Pages

Friday, June 21, 2019

പി.എൻ. പണിക്കരെ ഓർക്കുമ്പോൾ



പി.എൻ. പണിക്കരെ  ഓർക്കുമ്പോൾ
കേരളത്തെ അക്ഷരത്തിന്റെ ജ്ഞാനപ്രകാശത്തിലേക്കു നയിച്ച  മഹാനാണ്  പി.എൻ. പണിക്കർ .ഈ ലേഖകനായി പി.എൻ. പണിക്കർ .സാറിന് വ്യക്തിപരമായി വളരെ അടുപ്പമുണ്ടായിരുന്നു .പല പ്രാവശ്യം കാൻഫെഡിൽ പോയി അദ്ദേഹവുമായി സംസാരിക്കാനും  ഒരുമിച്ച്  സാക്ഷരത പരിപാടികളിൽ പങ്കെടുക്കാനും കഴിഞ്ഞിട്ടുണ്ട് . രണ്ടുതവണ അദ്ദേഹം കൊട്ടാരക്കരയിലുള്ള ലേഖകൻറെ വസതിയിൽ  ഒരുമിച്ചിരുന്ന  പല കാര്യങ്ങളെക്കുറിച്ച് സംസാരിക്കുകയും ചെയ്തിട്ടുണ്ട് .പണിക്കർസാറിൻറെ  അഹോരാത്രമുള്ള പ്രവർത്തനത്തിന്റെ ഫലമായാണ് കേരള ഗ്രന്ഥശാല സംഘം സ്ഥാപിതമായത് .ആയിരക്കണക്കിന് ഗ്രന്ഥശാലകളെ സംഘത്തിന്റെ കീഴിൽ കൊണ്ടുവരാനും അദ്ദേഹത്തിന് കഴിഞ്ഞു.
ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ നായകൻ, കാൻഫെഡിന്റെ സ്ഥാപകൻ എന്നീ നിലകളിൽ പ്രസിദ്ധനാണ് അദ്ദേഹം .അറിവിൻറെ അത്ഭുത ലോകത്തിലേക്ക് വായനയുടെ വാതിൽ തുറന്നിട്ട ഭാഷാസ്‌നേഹിയായിരുന്നു പണിക്കർ സാർ .വായിച്ചു വളരുക എന്ന മുദ്രാവാക്യവുമായി  കേരളത്തിലുടനീളം ജനങ്ങളെ ബോധവൽക്കരിച്ച വ്യക്തിയായിരുന്ന അദ്ദേഹം.പുസ്തകവായനയെ സാക്ഷരതയുമായി ബന്ധപ്പെടുത്തിയ പണിക്കര്‍ നാട്ടിലെ വായനാകേന്ദ്രങ്ങളെയെല്ലാം അക്ഷരപഠനകേന്ദ്രങ്ങളാക്കി മാറ്റിയെടുത്തു. സാക്ഷരതാകൗണ്‍സില്‍ സെക്രട്ടറിയായിരുന്ന പണിക്കര്‍ 1977-ലാണ് കാന്‍ഫെഡ് എന്ന ജനകീയ സംവിധാനത്തിന് രൂപംനല്‍കിയത്. പി.എന്‍. പണിക്കരും പി.ടി. ഭാസ്‌കരപ്പണിക്കരും എന്‍.വി. കൃഷ്ണവാരിയരും ഡോ. കെ. ശിവദാസന്‍പിള്ളയും ചേര്‍ന്ന നാല്‍വര്‍സംഘം നിരക്ഷരതയുടെ നെടുതൂണുകളായിരുന്നു .
വായന മരിക്കുന്നു എന്ന മുറവിളി കേൾക്കാത്തവരുണ്ടാകില്ല.  വായനയെക്കുറിച്ചുള്ള വലിയ അപഖ്യാതിയും  ഇതാകാം. എൺപതുകളുടെ മധ്യത്തിൽ  മലയാളിയുടെ ആകാശത്ത്  ഉദിച്ചുയർന്ന ടെലിവിഷന്റെ മാസ്മരികസ്വാധീനത്തിൽ  അങ്ങനെയൊരു ആസന്നമരണചിന്ത ഉണ്ടായി എന്നത് യാഥാർഥ്യമാണ്.  തൊണ്ണൂറുകളുടെ തുടക്കത്തിലെ ബഹുഭാഷാചാനൽ വിപ്ലവവും തൊട്ടുപിറകേ വന്ന സാമൂഹിക മാധ്യമങ്ങളും അത്തരമൊരു പേടി പടർന്നുപിടിക്കാനിടയാക്കിയിട്ടുമുണ്ട്. പുതിയ നൂറ്റാണ്ട്  അച്ചടിമാധ്യമങ്ങളുടെ മരണത്തിന്റെ തുടക്കമാണെന്ന് പ്രവചിച്ചത് മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽഗേറ്റ്സ് തന്നെയായിരുന്നു.  എന്നാൽ, ചരിത്രത്തിന്റെ അന്ത്യത്തെക്കുറിച്ചുള്ള അത്തരം  പ്രവചനങ്ങൾക്ക് വായനയെ ഉന്മൂലനം ചെയ്യാനായില്ല. അച്ചടിക്കപ്പെട്ട സാഹിത്യവും ചിന്തയും അതിജീവിച്ചു. ആരുടെയും  മാധ്യസ്ഥ്യമില്ലാതെതന്നെ  എഴുത്തിന്റെ സ്വന്തം  ഇടം തീർക്കാനാവുന്ന സാമൂഹിക മാധ്യമങ്ങളിലെ  ആവിഷ്കാരങ്ങളെ  സാക്ഷ്യമാക്കി നമുക്ക്  ഉറപ്പിച്ചു പറയാനാവും വായന മരിച്ചിട്ടില്ലെന്ന്. അച്ചടിക്കുശേഷം വന്ന റേഡിയോ, ടെലിവിഷൻ, ഇന്റർനെറ്റ് ലോകത്തെ  ഉൾക്കൊണ്ടാണ് പുതിയ വായന നമ്മെ  കൈപിടിച്ചുനടത്തുന്നത്. 1995 ജൂണ്‍ 19ന് പി.എന്‍.പണിക്കര്‍ അന്തരിച്ചു.
പി.എന്‍.പണിക്കര്‍ സ്ഥാപിച്ച ഗ്രന്ഥശാലകൾ  ഇന്നും എന്നും നമ്മുടെ സമൂഹത്തിന്റെ വഴികാട്ടികളാണ് .അക്ഷരം നമ്മുടെ ഭാഷയുടെ അടിസ്ഥാനമാണ്. വായനകൊണ്ടേ അതു നിലനിൽക്കൂ.  അതുകൊണ്ട് വായനയ്ക്ക്  ഒരിക്കലും മരണമില്ല.  തലമുറയില്‍ നിന്നും തലമുറകളിലേക്ക് കൈമാറിക്കിട്ടുന്ന ഒരു അമൂല്യസമ്പത്താണ്. വായനയിലൂടെ ലഭിക്കുന്ന  അറിവ് . അത് മരണം വരെ വിട്ടുപോകില്ല. കാലം മാറി, അച്ചടിയോടൊപ്പംതന്നെ ആധുനികവായനാമാര്‍ഗ്ഗമായ ഇ-വായനയും വളര്‍ന്നു. ഇ-വായന ഒരു വിപ്ലവംതന്നെ സൃഷ്ടിച്ച് മുന്നേറുന്നു. വായനയുടെ രീതിയില്‍ മാറ്റം വന്നിട്ടുണ്ടെങ്കിലും മലയാളിക്ക് വായനയെ വിട്ടൊഴിയാന്‍ കഴിയില്ല.

പ്രൊഫ്. ജോൺ കുരാക്കാർ

No comments: