Pages

Friday, June 21, 2019

ഇന്ത്യയിൽ തൊഴിലില്ലായ് രൂക്ഷമാകുന്നു .



ഇന്ത്യയിൽ തൊഴിലില്ലായ് രൂക്ഷമാകുന്നു .

ഇന്ത്യയിൽ  തൊഴിലില്ലായ്മ രൂക്ഷവും ആശങ്കാജനകവുമാണെന്നാണ് അടുത്തകാലത്തു നടത്തിയ  സർവേകളുടെ കണ്ടെത്തൽ. 2017-18 കാലഘട്ടത്തില്‍ രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് 45 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയതായി നാഷനല്‍ സാംപിള്‍ സര്‍വേ ചൂണ്ടിക്കാട്ടുന്നു .തൊഴിലില്ലായ്മാ നിരക്ക് 6.1 ശതമാനത്തിലെത്തിയതായി തൊഴില്‍ സംബന്ധിച്ച പീരിയോഡിക് ലേബര്‍ സര്‍വേയും വ്യക്തമാക്കുന്നു .ഒക്ടോബറിലെ റിപ്പോര്‍ട്ട് പ്രകാരം 5.7 ശതമാനമാണ് രാജ്യത്തെ തൊഴിലില്ലായ്മയുടെ നിരക്ക്. കാര്‍ഷിക മേഖലയില്‍ തൊഴില്‍ വര്‍ധിക്കുന്ന സീസണായിട്ടു കൂടി ജൂലൈ-ഒക്ടോബര്‍ കാലയളവില്‍ 3 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്.15 വയസിനും 29 വയസിനും ഇടയിലുള്ള ഇന്ത്യയിലെ 30 ശതമാനത്തോളം ചെറുപ്പക്കാര്‍ ഒരു തൊഴിലുമില്ലാത്തവരാണ്. സംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് അനുദിനം തൊഴില്‍ നഷ്ടപ്പെടുകയും ആ തൊഴിലാളികള്‍ അസംഘടിത മേഖലയിലേക്ക് ചേക്കേറുകയും ചെയ്യുന്നു.



കേരളത്തിലും തൊഴിലില്ലായ്മ രൂക്ഷമാവുകയാണ് . ദേശീയ ശതമാനത്തേക്കാള്‍ നാലരശതമാനം വര്‍ധിച്ചതായാണ് തൊഴില്‍ വകുപ്പിന്റെ കണക്കുകളില്‍ നിന്നും വ്യക്തമാകുന്നത്. ഉയര്‍ന്ന ജനസാന്ദ്രതയും വ്യവസായങ്ങള്‍ തുടങ്ങുന്നതിനുള്ള സ്ഥലപരിമിതിയുമാണ് കാരണമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. എംപ്ലോയ്‌മെന്റ് എക്‌സചേഞ്ചില്‍ തൊഴില്‍ രഹിതരായി രജിസ്റ്റര്‍ ചെയ്തവരുടെ കണക്ക് അടിസ്ഥാനമാക്കിയാണ് തൊഴില്‍ വകുപ്പിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. 6.1 ശതമാനമാണ് ദേശീയ ശരാശരി. ഒടുവിലത്തെ സെന്‍സസ് റിപ്പോര്‍ട്ട് അനുസരിച്ച് 3.34 കോടിയാണ് കേരളത്തിലെ ജനസംഖ്യ. ഇതില്‍ 35.63 ലക്ഷം പേരാണ് തൊഴില്‍ രഹിതരായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് നല്‍കിയിട്ടുള്ള എല്ലാവരും തൊഴില്‍രഹിതരല്ല എന്ന വാദമാണ് സർക്കാർ വും സര്‍ക്കാര്‍ ഉന്നയിക്കുന്നത് .ദേശീയതലത്തിൽ 6.1 ശതമാനമാണ് തൊഴിലില്ലായ്മയുടെ നിരക്ക്. കേരളത്തിലിത് 10.67 ശതമാനവും. ത്രിപുര, സിക്കിം സംസ്ഥാനങ്ങൾ മാത്രമാണ് കേരളത്തെക്കാൾ കൂടുതൽ തൊഴിലില്ലായ്മനിരക്ക് രേഖപ്പെടുത്തിയിട്ടുള്ളത്. കേരളത്തിൽ ഉയർന്ന വിദ്യാഭ്യാസയോഗ്യതയുള്ളവരെ സൃഷ്ടിക്കുമ്പോൾ അവർക്ക് ജോലിയുറപ്പാക്കാനാകുന്നില്ലെന്നാണ് കണക്കുകൾ   വ്യക്തമാക്കുന്നത്. തൊഴിലില്ലായ്മനിരക്ക് കേരളത്തിൽ കൂടാൻ ഒട്ടേറെ കാരണങ്ങൾ സർക്കാർ വിശദീകരിക്കുന്നുണ്ട്.  ഉയർന്ന ജനസാന്ദ്രത, വ്യവസായങ്ങൾതുടങ്ങുന്നതിനുള്ള സ്ഥലപരിമിതി, അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവ്, കൃഷിയിടങ്ങളുടെ കുറവ് എന്നിവയെല്ലാമാണിത്.

കേരളത്തിന്റെ തൊഴിൽമേഖലയിലും പഠനസംവിധാനത്തിലും മാറ്റം അനിവാര്യമാണ് . കേരളത്തിൽ മാത്രമല്ല മറുനാടുകളിലുമുള്ള  തൊഴിലിടം മലയാളിയുടെ സാധ്യതയാക്കാൻ നമുക്കാവണം.കാലത്തിനനുസരിച്ച് കോഴ്‌സുകളുണ്ടാകാത്തതും പുതിയ തൊഴിൽമേഖല കണ്ടെത്താൻ പ്രയാസമാകുന്നുണ്ട്. റോബോട്ടിക് എൻജിനീയറിങ്, സൈബർ ഫൊറൻസിക് തുടങ്ങിയ മേഖലകളിലേക്ക് ഇപ്പോഴും കേരളത്തിലെ യുവതലമുറയിൽനിന്ന് കാര്യമായി പങ്കാളിത്തം ഉണ്ടായിട്ടില്ല. ഒപ്പം, തൊഴിൽ മനോഭാവത്തിലും മാറ്റമുണ്ടാകേണ്ടതുണ്ട്‌. കേരളത്തിലെ വ്യവസായ-വാണിജ്യ-ഐ.ടി. സ്ഥാപനങ്ങളിൽ ഏറെയും മറുനാടൻ തൊഴിലാളികളാണ് ജോലിചെയ്യുന്നത്. കേരളത്തിലെ യുവാക്കളുടെ മാറിയ തൊഴിലഭിരുചി മനസ്സിലാക്കേണ്ടിയിരിക്കുന്നു .  നമ്മുടെ വിദ്യാഭ്യാസം കാലത്തിനൊത്ത് മാറുകയും മാറ്റം സാധ്യതയായി ഉപയോഗപ്പെടുത്തുകയുമാണ് തൊഴിലില്ലായ്മ കുറയ്ക്കാൻ  കേരളം ചെയ്യേണ്ടത് .യുവാക്കളിൽ തൊഴിൽചെയ്യാനുള്ള മനോഭാവവും ഉണ്ടാകണം .



പ്രൊഫ്. ജോൺ കുരാക്കാർ


No comments: