ഷത്തെ പരിശ 1960 ആഗസ്റ്റ് ഒന്നിന് വാങ്ങി. കേരളാ ഗവര്ണ്ണര് വി.വി ഗിരിയ്ക്ക് 1960 ഒക്ടോബര് 24-ന് സ്വീകരണം നല്കി. ചങ്ങനാശ്ശേരി പെരുന്നയില് 1961 ജനുവരി 12ന് നായര് സര്വ്വീസ് സൊസൈറ്റി സ്ഥാപകന് മന്നത്ത് പദ്ഭനാഭന്റെ ശതാഭിഷേക സമാപന സമ്മേളനത്തിന് അദ്ധ്യക്ഷം വഹിച്ചു.
കോട്ടയം തിരുനക്കര മൈതാനത്തിന്റെ ശിലാസ്ഥാപനം 1961 ജനുവരി 26-ന് നിര്വ്വഹിച്ചു. 1961 മെയ് 15-ന് പുതിയ അരമന സമുച്ചയത്തിന് ദേവലോകത്ത് ശിലാസ്ഥാപനം നടത്തി. എറണാകുളം സെ. മേരീസ് കത്തീഡ്രലിന്റെ കൂദാശ 1962 ജനുവരി 15-ന് പരി. ബാവാ നിര്വ്വഹിച്ചു.
1962 മെയ് മാസം നിരണം പള്ളിയില് നടന്ന മലങ്കര അസ്സോസിയേഷനില് അദ്ധ്യക്ഷത വഹിച്ചു. പിന്ഗാമിയായി ഔഗേന് മാര് തീമോത്തിയോസ് മെത്രാപ്പോലീത്തായെ തിരഞ്ഞെടുത്തു. 1962 നവംബര് 7ന് സൈപ്രസ് പ്രസിഡന്റ് ആര്ച്ച് ബിഷപ് മക്കാറിയോസ് കകക-ാമനുമായി ചര്ച്ച നടത്തി.
ഡല്ഹിയില് ചേര്ന്ന അഖില ലോക സഭാ സമ്മേളനാനന്തരം 1962 ഡിസംബറില് റോം, എത്രോപ്യ, സിറിയ, ഗ്രീസ്, റുമേനിയ, റക്ഷ്യ തുടങ്ങിയ സഭകളിലെ മെത്രാപ്പോലീത്തന്മാര് ദേവലോകം അരമനയില് പ. ബാവായെ സന്ദര്ശിച്ചു.
1963 ആഗസ്റ്റ് 15-നാണ് ദേവലോകം അരമനയില് പ. ബാവാ അവസാനമായി വി. കുര്ബ്ബാന അര്പ്പിച്ചത്. 1963 നവംബര് 9ന് അര്മ്മീനിയന് കാതോലിക്കാ പ. വസ്ഗന്, യറുശലേം പാത്രിയര്ക്കീസ് ഡര്ഡേരിയന് എന്നിവര് പ. ബാവായെ സന്ദര്ശിച്ചു. ദേവലോകത്ത് അരമന കെട്ടിടം 1963 നവംബര് 19ന് അര്മ്മീനിയന് കാതോലിക്കാ പ. വസ്ഗന് ബാവാ ഉദ്ഘാടനം ചെയ്തു. രണ്ടാഴ്ച്ച കൊണ്ട് എഴുതി പല തവണ വായിച്ച് കേട്ട അന്ത്യ കല്പന 1963 ഡിസംബര് 21-നു മാര്ത്തോമ്മാ ശ്ലീഹായുടെ രക്ത സാക്ഷിത്വ ദിനത്തില് പൂര്ത്തിയാക്കി ഒപ്പുവച്ചു.
1963 ഡിസംബര് 23-നു ദേവലോകം അരമനയില് കന്തീലാ ശുശ്രൂഷ നടത്തി. 35-ല് പരം വര്ഷം കാതോലിക്കാ ആയും 29 വര്ഷം മലങ്കര മെത്രാപ്പോലീത്തായായും സഭയെ നയിച്ച പ. ബസേലിയോസ് ഗീവര്ഗ്ഗീസ് ദ്വിതീയന് ബാവാ 1964 ജനുവരി 3-നു വെള്ളിയാഴ്ച്ച വെളുപ്പിന് 4.30ന് കാലം ചെയ്തു. പിന്ഗാമിയായ ഔഗേന് മാര് തീമോത്തിയോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാര്മ്മകത്വത്തില് 1964 ജനുവരി 4-നു ദേവലോകം കാതോലിക്കേറ്റ് അരമനയില് കബറടക്കി.
1964 ഫെബ്രുവരി 1-നു 30-ാം അടിയന്തിരവും ഫെബ്രുവരി 11-നു 40-ാം ചരമ ദിനവും ദേവലോകം കാതോലിക്കേറ്റ് അരമനയില് ആചരിച്ചു.1989-ല് പ. ബസേലിയോസ് ഗീവര്ഗീസ് ദ്വിതീയന് ബാവായുടെ ചരമ രജത ജൂബിലിയും 2014-ല് ചരമ സുവര്ണ്ണ ജൂബിലിയും അഖില മലങ്കര അടിസ്ഥാനത്തില് നടത്തി.
ഓര്മ്മ: ജനുവരി 2, 3 തീയതികളില് ദേവലോകം കാതോലിക്കേറ്റ് അരമനയില്.
-JK
No comments:
Post a Comment