Pages

Sunday, June 9, 2019

പെപ്‌സികോ ഇന്ത്യയിലെ കര്‍ഷകര്‍ക്കെതിരെ നൽകിയകേസ് അവസാനിപ്പിക്കാന്‍ കേന്ദ്രസർക്കാർ ഇടപെടണം


പെപ്സികോ ഇന്ത്യയിലെ കര്ഷകര്ക്കെതിരെ നൽകിയകേസ് അവസാനിപ്പിക്കാന്  കേന്ദ്രസർക്കാർ  ഇടപെടണം

പ്രത്യേക ഇനം ഉരുളക്കിഴങ്ങ‌് കൃഷി ചെയ‌്തെന്ന പേരിൽ ഗുജറാത്തിലെ കർഷകർക്കെതിരെ ബഹുരാഷ്ട്ര കുത്തകയായ പെപ‌്സികോ എടുത്ത കേസുകൾ പിൻവലിക്കാൻ തീരുമാനിച്ചെങ്കിലും വിവാദം കെട്ടടങ്ങിയിട്ടില്ല . മെയ് മാസമാദ്യമാണ്  ഗുജറാത്തിലെ നാല് കര്‍ഷകര്‍ക്കെതിരെ പെപ്‌സികോ നിയമ നടപടി ആരംഭിച്ചത്. തങ്ങള്‍ ഉത്പാദിപ്പിക്കുന്ന ചിപ്‌സ് ബ്രാന്‍ഡായ ലെയ്‌സില്‍ ഉപയോഗിക്കുന്ന പ്രത്യേക ഇനം ഉരുളക്കിഴങ്ങ് ഉല്‍പാദിപ്പിച്ചു എന്ന കുറ്റമാണ് അമേരിക്കന്‍ കുത്തക കമ്പനി കര്‍ഷകര്‍ക്കുമേല്‍ ആരോപിച്ചിരിക്കുന്നത്. അഹമ്മദാബാദ് കോടതിയില്‍ നടന്നുവരുന്ന കേസില്‍ കര്‍ഷകര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ പെപ്‌സികോയുടെ നടപടി അംഗീകരിക്കാനാവില്ലെന്ന ്‌വ്യക്തമാക്കിയിട്ടുണ്ട്. കേസ് തുടര്‍വിചാരണക്കായി ജൂണ്‍ 12ലേക്ക് മാറ്റിവെച്ചിരിക്കുകയാണ്. പെപ്‌സികോ കമ്പനി വര്‍ഷങ്ങളായി ഇന്ത്യന്‍ വിപണിയില്‍ ഇടപെട്ടുതുടങ്ങിയിട്ട്. ഓരോ രാജ്യത്തും തങ്ങള്‍ ഉത്പാദിപ്പിക്കുന്ന ബ്രാന്‍ഡഡ് ഉത്പന്നങ്ങള്‍ക്കുവേണ്ടി അതാതിടത്ത് കര്‍ഷകരെ കരാര്‍ വ്യവസ്ഥയില്‍ കാര്‍ഷിക അസംസ്‌കൃത വസ്തുക്കള്‍ ഉത്പാദിപ്പിക്കാന്‍ ചുമതലപ്പെടുത്തുകയാണ് പെപ്‌സികോയുടെ പതിവ്. ഇതനുസരിച്ച് ഇന്ത്യയില്‍ പതിനായിരക്കണക്കിന് കര്‍ഷകരാണ് ഇപ്പോള്‍ പെപ്‌സിക്കുവേണ്ടി ഉരുളക്കിഴങ്ങ് കൃഷി ചെയ്തുവരുന്നത്. ഇതുപ്രകാരം കമ്പനി കരാര്‍നല്‍കിയ ഉരുളക്കിഴങ്ങിന്റെ പ്രത്യേക ഇനമായ എഫ്.എല്‍ 2027 എന്ന ഇനം ഉരുളക്കിഴങ്ങ് ഗുജറാത്തിലെ കരാറിലുള്‍പെടാത്ത നാല് കര്‍ഷകര്‍ ഉത്പാദിപ്പിച്ചുവെന്നാണ് കമ്പനിയുടെ കേസ്.
 3-4 ഏക്കറുകളിലായി ചുരുക്കം ടണ്‍ ഉരുളക്കിഴങ്ങാണ് ഇവര്‍കൃഷി ചെയ്യുന്നത്. കര്‍ഷകന്‍ ഒരാള്‍ക്ക് 1.05 കോടി രൂപ വീതം മൊത്തം 4.20 കോടി രൂപയാണ് കമ്പനി നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്. അമേരിക്കയിലുള്‍പ്പെടെ മിക്ക രാജ്യങ്ങളില്‍ ലെയ്‌സ് ചിപ്‌സിനായി ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങിന്റെ ഈ ഇനം തങ്ങള്‍ കരാര്‍ നല്‍കിയവര്‍ക്കല്ലാതെ കൃഷി ചെയ്യാനാകില്ലെന്നാണ് പെപ്‌സിയുടെ വാദം. ഇതിനായി പേറ്റന്റ് ലഭിച്ചിട്ടുണ്ടെന്നും ഇതിന്റെ ലംഘനമാണ് നടന്നതെന്നുമാണ് പെപ്‌സികോ വാദിക്കുന്നത്. എന്നാല്‍ സസ്യ ഇനങ്ങളുടെ സംരക്ഷണവും കര്‍ഷകരുടെ അവകാശവും എന്ന 2001ലെ നിയമത്തിലെ 39 ാം വകുപ്പില്‍ കര്‍ഷകന് അവനിഷ്ടമുള്ള കാര്‍ഷികഉത്പന്നങ്ങള്‍ കൃഷി ചെയ്യാമെന്ന് പറയുന്നുണ്ട്. കര്‍ഷക സംഘടനകള്‍ കുത്തകക്കെതിരെ രംഗത്തുവന്നുകഴിഞ്ഞു.
ഇന്ത്യയിലെ അറുപതു ശതമാനത്തിലധികംപേര്‍ ജീവിക്കുന്നത് ഗ്രാമങ്ങളില്‍ കാര്‍ഷിക വൃത്തി ചെയ്താണ്. ഇവര്‍ ഉത്പാദിപ്പിക്കുന്നഉത്പന്നങ്ങള്‍ ഭക്ഷിച്ചാണ് ഈ രാജ്യത്തെ നൂറ്റിമുപ്പതു കോടിയിലധികംവരുന്ന ജനത അന്നമുണ്ണുന്നത്. ഇത് മറ്റാരെങ്കിലും കൈവശപ്പെടുത്തുക എന്നാല്‍ ഇന്ത്യയുടെ കാര്‍ഷിക-ഗ്രാമീണമേഖല മാത്രമല്ല, രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥതന്നെ അവതാളത്തിലാകും. കര്‍ഷകനെ സംബന്ധിച്ച് ഇന്ത്യയില്‍ കാലങ്ങളായി ഉത്പാദിപ്പിച്ചുവരുന്ന കാര്‍ഷിക ഉത്പന്നങ്ങള്‍ അതേപടി ഉത്പാദനം നടത്താനുള്ള അവകാശം ഉണ്ടാകുക തന്നെവേണം. വിദേശ കുത്തക കമ്പനികള്‍ ഒരുനാള്‍ പെട്ടെന്ന് രാജ്യത്ത് കടന്നെത്തുകയും ബൗദ്ധിക സ്വത്തവകാശത്തിന്റെ പേരില്‍ ഉത്പന്നങ്ങളുടെ പേറ്റന്റ് സമ്പാദിച്ച് അവ തങ്ങളുടേത് മാത്രമാക്കി മാറ്റുകയും ചെയ്യുന്നതിനെ ഒരുനിലക്കും ന്യായീകരിക്കാന്‍ കഴിയില്ല.  നിലവില്‍ ആര്യവേപ്പ്, മഞ്ഞള്‍ പോലുള്ളവയുടെ ഉത്പാദനാവകാശം അമേരിക്കന്‍ കമ്പനികള്‍ വാങ്ങിയെടുത്തിട്ടുണ്ട്. എന്നിട്ടും അവയുടെ ഉത്പാദനം ഇന്ത്യക്കകത്ത് നിലച്ചിട്ടില്ല. ആ ഇളവ് ഗുജറാത്തിലെ ഉരുളക്കിഴങ്ങ് കര്‍ഷകരുടെ കാര്യത്തിലും സ്വീകരിക്കപ്പെടണം.  ഇന്ത്യയിലെ കര്‍ഷകരുടെയും ജനങ്ങളുടെയും മുകളില്‍ ഒരു  വിദേശ വ്യവസായവും വ്യാപാരവും വളരാന്‍ അനുവദിക്കപ്പെടരുത്.
വിത്തുകളുടെ ബൗദ്ധികസ്വത്തവകാശത്തിലൂടെ വലിയ നേട്ടം കൊയ്യാമെന്ന‌് സ്വപ‌്നംകണ്ടിരുന്ന ബഹുരാഷ്ട്ര കുത്തകകളും ഒരുവിഭാഗം ശാസ‌്ത്രജ്ഞരും കർഷകർക്ക‌് അനുകൂലമായ വ്യവസ്ഥകൾക്ക‌് എതിരായിരുന്നു.  2016ൽ മാത്രമാണ‌് പെപ‌്സികോ ‘എഫ‌്എൽ 2027’ (വാണിജ്യനാമം: എഫ‌്സി5)  ഉരുളക്കിഴങ്ങിന‌് പേറ്റന്റ‌് രജിസ‌്റ്റർ ചെയ്യുന്നത‌്. എന്നാൽ, അതിനും വർഷങ്ങൾക്ക‌് മുമ്പുതന്നെ ആ ഇനം നിലവിലുണ്ട‌്. രാജ്യത്ത‌് പ്രതിവർഷം 60,000 ടൺ  ‘എഫ‌്എൽ 2027’  ഉരുളക്കിഴങ്ങ‌് ഉൽപ്പാദിക്കുന്നുണ്ടെന്നാണ‌് ഏകദേശകണക്ക‌്. ‘ലെയ‌്സ‌്ചിപ്‌സ‌് ഉണ്ടാക്കാൻ ആവശ്യമായ ചെറിയശതമാനം ഉരുളക്കിഴങ്ങ‌് മാത്രമേ പെപ‌്സികോ സമാഹരിക്കുന്നുള്ളൂ. അവശേഷിക്കുന്ന വലിയ സ‌്റ്റോക്ക‌് എന്തുചെയ്യണമെന്ന കർഷകരുടെ ചോദ്യത്തിന‌്  ഉത്തരമില്ല. കര്‍ഷകര്‍ക്കെതിരായ കേസ് അവസാനിപ്പിക്കാന്‍  കേന്ദ്രസർക്കാർ  ഇടപെടണം


പ്രൊഫ്. ജോൺ കുരാക്കാർ



No comments: