Pages

Wednesday, August 23, 2023

ഇത്ര ചെറുതാകാന്‍ എത്ര വലുതാകണം !

 

ഇത്ര ചെറുതാകാന്‍ എത്ര വലുതാകണം !

 


നാല് ഭടന്മാര്‍ ഭാരമേറിയ ഒരു മരക്കഷണം ഉന്തുവണ്ടിയില്‍ കയറ്റാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ അതിനു വലിയ ഭാരമുണ്ടായിരുന്നതിനാല്‍ അത് ഉയര്‍ത്തി വണ്ടിയില്‍ കയറ്റുമ്പോഴേക്കും വീണ്ടും ഉരുണ്ടു താഴേക്കു വീണു. പല പ്രാവശ്യം പരിശ്രമിച്ചെങ്കിലും മരത്തടി വണ്ടിയില്‍ കയറ്റുവാന്‍ കഴിയാതെ ഭടന്മാര്‍ വിഷമിച്ചു.     അവരുടെ     മേലാവായ

കോര്‍പ്പറല്‍  ദൂരെ മാറി നിന്നുകൊണ്ട് ഇതെല്ലാം വീക്ഷിക്കുകയാണ്.  "ഇനിയും തടി കയറ്റിക്കഴിഞ്ഞില്ലേ" എന്ന് അയാള്‍ ഭടന്മാരോടു വിളിച്ചു ചോദിക്കുന്നത് അതുവഴി കുതിരപ്പുറത്തു    വന്ന   ഒരാള്‍   കേട്ടു.     വീണ്ടും തടി ഉയര്‍ത്താന്‍

പാടുപെടുന്ന     ഭടന്മാരുടെ      ദയനീയസ്ഥിതി      കണ്ട്

അശ്വാരൂഡനായ മനുഷ്യന്‍ കോര്‍പ്പറലിനോട് ചോദിച്ചു; "നിങ്ങള്‍ക്കൊന്നു സഹായിച്ചു കൂടെ? ഒന്ന് താങ്ങിക്കൊടുത്താല്‍ തടി വണ്ടിയിലേക്കു കയറും."

"ഞാനൊരു കോര്‍പ്പറലാണ്. ഇത്തരം പണികളൊന്നും ഞാന്‍ ചെയ്യേണ്ടതല്ല" ഇതായിരുന്നു കോര്‍പ്പറലിന്റെ മറുപടി.

ഇതുകേട്ട ആഗതന്‍ ഒന്നും മിണ്ടാതെ  കുതിരപ്പുറത്തു നിന്നും ഇറങ്ങി ഭടന്മാരുടെ അടുത്തു ചെന്ന് തടി പിടിക്കാന്‍ കൂടി. അങ്ങനെ മരക്കഷണം വണ്ടിക്കുള്ളിലായപ്പോള്‍ ഭടന്മാര്‍ പറഞ്ഞ താങ്ക്സ് പോലും കേള്‍ക്കാന്‍ നില്‍ക്കാതെ തിരക്കിട്ട് കുതിരപ്പുറത്തു കയറി ഓടിച്ചു പോവുകയും ചെയ്തു.

അടുത്ത ദിവസം അമേരിക്കയുടെ പ്രസിഡണ്ടായി

തെരഞ്ഞെടുക്കപ്പെട്ട ജോര്‍ജ് വാഷിംഗ്ടണ് ഒരു

പൌരസ്വീകരണം  അവിടെ നടന്നു. ചടങ്ങില്‍ മേല്‍പ്പറഞ്ഞ  കോര്‍പ്പറലും പങ്കെടുത്തിരുന്നു. സ്വീകരണം  ഏറ്റുവാങ്ങി വേദിയിലിരിക്കുന്ന വാഷിംഗ്ടനെ കണ്ടപ്പോള്‍ കോര്‍പ്പറല്‍ ഞെട്ടി! കാരണം, തലേദിവസം കുതിരപ്പുറത്തു വന്നിറങ്ങി ഭടന്മാരെ തടി കയറ്റാന്‍ സഹായിച്ച അതേ വ്യക്തി തന്നെയായിരുന്നു  വേദിയിലിരുന്നത്!

 

വലിയ മനുഷ്യര്‍ക്കേ  ചെറിയവരാകാന്‍ കഴിയു. എന്നാല്‍ ചെറിയ മനുഷ്യരാകട്ടെ, എപ്പോഴും വലിയവരാകാന്‍ ശ്രമിച്ചു കൊണ്ടിരിക്കും.

 

ചെറുതാകാന്‍ തയാറല്ലാത്തവര്‍ക്ക്  ക്ഷമിക്കാനും മറക്കാനും  പറ്റില്ല.   വാശിയുടെയും   മത്സരത്തിന്റെയും വൈരാഗ്യത്തിന്റെയും  പിന്നിലുള്ളത്  ചെറുതാകാനുള്ള വിഷമമാണ്. ഭാര്യയോ ഭര്‍ത്താവോ ആരെങ്കിലുമൊന്നു ചെറുതാകാന്‍ മനസ്സുവച്ചാല്‍ കുടുംബ കലഹങ്ങള്‍ നീങ്ങിപ്പോകും.   രാഷ്ട്രീയകലഹങ്ങളും പള്ളിവഴക്കുകളുമെല്ലാം വലുതാകാന്‍  ശ്രമിക്കുന്ന ചെറിയ മനുഷ്യരുടെ ദൗര്‍ബല്യങ്ങളാണ്....

(കടപ്പാട് )

 

പ്രൊഫ. ജോൺ കുരാക്കാർ

No comments: