Pages

Sunday, July 7, 2019

മണ്ണിനേയും മരങ്ങളേയും വിറ്റു മണിമാളികകള്‍ പണിയുന്ന മലയാളിജലത്തിനുവേണ്ടി കേഴുന്ന കാലം അനതിവിദൂരമല്ല .


മണ്ണിനേയും മരങ്ങളേയും വിറ്റു മണിമാളികകള്പണിയുന്ന മലയാളിജലത്തിനുവേണ്ടി കേഴുന്ന കാലം അനതിവിദൂരമല്ല .

ജലം അപൂര്‍വ വസ്തുവാകുന്ന കാലം അത്രവിദൂരമല്ല എന്ന വസ്തുത  മലയാളി അറിയണം . വര്‍ഷംമുന്‍പ് മഹാരാഷ്ട്രയില്‍ അനുഭവപ്പെട്ട ഭീകരമായ വരള്‍ച്ചയ്ക്കു സമാനമായ അവസ്ഥയാണ് തമിഴ്നാട് ഈവര്‍ഷം നേരിടുന്നത്. അവശ്യംവേണ്ട ജലത്തിന്റെ ചെറിയ അംശംപോലും കിട്ടാനില്ലാത്ത സ്ഥിതിയാണെവിടെ ., കേരളത്തിന് വ്യക്തമായ ചൂണ്ടുപലകയാണ്. തമിഴ്നാടിനെ കണ്ടു കേരളം മുന്‍കരുതലുകള്‍ എടുക്കേണ്ട സമയം വൈകി. ഈ വര്‍ഷത്തെ കാലവര്‍ഷം നമ്മേ കൈവിട്ട അവസ്ഥയാണ്.  ഭൂഗര്‍ഭ ജലനിരപ്പ് അനുദിനം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. വേനല്‍ച്ചൂടിനു കാഠിന്യം ഈ വർഷം സഹിക്കാവുന്നതിനുമപ്പുറമായി. .കേരളം മരുഭൂമിയാവാതിരിക്കാന്‍ ജലസംരക്ഷണം അനിവാര്യമായിരിക്കുകയാണ്.
.ജീവജാലങ്ങളുടെ നിലനില്പിനു ജലം അത്യന്താപേക്ഷിതമാണ്. വെള്ളത്തിനു പകരം ഉപയോഗിക്കാന്‍ മറ്റൊരു വസ്തു ഇന്നേവരെ കണ്ടെത്തിയിട്ടില്ല. പാരിസ്ഥിതിക വ്യവസ്ഥയുടെ പരമോന്നത സ്ഥാനം വഹിക്കുന്ന ജീവജലത്തില്‍ ഒരു തുള്ളിപോലും നശിപ്പിക്കുകയോ മലിനമാക്കുകയോ ചെയ്യരുതാത്തതാണ്. കാലപ്രവാഹത്തിന്റെ കുത്തൊഴുക്കില്‍ പ്രകൃതിയെ മറക്കുന്ന പ്രവണത ഏറിവരികയും ജലം അന്യമാവുകയും ചെയ്തുകൊണ്ടിരിക്കുന്നു.നദികളുടെ പാരിസ്ഥിതിക തകര്‍ച്ചയാണ് ജല സംഭരണശേഷിയെ കുറച്ചത്.മണല്‍വാരല്‍ രൂക്ഷമായതോടെ പലനദികളും മരിച്ചു. നദികളുടെ നാശം ഭൂഗര്‍ഭജല വിതാനം ക്രമാതീതമായി താഴേക്കു പോകാന്‍ കാരണമായി. ഇതോടൊപ്പം പാടങ്ങള്‍ വ്യാപകമായി ഇല്ലാതായതും കേരളത്തില്‍ ഭൂഗര്‍ഭ ജലനിരപ്പ് താഴാന്‍ കാരണമാണ് .മരങ്ങളും ചെടികളും പുല്ലും നിറഞ്ഞ പ്രദേശത്ത് ഭൂമി നല്ലൊരു ജലസംഭരണ കേന്ദ്രമാകും. ഇതെല്ലാം നശിപ്പിച്ച് മണ്ണു മാന്തി എടുക്കുന്നതോടെ പെയ്ത വെള്ളം താഴാതെ ഒഴുകി മാറുന്നു.കായല്‍പ്രദേശങ്ങള്‍ ഭൂമിയിലെ ജലസമ്പത്ത് നിലനിര്‍ത്തുന്ന ഘടകമാണ്. ഏഴുമീറ്റര്‍ വരെ ആഴമുണ്ടായിരുന്ന നമ്മുടെ കായല്‍പ്രദേശങ്ങള്‍ക്ക് ഇപ്പോള്‍ മൂന്നു മീറ്ററിലും താഴെയാണ് ആഴം. നദികളില്‍നിന്നൊഴുകി വരുന്ന എക്കലും മണ്ണും സമീപപ്രദേശങ്ങളിലെ മാലിന്യവുമെല്ലാം നിറഞ്ഞ് നീര്‍ത്തടങ്ങള്‍ മരണവക്ത്രത്തിലായിക്കൊണ്ടിരിക്കുന്നു.
ജലം നിയന്ത്രിച്ച് ഉപയോഗിക്കണം. തുള്ളിപോലും പാഴാക്കരുത്.44  നദികളുള്ള കേരളം സുരക്ഷിതമാണെന്ന ചിന്ത  മാറണം .ചെന്നയുടെ  അനുഭവം  കേരളത്തിന് ഉണ്ടാകാതിരിക്കണമെങ്കിൽ  ജലശ്രോതസുകൾ  സംരക്ഷിക്കുകയും ജലം ഒരു തുള്ളി പോലും നഷ്‌ടപ്പെടാതെ സൂക്ഷിച്ച് ഉപയോഗിക്കുകയും ചെയ്യണം

പ്രൊഫ്. ജോൺ കുരാക്കാർ

No comments: