Pages

Monday, July 1, 2019

കേരള പൊലീസ് ഇപ്പോഴും പ്രാകൃതമായി ചിന്തിക്കുകയും പ്രവർത്തിക്കുകയുമാണോ ?


കേരള പൊലീസ്  ഇപ്പോഴും പ്രാകൃതമായി ചിന്തിക്കുകയും
പ്രവർത്തിക്കുകയുമാണോ ?

കക്കയം ക്യാമ്പിലടച്ച്   ഉരുട്ടി കൊല ചെയ്യപെട്ട നമ്മുടെ രാജൻ ഇന്നും നീറുന്ന ഒാർമയാണ്.രാജന്റെ അച്ഛൻ പ്രൊഫ. ഈച്ചരവാരിയർ നടത്തിയ പോരാട്ടം കസ്റ്റഡിമരണങ്ങൾക്ക്എന്നും ഒരു താക്കീതാണ്;  മറക്കരുതെന്ന ഓർമപ്പെടുത്തലാണ്. രാജൻറെ മാതാപിതാക്കളുടെ  ആഴത്തിലുള്ള ദുഃഖം  കേരളത്തിൽ തളം കെട്ടിനിൽക്കുകയാണ് . നീതിനിർവഹിക്കേണ്ടവർതന്നെ  കസ്റ്റഡിയിൽ കൊടുംക്രൂരത നടത്തുന്നു. കുറ്റവാളികളായ പോലീസുകാർ മാന്യതയുടെ മുഖപടമണിഞ്ഞ് അതിജീവിക്കപ്പെടുന്നു. ഇതൊരു ആവർത്തനമാണ്.ജനങ്ങളുടെ ജീവനും സ്വത്തും പരിരക്ഷിക്കാൻ ചുമതലപ്പെട്ട പൊലീസ് തന്നെ ജീവനെടുക്കുന്ന കിരാത സാഹചര്യം പരിഷ്കൃത സമൂഹത്തിലാകെ കളങ്കം ചാർത്തുന്നു. ഇടുക്കി ജില്ലയിലെ പീരുമേട് സബ് ജയിലിൽ റിമാൻഡ് പ്രതി വാഗമൺ സ്വദേശി കുമാർ മരണമടഞ്ഞത് ഉരുട്ടലിനു സമാനമായ മർദനത്തെത്തുടർന്നാണ്  എന്നുപറയുന്നു .ഇത് ശരിയാണെങ്കിൽ  നമ്മുടെ പോലീസ്  പ്രാകൃതമായി  ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നുവെന്നാണ് .

നാലു ദിവസത്തിലേറെ കുമാറിനെ പൊലീസ് ക്രൂരമായി പീഡിപ്പിച്ചെന്നാണ് ആരോപണം. മൃതദേഹത്തിൽ 32 മുറിവുകളുണ്ടെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നു. തുടകളിലെ പേശികൾ ചതയുകയും കണങ്കാലുകളിൽ ഉരുളൻ തടികൊണ്ടുള്ള ക്ഷതമുണ്ടാവുകയും ചെയ്തത് പൊലീസിന്റെ കുപ്രസിദ്ധമായഉരുട്ടൽ ശിക്ഷപ്രയോഗിച്ചതിലൂടെയെന്നാണു സംശയം. കുമാറിന്റെ മരണത്തോടു ബന്ധപ്പെട്ട്, സംശയകരമായ ചില കാര്യങ്ങൾ സംഭവിച്ചുവെന്നു ചൊവ്വാഴ്ച നിയമസഭയിൽ സമ്മതിച്ച മുഖ്യമന്ത്രി പിണറായി വിജയൻ, അത് അനുവദിക്കാനാവില്ലെന്നു വ്യക്തമാക്കുകയും ചെയ്തു. ’ കൊച്ചി വരാപ്പുഴയിലെ ശ്രീജിത്ത് പൊലീസ് കസ്റ്റഡിയിൽ മരിച്ചത് കഴിഞ്ഞ വർഷം വ്യാപകമായ പ്രതിഷേധത്തിനു കാരണമാവുകയുണ്ടായി. തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിലെ കുപ്രസിദ്ധമായ ഉരുട്ടിക്കൊലക്കേസിലെ ആദ്യ രണ്ടു പ്രതികളായ പൊലീസ് ഉദ്യോഗസ്ഥർക്കു സിബിഐ പ്രത്യേക കോടതി വധശിക്ഷ വിധിച്ചതും കഴിഞ്ഞ വർഷമാണ്.കസ്റ്റഡി മരണങ്ങൾ പെരുകുന്നത് ജീവിക്കാനുള്ള അവകാശത്തിനും പൗരസ്വാതന്ത്ര്യത്തിനും നേർക്കുള്ള ഭരണകൂടത്തിന്റെ പ്രകടമായ അവജ്ഞയാണെന്നു സുപ്രീം കോടതി പറഞ്ഞത് 2017 ആണ്.

കേസന്വേഷണത്തിന്റെ കാര്യത്തിൽ വ്യക്തമായ പെരുമാറ്റച്ചട്ടം സുപ്രീം കോടതി പലതവണ പൊലീസിനു നൽകിയിട്ടുമുണ്ട്. ഭരണകൂടങ്ങളുടെ മാറ്റമനുസരിച്ചു രാഷ്ട്രീയ ഇടപെടലുകളിൽ മാറ്റം വരുന്നതല്ലാതെ പൊലീസ് സേനയാകെ മാനുഷികമായും നൈതികമായും നവീകരിക്കപ്പെടാത്തത് എന്തുകൊണ്ടാണ്? പൊതുവേ സംസ്കാരസമ്പന്നരും നീതിബോധമുള്ളവരുമാണു നമ്മുടെ പൊലീസ് സേനയിലുള്ളത്. എന്നിട്ടും, അവരിൽ കുറച്ചുപേർ മാത്രം എന്തുകൊണ്ടാണ്  ഇങ്ങനെ ആയിത്തീരുന്നത് . സംസ്ഥാനത്ത് ക്രിമിനൽ കേസുകളിൽ പ്രതികളായ പോലീസുകാരുടെ പേരിൽ നടപടി വേണമെന്ന 2011-ലെ ഹൈക്കോടതി ഉത്തരവ് ഇതുവരെയും നടപ്പായിട്ടില്ല .. മനുഷ്യത്വഹീനമായ അന്യായങ്ങളുടെ തനിയാവർത്തനമാണ് ഓരോ കസ്റ്റഡിമരണവും. എന്നാൽ, പുറത്തുവരാത്ത പോലീസ് അതിക്രമങ്ങളെക്കുറിച്ച് ആരുമൊന്നും മിണ്ടാറില്ല.എഴുതിെവച്ച നിയമങ്ങളുള്ള നാടാണിത്. അന്യായമായി ജയിലിലിട്ട ഒരു മാധ്യമപ്രവർത്തകനെ മോചിപ്പിച്ചുകൊണ്ട് ഇതൊരു  ഭരണഘടനയുള്ള രാജ്യമാണെന്നത് മറക്കരുതെന്ന് സുപ്രീംകോടതി ഈയിടെയാണ് ഓർമിപ് പിച്ചത്. വേലിതന്നെ വിളവുതിന്നുന്ന നാട്ടിൽ നീതിയെക്കുറിച്ചുള്ള എല്ലാ മൂല്യവിചാരങ്ങളും  തകിടം മറിയുകയാണ് .പോലീസുകാരെ മനുഷ്യത്വം പഠിപ്പിക്കാൻ  ആർക്കു കഴിയും ?ജനങ്ങൾ  പൊലീസിന്റെ അടിമകളല്ലെന്ന ബോധം അവർ അംഗീകരിച്ചേ തീരൂ.


പ്രൊഫ്. ജോൺ കുരാക്കാർ

No comments: